Image

കാലിഫോര്‍ണിയയില്‍ 'കാട്ടുകുതിര' യുടെ അശ്വമേധം

ജെയിംസ് വര്‍ഗ്ഗീസ്‌ Published on 02 March, 2017
കാലിഫോര്‍ണിയയില്‍ 'കാട്ടുകുതിര' യുടെ അശ്വമേധം
സാന്‍ ഹോസെ(കാലിഫോര്‍ണിയ): മലയാള നാടക ചരിത്രത്തില്‍ മൂന്നു പതിറ്റാണ്ട് മുന്‍പ് ഉയര്‍ന്നു കേട്ട ആ കുളമ്പടി ശബ്ദം ശാന്തസമുദ്ര തീരത്ത് നിന്ന് വീണ്ടും ഉയര്‍ന്നു കേട്ടു. എസ് എല്‍ പുരം സദാനന്ദന്റെ സര്‍ഗ്ഗ സൃഷ്ടിയില്‍ പിറന്ന്, കോടി കോടി പുരുഷാന്തരങ്ങളില്‍ ഉള്‍പുളകങ്ങള്‍ നിറച്ച പ്രകമ്പനത്തോടെ കേരളം മുഴുവന്‍ അശ്വമേധം നടത്തിയ അതേ കാട്ടുകുതിര തന്റെ സമസ്ത ശക്തിയും വീണ്ടെടുത്ത് ഒരു പുതിയ അശ്വമേധത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഫെബ്രുവരി മാസം 25ന് ശനിയാഴ്ച വൈകുന്നേരം, സിലിക്കണ്‍ വാലിയിലെ എവര്‍ഗ്രീന്‍ വാലി ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷി നിറുത്തി, മലയാളി എന്നും സ്‌നേഹിക്കുന്ന ആ യാഗാശ്വം വീണ്ടും കുളമ്പടികള്‍ വെച്ചു.

സാന്‍ഫ്രാന്‍സിസ്‌കൊ ബേ ഏരിയായിലെ മലയാള സൗഹൃദ കൂട്ടായ്മയായ സര്‍ഗ്ഗവേദിയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സര്‍ഗ്ഗവേദി പ്രവര്‍ത്തകരാണ് കാട്ടുകുതിര നാടകം അരങ്ങിലെത്തിച്ചത്. സിലിക്കണ്‍ വാലിയിലെ പ്രമുഖ ഐടി കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു അവരില്‍ ഭൂരിഭാഗവും. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ ഒത്തുകൂടി റിഹേഴ്‌സലുകള്‍ നടത്തിയാണ് ഇത്ര ബൃഹത്തായ ഒരു നാടകം ഇവിടുത്തെ മലയാളി പ്രേക്ഷകര്‍ക്കായി കാഴ്ചവെച്ചത്. കേവലം മലയാളി അസോസിയേഷനുകളുടെ ഓണപരിപാടിക്കും മറ്റും അവതരിപ്പിക്കപ്പെടുന്ന ചെറിയ സ്‌കിറ്റുകള്‍ മാത്രം പരിചയമുള്ള മലയാളി സമൂഹം തെല്ലൊരു സന്ദേഹത്തോടെയാണ് ഈ നാടകം കാണാന്‍ എത്തിയത്. കാട്ടുകുതിര പോലെ ഒരു വലിയ പ്രൊഫഷണല്‍ നാടകത്തെ, തങ്ങള്‍ക്ക് സുപരിചിതരായ സര്‍ഗ്ഗവേദി പ്രവര്‍ത്തകര്‍ എങ്ങനെ അവതരിപ്പിക്കും എന്ന വലിയ ചിന്ത അവരെ അലട്ടിയിട്ടുണ്ടാവണം.

എന്നാല്‍ തിരശ്ശീല മാറിയപ്പോള്‍ കണ്ട കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. നാട്ടിന്‍പുറത്തെ ഏതോ ഒരു പഴയ കോവിലകത്തിന്റെയോ ഇല്ലത്തിന്റേയോ മുറ്റത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കലാസംവിധായകനായ ശ്രീജിത് ശ്രീധരന്റെ, കലാദേവത തുല്യം ചാര്‍ത്തിയ കരവിരുതില്‍  അണിയിച്ചൊരുക്കിയ ആ കോവിലകം, അതിന്റെ പൂമുഖം, തുളസിത്തറ, ചുറ്റുമുള്ള മരങ്ങള്‍, തിണ്ണയിലിരിക്കുന്ന കിണ്ടി, ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന കതിര്‍ക്കുല എന്തിനേറെ, ആ റാന്തല്‍ വിളക്കുപോലും പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോയത് ഒരു വിസ്മയലോകത്തേക്കാണ്. അതിനൊപ്പം ബിനു ബാലകൃഷ്ണന്‍ എന്ന അനുഗ്രഹീത കലാകാരന്റെ മാന്ത്രികവിരലുകളില്‍ നിന്നുതിര്‍ന്ന മധുര സംഗീതവും റീമാപിള്ളയുടെ മാസ്മരിക ശബ്ദത്തില്‍ ഉയര്‍ന്ന് കേട്ട നാരായണമന്ത്രങ്ങളും ആ അത്ഭുതകാഴ്ചയ്ക്ക് വീണ്ടും അഴകുചാര്‍ത്തുന്ന തരത്തില്‍ ലെബോണ്‍ മാത്യു സന്നിവേശിപ്പിച്ച പ്രകാശവിന്യാസങ്ങളും ചേര്‍ന്നൊരുക്കിയ ആ ദൃശ്യവിരുന്ന പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അതിനകമ്പടി നിമിഷങ്ങളോളം നിലക്കാത്ത കരഘോഷങ്ങളായിരുന്നു.

ആ അശ്വരഥത്തില്‍ ഒരു വട്ടം കൂടി ആനനായരും കൊറത്തിക്കല്യാണിയും ചാരുലത തമ്പുരാട്ടിയും മോഹനചന്ദ്രനും കൊച്ചുവാവയും മങ്കയും മേനോനും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. തങ്ങള്‍ക്ക് ഒരുപാടു പരിചയവും സ്‌നേഹവും ഉള്ള കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ നിറഞ്ഞ മനസ്സുമായി അവരെ എതിരേറ്റു.

കൊറത്തി കല്യാണിയായി അരങ്ങിലെത്തിയ ബിന്ദു ടിജി, പ്രേക്ഷക മനസ്സുകളെ, പ്രത്യേകിച്ച് കുട്ടികളെ ഒന്നടങ്കം കൈയിലെടുത്തു. കല്യാണിയുടെ ഓരോ ചലനത്തെയും ഓരോ വാക്കിനെയും അവര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ഒടുവില്‍ കൊച്ചുവാവ മുതലാളിക്ക് മുന്നില്‍ തികഞ്ഞ രോഷത്തോടെ കല്യാണി ഡിം ഡിം വിളിച്ചപ്പോള്‍ ആഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊണ്ടു. നിറഞ്ഞ മനസ്സോടെയാണ്, ഈ നാടകത്തിനായി അതിമനോഹരമായ ഒരു ഗാനം രചിക്കുകയും ചെയ്ത കവയത്രിയായ ബിന്ദു ടിജി രംഗം വിട്ടത്.

പ്രേക്ഷകരെ നിറയെ ചിരിപ്പിച്ച മറ്റൊരു കഥാപാത്രമായിരുന്നു സതീഷ് മേനോന്‍ അവതരിപ്പിച്ച ബാലകൃഷ്ണമേനോന്‍ എന്ന കഥാപാത്രം. കൊച്ചുവാവയുടെ നിഴല്‍ പോലെ നടക്കുകയും ആവശ്യത്തിനും അനാവശ്യത്തിനും ചീത്തവിളി കേള്‍ക്കുകയും ചെയ്യുന്ന പുള്ളമേനോന്റെ ഓരോ മുഖ ഭാവവും അംഗവിക്ഷേപവും പ്രേക്ഷകരില്‍ ചിരി പടര്‍ത്തി.

ചാരുലത തമ്പുരാട്ടിയായി അഭിനയിച്ച ലാഫിയ സെബാസ്റ്റ്യന്‍, ഒരു തമ്പുരാട്ടിക്കുട്ടിയുടെ എല്ലാവിധ നിഷ്‌കളങ്കതയും നിറഞ്ഞ മുഖത്തോടെയാണ് അരങ്ങിലെത്തിയത്. തന്റെ വശ്യമായ ചലനങ്ങളും പ്രസന്നമായ, പുഞ്ചിരിതൂകുന്ന മുഖഭാവങ്ങളും മോഹനുമായുള്ള പ്രണയരംഗങ്ങളും വളരെ മികവാര്‍ന്ന് രീതിയിലാണ് ലാഫിയ അവതരിപ്പിച്ചത്. കഥാന്ത്യത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും അതിനു ചേര്‍ന്ന ഗാനരംഗങ്ങളും തികഞ്ഞ പാടവത്തോടെ ലാഫിയ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷക മനസ്സ് വികാരസാന്ദ്രമായി.

മോഹനചന്ദ്രനെ അവതരിപ്പിച്ച രാജീവും തികഞ്ഞ അഭിനയ ചാതുരിയോടെയാണ് ആ കഥാപാത്രമായി മാറിയത്. ലതയും മോഹനുമായുള്ള രംഗങ്ങളില്‍ കൗമാരപ്രണയത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങള്‍ ഹാളില്‍ നിറഞ്ഞുനിന്നു. അതേ മോഹന്റെ അമ്മയോടൊപ്പമുള്ള സ്‌നേഹ സംഭാഷണ രംഗങ്ങളിലും അച്ഛനുമായുള്ള അതി വൈകാരിക രംഗങ്ങളിലുമുള്ള ഭാവമാറ്റം പ്രേക്ഷകരില്‍ അത്ഭുതമുളവാക്കി. ഏതു ഭാവവും തനിക്ക് അനായാസം വഴങ്ങുമെന്നു രാജീവ് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചു.

മങ്കയായി വേഷമിട്ട സന്ധ്യാ സുരേഷ്, മാതൃഭാവത്തിന്റെ പര്യായമായി മാറി. ഇരുത്തം വന്ന ഒരു അഭിനേത്രിയുടെ അഭിനയമികവിനെ വെല്ലുന്ന തരത്തിലുള്ള സന്ധ്യയുടെ അഭിനയം പ്രേക്ഷകര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ആധികാരികതയോടെയും സ്‌നേഹത്തോടെയും 'മോഹനാ....' എന്നുള്ള ആ വിളികളും, മകന്റെ സ്‌നേഹത്തെക്കുറിച്ചറിയുമ്പോള്‍ ഉള്ള പരിഭ്രമവും ഒടുവില്‍ ആ മാതൃസ്‌നേഹത്തിന്റെ പരമകോടിയില്‍ കൊച്ചുവാവക്ക് മുന്നില്‍ പൊട്ടിത്തെറിക്കുമ്പോളുള്ള വികാര വിഷുബ്ധതയും പ്രേക്ഷകര്‍ അത്ഭുതത്തോടെയാണു വീക്ഷിച്ചത്. സദസ്സിലുണ്ടായിരുന്ന അമ്മമാര്‍ക്ക് ഉണ്ടായ അനുഭവം പറയേണ്ടതില്ലല്ലോ? സന്ധ്യ സ്വയം മറന്ന് മങ്കയായി മാറുകയായിരുന്നു.

ബേ ഏരിയായിലുള്ള മലയാളികള്‍ക്ക് സുപരിചിതനായ ഉമേഷ് നരേന്ദ്രന്‍ അവതരിപ്പിച്ച രാമന്‍ നായര്‍, ആന നായരായി അക്ഷരാര്‍ത്ഥത്തില്‍ മാറിയുന്നു. ഉമേഷ് ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നവരെപോലും അത്ഭുതസ്തബ്ധരാക്കുന്ന പ്രകടനമാണ് ഉമേഷ് കാഴ്ചവെച്ചത്. ആദ്യരംഗം മുതല്‍ അവസാനരംഗം വരെ തകര്‍ത്തഭിനയിച്ച ആന നായര്‍ കാണികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. രാമന്‍ നായര്‍ ചിരിച്ചപ്പോള്‍ അവര്‍ ചിരിച്ചു, രാമന്‍ നായരുടെ ദുഃഖം അവരുടെ ദുഃഖമായി മാറി. അവസാന രംഗം.... അത് രാമന്‍ നായര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

കാട്ടുകുതിര എന്ന നാടകത്തില്‍ ജനം കാത്തിരിക്കുന്ന ഒന്നു രണ്ട് രംഗങ്ങള്‍ ഉണ്ട്, അതില്‍ ഒന്ന് പളനിയാത്രക്കാരുടേതാണ്. കൊച്ചുവാവ എന്ന അറുപിശുക്കന്‍ മുതലാളിയെ ആദ്യമായി തുറന്നു കാട്ടുന്ന രംഗം. ലിജിത്തും തരുണും അവരുടെ ഭാഗം ഗംഭീരമാക്കി. പളനിയാത്രക്കാരും പ്രേക്ഷകരെ സന്തോഷിപ്പിച്ചു. അടുത്ത വരവ് സുകുമാരന്റെ വേഷത്തില്‍ സജന്‍ മൂലേപഌക്കലിന്റെ വകയായിരുന്നു. നാട്ടുമ്പുറത്ത് ഏത് കള്ളുഷാപ്പിലും കാണുന്ന തൊഴിലാളിയുടെ കെട്ടിലും മട്ടിലുമുള്ള ആ വരവും പോക്കും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. കൊച്ചുവാവക്ക് കുറിക്കുകൊള്ളുന്ന മറുപടികൊടുക്കുന്ന സുകുമാരന്റെ മുഖം കണ്ടവരാരും അത് ഉടന്‍ മറക്കുകയില്ല.

കാട്ടുകുതിര എന്ന നാടകത്തിന്റെ കേന്ദ്രകഥാപാത്രമാണ് കൊച്ചുവാവ. നാടകത്തില്‍ രാജന്‍ പി ദേവും സിനിമയില്‍ തിലകനും തന്റെ അഭിനയ പാടവം കൊണ്ട് മലയാള മനസ്സുകളില്‍ വരച്ചിട്ട കഥാപാത്രം. ഈ നാടകത്തില്‍ പകുതിയില്‍ അധികനേരം തന്റെ സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ പ്രത്യേക ശൈലികൊണ്ടും പ്രേക്ഷകരെ കൈയില്‍ എടുക്കേണ്ട കഥാപാത്രം. ഏതൊരു നടനും തികഞ്ഞ വെല്ലുവിളിയാണത്. കൊച്ചുവാവയെ പ്രേക്ഷകര്‍ എത്രത്തോളം വെറുക്കുന്നോ, അത്രയേറെയാണ് നാടകത്തിന്റെ വിജയവും. സര്‍ഗ്ഗവേദിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ മധു മുകുന്ദനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അസാമാന്യ ചങ്കൂറ്റം കാട്ടിയത്. ഒരു പ്രേക്ഷകന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ 'കൊച്ചുവാവയുടെ ഭാഗം അത്ര എളുപ്പമല്ലാത്തതാണ്. ആ ഒരു കഥാപാത്രം നന്നായില്ലെങ്കില്‍ എല്ലാ ശ്രമങ്ങളും പരാജയമാകും. അരങ്ങില്‍ രാജന്‍ പി ദേവിനെയും വെള്ളിത്തിരയില്‍ തിലകനെയും കൊച്ചുവാവയായി കണ്ട മനസ്സ് വേറൊരാളെയും അംഗീകരിക്കുകയില്ല എന്ന് തന്നെയാണ് മനസ്സില്‍ കരുതിയത്. മധു മുകുന്ദന്‍ എന്ന കലാകാരന്‍ ആ കരുതല്‍ തിരുത്തിയെഴുതി. ശബ്ദം കൊണ്ടും, ആകാരം കൊണ്ടും മധു കൊച്ചുവാവയായി നിറഞ്ഞാട് എന്ന് പറഞ്ഞാല്‍ മതിയല്ലോ?'

സര്‍ഗ്ഗധനരായ കലാകാരന്മാരിലൂടെ മാത്രമേ മികച്ച കലാരൂപങ്ങള്‍ ഉണ്ടാകുകയുള്ളൂ. ഒരു നാടകത്തിന്റെ വിജയം അതിന്റെ സംവിധായകന്റെ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്. സര്‍ഗ്ഗവേദിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ ജോണ്‍ കൊടിയന്‍ തന്റെയുള്ളിലുള്ള ആശയങ്ങളെ, ബേ ഏരിയായില്‍ ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച്, ഒന്നു തേച്ചുമിനുക്കിയാല്‍ നക്ഷത്രങ്ങളെപ്പോലെ വെട്ടി തെളങ്ങാന്‍ കെല്പുണ്ടായിട്ടും അറിയപ്പെടാതെപോയിരുന്ന കലാകാരന്മാരിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ഉടലെടുത്തതാണ് ഈ കലോപഹാരം.
അതിനു പൂര്‍ണ്ണ പിന്തുണയുമായി സഹസംവിധായകന്‍ വിനോദ് മേനോനും ഒപ്പം നിന്നു. സൂര്യ സോമയുടെ കാട്ടുകുതിര നാടകം നേരില്‍ കണ്ടതു മുതല്‍ അതിന്റെ എല്ലാ രംഗങ്ങളും മനസ്സില്‍ കൊണ്ടുനടന്ന്, എന്നെങ്കിലും ഈ നാടകം ഞങ്ങള്‍ അരങ്ങിലെത്തിക്കും എന്ന വാശിയോടെ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദരേയും കണ്ടെത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ രംഗങ്ങളും സസൂഷ്മം വീക്ഷിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു വിനോദ് മേനോന്‍. നാടകാവതരണത്തിന്റെ പൂര്‍ണ്ണ ചുമതലയും വിനോദിനായിരുന്നു.

സര്‍ഗ്ഗവേദിക്ക് വേണ്ടി ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് ശ്രീമതി രാജിമേനോന്‍ ആണ്. ഈ നാടകത്തിന്റെ ആശയം രൂപം കൊണ്ടതുമുതല്‍ അത് വിജയകരമായി അവതരിപ്പിക്കുന്നതു വരെ ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. ഒപ്പം സര്‍വ്വ പിന്തുണയുമായി ശ്രീമതി റാണി സുനിലും.

ഇതിന്റെ ശബ്ദ നിയന്ത്രണം ശ്രീ നാരായണന്‍ നിര്‍വ്വഹിച്ചു. ജോജന്‍ മാത്യുവും ടോണീ ജോജനും ദൃശ്യങ്ങള്‍ പകര്‍ത്തി. ഹരി ശങ്കറും ഷെമി ദീപക്കും നാടകാവതരണം നിയന്ത്രിക്കുകയും, പിന്നണിയില്‍ സഹായിക്കുകയും ചെയ്തു. നാടകാവതരണത്തിനു ശേഷം ഹരി ശങ്കറും ഷെമി ദീപക്കും ചേര്‍ന്ന് കലാകാരന്മാരെയും പിന്നണിപ്രവര്‍ത്തകരെയും സദസ്സിന് പരിചയപ്പെടുത്തി.

കാലിഫോര്‍ണിയയില്‍ 'കാട്ടുകുതിര' യുടെ അശ്വമേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക