Image

വിയന്നയില്‍ ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല

Published on 10 March, 2017
വിയന്നയില്‍ ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല
  വിയന്ന: കേരളത്തിലെ ശാന്തിഗിരി ശാന്തിഗിരി റീഹാബിലിറ്റേഷന്‍ സെന്ററിലെയും, പൂനൈയിലെ മഹേര്‍ ആശ്രമത്തിലെയും അന്തേവാസികളായ അഗതികള്‍ക്കും വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിയന്നയില്‍ നിന്നും ഫണ്ട് സമാഹരണത്തിനുള്ള ചാരിറ്റി ഗാല സംഘടിപ്പിക്കുന്നു. വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുമായി സഹകരിച്ച് പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷനാണ് ’ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ എന്നു പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളും, പ്രമുഖ ബാന്‍ഡുകളുടെ ലൈവ് മ്യൂസിക്കും നടക്കും. ഇന്ത്യന്‍ ഭക്ഷണവും, തന്‌പോലയും ആഘോഷത്തിന് മാറ്റുകൂട്ടും. അതോടൊപ്പം ഓസ്ട്രിയയിലെ മലയാളി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ’തൂവല്‍’ എന്ന ഹൃസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലങ്ങളിലെ അഗതികള്‍ക്കായി നല്‍കും. കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് വിയന്നയില്‍ നടക്കുന്ന ഹോപ്പ് ഫോര്‍ ദി ബെസ്റ്റ് പരിപാടിയില്‍ ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളിലെ അര്‍ഹതപ്പെട്ടവരെയാണു തെരഞ്ഞെടുക്കുന്നത്. ഓസ്ട്രിയയിലെ ഭവനരഹിതര്‍ക്കും, നമിബിയയിലെ കുട്ടികള്‍ക്കു വേണ്ടിയും ഇതേ പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. 

മാര്‍ച്ച് 18നു വൈകിട്ട് 6.30നു വിയന്ന ഇന്ററെര്‍നാഷണല്‍ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടക്കും. സ്‌കൂളില്‍ നിന്നും പ്രോസി സ്ഥാപനങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണില്‍ സീറ്റുകള്‍ റിസേര്‍വ് ചെയ്യുന്നതിനും 06643020639 എന്ന നന്പറില്‍ വിളിക്കുക. പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ശാന്തിഗിരി സെന്ററിന് വേണ്ടി മോനിച്ചന്‍ കളപ്പുരയ്ക്കല്‍, മഹേര്‍ ആശ്രമത്തിന് വേണ്ടി ക്രിസ്റ്റിനെ ലെന്‍ഡോര്‍ഫര്‍ എന്നിവര്‍ അറിയിച്ചു.

അഡ്രസ്: Straße der Menschenrechte 1, 1220 Vienna (U1 Kagran) 
വിവരങ്ങള്‍ക്ക്: :www.prosiglobalcharity.com
റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക