Image

ഹോളി ഹേ മോഡിഭായ്, ഹോളിഹേ! (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 14 March, 2017
ഹോളി ഹേ മോഡിഭായ്, ഹോളിഹേ!  (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഇപ്പോള്‍ വടക്കെ ഇന്‍ഡ്യയില്‍ ഹോളികാലം ആണ്. ഹോളി നിറങ്ങളുടെ ഉത്സവം ആണ്. ഈ വര്‍ഷത്തെ ഹോളി കളിയുടെ പ്രധാന നിറം കാവി ആണ്. കളിക്കുന്നത് കാവിപടയും. അതെ, ഹോളി ആഘോഷം മോഡിക്കും ബി.ജെ.പി.ക്കും സംഘപരിവാറിനും. ഹോളിക്ക് ശേഷം ആണ് വസന്തം ആരംഭിക്കുന്നത്, ഇന്‍ഡ്യയില്‍ വസന്തം കാലാവസ്ഥപ്രകാരം ഹൃസ്വമാണെങ്കിലും.
മോഡിയുടെ ദേശീയ രാഷ്ട്രീയ വസന്തം ആരംഭിച്ചത് 2014 ല്‍ ആണ്. അത് നിര്‍വിഘ്‌നം തുടരുന്നു. 2019 ലും തുടരുമെന്നാണ് ഈ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കില്‍ പിന്നെ 2014 ല്‍ മോഡിയെ നോക്കിയാല്‍ മതി. ആര് നോക്കും? 2019 ല്‍ മോഡി വേഴ്‌സസ് നോ ബഡി എന്നാണ് മാര്‍ച്ച് പതിനൊന്നിലെ ഫലപ്രഖ്യാപനത്തിനു ശേഷം ബി.ജെ.പി. ഭീഷണി മുഴക്കുന്നത്. അത് അങ്ങനെ തള്ളിക്കളയുവാനും ആവുകയില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യയുടെ രാഷ്ട്രീയ ഗതി മാറ്റിമറിച്ചിരിക്കുകയാണ്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ബാരോമീറ്ററും പരീക്ഷണശാലയുമായ ഉത്തര്‍പ്രദേശില്‍ മോഡി അധികാരം സ്ഥാപിച്ചിരിക്കുന്നത് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ്. ഉത്തരാഖണ്ഡിലും നാലില്‍ മൂന്ന് ഭൂരിപക്ഷം ബി.ജെ.പി. നേടി. മണിപ്പൂരിലും ഗോവയിലും തൂക്ക് സഭകള്‍ ആണെങ്കിലും അവിടെയും ബി.ജെ.പി.യുടെ മേല്‍ക്കോയ്മ ഉണ്ട്. ബി.ജെ.പി.യുടെ മേല്‍ക്കോയ്മ ഉണ്ട്. ബി.ജെ.പി.ക്ക് നാളിതുവരെ ബാലികേറാ മലയായിരുന്ന മണിപ്പൂര്‍ എന്ന വടക്ക് കിഴക്കന്‍ ഹിമാലയന്‍ സംസ്ഥാനത്തു തിളക്കമാര്‍ന്ന പ്രകടനം ആണ് ബി.ജെ.പി. കാഴ്ചവച്ചത്. ഗോവയിലും, സഖ്യകക്ഷികളുടെ സഹായത്തോടെ ഭരണ തുടര്‍ച്ചയ്ക്ക് ബി.ജെ.പി.ക്ക് സാധിച്ചു. പഞ്ചാബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷപ്പെടുത്തല്‍. പക്ഷേ, പഞ്ചാബില്‍ ബി.ജെ.പി. ഒരു പ്രധാന കക്ഷി അല്ല. ഭരണകക്ഷിയായ ശിരോമണി അകാലിദളിന്റെ ഒരു ജൂനിയര്‍ സഖ്യകക്ഷിമാത്രം ആണ്. പഞ്ചാബിലെ വിജയം കോണ്‍ഗ്രസിന്റെ വിജയത്തേക്കാള്‍ അകാലിദളിന്റെ പരാജയം ആയിരുന്നു. ഒപ്പം ആം ആദ്മി പാര്‍ട്ടിയുടേയും. അകാലി-ബി.ജെ.പി. സഖ്യം തോല്‍ക്കുമെന്ന് ഉറപ്പിച്ച് ഉള്ളിടത്ത് കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ആം ആദ്മി പാര്‍ട്ടിയുടെ പരാജയം ഉറപ്പു വരുത്തുവാന്‍ ബി.ജെ.പി. അണികള്‍ക്ക് രഹസ്യനിര്‍ദ്ദേശം നല്‍കിയിരുന്നതായി ശക്തമായ അഭ്യൂഹം പഞ്ചാബിലും ദല്‍ഹിയിലും ഉണ്ടായിരുന്നു. കാരണം ബി.ജെ.പി. കോണ്‍ഗ്രസിനെക്കാള്‍ ഭയപ്പെട്ടിരുന്നത് ആം ആദ്മി പാര്‍ട്ടിയെ ആയിരുന്നു. ആപ്പിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനത്തിനുള്ള കന്നിയങ്കം ആയിരുന്നു പഞ്ചാബിലും ഗോവയിലും നടന്നത്. പഞ്ചാബില്‍ അത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ഗോവയില്‍ പച്ചതൊട്ടില്ല. പഞ്ചാബില്‍ ആപ്പ് ജയിക്കുമെന്ന് ആയിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍. അത് സംഭവിച്ചിരുന്നെങ്കില്‍ ഈ വര്‍ഷാവസാനം നടക്കുവാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആപ്പ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമായിരുന്നു. മോഡിക്ക് ബദലായി അരവിന്ദ് കേജരിവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ച് ഉയര്‍ന്നേനെ. അത് ഏതായാലും തല്‍ക്കാലം നടന്നില്ല.

ഉത്തര്‍പ്രദേശിലെ തകര്‍പ്പന്‍ വിജയം മോഡിയെ രാഷ്ട്രീയമായി കരുത്തനായ ഒരു പ്രധാനമന്ത്രി ആക്കിയിരിക്കുകയാണ്. അദ്ദേഹം എതിരാളികളെയും രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2014 ലോകസഭ തെരഞ്ഞെടുപ്പിലെ മോഡി മാജിക്ക് ആവര്‍ത്തിച്ചു. 2014-ല്‍ ദല്‍ഹി പിടിക്കുവാന്‍ മോഡിയെ സഹായിച്ചത് ഉത്തര്‍പ്രദേശിലെ മോഡി തരംഗം ആയിരുന്നു. അപ്പോള്‍ യു.പി.യില്‍ ആകെയുള്ള 80 സീറ്റുകൡ 73 സീറ്റുകളും മോഡി കൈവശപ്പെടുത്തി. ഒപ്പം 42 ശതമാനം വോട്ടുകളും. മോഡിതരംഗം നിലച്ചെന്നും നാണയ നിര്‍വീര്യകരണം പോലുള്ള പരിഷ്‌ക്കരണങ്ങളിലൂടെ മോഡിയുടെ സ്വാധീനം മന്ദീഭവിച്ചെന്നും ആയിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍. പക്ഷേ, അതൊന്നും ശരിയല്ല എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മാത്രവുമല്ല ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം നിലനിര്‍ത്തുവാനും മോഡിക്ക് സാധിച്ചു.

എങ്ങനെയാണ് മോഡിക്ക് ഇത് സാധിച്ചത്? ശക്തനായ ഒരു എതിരാളിയുടെ അഭാവം മോഡിയെ സഹായിച്ചു എന്ന് നിസംശയം പറയാം. അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി കൂട്ടുകെട്ട് ഉദ്ദേശിച്ച ഫലം ഉളവാക്കിയില്ല. മറിച്ച് ദോഷം ആണ് ചെയ്തത്.

മോഡി-അമിത് ഷാ കമ്പനിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മത-ദേശീയത വാദത്തിന്റെയും യാദവന്മാര്‍ അല്ലാത്ത പിന്നോക്കവിഭാഗത്തിന്റെയും ജാട്ട് വന്മാര്‍ അല്ലാത്ത ദളിതിന്റെയും വോട്ടിന്റെ ശാക്തീകരണം ആയിരുന്നു. അത് പരിപൂര്‍ണ്ണമായും വിജയിച്ചു. മതധ്രൂവീകരണം പരിപൂര്‍ണ്ണമായും നടന്നു. ഹിന്ദുക്കള്‍ ഒന്നടങ്കം മോഡിക്ക് വോട്ട് ചെയ്തു. കാരണം മോഡി ഒരു ഹിന്ദുനേതാവായി വളര്‍ന്നിരിക്കുന്നു. അതിന് ഉതകുന്ന വിധം ഒട്ടേറെ തെരഞ്ഞെടുപ്പ് പ്രചരണ പ്രസ്താവനകള്‍ അദ്ദേഹവും അനുയായികളും നടത്തി. ഞാന്‍ അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ല. പിന്നെ, ദേസീയത. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു രാജ്യരക്ഷാതന്ത്രം മോഡി വോട്ട് പിടിക്കുവാനായി ഉപയോഗിച്ചു. ഞാന്‍ അതിനോട് ഒട്ടും യോജിക്കുന്നില്ല. ഒറ്റ മുസ്ലീമിന് പോലും ബി.ജെ.പി. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. അത് ഭൂരിപക്ഷ ധ്രൂവീകരണത്തിന് വേണ്ടി ആയിരുന്നു. അതും വിജയിച്ചു. എന്ത് ജനാധിപത്യം ആണ് ഇത്? ഇതിന് മറുപടിയായി ബി.ജെ.പി. പറയുന്നത് ജയസാദ്ധ്യതയാണ് മതം അല്ല സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന്റെ മാനദണ്ഡം എന്നാണ്. അത് ശരി. അപ്പോള്‍ കുറ്റവാളികളും മാഫിയ ഡോണുകളും വിജയിക്കുമെന്ന് ഉറപ്പായാല്‍ അവരെയും സ്ഥാനാര്‍ത്ഥികള്‍ ആക്കാം അല്ലേ? അപ്പോള്‍ യഥാര്‍ത്ഥ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ എന്താണ്? ഇത് വെറും വര്‍ഗ്ഗീയത മാത്രം, ആണ്. അത് വിജയിക്കുകയും ചെയ്തു. അതിനെ അങ്ങനെയങ്ങ് അംഗീകരിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല. വേറെയും വളരെ മതവൈരചിന്തകള്‍ തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. മുസ്ലീങ്ങള്‍ക്ക് ടിക്കറ്റ് കൊടുക്കാത്തത് മാത്രം അല്ല അത്. യന്ത്രവല്‍ക്കൃത അറവുശാലകള്‍ അടച്ചുപൂട്ടും എന്ന് തുടങ്ങി ഒട്ടേറെ. അപ്പോള്‍ ഈ വക ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ വില്‍ക്കും ഇന്‍ഡ്യയില്‍ എന്നതാണ് വാസ്തവം. അതാണ് യു.പി. തെരഞ്ഞെടുപ്പ് ഫലം. ഒരു സ്ഥാനാര്‍ത്ഥിയെയും മുഖ്യമന്ത്രിയായി മുസിട്ട് കാണിക്കാത്തതും മറ്റൊരു തന്ത്രപരമായ വിജയം ആയിരുന്നു. അതിനാല്‍ മോഡി തന്നെ പ്രധാന കേന്ദ്രം ആയി. മുഖ്യ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വര്‍ഗ്ഗീയ വിഭാഗീയത ഉണ്ടായില്ല. ആര് മുഖ്യമന്ത്രി ആയാലും ഭരണം മോഡി-ഷാ കമ്പനി ദല്‍ഹിയില്‍ നിന്നും ആണ് നടത്തുക എന്നത് നിശ്ചയം.
അപ്പോള്‍ എന്റെ അഭിപ്രായത്തില്‍ മോഡി വിജയിച്ചത് മതധ്രൂവീകരണത്തിന്റെയും മുസ്ലീംവോട്ട് സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവക്കിടയില്‍ ഭിന്നിച്ച് പോയതിന്റെയും കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി അവസരവാദസഖ്യത്തിന്റെയും ഒക്കെ കാരണങ്ങളാലാണ്.

 വികസനം ആയിരുന്നില്ല മോഡിയുടെ വിജയകാരണം. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും തെരഞ്ഞെടുപ്പില്‍ നിറുത്താത്തത് എന്ത്  ഇന്‍കസീവ് വളര്‍ച്ചയുടെ ഭാഗം ആണ്..... മതധ്രൂവീകരണത്തിന്റെ നഗ്നമായ, താഴ്ന്ന ശ്രമങ്ങള്‍ ആണ്. അതും വിജയിച്ചു.

ഉത്തര്‍പ്രദേശ്- ഉത്തരാഖണ്ഡ് വിജയത്തിലൂടെ മോഡി വലിയ ഒരു ശക്തിയായി വളര്‍ന്നിരിക്കുകയാണ് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍. ഗോവയും മണിപ്പൂരും ഇതിന് കൂടുതല്‍ ശക്തിയും കരുത്തും നല്‍കുന്നു. ഇത് ജൂലൈയില്‍ നടക്കുവാനിരിക്കുന്ന രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മോഡിക്ക് അവസാനവാക്ക് ആകുവാന്‍ സഹായിക്കും. ഇതോടെ രാജ്യസഭയിലെ ബി.ജെ.പി.യുടെ അംഗസംഖ്യാകുറവും പരിഹരിക്കുവാന്‍ ആകും. ഇത് നിശ്ചയമായും 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോഡിക്ക് മുന്‍കൈ നല്‍കുകയും ചെയ്യും. പക്ഷേ, എന്റെ ചോദ്യം ഇതാണ്. ഇന്‍ഡ്യയുടെ രാഷ്ട്രീയം ഏത് ദിശയിലേക്ക് ആണ് നീങ്ങുന്നത്? മോഡി സംഘപരിവാറിന്റെ വഴിക്കാണെങ്കില്‍ അത് ആശങ്കാജനകം ആണ് അല്ല, പൊതു പുരോഗതിയുടെയും ബഹുമത-ജാതി-ഭാഷ-സംസ്‌കാര-വര്‍ഗ്ഗത്തിന്റെയും അംഗീകാരത്തിന്റെ പാതയിലാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ വിപത്ത്.

ഏതായാലും ഈ തെരഞ്ഞെടുപ്പില്‍ മോഡിയും അമിത്ഷായും വിജയിച്ചു. ഇത് അവരുടെ വിജയം ആണ്. രണ്ടുപേരിലും ഗുജറാത്ത് വംശഹത്യയുടെ കളങ്കക്കറയുണ്ട്. ഇതൊക്കെ പാഠം ആയിരിക്കണം ഈ വിജയത്തിന്റെ മുഹൂര്‍ത്തത്തിലും. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംങ്ങിനും നേട്ടം തന്നെ.

പക്ഷേ, രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും അരവിന്ദ് കേജരിവാളും തിരിച്ചടി ഏറ്റു വാങ്ങി. മായാവതിയും ഹരീഷ് റാവത്തും രാഷ്ട്രീയമായി പ്രതിസന്ധിയിലും ആയി. അകാലിദളിന്റെ പ്രകാശ് സിംങ്ങ് ബാദലും അസ്തമിച്ചു. മണിപ്പൂരില്‍ ഇബോബിസിംങ്ങ് ഏത് വഴിക്ക് നീങ്ങുമെന്ന് അറിയില്ല. 15 വര്‍ഷം കോണ്‍ഗ്രസിന്റെ ബാനറില്‍ അദ്ദേഹം മണിപ്പൂര്‍ ഭരിച്ചതാണ്! രാജ്യരക്ഷമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കര്‍ ഗോവയിലേക്ക് മുഖ്യമന്ത്രി ആയി മാറുമ്പോള്‍ ഉയര്‍ച്ചയോ, താഴ്ചയോ?
ഏതായാലും ഈ തെരഞ്ഞെടുപ്പ് മോഡിയുടെ സ്വാധീനം നിര്‍ണ്ണയിക്കുന്ന, നിര്‍വ്വഹിക്കുന്ന നിമിഷം ആയിരുന്നു. അദ്ദേഹം അതില്‍ വിജയിച്ചു. അതു ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും വിജയം ആകട്ടെ.

ഹോളി ഹേ മോഡിഭായ്, ഹോളിഹേ!  (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക