Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-15 ബി.ജോണ്‍ കുന്തറ)

Published on 28 February, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-15 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 15

തോമസ് എബ്രഹാം ഇത്തവണ രക്ഷപ്പെട്ടില്ല എന്നതില്‍ ആന്‍ഡ്രൂവിന് ആശ്വാസം തോന്നി. അവരുടെ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍, അയാളുടെ ഡാഡ് അധികം വൈകാതെ മോചിപ്പിക്കപ്പെടും. ആ നിമിഷത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. അശോക് പാര്‍ക്കിങ് ഏരിയയില്‍ നിന്നും SUV എടുത്തപ്പോള്‍, റോയ് തോമസിനോടും റാമിനോടും സംസാരിക്കാന്‍ തുടങ്ങി. “ഞാന്‍ പറയുന്നത് വരെ നിങ്ങള്‍ സെല്‍ ഫോണില്‍ തൊടരുത്.” എന്നിട്ട് റോയ് തന്റെ കമ്പ്യൂട്ടറില്‍ എന്തോ പഞ്ച് ചെയ്തിട്ട് ലിഡ് അടച്ചു. റോയ് തന്റെ വിചാരണ തുടങ്ങി, “റാം, നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. നിങ്ങള്‍ ഇറാനിയന്‍ എംബസ്സിയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണെന്ന് ഞങ്ങള്‍ക്കറിയാം. തോമസിനെ സ്‌റ്റേഷനില്‍ നിന്നും പിക്ക് ചെയ്യാന്‍ ആരാണ് നിങ്ങളെ അയച്ചത്?”

“ഞാന്‍ എംബസ്സിയുടെ കാറല്ല ഓടിക്കുന്നത്. ഇത് എന്റെ കാറാണ്.” റാം പറഞ്ഞു.

“അത് ഞങ്ങള്‍ക്കറിയാം.” റോയ് പറഞ്ഞു.

“പിക്ക് ചെയ്യാന്‍ തോമസ്സാണോ നിങ്ങളെ വിളിച്ചത്?”

“അതെ.”

റോയ് തോമസിനെ നോക്കി. അയാള്‍ അനക്കമൊന്നും ഇല്ലാതിരുന്നു.

“തോമസ് അയാള്‍ക്ക് പോകണ്ട സ്ഥലം പറഞ്ഞോ, ഏതെങ്കിലും ഹോട്ടലോ വീടോ മറ്റോ?”

റാം കുറച്ച് നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. “അയാള്‍ പറയാന്‍ തുടങ്ങുമ്പോഴാണ് നിങ്ങള്‍ വന്നത്.” അയാള്‍ പറഞ്ഞു.

റാമിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ കാര്യമൊന്നുമില്ലെന്ന് റോയിയ്ക്ക് മനസ്സിലായെന്ന് ആന്‍ഡ്രൂവിന് തോന്നി. ഞങ്ങള്‍ വന്ന കാര്യം നടന്നു: തോമസ്. അപ്പോള്‍ റാം പറഞ്ഞു, “നിങ്ങളെന്റെ ജീവിതം നശിപ്പിച്ചു.”

റാം അത് പറഞ്ഞത് പേടി കൊണ്ടോ ദേഷ്യം കൊണ്ടോ ആണെങ്കിലും അയാള്‍ തന്റെ തൊഴില്‍ ആണ് വെളിപ്പെടുത്തിയത്.

റോയിയ്ക്ക് റാമിനോട് ദയ തോന്നീ. “റാം, വിഷമിക്കണ്ട, തോമസ് പിടിക്കപ്പെട്ടത് നിങ്ങളുടെ തെറ്റ് കൊണ്ടാണെന്ന് നിങ്ങളുടെ മുതലാളി കരുതില്ല. നിങ്ങളില്ലെങ്കിലും ഞങ്ങളിയാളെ പിടിക്കുമായിരുന്നു. ഇയാള്‍ കേരളം വിട്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ പിന്തുടരുകയാണ്. നിങ്ങള്‍ ഞങ്ങളെ സഹായിച്ചിട്ടില്ലെന്ന് മുതലാളി അറിയും തീര്‍ച്ച.” റോയ് പറഞ്ഞു.

എന്നിട്ട് റോയ് തോമസിന് നേരെ തിരിഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. “നിങ്ങളൊരു ബുദ്ധിമാനായ എഞ്ചിനീയര്‍ ആണ്, ഇന്ത്യയിലെ ഐഐറ്റിയുടേയും അമേരിക്കയിലെ എം ഐ റ്റിയുടേയും ഉല്പന്നം. അഞ്ച് വര്‍ഷങ്ങള്‍ ഹണിവെല്ലിന് വേണ്ടി ജോലി ചെയ്തു. പിന്നെ വെസ്റ്റിങ്‌ഹൌസ് ഇലക്ട്രിക്കില്‍, നിങ്ങള്‍ ടെക്‌നോളജി മോഷ്ടിക്കുന്നത് പിടിക്കപ്പെടുന്നത് വരെ.”

റോയ് സീറ്റിനടിയില്‍ നിന്നും ചെറിയ വെള്ളക്കുപ്പികള്‍ നിരത്തിയ ഒരു ട്രേ എടുത്തു. അയാള്‍ ഒരെണ്ണമെടുത്തിട്ട് ബാക്കി എല്ലാവര്‍ക്കും കൊടുത്തു. “തണുപ്പില്ല, എന്നാലും ഈ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.”

ശങ്കര്‍ ഒരെണ്ണം എടുത്തു, ഒരെണ്ണം അശോകിന് കൊടുത്തു, ആന്‍ഡ്രൂവും ഒരെണ്ണം എടുത്തു. റാമും തോമസും നിരസിച്ചു. റോയ് പറഞ്ഞ് കഴിഞ്ഞിരുന്നില്ല, “തോമസ് എബ്രഹാം, പണത്തിന് വേണ്ടിയായിരുന്നോ അതെല്ലാം? അമേരിക്കയില്‍ ഒരു സാധാരണ ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ സമ്പാദിക്കുന്നതിലും കൂടുതല്‍ താങ്കള്‍ക്ക് കിട്ടുന്നുണ്ടായിരുന്നല്ലോ. പിന്നെന്തിന്? ആര്‍ത്തിയോ സാഹസികതയോ?”

“എന്റെ പക്കല്‍ പണമുണ്ട്.” തോമസ് പറഞ്ഞു.

“നിങ്ങളുടെ കയ്യില്‍ പണമുണ്ടെന്നും അത് എങ്ങിനെ സമ്പാദിച്ചതാണെന്നും ഞങ്ങള്‍ക്കറിയാം – നിങ്ങളെ ഒരു വലിയ ആളാക്കിയ രാജ്യത്തിനെ വില്‍ക്കുന്നത് സ്വന്തം അമ്മയെ വില്‍ക്കുന്നത് പോലെയാണ്.” റോയ് പറഞ്ഞു.

റോയ് അത് പറഞ്ഞത് വളരെ കടുത്ത ഭാഷയിലാണെന്ന് ആന്‍ഡ്രൂവിന് തോന്നി. എന്തായാലും, അയാള്‍ രാജ്യത്തിനെ സ്‌നേഹിക്കുന്ന ഒരു എക്‌സ്‌നേവല്‍ ഓഫീസര്‍ ആണല്ലോ. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ആര് ചെയ്താലും അയാള്‍ സഹിക്കില്ല.

അപ്പോഴേയ്ക്കും, റോയിയ്ക്ക് മറ്റൊരു ഫോണ്‍ കാള്‍ വന്നു. മുമ്പത്തെപ്പോലെ, അയാള്‍ കുറച്ച് സംസാരിക്കുകയും അപ്പുറത്തെയാള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. “ശരി! അങ്ങനെ ചെയ്യാം.” അയാള്‍ സംഭാഷണം നിര്‍ത്തി. ആന്‍ഡ്രൂവിന് ആശങ്ക പെരുകി വാടിയ മുഖത്തോടെ റോയിയെ നോക്കി.

ഓഖ്‌ലയിലേയ്ക്ക് പോകണമെന്ന് റോയ് അശോകിനോട് പറഞ്ഞു. “ഓഖ്‌ലയിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ എവിടെയാണെന്നറിയാമോ?”

, “അറിയാം സര്‍,” അശോക് തലകുലുക്കിക്കൊണ്ട് പറഞ്ഞു, “മിഷനറിമാര്‍ നടത്തുന്ന ഡല്‍ഹിയിലെ വളരെ പഴയ ആശുപത്രികളിലൊന്നാണത്.”

അശോക് അത് പറഞ്ഞപ്പോള്‍, ആന്‍ഡ്രൂ ഫാ. ക്ലീറ്റസിനേയും അയാളുടെ ആശുപത്രിയേയും പറ്റി ആലോചിച്ചു. ഇപ്രാവശ്യം കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയോ?

പിന്നെ അശോക് ഹിന്ദിയില്‍ എന്തോ പറഞ്ഞ് തുടങ്ങി ഇംഗ്ലീഷില്‍ അവസാനിപ്പിച്ചു “മുപ്പത് മിനിറ്റുകള്‍”. ഹോസ്പിറ്റലില്‍ എത്താനുള്ള സമയമായിരിക്കും അതെന്ന് ആന്‍ഡ്രൂ ഊഹിച്ചു.

ഫോണ്‍ സംഭാഷണത്തില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ റോയ് വിശദീകരിച്ചു. ശങ്കര്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മാപ്പ് എടുത്ത് പറഞ്ഞു, “അതെ, ഏതാണ്ട് അത്രയും സമയമെടുക്കും, നമ്മള്‍ സൈറനും ലൈറ്റും ഉപയോഗിച്ചില്ലെങ്കില്‍.”

റോയ് തുടര്‍ന്നു, അശോകിനോടായാണ്.

“അവിടെയെത്തുമ്പോള്‍ അശോക്, മെയിന്‍ ഹോസ്പിറ്റല്‍ ബില്‍ഡിങ്ങിന്റെ ഇടത് വശത്ത് പണി തീരാത്ത ഒരു കെട്ടിടം ഉണ്ടോയെന്ന് നോക്കുക. ബില്‍ഡിങ്ങിന്റെ പിന്നില്‍ ഒരു കറുത്ത വാന്‍ ഉണ്ടാകും. അവിടെ പണിയൊന്നും നടക്കുന്നില്ല. നമ്മള്‍ ടഡഢ ആ വാനിന്റെ മുന്നില്‍ ഏതാണ്ട് ഇരുപത് അടി അകലെ നിര്‍ത്തണം. എന്നിട്ട് അടുത്ത കോളിനായി കാത്തിരിക്കണം.”

“എനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്?” തോമസ് ചോദിച്ചു.

“പറയാം.” റോയ് വെള്ളം കുടിച്ച് കൊണ്ട് പറഞ്ഞു, “ഞങ്ങള്‍ നിങ്ങളെ യു എസ് എംബസ്സിയ്ക്ക് കൈമാറാന്‍ പോകുന്നു. അവര്‍ ഇന്ത്യയിലെ ജഡ്ജ് വഴി അമേരിക്കയിലേയ്ക്ക് കൊണ്ടു പോയി രാജ്യസുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിച്ചതിന് വിചാരണ ചെയ്യും.”

“ഞാന്‍ ഇന്ത്യയ്‌ക്കെതിരായി ഒന്നും ചെയ്തിട്ടില്ല. പിന്നെന്തിനാണ് എന്നോടിങ്ങനെ ചെയ്യുന്നത്?” തോമസ് അപേക്ഷിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

റോയിയുടെ കൈയ്യില്‍ ഉത്തരം തയ്യാറായിരുന്നു, “മി. തോമസ്, ഇറാനെതിരെയുള്ള യു എന്‍ ഉപരോധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങളുടെ സര്‍ക്കാര്‍ കടുത്ത ഉപരോധങ്ങളും വാണിജ്യനിരോധനവും ഇറാനെതിരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ ആ നിയമങ്ങളെല്ലാം തെറ്റിച്ചു,“ ഒന്ന് നിര്‍ത്തിയിട്ട് റോയ് തോമസിനും റാമിനും വെള്ളം വേണോയെന്ന് ചോദിച്ചു.

റാം നിരസിച്ചെങ്കിലും ഇത്തവണ തോമസ് തലയാട്ടി. റോയ് സീറ്റിനടിയില്‍ നിന്നും ചെറിയ കുപ്പി വെള്ളം എടുത്ത് കൊടുത്തു.

റോയ് വിശദീകരിച്ചു, “മി. തോമസ്, ക്രിമിനലുകളുടെ കാര്യത്തില്‍, അവര്‍ ഒളിച്ചിരിക്കുന്ന രാജ്യത്തിലെ പൌരന്മാരല്ലെങ്കില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയുണ്ടെന്ന് മനസ്സിലാക്കുക. അമേരിക്കന്‍ സര്‍ക്കാരിന് നിങ്ങളെ വേണം, അതിന്റെ കാരണം ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഒരു അമേരിക്കന്‍ പൌരനാണ്, ആറ് മാസത്തിലേറെ ആയി നിങ്ങള്‍ ഇന്ത്യയില്‍ ഒളിവിലാണ്, അല്ലേ?”

തോമസ് വീണ്ടും പറഞ്ഞു, “എന്റെ പക്കല്‍ പണമുണ്ട്.” അത് കേട്ടപ്പോള്‍ റോയ് ചിരിച്ചു.

“മി. തോമസ് പണത്തിന്റെ കാര്യം നിങ്ങള്‍ രണ്ടാമത്തെ തവണയാണ് പറയുന്നത്. എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് നന്നായറിയാം. ഇന്ത്യയിലായത് കൊണ്ട് എല്ലാം വില്‍ക്കാനുള്ളതെന്നാണോ വിചാരിക്കുന്നത്?” റോയ് പരിഹസിക്കുന്നത് പോലെ പറഞ്ഞു.

“ആ പണം നിങ്ങള്‍ കൈയ്യില്‍ വച്ചാല്‍ മതി. ജയിലില്‍ നിന്നും പുറത്ത് വരുമ്പോള്‍ ആവശ്യം വരും” എന്ന് പറയുമ്പോള്‍ റോയിയുടെ ഗൌരവം നിറഞ്ഞ സ്വരത്തില്‍ പണത്തെ കുറിച്ചു പറഞ്ഞതിന്റെ രോഷം പ്രകടമായിരുന്നു. “മി. തോമസ്, കുറച്ചു പേരെ കുറച്ചു കാലത്തേയ്ക്ക് പറ്റിക്കാം, എല്ലാവരേയും എല്ലാക്കാലത്തേയ്ക്കും പറ്റിക്കാന്‍ സാധിക്കില്ല എന്ന് കേട്ടിട്ടില്ലേ? എത്ര സത്യമാണത്?”

വീണ്ടും വെള്ളം കുടിച്ച് റോയ് തുടര്‍ന്നു, “ആ ബില്‍ഡിങില്‍ നിങ്ങള്‍ വാടകയ്ക്ക് താമസിച്ചത് കൊണ്ട് ഒരു നിരപരാധിയായ കുടുംബം കഷ്ടപ്പെടുന്നു. നിങ്ങളുടെ അപാര്‍ട്ട്‌മെന്റിന് രണ്ട് വാതില്‍ അപ്പുറത്തുള്ളവര്‍.”

തോമസിന് കാര്യം പിടികിട്ടിയില്ലെന്നു വ്യക്തം, “സര്‍, നിങ്ങള്‍ എന്താണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. എനിക്ക് ആ ബില്‍ഡിങിലെ ആരേയും അറിയില്ല.” അയാള്‍ പറഞ്ഞു.

അമേരിക്കന്‍ ഏജന്റുകള്‍ക്ക് കൈമാറുന്നതിന് മുമ്പ് തോമസിന്റെ മനസ്സ് ശാന്തമാക്കാന്‍ റോയ് ആഗ്രഹിച്ചിരുന്നു. അയാള്‍ വിശദീകരിച്ചു, “തോമസ്, സി ഐ ഏ നിങ്ങളുടെ ഇടം ഒരു മാസം മുമ്പ് കണ്ടെത്തിയിരുന്നു. ഫ്‌ലാറ്റില്‍ നിന്നും നിങ്ങളെ തട്ടിക്കൊണ്ട് പോകാന്‍ അവര്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പക്ഷേ അവര്‍ നിങ്ങള്‍ക്ക് പകരം അബദ്ധത്തില്‍ മാത്യൂസിനെ കൊണ്ടുപോയി. അതേ ബില്‍ഡിങില്‍ ആണ് മാത്യൂസും ഭാര്യയും താമസിച്ചിരുന്നത്. അവര്‍ അവധിക്കാലം ചിലവിടാന്‍ അമേരിക്കയില്‍ നിന്നും വന്നതാണ്. നിങ്ങള്‍ക്കും മാത്യൂസിനും ചില പൊരുത്തങ്ങള്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍, മാത്യൂസ് സന്ധ്യനേരത്ത് നടക്കാനിറങ്ങിയപ്പോള്‍ അവര്‍ അയാളെ കസ്റ്റഡിയിലെടുത്തു.”

“അത് എന്റെ തെറ്റാണോ?” തോമസ് ചോദിച്ചു.

അല്പം ഫിലോസഫി, ഒടുവില്‍ സത്യം ജയിക്കും എന്ന ആശയം, ഇതൊക്കെ ചേര്‍ത്തി തോമസിന് ഒരു പ്രഭാഷണം കൊടുക്കാനുള്ള അവസരമായിരുന്നു റോയിയ്ക്ക് അത്. ആ വിഷയത്തില്‍ ഊന്നിക്കൊണ്ട് റോയ് പറഞ്ഞു, “മി. തോമസ്, മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. ദുര്യോധനന്‍ തന്റെ സഹോദരനായ യുധിഷ്ഠിരനെ ചൂത് കളിക്കാന്‍ വിളിക്കുന്നു. ആ കളിയില്‍, ദുര്യോധനന്റെ അമ്മാവനായ ശകുനി കള്ളച്ചൂത് കളിച്ച് ദുര്യോധനനെ ജയിപ്പിക്കുന്നു. യുധിഷ്ഠിരന് എല്ലാം നഷ്ടമായി. തന്റെ കുടുംബം അടക്കം. പക്ഷേ, അതോടെ ആ കഥ അവസാനിച്ചോ? ധര്‍മ്മയുദ്ധത്തില്‍ ദുര്യോധനന് എല്ലാം നഷ്ടപ്പെട്ടു. മി. തോമസ് താങ്കള്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?” മറുപടിയ്ക്ക് വേണ്ടി കാക്കാതെ റോയ് തുടര്‍ന്നു, “മാത്യൂസ് അപ്പോള്‍ നടക്കാനിറങ്ങിയില്ലായിരുന്നെങ്കില്‍, അയാള്‍ കിഡ്‌നാപ്പ് ചെയ്യപ്പെടില്ലായിരുന്നു. നിങ്ങള്‍ പുറത്തിറങ്ങാനായി കിഡ്‌നാപ്പര്‍മാര്‍ കാത്തിരുന്നേനെ. നമ്മള്‍ തെറ്റുകളില്‍ നിന്നും പഠിച്ചില്ലെങ്കില്‍, തോറ്റു പോകും. മി. തോമസ്, ഏങ്ങിനെയായാലും, ഇന്ത്യയിലെ നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കാന്‍ പോകുകയായിരുന്നു. ഇപ്പോള്‍ ഇതിലൊന്നുമില്ലാത്ത ഒരാള്‍ കിഡ്‌നാപ്പര്‍മാരുടെ കസ്റ്റഡിയിലാണ്. നിങ്ങള്‍ രക്ഷപ്പെടുകയും ചെയ്തു. മാത്യൂസും കുടുംബവും നിരപരാധികളായ ഇരകള്‍. ഇത് കാരണം അവര്‍ വളരേയേറെ വിഷമങ്ങളും ദു:ഖങ്ങളും അനുഭവിക്കുകയാണ്. ഞാന്‍ അവരുടെ കഷ്ടപ്പാടിന് നിങ്ങളെ കുറ്റം പറയുകല്ല. നീതിയും സത്യവും പലപ്പോഴും വിചിത്രമായ രീതിയിലാണ് എത്തുക.”

ഒരു പോലീസ് ഓഫീസറില്‍ നിന്നും ഇത്ര തത്വചിന്തയും അറിവും നിറഞ്ഞ സംഭാഷണം ആന്‍ഡ്രൂ പ്രതീക്ഷിച്ചിരുന്നില്ല.

അപ്പോഴേയ്ക്കും അവര്‍ ഹോളി ഫാമിലി ഹോസ്പിറ്റല്‍ കണ്ടു. അശോക് പണിതീരാത്ത കെട്ടിടം തിരഞ്ഞ് കണ്ടുപിടിച്ചു.

“സര്‍, ആ ബില്‍ഡിങ് ഞാന്‍ കണ്ടു,“ അശോക് പറഞ്ഞു.

“ബില്‍ഡിങിന്റെ പിന്നിലേയ്ക്ക് ഓടിക്കൂ.” റോയ് നിര്‍ദ്ദേശിച്ചു.

അവര്‍ പിന്നിലെത്തിയപ്പോള്‍, അവിടെയൊരു കറുത്ത വാന്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടു. അശോക് SUV ആ വാനിന്റെ മുന്നില്‍ നിര്‍ത്തി. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍, റോയിയുടെ ഫോണ്‍ മുഴങ്ങി. പതിവ് പോലെ അയാള്‍ അധികം സംസാരിച്ചില്ല. ഓക്കേ എന്ന് പറഞ്ഞ് അയാള്‍ സംഭാഷണം അവസാനിപ്പിച്ചു.

“വേറൊരു കാറിനായി നമ്മള്‍ കാത്തിരിക്കണം. അത് നമ്മുടെ മുന്നില്‍ നിര്‍ത്തും. ആ കാറില്‍ നമ്മുടെ ചരക്കുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,“ റോയ് പറഞ്ഞു.

എന്നിട്ട് റോയ് തോമസിനെ നോക്കി പറഞ്ഞു, “വിഷമിക്കണ്ട തോമസ്. നിങ്ങള്‍ അമേരിക്കക്കാരുടെ കൈയ്യിലെത്തും. അവര്‍ മറ്റ് രാജ്യങ്ങളെപ്പോലെ അല്ലെന്ന് എനിക്കറിയാം. അവര്‍ നിങ്ങളെ നന്നായി നോക്കിക്കോളും. ആരും നിങ്ങളെ അടിക്കില്ല.”

അത് കേട്ടപ്പോള്‍ ആന്‍ഡ്രൂവിന് എന്തോ പറയണമെന്ന് തോന്നിയെങ്കിലും നിശ്ശബ്ദത പാലിച്ചു. മറ്റേ കാര്‍ വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് റോയ് വിശദീകരിച്ചു, “മാത്യൂസ് അതില്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ തോമസിനെ അവരുടെയടുത്തേയ്ക്ക് കൊണ്ടുപോയി പകുതി വഴിയ്ക്ക് നില്‍ക്കും. അവര്‍ തോമസ് എബ്രഹാമിനെ പരിശോധിക്കുമെന്ന് ഉറപ്പാണ്.” റോയ് പറഞ്ഞ് നിര്‍ത്തിയതിന് ശേഷം, തോമസിന് നേരെ തിരിഞ്ഞു, “തോമസ് നിങ്ങളുടെ പാസ്സ്‌പോര്‍ട്ട് തരൂ.”

തോമസ് മടിച്ചു. റോയ് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍, തോമസ് ജാക്കറ്റിന്റെ അകത്തെ പോക്കറ്റില്‍ നിന്നും പാസ്‌പോര്‍ട്ട് എടുത്ത് കൊടുത്തു. റോയ് പാസ്‌പോര്‍ട്ട് പരിശോധിച്ച് കൈയ്യില്‍ വച്ചു.

“ഇത് തോമസ് തന്നെയാണെന്ന് അവര്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ഞാന്‍ മാത്യൂസിനെ കൈമാറാന്‍ ആവശ്യപ്പെടും. എല്ലാം നല്ലത് പോലെ നടക്കുമെന്ന് പ്രതീക്ഷിക്കാം.”

അപ്പോഴേയ്ക്കും, ഒരു ഹോണ്ടയോ ടൊയോട്ടയോ പോലെ ഇടത്തരം വലുപ്പമുള്ള കാര്‍ അവരുടെ ടഡഢയ്ക്ക് ഇരുപതടി അകലെ വന്ന് നിന്നു.

“ഡ്രോയറില്‍ ഒരു തോക്ക് കൂടി ഉണ്ടാകും. അത് പുറത്തെടുത്ത് വയ്ക്കൂ, ചിലപ്പോള്‍…” റോയ് ശങ്കറിന് നേരേ തിരിഞ്ഞ് പറഞ്ഞു.

ആന്‍ഡ്രൂ വികാരവിവശനായി മുന്നില്‍ നിര്‍ത്തിയിരിക്കുന്ന കാറില്‍ തന്റെ ഡാഡിനെ കാണാനാവുമോയെന്ന് നോക്കി.

“മി. തോമസ് ഞങ്ങളുടെ ജോലി കഴിഞ്ഞെന്ന് തോന്നുന്നു. പോകാം.” റോയ് പറഞ്ഞു.

തോമസ് മടിയോടെ എഴുന്നേറ്റ് ഡോറിന് നേരെ നീങ്ങി. ഡോര്‍ തുറക്കുന്നതിന് മുമ്പ് റോയ് തന്റെ റിവോള്‍വര്‍ എടുത്ത് വലത് കൈയ്യില്‍ പിടിച്ചു. തോമസിനോട് ആദ്യം വാനില്‍ നിന്നും ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു. തോമസ് പുറത്തിറങ്ങിയതും, റോയ് റിവോള്‍വര്‍ പിടിച്ച് അയാളെ പിന്തുടര്‍ന്നു. ഏതാണ്ട് പത്തടി നടന്നപ്പോള്‍ അവര്‍ നിന്നു. അപ്പോള്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഒരാള്‍ ആ കാറില്‍ നിന്നും ഇറങ്ങി റോയുടേയും തോമസിന്റേയും നേര്‍ക്ക് നടന്നടുക്കുന്നത് കണ്ടു. ആന്‍ഡ്രൂവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല, പക്ഷേ റോയ് തോമസിന്റെ പാസ്സ്‌പോര്‍ട്ട് എടുത്ത് ചിത്രമുള്ള പേജ് ആ മനുഷ്യനെ കാണിക്കുന്നത് കണ്ടു.

അപ്പോള്‍, ആ മനുഷ്യന്‍ കൈ കൊണ്ട് ഒരു ആംഗ്യം കാണിച്ചു. ആന്‍ഡ്രൂവിന്റെ ഹൃദയം മണിക്കൂറില്‍ ഇരുന്നൂറ് തവണ മിടിക്കുകയായിരുന്നു. അയാള്‍ ഡാഡിന് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചു.

കാറിന്റെ പിന്നിലെ ഡോര്‍ തുറന്ന് ഒരാള്‍ ആദ്യം പുറത്തിറങ്ങി. അയാള്‍ക്ക് പിന്നില്‍ മറ്റൊരാള്‍, അത് ആന്‍ഡ്രൂവിന്റെ ഡാഡ് ആയിരുന്നു. “ഡാഡ്’ എന്ന് ഉച്ചത്തില്‍ വിളിച്ച് ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷേ കണ്ണുകള്‍ തുടച്ച് സംയമനം പാലിച്ചു. റോയിയുടെ അസാന്നിധ്യത്തില്‍ തന്റെ ഐഡെന്റിറ്റി ശങ്കറിന് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഉദ്ദേശമില്ലായിരുന്നു.

റോയ് പാസ്സ്‌പോര്‍ട്ട് തോമസിന് തിരിച്ച് കൊടുത്തു. രണ്ട് പേര്‍ തോമസിനെ ടഡഢ യ്ക്ക് പിന്നില്‍ നിര്‍ത്തിയിരുന്ന വാനിലേയ്ക്ക് കൊണ്ടുപോയി. റോയ് ഡാഡിന് കൈ കൊടുത്ത് താനാരാണെന്ന് അറിയിച്ചു. തന്റെ അച്ഛന്‍ സന്തോഷം കൊണ്ട് കരയുന്നതും റോയിയുടെ കൈയ്യില്‍ ഒരു കുഞ്ഞിനെപ്പോലെ പിടിക്കുന്നതും ആന്‍ഡ്രൂ കണ്ടു.

ടഡഢ ലേയ്ക്ക് നടക്കുമ്പോള്‍ മാത്യൂസിനോട് റോയ് എന്തോ പറഞ്ഞു, ആന്‍ഡ്രൂ അത് കേട്ടില്ല. പിന്നീട് റോയ് എന്തായിരിക്കും പറഞ്ഞതെന്ന് അയാള്‍ ഊഹിച്ചെടുത്തു. മാത്യൂസ് ടഡഢ യുടെ ഉള്ളിലെത്തിയപ്പോള്‍, അദ്ദേഹം ആന്‍ഡ്രൂവിനെ ആദ്യമായി കാണുന്നത് പോലെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നതും വാക്കുകള്‍ കിട്ടാതെ ചുണ്ടുകള്‍ വിറയ്ക്കുന്നതും കണ്ടു.

ഒരു അച്ഛനും മകനും വേദനാജനകമായ യാതനയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ പരസ്പരം പുണരാന്‍ സാധിക്കാത്തത് എത്ര ക്രൂരമായിരിക്കുമെന്ന് റോയ് മനസ്സിലാക്കി.

റോയ് അകത്ത് കയറിയിട്ട് ആദ്യം പറഞ്ഞത് “രണ്ടു പേരേയും കാണാന്‍ ഒരുപോലെയുണ്ട്, അല്ലേ ആന്‍ഡ്രൂ ?” എന്നായിരുന്നു.

ആന്‍ഡ്രൂ വിന്റെ കണ്ണുകള്‍ നിറയുന്നത് റോയ് കണ്ടു. ഇനിയും അധിക നേരം ആന്‍ഡ്രൂവിനേയും മാത്യൂസിനേയും അപരിചിതരെപ്പോലെ ഇരുത്താന്‍ റോയ്ക്ക് താല്പര്യമില്ലായിരുന്നു. ഇടറുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു, “കമോണ്‍ ഡാഡ്, മകനെ ഒന്ന് കെട്ടിപ്പിടിക്കൂ.” പെട്ടെന്ന് റോയ് അത് പറഞ്ഞപ്പോള്‍ ആന്‍ഡ്രൂ അത്ഭുതപ്പെട്ടു. അവര്‍ ഇരുവരും ഒരേ സമയം എഴുന്നേറ്റ് കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോള്‍ റോയ് ശങ്കറിനോട് എന്തോ ഹിന്ദിയില്‍ പറഞ്ഞ് അവര്‍ ചിരിച്ചു. ശങ്കര്‍ ആന്‍ഡ്രൂ വിനെ നോക്കി പറഞ്ഞു, “നിങ്ങള്‍ അച്ഛനെ അന്വേഷിച്ച് അമേരിക്കയില്‍ നിന്നും വന്നല്ലേ, അത് കലക്കി.”

ഡാഡ് ആന്‍ഡ്രൂവിനോട് മമ്മിയെക്കുറിച്ച് അന്വേഷിച്ചു. അത് കേട്ടപ്പോള്‍ റോയ് മൊബൈല്‍ ഫോണ്‍ എടുത്ത് പറഞ്ഞു, “നിങ്ങളുടെ ഭാര്യയെ ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റില്ല,“ എന്നിട്ട് ഡയല്‍ ചെയ്തു. കാള്‍ കണക്റ്റ് ആയപ്പോള്‍ ആദ്യം റോയ് പറഞ്ഞത് “മമ്മീ, നിങ്ങളുമായി ഒരാള്‍ക്ക് സംസാരിക്കണം” എന്നായിരുന്നു.

റോയ് ഫോണ്‍ മാത്യൂസിന് കൈമാറി. ഏതാനും ഞൊടിനേരം ഡാഡിന്റെ വായില്‍ നിന്നും ശബ്ദം വന്നില്ല, എന്നിട്ട് അദ്ദേഹം പറഞ്ഞു, “ഇത് ഞാനാണ്.”

എനിക്ക് അപ്പോള്‍ തോന്നിയ വികാരം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഞാന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു, “നിങ്ങള്‍ക്ക് സുഖമല്ലേ?”

“എനിക്കൊന്നുമില്ല, ആന്‍ഡ്രൂ എന്റെയൊപ്പമുണ്ട്.” മാത്യൂ പറഞ്ഞു.

എന്നിട്ട് ഞാന്‍ നീലയെ വിളിച്ചു. “നീലാ, നീലാ, ഇവിടെ വരൂ.”

ആന്‍ഡ്രൂ ഫോണ്‍ വാങ്ങി സംസാരിച്ചു, “മമ്മീ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. നന്ദി പറയേണ്ടത് റോയിയോടാണ്. ഇന്നോ നാളെ രാവിലെയോ ഞങ്ങള്‍ ആലുവയ്ക്ക് തിരിക്കാന്‍ ശ്രമിക്കാം.”

ആന്‍ഡ്രൂവില്‍ നിന്നും ഫോണ്‍ തിരിച്ച് കിട്ടിയപ്പോള്‍ റോയ് പറഞ്ഞു, “നിങ്ങള്‍ക്ക് ഇന്ന് തന്നെ ഡല്‍ഹി വിടണമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാം, എന്നിട്ട് മി. റാമിനെ അയാളുടെ കാറിനടുത്തേയ്ക്കും.”

ആന്‍ഡ്രൂവും മാത്യൂസും ഒരേ സമയം പറഞ്ഞു, “ഞങ്ങള്‍ ഇന്ന് തന്നെ പോകും.” റോയ് വാച്ചില്‍ നോക്കിയിട്ട് പറഞ്ഞു, “ഇപ്പോള്‍ 3 മണിയായി, 6 മണിയ്ക്ക് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഫ്‌ലൈറ്റ് ഉണ്ട്. ഞാന്‍ ഒരുപാട് തവണ അതില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ഭാഗ്യമുണ്ടെങ്കില്‍, ഫ്‌ലൈറ്റ് ഫുള്‍ അല്ലെങ്കില്‍, അതില്‍ പോകാം. മറ്റ് കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ മോശമാണ്. അങ്ങിനെ വല്ലതുമാണെങ്കില്‍ നിങ്ങള്‍ക്ക് രാവിലെ പോകാം.”

“എന്തായാലും നമുക്ക് നോക്കാം.”

അശോകിനോട് ആദ്യം എയര്‍പോര്‍ട്ടിലേയ്ക്ക് പോകാന്‍ റോയ് നിര്‍ദ്ദേശിച്ചു. അയാള്‍ റാമിനെ നോക്കിയിട്ട് പറഞ്ഞു, “നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ അല്ലേ റാം.” റാം മറുപടി പറഞ്ഞില്ല. റോയ് പറഞ്ഞു, “പോകാം.”

ആന്‍ഡ്രൂവിന് എന്തോ പറയാനുണ്ടായിരുന്നു, “റോയ്, ഡാഡിന്റെ കൈയ്യില്‍ തിരിച്ചറിയല്‍ രേഖ ഒന്നുമില്ല, എങ്ങിനെ യാത്ര ചെയ്യാന്‍ പറ്റും?”

“അതെനിക്കറിയാം. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ഫ്‌ലൈറ്റില്‍ കയറാന്‍ വഴി കാണാം,“ റോയ് പറഞ്ഞു.

“റോയ്, താങ്കളും ഞങ്ങളുടെയൊപ്പം കേരളത്തിലേയ്ക്ക് വരുന്നുണ്ടോ?”

“ഇല്ല, എന്റെ ജോലി കഴിഞ്ഞു. ഇനി അടുത്തത് വരുന്നത് വരെ ഞാന്‍ ന്യൂ ഡല്‍ഹി ഓഫീസില്‍ ആയിരിക്കും.” റോയ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

റോയ് ഒരു കുപ്പി വെള്ളം മാത്യൂസിന് കൊടുത്ത് വിശക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റിയും എന്തെങ്കിലും ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നോയെന്നും എല്ലാം ചോദിച്ചറിഞ്ഞു.

മാത്യൂസ് പറഞ്ഞു, “ഇല്ല സര്‍, എനിക്ക് വിശക്കുന്നില്ല, അവര്‍ എന്നെ ഉപദ്രവിച്ചൊന്നുമില്ല.”

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക