Image

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്‍മാറി

Published on 25 February, 2017
നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്‍മാറി
കണ്ണൂര്‍: വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. എണ്ണം പറഞ്ഞ ഒട്ടേറ ഗാനങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട് ഈ ഗായിക. വ്യത്യസ്തമായ ശബ്ദവും ശൈലിയുമായിരുന്നു കാഴ്ച ശക്തിയില്ലാത്ത വിജയലക്ഷ്മിയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കിയത്. വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയായിരുന്നു മലയാളി പ്രേക്ഷകര്‍ കേട്ടത്. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച ആ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വിജയലക്ഷ്മി അറിയിച്ചു. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പത്രസമ്മേളനത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിജയലക്ഷ്മി പറഞ്ഞു.

വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു. തങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയ ലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. 

ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ശേഷം ബഹ്റിനില്‍ ജോലി നോക്കുകയായിരുന്നു സന്തോഷ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയുടെ ജെ.ബി ജംങ്ഷന്‍ എന്ന പരിപാടിയില്‍ എന്നെ കണ്ടപ്പോള്‍ അന്ന് വിളിച്ച് വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ച് ആളാണ് സന്തോഷ് എന്ന് നേരത്തെ വൈക്കം വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മാട്രിമണി സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയത്. തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. സന്തോഷിന് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. സഹോദരി മാത്രമാണ് ഉള്ളത്. ആയുര്‍വേദ ചികിത്സ മൂലം അടുത്തിടെ വിജലക്ഷ്മിക്ക് കാഴ്ച്ചശക്തി നേരിയ തോതില്‍ തിരിച്ചു കിട്ടിയിരുന്നു. വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ വാര്‍ത്തയും എത്തിയത്. ഇതിനിടെയാണ് ഇപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നത്. 

സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. 'കാറ്റേ കാറ്റേ...' എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം 'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ...' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ വിജയലക്ഷ്മി സംഗീതത്തില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തില്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ട്യൂണുകള്‍ കേട്ട് പാട്ടുകളിലെ രാഗങ്ങള്‍ കണ്ടെത്താനും സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ 'ഗായത്രി വീണ' എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്‍മാറി
Join WhatsApp News
vayanakaaran 2017-02-25 05:01:34
കാഴ്ച്ച തിരിച്ച് കിട്ടാൻ പോകുന്നതിന്റെ സന്തോഷമായിരിക്കാം ഈ പിൻ വാങ്ങൽ.  കുറച്ച്കൂടി നല്ല സന്തോഷങ്ങൾഅപ്പോൾ സ്വയം തിരഞ്ഞ്ഞെടുക്കാമല്ലോ? ഗായികയുടെ
തീരുമാനം  നല്ലത് തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക