Image

നിഷ്ഠുര അതിക്രമങ്ങളാണ് പ്രതികള്‍ നടത്തിയതെന്ന് പോലീസ്

Published on 25 February, 2017
നിഷ്ഠുര അതിക്രമങ്ങളാണ് പ്രതികള്‍ നടത്തിയതെന്ന് പോലീസ്


യുവനടിയെ കാറില്‍ ആക്രമിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയും വിജീഷും ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ്. സ്ത്രീക്ക് നേരെ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നിഷ്ഠുര അതിക്രമങ്ങളാണ് പ്രതികള്‍ നടത്തിയത്. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തി. മൊബൈല്‍ പ്രധാന തെളിവാണ്. ഫോണ്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചില്‍ പരാജയമായിരുന്നു. വ്യക്തത വരുത്തേണ്ടതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു മജിസ്‌ട്രേറ്റിനോട് പൊലീസ് അറിയിച്ചത്. മൊബൈല്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതി നല്‍കിയ വിവരങ്ങളും സഞ്ചരിച്ച വാഹനത്തില്‍നിന്ന് ലഭിച്ച തെളിവുകളും ഞെട്ടിക്കുന്നതാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും. മണിക്കൂറുകളോളം അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ച് നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു.നടിയെ കാറില്‍ ആക്രമിക്കുന്നതിനിടെ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ ഒരുകാരണവശാലും പുറത്തുപോകാന്‍ പാടില്ലെന്നതിനാല്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
സംഭവത്തിനു പിന്നില്‍ മറ്റാര്‍ക്കും പങ്കില്‌ളെന്ന ഉറച്ച നിലപാടിലാണ് പ്രതികള്‍. ഇത് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതികളെ പിടികൂടിയ ശേഷം തുടര്‍ച്ചയായി നടത്തിയ ചോദ്യംചെയ്യലിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് ഒരൊറ്റ മറുപടിയാണ് ലഭിച്ചത്. അഭിഭാഷകരുടെ ഇടപെടല്‍, വക്കീലിന് നല്‍കിയ പണത്തിന്റെ ഉറവിടം, മുമ്പ് നടത്തിയ ബ്‌ളാക് മെയിലിങ് എന്നിവ സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

വാഹനത്തില്‍ നടന്ന അതിക്രമത്തിന്റെ വിഡിയോ പകര്‍ത്താനും മറ്റും സുനിക്കൊപ്പം മറ്റ് പ്രതികളും ഉണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നേരത്തേ സുനി തനിച്ചായിരുന്നു ഇതെല്ലാം ചെയ്തതെന്നായിരുന്നു ആദ്യം പിടിക്കപ്പെട്ട പ്രതികള്‍ നല്‍കിയ മൊഴി. എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക