Image

ബ്രിസ്‌ക സര്‍ഗോത്സവത്തിനു കൊടിയിറങ്ങി

Published on 26 February, 2017
ബ്രിസ്‌ക സര്‍ഗോത്സവത്തിനു കൊടിയിറങ്ങി

      ബ്രിസ്‌റ്റോള്‍: ഒരുമയുടെ ആഘോഷമായി ബ്രിസ്‌ക സര്‍ഗോത്സവം മാറി. സര്‍ഗ്ഗോത്സവവും കലാസന്ധ്യയും ഇക്കുറിയും മത്സര മികവു കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വേദിയില്‍ കഴിവുകള്‍ കൊണ്ട് മത്സരിച്ചപ്പോള്‍ തങ്ങളുടെ ഓരോ അംഗങ്ങളും കലാസാംസ്‌കാരിക രംഗങ്ങളില്‍ എത്രമാത്രം അനുഗ്രഹീതരാണെന്ന് തെളിയിക്കുകയായിരുന്നു ഓരോരുത്തരും.

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ കലാമേളയായ ’സര്‍ഗോത്സവം 2017 ’ആവേശകരമായി. രാവിലെ പതിനൊന്നോടുകൂടി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്ടറി പോള്‍സണ്‍ ജോസഫ്, ബ്രിസ്‌കയുടെ മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സാനിധ്യത്തില്‍ ബ്രിസ്‌ക മുന്‍ പ്രസിഡന്റ് തോമസ് ജോസഫാണ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അത്ഭുതകരമായ തിരക്കാണ് ഈ വര്‍ഷത്തെ സര്‍ഗോത്സവ വേദിയില്‍ കണ്ടത് എന്നത് ആളുകള്‍ക്കിടയില്‍ ബ്രിസ്‌കയുടെ കലാമേളക്കുള്ള സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.

വിവിധ അസോസിയേഷനുകളില്‍ നിന്നുമുള്ള ധാരാളം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. കളറിങ്ങ്, പെയ്ന്റിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്‌ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരുന്നത്. കുട്ടികള്‍ പരസ്പര വാശിയോടെ തങ്ങളുടെ മികവുകള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ അഭിമാനവും ഒപ്പം കണ്ണിനും കാതിനും സന്തോഷം പകരുന്ന അനുഭവവുമായി മാറുന്ന കാഴ്ചയാണ് സര്‍ഗോത്സവവേദിയില്‍ ഉടനീളം കണ്ടത്.



വൈകുന്നേരം ആറിനു സര്‍ഗോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ആരംഭിച്ചു. ലണ്ടനിലെ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോസി മാത്യു ആയിരുന്നു മുഖ്യാതിഥി. അദ്ദേഹവും ബ്രിസ്‌കയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് ജോസഫ്, ജോജിമോന്‍ കുര്യാക്കോസ്, ജോമോന്‍, ഷെല്‍ബി തുടങ്ങിയവര്‍ ചേര്‍ന്ന് സര്‍ഗോത്സവം 2017 വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. മത്സരങ്ങളില്‍ കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ റോസ്മി ജിജി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിവിയന്‍ ജോണ്‍സന്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

സമ്മാനദാനത്തിന് അകമ്പടിയായി ബ്രിസ്‌ക ആര്‍ട്‌സ് കോര്‍ഡിനേറ്ററും കലാകാരനുമായ സന്ദീപിന്റെ നേതൃത്വത്തില്‍ ബ്രിസ്‌റ്റോളിലെ കലാകാരന്മാരായ സണ്ണി സാര്‍ , റോജി ചങ്ങനാശേരി, സന്തോഷ്, സജി മാത്യു, ഡിറ്റിമോള്‍ എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കിയ ’കലാസന്ധ്യക്ക്’ തുടക്കമായി. റോജി ചങ്ങനാശേരി അണിയിച്ചൊരുക്കിയ കുട്ടികളുടെ കോമഡി സ്‌കിറ്റും മിമിക്രിയും സദസില്‍ ചിരിയുടെ പൂരം തീര്‍ത്തു.വൈകുന്നേരത്തെ പൊതുസമ്മേളനത്തിനു ബ്രിസ്‌കയുടെ ആര്‍ട്‌സ് സെക്രട്ടറി സെബാസ്‌ററ്യന്‍ ലോനപ്പന്‍ സ്വാഗതം ആശംസിക്കുകയും ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സന്ദീപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

റിപ്പോര്‍ട്ട്: ജെഗി ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക