Image

രാഷ്ട്രീയം വെളിപ്പെടുത്തിയ ഓസ്‌കര്‍ വേദി; ആറു പുരസ്‌കാരവുമായി ലാ ലാ ലാന്‍ഡ് തിളങ്ങി

Published on 27 February, 2017
രാഷ്ട്രീയം വെളിപ്പെടുത്തിയ ഓസ്‌കര്‍ വേദി; ആറു പുരസ്‌കാരവുമായി ലാ ലാ ലാന്‍ഡ് തിളങ്ങി
ലോസ് ആഞ്ചലസ്: കൃത്യമായ രാഷ്ട്രീയം വെളിപ്പെടുത്തിയതിലൂടെ 89-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങ് വ്യത്യസ്ഥമായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ പരിഹാസവുമായി അവതാരകന്‍ ജിമ്മി കിമ്മല്‍ തുടങ്ങിവച്ച പുരസ്‌കാര ചടങ്ങില്‍ തിളങ്ങിയത് ലാ ലാ ലാന്‍ഡ് എന്ന ചിത്രം. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി പ്രതിഷേധ കത്ത് നല്കി ചടങ്ങില്‍നിന്ന് വിട്ടുനിന്നു. 

അമേരിക്കയുടെ കുടിയേറ്റ നയത്തിനും ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനും എതിരായാണ് ഫര്‍ഹാദി ചടങ്ങ് ബഹിഷ്‌കരിച്ചത്. ഫര്‍ഹാദിക്കു പകരം അനൗഷെഹ് അന്‍സാരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പതിവു തെറ്റിച്ച് കറുത്ത വര്‍ഗക്കാര്‍ക്കു പ്രധാന്യം നല്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്‌കര്‍ എന്നും വിശേഷിപ്പിക്കാം. മികച്ച സഹനടനുള്ള പുരസ്‌കാരം മൂണ്‍ ലൈറ്റിലെ അഭിനയത്തിലൂടെ മഹര്‍ഷല അലിക്ക് നല്കി ആരംഭിച്ച ചടങ്ങ് അവസാനിച്ചതും മൂണ്‍ ലൈറ്റിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചായിരുന്നു. അഭിനയത്തിന് ഒരു മുസ്ലിം നടനു ലഭിക്കുന്ന ആദ്യ ഓസ്‌കര്‍ എന്ന ചരിത്ര നേട്ടവും അലി സ്വന്തമാക്കി. 

അതിനിടെ ലാ ലാ ലാന്‍ഡിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് ചെറിയ ആശയക്കുഴപ്പത്തിനും കാരണമായി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ മൂണ്‍ ലൈറ്റിനു പിന്നിലായെങ്കിലും ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്.

 14 നോമിനേഷനുകളായിരുന്നു ലാ ലാ ലാന്‍ഡിനുണ്ടായിരുന്നത്. എട്ട് നോമിനേഷനുമായി എത്തിയ മൂണ്‍ ലൈറ്റ് മൂന്ന് പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രം, സഹനടന്‍, അവലംബക തിരക്കഥ എന്നീ ഓസ്‌കറുകളാണ് മൂണ്‍ ലൈറ്റിനു ലഭിച്ചത്. മികച്ച നടന്‍ കെയ്സി അഫ്ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല 89-ാം ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെയ്സി അഫ്ലെക്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്സി അഫ്ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. 

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32-കാരനായ ചാസെല്ല കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക