Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-16 ബി.ജോണ്‍ കുന്തറ)

Published on 05 March, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-16 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 16

എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്ന വഴി, മാത്യൂസിനെ കിഡ്‌നാപ് ചെയ്ത മുതലുള്ള എല്ലാ വിവരങ്ങളും റോയ് ചോദിച്ചറിഞ്ഞു. ആന്‍ഡ്രൂവിനും അത് കേള്‍ക്കാന്‍ താല്പര്യമുണ്ടായിരുന്നു.

സംഭവിച്ച കാര്യങ്ങളെപ്പറ്റി മാത്യൂസ് വിശദമായി വിവരിച്ചു. “അന്ന് വൈകുന്നേരം 8.15 ആയപ്പോള്‍ ഞാന്‍ അപാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി. അസ്വാഭാവികമായ ഒന്നും കണ്ടില്ല. അലിയേയും അവന്റെ ഓഫീസില്‍ കണ്ടില്ല. അവന്‍ വേറേ എന്തെങ്കിലും ജോലിയിലായിരുന്നിരിക്കും. ബില്‍ഡിങ്ങിന്റെ പിന്‍ വശത്തുള്ള കോളനികളുടെ ഭാഗത്തേയ്ക്ക് ഞാന്‍ നടന്നു. ആ റോഡില്‍ ട്രാഫിക് കുറവാണ്. ഞാന്‍ ഒരുപാട് തവണ ആ വഴി നടന്നിട്ടുണ്ട്. ഏതാണ്ട് 500 അടി നടന്ന് കാണും. ഒരു കറുത്ത വാന്‍ എന്റെ പിന്നില്‍ വന്ന് നിന്നു. ഞാന്‍ ഒരു വശത്തേയ്ക്ക് മാറിയെങ്കിലും ആ വാന്‍ എന്റെ തൊട്ടടുത്ത് വന്നു നിന്നു. പെട്ടെന്ന് അതിന്റെ സൈഡ് ഡോര്‍ തുറക്കുന്ന ഒച്ച കേട്ടു. ഒരു ഉയരം കൂടിയ ആള്‍ എന്റെ മുഖത്ത് ഒരു തുണി കൊണ്ട് വായും മൂക്കും പൊത്തി വാനില്‍ കയറ്റി. പിന്നീട് ഉണര്‍ന്നപ്പോള്‍ ഞാന്‍ വാനിന്റെ പിന്‍ സീറ്റില്‍ ആയിരുന്നു. എന്നെ പിടിച്ചു കയറ്റിയ വാന്‍ തന്നെ ആയിരിക്കണം. വാന്‍ ഓടുകയായിരുന്നു. പിന്നില്‍ രണ്ട് പേരും മുന്നില്‍ െ്രെഡവറും വേറൊരാളും ഉണ്ടായിരുന്നു. എവിടെയാണെന്നോ എന്താണെന്നോ എനിക്ക് മനസ്ലായില്ല. അവരാരും മലയാളത്തിലായിരുന്നില്ല സംസാരിച്ചത്. ഹിന്ദിയിലായിരുന്നു അവരുടെ സംഭാഷണം. ആദ്യം ഞാന്‍ മലയാളത്തില്‍ സംസാരിച്ചപ്പോള്‍ പിന്നിലിരുന്നയാള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറഞ്ഞു. എനിക്ക് ഹിന്ദിയില്‍ കുറച്ച് വാക്കുകളേ അറിയൂ, അതുകൊണ്ട് ഇംഗ്ലീഷില്‍ ചോദിക്കാമെന്ന് തീരുമാനിച്ചു. എന്നെ എന്തിനാണ് പിടിച്ചുകൊണ്ട് പോകുന്നതെന്നും, അവര്‍ക്ക് എന്താണ് വേണ്ടതെന്നും ചോദിച്ചു. അപ്പോള്‍ പിന്നിലിരുന്നയാള്‍ എന്നെ തോമസ് എന്ന് വിളിച്ചു. അയാളുടെ ഇംഗ്ലീഷ് അല്‍പം മോശമായിരുന്നു. അയാള്‍ പറഞ്ഞു, “മി. തോമസ്, നിങ്ങള്‍ അമേരിക്കയിലേയ്ക്ക് തിരിച്ച് പോകുന്നു.” എന്റെ പേര് തോമസ് എന്നല്ലെന്നും, മാത്യൂസ് എന്നാണെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ അമേരിക്കയിലേയ്ക്ക് പോകുന്നില്ല. ഇനിയും രണ്ടാഴ്ച കഴിഞ്ഞേ പോകൂയെന്ന് പറഞ്ഞു. അവര്‍ എന്നെ വിശ്വസിച്ചില്ല. തന്നെ സാം എന്ന് വിളിക്കാമെന്ന് അയാള്‍ പറഞ്ഞു. അവര്‍ ഡല്‍ഹിയ്ക്ക് പോകുകയാണെന്നും എന്നെ അമേരിക്കക്കാര്‍ക്ക് കൈമാറുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. എനിക്ക് ഡല്‍ഹിയ്ക്ക് പോകേണ്ട കാര്യമില്ല. എന്നെ കേരളത്തില്‍ തിരിച്ച് കൊണ്ടുപോകൂ.

എന്റെ അപേക്ഷ കേട്ടപ്പോള്‍ അവര്‍ എല്ലാവരും ചിരിച്ചു. എനിക്ക് വിശക്കുന്നുണ്ടോയെന്ന് സാം ചോദിച്ചു. എനിക്ക് വിശക്കുന്നുണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ ബാത്ത് റൂമില്‍ പോകുകയായിരുന്നു അത്യാവശ്യം. ഞാന്‍ അത് സാമിനോട് പറഞ്ഞു. “മി. തോമസ്, ഞങ്ങള്‍ പറയുന്നത് അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. നിങ്ങളെ സുരക്ഷിതമായി അമേരിക്കയിലെത്തിക്കുകയാണ് ഞങ്ങള്‍ക്ക് കിട്ടിയ ഓര്‍ഡര്‍. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തും, അപ്പോള്‍ നിങ്ങള്‍ക്ക് ബാത്ത് റൂമില്‍ പോകാം. നിങ്ങള്‍ ആരോടും സംസാരിക്കരുത്. സൂക്ഷിക്കുക. എന്തെങ്കിലും തെറ്റായി ചെയ്താല്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കേണ്ടി വരും. ഇത് ഇന്ത്യയാണ്, ഓക്കേ.”

അവര്‍ എന്നെ തോമസ് എന്ന് വിളിക്കുന്നതില്‍ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഞാന്‍ തോമസ് അല്ലെന്നും എന്റെ പേര് മാത്യൂസ് എന്നാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. പറയുന്നതൊന്നും കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ലായിരുന്നു. എന്റെ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളൊന്നും കൈയിയില്ലായിരുന്നു.

പറഞ്ഞത് പോലെ അവര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. ഞാന്‍ ബാത്ത് റൂമില്‍ പോയി വന്ന് അവര്‍ പറഞ്ഞത് അനുസരിച്ചു. ‘ഇത് ഇന്ത്യയാണ്’ എന്നവര്‍ പറഞ്ഞത് എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

വാനില്‍ തിരിച്ചെത്തിയപ്പോള്‍ എവിടെയെത്തിയെന്ന് ഞാന്‍ ചോദിച്ചു. “നമ്മള്‍ ഏതാണ്ട് ഡല്‍ഹിയിലേയ്ക്കുള്ള പാതി വഴിയെത്തി. 24 മണിക്കൂറായി െ്രെഡവ് ചെയ്യുകയാണ് നമ്മള്‍. മറ്റന്നാള്‍ നമ്മള്‍ ദല്‍ഹിയിലെത്തും.”

അവര്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്നെ കിഡ്‌നാപ്പ് ചെയ്തതിന്റെ കാരണം അറിയാന്‍ ഞാന്‍ ആവുന്നത് ശ്രമിച്ചു.

പണത്തിന് വേണ്ടിയാണെങ്കില്‍, എന്റെയടുത്ത് പണമൊന്നുമില്ല. ഞങ്ങള്‍ പണക്കാരല്ല. പണം വേണമെന്നാണെങ്കില്‍, ഫോണ്‍ തരൂ. ഞാന്‍ എന്റെ ഭാര്യയെ വിളിച്ച് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാം. അത് കേട്ട് സാം ചിരിച്ചു. “ഇല്ലില്ല, തോമസ്, ഞങ്ങള്‍ക്ക് പണമൊന്നും വേണ്ട. അമേരിക്കക്കാര്‍ ഞങ്ങള്‍ക്ക് പണം തരും.”

എന്റെ ചോദ്യങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. അവളെക്കുറിച്ചോര്‍ത്ത് ഞാന്‍ വല്ലാതെ വിഷമിച്ചു. അവളോട് അവസാനമായി സംസാരിച്ചത് അന്ന് വൈകുന്നേരം ഫ്‌ലാറ്റില്‍ നിന്നിറങ്ങി വാതിലടയ്ക്കുമ്പോള്‍ “ഇപ്പോ വരാം” എന്ന് പറഞ്ഞതാണ്.

എന്റെ കൈയ്യില്‍ സെല്‍ ഫോണ്‍ ഇല്ലാതിരുന്നത് കൊണ്ട് അവളുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഉണ്ടെങ്കിലും കിഡ്‌നാപ്പര്‍മാര്‍ അത് ഉപയോഗിക്കാന്‍ സമ്മതിക്കുമെന്നും തോന്നിയില്ല. ഞാന്‍ ഒന്നും മിണ്ടാതെ ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പ്രാണായാമം ചെയ്യാമെന്ന് തീരുമാനിച്ചു. അവര്‍ എന്നെ ഉപദ്രവിക്കില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു സമാധാനിപ്പിച്ചു. ഞാന്‍ കണ്ടിട്ടുള്ള ചില മലയാളം സിനിമകള്‍ ഓര്‍മ്മ വന്നു. ആ സിനിമകളില്‍, ഇതുപോലത്തെ കിഡ്‌നാപ്പിങ് ഉണ്ടാവും. അവര്‍ ക്രൂരന്മാരും ആഭാസന്മാരുമായിരിക്കും.

എന്നെ അമേരിക്കക്കാര്‍ക്ക് കൈമാറുകയാണെന്ന് സാം പറഞ്ഞത് എനിക്ക് ആശയക്കുഴപ്പമായി. ഏത് അമേരിക്കക്കാരെപ്പറ്റിയാണ് അവര്‍ പറയുന്നത്? അമേരിക്കക്കാര്‍ക്ക് എന്നെ ഉപദ്രവമൊന്നുമേല്‍ക്കാതെ വേണം, കിഡ്‌നാപ്പര്‍മാരാകട്ടെ എന്നേയും കൊണ്ട് ഡല്‍ഹിയ്ക്ക് പോകുന്നു.

അമേരിക്കക്കാര്‍ക്ക് എന്നെ ആവശ്യമാണെന്ന് പറയുന്നതിന് ഒരു കാരണവും കണ്ടെത്താനായില്ല. ഏത് അമേരിക്കക്കാരാണാവോ. എനിക്ക് അമേരിക്കയില്‍ ശത്രുക്കളൊന്നുമില്ല. ക്രെഡിറ്റ് കാര്‍ഡും കാര്‍ ലോണുമല്ലാതെ മറ്റാര്‍ക്കും ഞാന്‍ പണം കൊടുക്കാനില്ല. എല്ലാം കൃത്യമായ അടവുകളില്‍ അടയ്ക്കാറുണ്ട്. ഇല്ലെങ്കില്‍പ്പോലും, അവര്‍ കിഡ്‌നാപ്പ് ചെയ്യുന്നവരൊന്നുമല്ല. ഇതിനൊക്കെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?

വിഷമിച്ചിട്ട് കാര്യമൊന്നുമില്ല. ഇപ്പോള്‍ മോചനം നേടാന്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഡല്‍ഹിലെത്തുമ്പോള്‍ ചിലപ്പോല്‍ സാം പറയുന്ന ആ അമേരിക്കക്കാരെ കണ്ടുമുട്ടാന്‍ പറ്റിയേക്കും.

എനിക്ക് ദിവസങ്ങളുടെ എണ്ണം തെറ്റി, ഏത് ദിവസമാണ് ന്യൂ ഡല്‍ഹിയിലെത്തിയതെന്ന് പോലും അറിയില്ല. എന്റെ കണ്ണ് കെട്ടിയിട്ടാണ് ഏതോ സ്ഥലത്തേയ്ക്ക് കൊണ്ടുപോയത്. എന്നേയും കൊണ്ട് അവര്‍ ഒരു മുറിയില്‍ കയറിയ ശേഷം പിന്നില്‍ ഒരു വാതില്‍ അടയുന്ന ശബ്ദം കേട്ടു. എന്നിട്ട് അവര്‍ എന്റെ മുഖത്ത് നിന്നും കെട്ട് അഴിച്ചു.

ഒരു കിടക്കയും കസേരയും ഉള്ള ചെറിയ മുറിയിലായിരുന്നു ഞാന്‍. ഒരു മേശയില്‍ ചെറിയ ടിവി ഉണ്ടായിരുന്നു. മുറിയുടെ ഒരു വശത്ത് ചെറിയ വാതില്‍ കൂടി ഉണ്ടായിരുന്നു. അത് ബാത്ത് റൂം ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. എന്നോട് വേണമെങ്കില്‍ വിശ്രമിച്ചോളാന്‍ പറഞ്ഞിട്ട് അവര്‍ പുറത്തിറങ്ങി വാതിലടച്ചു.

അവര്‍ പോയ ശേഷം വാതില്‍ പൂട്ടിയിരിക്കുകയാണോയെന്ന് ഞാന്‍ പരിശോധിച്ചു. അത് പുറത്ത് നിന്നും പൂട്ടിയിരുന്നു. ഇരുമ്പഴികളുള്ള ചെറിയ ജനാലകള്‍ മാത്രമേ കിടയ്ക്കരികിലുള്ളൂ. ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു, ഉറങ്ങുകയും ചെയ്തു. ആരോ എന്നെ വിളിച്ചുണര്‍ത്തി, അത് സാം ആയിരുന്നു. അമേരിക്കക്കാര്‍ എന്നെ കൊണ്ടുപോകാന്‍ വരുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല; സാമിനോട് ചോദിക്കുന്നതില്‍ പ്രയോജനമില്ല. എനിക്ക് ആ അമേരിക്കക്കാര്‍ ആരാണെന്നറിയണമായിരുന്നു.

ഏതാണ്ട് പതിനഞ്ച് മിനിറ്റിനുള്ളില്‍ ഒരു വെള്ളക്കാരന്‍ മുറിയിലേയ്ക്ക് വന്നു. അതേ, ഒരു അമേരിക്കക്കാരന്‍ തന്നെ. അയാള്‍ എന്നെ നോക്കി, എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഇടത്തരം വലുപ്പമുള്ള ഫോട്ടോ എടുത്തു. അയാള്‍ ഫോട്ടോയില്‍ നോക്കിയിട്ട് വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി.

അമേരിക്കക്കാരന് അരിശം വന്ന് അലറി, “നീയെല്ലാം കുളമാക്കി ഫ…ങ് സാം. ആരാണിയാള്‍?”

“തോമസ്, അല്ലേ സര്‍?” സാം പറഞ്ഞു.

അമേരിക്കക്കാരന്‍ വീണ്ടും അലറി ഫ..ങ് നൊപ്പം ഇഡിയറ്റ് എന്നും ചേര്‍ത്തു, എന്നിട്ട് വാതില്‍ തുറന്നു. പുറത്തേയ്ക്ക് പോകുമ്പോള്‍ അമേരിക്കക്കാരന്‍ പറയുന്നത് ഞാന്‍ കേട്ടു, “നീ ഇയാളെ തിരിച്ച് കൊണ്ടാക്കി തോമസ് എബ്രഹാമിനെ പിടിയ്ക്ക്, ഓക്കേ.” ഒരു കൊടുങ്കാറ്റ് പോലെ അമേരിക്കക്കാരന്‍ പോയി.

സാം ദേഷ്യവും സങ്കടവും കൊണ്ട് തിരിച്ച് വന്നു. അയാള്‍ പറഞ്ഞു, “നിങ്ങള്‍ തോമസ് അല്ല. ആ കിറുക്കന്‍ കുരങ്ങന്‍ പെരുച്ചാഴി എല്ലാവരേയും ഊ..ച്ച് നിങ്ങളെ ഞങ്ങളുടെ വാനില്‍ കയറ്റി. സാമിന് ഈ ജോലിയ്ക്ക് മറ്റൊരു ലോക്കല്‍ ആള്‍ കേരളത്തിലുണ്ടെന്ന് ഞാന്‍ ഊഹിച്ചു.

സാം തുടര്‍ന്നു, “മി. മാത്യൂസ്, നമ്മള്‍ ഇപ്പോള്‍ത്തന്നെ ഇവിടെ നിന്ന് പോകുന്നു.” അയാള്‍ വീണ്ടും എന്റെ കണ്ണ് കെട്ടി മുറിയില്‍ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോയി. എന്നെ ഒരു കാറില്‍ കയറ്റി ഡോര്‍ അടച്ചു കാര്‍ പുറപ്പെട്ടു. ഉദ്ദേശം പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ നിന്നു. സാം എന്നെ കാറില്‍ നിന്നും ഇറക്കി പിന്നേയും അയാളുടെ പിന്നാലെ ഏതാനും നിമിഷങ്ങള്‍ നടന്ന് മറ്റൊരു മുറിയിലെത്തിച്ചേര്‍ന്നു. വാതില്‍ അടച്ച് അയാള്‍ എന്റെ മുഖത്തെ കെട്ടഴിച്ചു..

ആദ്യത്തെ മുറിയുമായി വലിയ വിത്യാസമൊന്നുമില്ലായിരുന്നു. ഇപ്പോഴത്തെ മുറിയും മുറിയിലെടിവിയും കുറച്ച് കൂടി വലുതാണെന്ന് മാത്രം.

ഞാന്‍ തോമസ് അല്ല, മാത്യൂസ് ആണെന്ന് ഞാന്‍ പറഞ്ഞതല്ലേ. ഇപ്പോള്‍ അത് നിങ്ങള്‍ക്ക് ബോധ്യമായ നിലയ്ക്ക് ഞാന്‍ വീട്ടിലേയ്ക്ക് പൊയ്‌ക്കോട്ടെ?

സാം തോമസിന്റെ ഫോട്ടോ എനിക്ക് കാണിച്ച് തന്നു. തീര്‍ച്ചയായും, എനിക്കും തോമസിനും കുറേ സാദൃശ്യങ്ങളുണ്ട്, പ്രത്യേകിച്ചും വശത്ത് നിന്നും നോക്കുമ്പോള്‍. ഞാന്‍ എനിക്ക് ഭാര്യയുമായി സംസാരിക്കണമെന്ന് വീണ്ടും അപേക്ഷിച്ചു.

സാം പറഞ്ഞു, ‘ഇപ്പോഴല്ല. എനിക്ക് എന്റെ ബോസുമായി സംസാരിക്കണം. നിങ്ങള്‍ എപ്പോള്‍ കേരളത്തിലേയ്ക്ക് പോകുമെന്ന് അദ്ദേഹം തീരുമാനിക്കും.’ സാം മുറിയില്‍ നിന്നും പോയി. ഇതൊരു അഴിയാക്കുരുക്കാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മറ്റാരോ ആയി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്റെ ദൈവമേ! ഞാനെങ്ങിനെ ഇതില്‍ നിന്ന് പുറത്ത് കടക്കും? ഇരുട്ടായിത്തുടങ്ങിയിരുന്നു, സാം ഭക്ഷണവുമായി വന്നു. എന്താണ് നടക്കുന്നതെന്നും എനിക്ക് എപ്പോള്‍ വീട്ടിലേയ്ക്ക് പോകാന്‍ പറ്റുമെന്നും ഞാന്‍ ചോദിച്ചു. അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, ‘മി. മാത്യൂസ്, ഞങ്ങളുടെ കേരളത്തിലെ ഏജന്റുമാര്‍ കാര്യങ്ങള്‍ വഷളാക്കി. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ നിങ്ങളെ വിടാം. എനിക്ക് ഒരു ദിവസം കൂടി തരൂ, ഓക്കേ.’ എന്നിട്ടയാള്‍ പോയി.

എന്തായാലും എനിക്ക് അല്പം ആശ്വാസം തോന്നിത്തുടങ്ങിയിരുന്നു. ഞാന്‍ പ്രതീക്ഷകള്‍ കൈവിട്ടില്ല. പണ്ടുതൊട്ടേ എന്റെ സ്വഭാവം അങ്ങിനെയാണ്. ഞാന്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെടുമ്പോള്‍, അത് പരിഹരിക്കാന്‍ സമയം വേണ്ടിവരുമ്പോള്‍, ഞാന്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പരിശ്രമിക്കും. ആ ശീലം ഉപയോഗിച്ച് ഞാന്‍ തല്‍ക്കാലത്തേയ്ക്ക് എന്റെ സ്വപ്നപദ്ധതികള്‍ യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. പണ്ട് ഇത്തരം ചില ശ്രമങ്ങള്‍ വിജയിച്ചിട്ടുമുണ്ട്.

അടുത്ത ദിവസം രാവിലെ മറ്റൊരാള്‍ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളുമായി വന്നു. എനിക്ക് സിനിമ വല്ലതും കാണണോയെന്ന് അയാള്‍ ചോദിച്ചു. മലയാളം സിനിമ വേണമെന്ന് ഞാന്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, അയാള്‍ മലയാളം സിനിമയുടെ നാല് സിഡികളും ഒരു സിഡി പ്ലേയറും കൊണ്ടുവന്നു. അയാള്‍ പ്ലേയര്‍ ടിവിയില്‍ ഘടിപ്പിച്ച് പോയി. ഞാന്‍ അയാള്‍ക്ക് നന്ദി പറഞ്ഞു. സിഡിയുടെ കവറില്‍ മോഹന്‍ ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ കണ്ടു. സിനിമയുടെ പേരുകള്‍ ഞാന്‍ നോക്കിയില്ല. അപ്പോള്‍, ഞാന്‍ മലയാളം സിനിമയുടെ നിലവാരത്തെക്കുറിച്ച് ആലോചിച്ചില്ല. അതിലൊരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മുറിയുടെ വാതില്‍ തുറന്നു. ഞാന്‍ സിനിമ നിര്‍ത്തി. സാം മറ്റൊരാള്‍ക്കൊപ്പം വന്നു. ആവേശത്തോടെ, ഞാന്‍ വീട്ടിലേയ്ക്ക് പോകുന്ന കാര്യം ആവര്‍ത്തിച്ചു. ഇത്തവണ മറ്റേയാളാണ് മറുപടി പറഞ്ഞത്, “മി. മാത്യൂസ്, ഒരു പ്രശ്‌നമുണ്ട്.’ എന്റെ ഹൃദയത്തില്‍ ഒരു മിന്നല്‍ വീണു, “ദൈവമേ, എന്താണത്?’ ഞാന്‍ വാക്ക് കൊടുത്തു, ‘നോക്കൂ, ഇതിനെപ്പറ്റി ഞാന്‍ ആരോടും പരാതിപ്പെടില്ല. എന്നെ പോകാനനുവദിക്കൂ. എന്റെ ഭാര്യയോട് സംസാരിക്കാന്‍ അനുവദിക്കൂ, അവള്‍ ഒറ്റയ്ക്കിരുന്ന് വിഷമിക്കുകയായിരിക്കും.”

എന്റെ വാക്കിന് അവര്‍ വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല. പുതിയ ആള്‍ മുറിയ്ക്കകത്തേയ്ക്ക് വന്ന് പറഞ്ഞു, “ആരോ വീണ്ടും എല്ലാം കുളമാക്കി. മി. തോമസ് നിങ്ങളുടെ ബില്‍ഡിങ്ങില്‍ നിന്നും പോയി. എങ്ങോട്ടാണെന്ന് ഞങ്ങള്‍ക്കറിയില്ല. കേരളാ പോലീസ് ആണ് എല്ലാം കുളമാക്കിയത്, ഇപ്പോള്‍ എനിക്ക് വേണ്ടി അവര്‍ തോമസിനെ കണ്ടുപിടിക്കണം.”

അവര്‍ എന്നെ വെച്ച് വിലപേശാന്‍ പദ്ധതിയിടുകയാണെന്ന് എനിക്ക് മനസ്സിലായി. അമേരിക്കക്കാര്‍ക്ക് തോമസിനെ കിട്ടിയിട്ട് എന്താണ് അത്യാവശ്യം എന്ന് ഞാന്‍ സാമിനോട് ചോദിച്ചു. തോമസ് ഒരു അപകടകാരിയായ ആളാണെന്ന് സാം പറഞ്ഞു. അയാള്‍ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ടതാണ്. അവര്‍ക്ക് അയാളെ തിരിച്ചു കിട്ടണം, അതിനായി ഇവരെ വാടകയ്‌ക്കെടുത്തിരിക്കുകയാണ്.

ഞാന്‍ സ്വയം പറഞ്ഞു, ‘എന്റെ ദൈവമേ, ഇത് സത്യമാണോ? ഞാനൊരു െ്രെകം സിനിമയില്‍ അഭിനയിക്കുകയാണോ.’ സാം പറഞ്ഞു, ‘പേടിക്കണ്ട, നിങ്ങളുടെ തിരോധാനം അമേരിക്കയ്ക്കറിയാം. ഇന്ത്യയ്ക്കുമറിയാം. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി തോമസിനെ കണ്ടുപിടിക്കുമ്പോള്‍ നിങ്ങള്‍ സ്വതന്ത്രനാകും.’ അവര്‍ മുറിയില്‍ നിന്നും പോയി. എന്റെ അറിവോ അനുവാദമോ ഇല്ലാതെ ഞാന്‍ഒരു അന്താരാഷ്ട്ര രഹസ്യ കരാറില്‍ ഭാഗമാകുകയാണെന്ന് എനിക്ക് പതിയെ ബോധ്യമായി.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക