Image

അച്ഛനെ മകളുടെ ഭര്‍ത്താവാക്കുന്ന മഹാസ്‌നേഹം..(അനില്‍ പെണ്ണുക്കര)

Published on 04 March, 2017
അച്ഛനെ മകളുടെ ഭര്‍ത്താവാക്കുന്ന മഹാസ്‌നേഹം..(അനില്‍ പെണ്ണുക്കര)
ദേ സാത്താന്‍ വീണ്ടും പണിപറ്റിച്ചു. വിലക്കപ്പെട്ട കനി കാട്ടിയും തിന്നാന്‍കൊടുത്തും മറ്റൊരു ആദാമിനെക്കൂടി വഴിയാധാരമാക്കി!
ഹവ്വ...
പതിനാറുകാരി ഉവ്വേ...
പറുദീസയില്‍നിന്നും ആട്ടിയിറക്കി എന്നുമാത്രമല്ല പാപികളുടെ കാരാഗൃഹത്തിലേക്കു തള്ളിയിട്ടിരിക്കുന്നു. സഭാസ്വര്‍ഗ്ഗത്തില്‍ ഇരുന്നു ദൈവത്തിനിട്ടു നിരന്തരമായി വേലചെയ്യുകയിരുന്നല്ലോ ദൈവദാസന്‍. കൊച്ചുമകളാകാന്‍ പ്രായമുള്ള ഒരു പെണ്‍ക്കുട്ടിയ്ക്കു തന്റെ ആത്മവീര്യം പകര്‍ന്നു നല്കി അമ്മയാക്കിയശേഷം ദൈവത്തിന്റെ സ്വന്തം ദാസന്‍ ചെയ്തുകൂട്ടിയ പ്രായശ്ചിത്തങ്ങളാണ് ചിന്തിക്കേണ്ടത്. (അല്ലെങ്കില്‍ പാവത്തെ പഴിക്കല്ലേ. സാത്താന്‍ അവന്‍ ഇഴഞ്ഞുകയറുമ്പോള്‍ ആവേശം... പരവേശം... സ്വര്‍ഗ്ഗത്തെ പുല്കാനുള്ള അഭിനിവേശം... പോട്ട്, അവന്‍ ദയാപരനല്ലേ ഇതുമങ്ങ് പൊറുത്തോളൂം..)

ആദ്യം പിഴച്ചുപോയ വഴിതെറ്റിപോയ കുഞ്ഞാടിന്റെ കഥ എടുക്കാം. അവള്‍ മാതാവായി ഒരു കുഞ്ഞിനു ജന്മംകൊടുത്തപ്പോള്‍ അവള്‍ക്കു സഹായവും വഴിയുമായി വന്നവരുടെ ദൈവഭയം ഗംഭീരമാണ്. പെറ്റത് ഒരു കൊച്ചുപെണ്‍ക്കുട്ടി. ഗര്‍ഭമെന്ന അനുഗ്രഹം നല്കിയത് എന്ന ദൈവദാസന്‍. എന്തുകൊണ്ടും വിശേഷപ്പെട്ട ഗര്‍ഭം. (ഒരുപക്ഷേ നാളെ ഒരു ബിഷപ്പായെന്നും വരാം. അല്ലെങ്കില്‍ ഒരു കന്യാസ്ത്രീ. ചരിത്രം അവരിലൂടെ ആവര്‍ത്തിക്കാം.) പക്ഷേ ഈ വിശേഷപ്പെട്ട ഗര്‍ഭം എങ്ങനെ സഭയെന്ന പറുദീസയ്ക്കു വിലക്കപ്പെട്ടതായി? കാരണം മറ്റൊന്നുമല്ല ഒന്നുകില്‍
അച്ഛനാകുക അല്ലെങ്കില്‍ അച്ചനായി ഇരിക്കുക എന്നതാണ് സഭ ദൈവദാസനു നല്കിയിരിക്കുന്ന ഒപ്ഷനുകള്‍. പക്ഷേ ഇമ്മാന്യന്‍ രണ്ടുവേണമെന്ന ശാഠ്യക്കാരനായിപ്പോയി. അപ്പോള്‍ അച്ഛനും അച്ചനായും ജീവിക്കണമെങ്കില്‍ അല്ലചില്ലറ തരികിടയും തിരിമറികളും കടുംകൈകളും വേണ്ടിവരും. ഇങ്ങനെ ഒരുത്തന്‍ തുടങ്ങിയാല്‍ പിന്നെ എല്ലാവരും അച്ഛന്മാരാകാന്‍ മത്സരിക്കും.
ഇടവകള്‍ കുഞ്ഞുകളുടെ കിളിക്കൊഞ്ചല്‍കൊണ്ടു നിറയും. പക്ഷേ ശരീരത്തിന്റെ ദാഹം വകവച്ചുകൊടുക്കാന്‍ സഭയുടെ നിയമങ്ങള്‍ക്ക് കഴിയില്ലല്ലോ. അപ്പോള്‍ ഈ അച്ചനു പിറന്ന കുഞ്ഞ് സഭയുടെനേരെ ഒരു കൈപ്പത്തിയിലെ ആറാംവിരലായി, വിനാശത്തിന്റെ വിത്തായിമാറുമെന്നു വിവരമുള്ളവര്‍ മുന്‍ക്കൂട്ടികാണും.

സംസ്കാരത്തിന്റെ അധഃപതനം എത്രമാത്രമാകാമെന്ന ഒരു വലിയ ചര്‍ച്ചയ്ക്കുകൂടി വഴിമരുന്നാകുകയാണ് ഈ ഗര്‍ഭം. ഒരാള്‍ ചെയ്തപാതകം മറച്ചുവയ്ക്കാന്‍ മറ്റൊരാളെ കൂലിയ്‌ക്കെടുക്കുന്നത് രക്ഷപ്പൊടാനുള്ള ഒരു തന്ത്രമാണെന്നു പറയാം. അതിനു അയാളുടെ പദവിയും സ്വത്തും സ്വാധീനങ്ങളും ഉപയോഗിക്കുന്നു. പക്ഷേ ആ നികൃഷ്ടമായ കൈകഴുകലിനും ഒരു മാന്യതയുണ്ട്. ഇവിടെ നാം കണ്ട ഈ അപരാധംവച്ചുമാറ്റല്‍ പദ്ധതിയുടെ പിന്നാമ്പുറങ്ങള്‍ ഒന്നു വായിച്ചു നോക്കൂ.

നികൃഷ്ടം, നിന്ദ്യം...
മകളുടെ അവിഹിതഗര്‍ഭത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ എല്ലാവരുംകൂടി നിയോഗിച്ചതും തിരഞ്ഞെടുത്തതും ആ പെണ്‍കുട്ടിയുടെ സ്വന്തം പിതാവിനെ! പിതാക്കാമാരുടെ ഈ ജാലവിദ്യ പിതാവേ അവിടുന്ന് അറിയുന്നില്ലേ. കാരുണ്യത്തിന്റെ പ്രതിരൂപങ്ങളായി ജീവിതം കര്‍ത്താവില്‍ അഭിരമിച്ചു കഴിയുന്ന കന്യാസ്ത്രീകള്‍ അതിനു നേതൃത്വം നല്കുന്നു. ഡോക്ടറുമാരും സഭാദ്ധ്യക്ഷമാരും അതിനായി അരയുംതലയും മുറുക്കി രംഗത്ത്. പിതാക്കന്മാരെ മാറ്റി നിര്‍ത്താം, ഈ കന്യാസ്ത്രീകള്‍ക്കുള്ളില്‍ ഒരു പെണ്‍ഹൃദയമില്ലേ, ഒരമ്മയും വികാരമില്ലേ? ഉണ്ടാവില്ല. കാരണം രോഗികളെ ശുശ്രൂഷിച്ച് പരിചയിച്ച ഒരു ഡോക്ടര്‍ ചോരകണ്ട് ഭയക്കുമോ. ഒക്കെ തഴമ്പിച്ചുപോയില്ലേ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാമരാവണയുദ്ധം കണ്ട കണ്ണില്‍, എന്ത് ഭാരതയുദ്ധം! അഭയയുമൊക്കെ സാക്ഷ്യങ്ങളായി മുന്നിലുണ്ടല്ലോ.

പെണ്‍ക്കുട്ടിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഒരു മതത്തിന്റ നേതൃത്വം ശ്രമിക്കുമ്പോള്‍ അതൊരു ചീഞ്ഞളിഞ്ഞ സംസ്കാരത്തിനു വഴിവയ്ക്കുകയാണ്. ഒരു പുതിയ പ്രവണതയ്ക്കുള്ളഅംഗീകാരം. പിതാവിനു മകളെ ഗര്‍ഭിണിയാക്കുന്നത് പുരോഹിതന്‍ ആക്കുന്നതിനേക്കാള്‍ അത്ര അപരാധമില്ലത്രേ. അച്ഛന്‍ പീഡനക്കാരനായി മാറിയതും മകള്‍ അച്ഛനെ കാമുകനായോ വിടനായോ കണക്കാക്കാന്‍ തുടങ്ങിയതുമാണല്ലോ നമ്മുടെ പുതിയ സംസ്കാരവും പുരോഗമനവും വ്യക്തിസ്വാതന്ത്ര്യവും. എല്ലാംകൊണ്ടും വിദേശിയാകാന്‍ കൊതിക്കുന്നവനു ഇതൊരു പുതിയ സ്വാതന്ത്ര്യംകൂടിയല്ലേ! ഇവിടെ ഈ സന്ദേശമാണ് ഈ സഭാനേതൃത്വം സ്വന്തം സമുദായത്തിനും ഒരുപരിതിവരെ പൊതുസമൂഹത്തിനും നല്കുന്നത്. വേണ്ടിവന്നാല്‍ ഒരച്ഛന് മകളുടെ കുഞ്ഞിന്റെ അച്ഛനാകാം തെറ്റൊന്നുമില്ല. ഈ നാറിയ സംസ്കാരവും ചിന്തയും ളോഹകൊണ്ടു മറയ്ക്കാനാവില്ല. മൃഗങ്ങളുടെ മാംസവും വിവേകവും തൃഷ്ണയും താങ്ങാന്‍ വെറും തുണിക്കുപ്പായത്തിനാവുകയില്ല. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നതിനു കാരണക്കാരനായവനു കഞ്ഞിവയ്ക്കാന്‍ നില്ക്കുന്ന കന്യാസ്ത്രീകളുടെ ധര്‍മ്മം എന്തെന്നു മനസ്സിലാക്കികൊടുക്കുവാന്‍ ഈ സംഭവം വഴിവച്ചിട്ടുണ്ട്. തെരുവോരത്തു കിടന്നുറങ്ങുന്ന ഇരപ്പകളായ സ്ത്രീകള്‍കള്‍ക്കുപോലും ആവില്ല ഇങ്ങനെ പെരുമാറാന്‍.

സഭയില്‍ കന്യസ്ത്രീകളാകാന്‍ വരുന്നവരുടെ എണ്ണംകുറയുന്നതിന്റെഅപകടത്തെപ്പറ്റി ഏഷ്യാനെറ്റില്‍ ഒരു പിതാവു ചൂണ്ടിക്കാട്ടി സംസാരിക്കുന്നത് ഒരിക്കല്‍ കാണാന്‍ ഇടയായി. ആ അപകടം ഇതൊക്കെയാണെന്നുമനസ്സിലായത് ഇപ്പോഴാണ്.

ഏതായാലും ഈ പുതിയ സഭാബുദ്ധി സ്വന്തം സമൂദായത്തിനും ഇതര സമൂഹത്തിനും പുതിയ ദിശബോധമായി മാറിയാല്‍ ദൈവരാജ്യം താമസിക്കാതെ വന്നുചേരും.
അച്ഛനെ മകളുടെ ഭര്‍ത്താവാക്കുന്ന മഹാസ്‌നേഹം..(അനില്‍ പെണ്ണുക്കര)
Join WhatsApp News
Truth and Justice 2017-03-08 06:19:10
Why you blame Satan for breaking Lords commandment.Adam in the Garden of Eden blamed Eve.Eve blamed serpent. This is not blaming poor priest. They cannot contain and they have to marry.That is truth and justice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക