Image

വികാരഗോപനപ്രവണതയുള്ള സമൂഹം

Published on 26 February, 2017
വികാരഗോപനപ്രവണതയുള്ള സമൂഹം
കേരളത്തില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പിറകില്‍ മലയാളികള്‍ കൊണ്ടു നടക്കുന്ന ചില സദാചാര ബോധങ്ങളാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Repressive socitey (മലയാളത്തില്‍ പറയാത്തത് കൊണ്ട് പിണങ്ങേണ്ട: 'വികാരഗോപനപ്രവണതയുള്ള സമൂഹം'!).... ആണ് നമ്മള്‍ മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് തന്നെയാണ് ലൈംഗിക ആക്രമണങ്ങളുടെയും മുഖ്യ കാരണം. 

ഉള്ളില്‍ പ്രണയ കോകിലം പാടുമ്പോഴും 'പ്രിയ സഹോദരീ' എന്ന് ഓട്ടോഗ്രാഫ് ബുക്കില്‍ എഴുതിപ്പിക്കുന്ന സദാചാരബോധം, കുട്ടികള്‍ ഉണ്ടാകുന്നത് ദൈവം സമ്മാനിച്ചത് കൊണ്ട് മാത്രമാണ് എന്ന രീതിയില്‍ കുട്ടികളോട് സംസാരിക്കുന്ന മാതാപിതാക്കള്‍, ഒരാണ് പെണ്ണിനെ തൊട്ടാല്‍ ഉടന്‍ അടുപ്പില്‍ ഇരുന്നു തിളച്ചു പൊങ്ങുന്ന പാലിലേക്ക് കട്ട് ചെയ്യുന്ന 'സിംബോളിക്' അഭ്ര ആഖ്യാനങ്ങള്‍, അങ്ങനെ ചെയ്യാതെ... ധൈര്യപൂര്‍വം സംവദിക്കുന്ന സിനിമകളില്‍, ഒരു രതി ദൃശ്യം വരുമ്പോള്‍ റിമോട്ട് കണ്ട്രോള്‍ ഞെക്കി മുറി മുഴുവന്‍ വികൃതമായ അസ്വസ്ഥതയുടെ ഇരുട്ട് നിറയ്ക്കുന്ന കുടുംബനാഥര്‍, 'എടാ പട്ടീ..' എന്ന് കേട്ടാല്‍ ഉടനെ അത് ഒന്നുകില്‍ ബീപ്പ് ചെയ്യണം അല്ലെങ്കില്‍ 'പട്ടി' മാറ്റി 'പാട്ടി' എന്നാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്ന സെന്‍സര്‍ ബോര്‍ഡ് കരങ്ങള്‍, ഇന്ത്യയുടെ തനത് സാമൂഹിക ചരിത്രത്തില്‍ ഒരിടത്തും സദാചാരത്തിനു സ്ഥാനമില്ലെന്നു മനസ്സിലാക്കാതെ നിലകൊള്ളുന്ന 'മണ്ണിന്റെ മക്കള്‍', ഇടതു തത്ത്വങ്ങളുടെ മൂലമന്ത്രങ്ങളില്‍ ഒന്ന് വൈകാരിക സ്വാതന്ത്ര്യം ആണെന്ന് അറിയാതെ 'ഇന്‍ക്വിലാബ്' എന്ന് ഉറക്കെ വിളിച്ചു നടക്കുന്ന കൈകള്‍....ഇതും, ഇതുപോലൊക്കെ ഉള്ള പലതും, അതായത്... മലയാളം മീഡിയത്തില്‍ പറഞ്ഞാല്‍ 'വികാരഗോപനപ്രവണത'യാണ്, നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നം. 

ഇത് കാണാതെ, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു, 'ബാലിശമായ പ്രേമത്തില്‍ പെടാതിരിക്കാന്‍ പെണ്‍കുട്ടികളെ സജ്ജരാക്കാന്‍' നടക്കുന്നു സാക്ഷരര്‍! 

ഡാമുകള്‍ക്ക് പ്രഷര്‍ നിയന്ത്രണത്തിനായി sluice ഗേറ്റുകള്‍ ഉണ്ട്. മലയാളി മനസ്സിനുള്ളത് വെള്ളം കെട്ടിക്കിടന്ന്, ഒടുവില്‍ കൂര ചോര്‍ന്ന്, ചുവരും പിളര്‍ന്ന്, ക്രമേണ, വീട് തന്നെ ഇല്ലാതാക്കുന്ന ഈര്‍പ്പവും ഒലിച്ചിറങ്ങലും മാത്രം. തുറിച്ച കണ്ണുകള്‍ വേറെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക