Image

പള്‍സര്‍ പിടിക്കപ്പെടുമ്പോള്‍ പള്‍സ്സേറുന്നത് ആര്‍ക്ക്? (അനില്‍ പെണ്ണുക്കര)

Published on 24 February, 2017
പള്‍സര്‍ പിടിക്കപ്പെടുമ്പോള്‍ പള്‍സ്സേറുന്നത് ആര്‍ക്ക്? (അനില്‍ പെണ്ണുക്കര)
ഒടുവില്‍ ആ ഹീറോ സീറോയായി വലയില്‍ വീണു. കഥാനായകന്റെ ഇമേജ് ഏറ്റുവാന്‍, വക്കീല്‍ക്കുപ്പായം നല്കി നീതിയുടെ വക്കാലത്തുകാര്‍ കിണഞ്ഞുപരിശ്രമിച്ചിട്ടും ജനം കൂലികൊടുത്തു പോറ്റുന്ന പോലീസ് ആ ക്രിമിനല്‍നിധിയെ റാഞ്ചികൊണ്ടുപോയി! കോടതിവരാന്തയില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിഷണ്ണനായി ക്രിമിനല്‍ബാന്ധവന്‍ അണ്ടികളഞ്ഞ അണ്ണാനെപോലെ നിന്ന് പുലമ്പുന്നതുകണ്ടു.

''ഞങ്ങള്‍ എതിര്‍ക്കാന്‍ പോയില്ല. പോലീസിനോളം തരംതാഴാന്‍ ഞങ്ങള്‍ക്കു കഴിയില്ല'' എന്ന് ആ നീതിയുടെ മാലാഖ പറഞ്ഞപ്പോള്‍ എഴുന്നേറ്റുനിന്ന രോമം ദേ ഇപ്പോഴും താണിട്ടില്ല. ഇനി അതിനുവല്ല മരുന്നോ മന്ത്രവാദമോ വേണ്ടിവരുമെന്ന് തോന്നുന്നു പള്‍സര്‍ഗുണ്ടയെ അറസ്റ്റു ചെയ്തത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. മനുഷ്യവകാശപ്രവര്‍ത്തകര്‍ എന്നുപറഞ്ഞ് ഒരു കൂട്ടരും നിയമത്തിന്റെ തലനാരിഴ കീറി, തെമ്മാടിയും ആഭാസനുമായ പാവം ഗുണ്ടയ്ക്കു നിഷേധിക്കപ്പെട്ട നീതിയെകുറിച്ച് വിലപിക്കുന്ന വക്കീലന്‍മാരും ചാനലുകളില്‍ വന്ന് ഛര്‍ദ്ദിച്ച് മലിമാക്കുന്നത് കണ്ടു. ഇതുപോലെ ഗോവിന്ദചാമിക്കും ഇക്കൂട്ടര്‍ മനുഷ്യാവകാശം വാങ്ങിക്കൊടുത്ത്. സൗമ്യ അവള്‍ക്കെന്തിനു നീതി? അവള്‍ക്കെന്ത് അവകാശം? സ്വന്തം ശരീരത്തിലോ പ്രാണനില്‍പോലുമോ അവള്‍ക്കു ഒരു അവകാശമില്ലായിരുന്നല്ലോ. പക്ഷേ ഒറ്റക്കൈ തെണ്ടിക്കുവേണ്ടി പാപത്തിന്റെ കഥപറഞ്ഞു കാശാക്കുന്ന വിശ്വാസക്കച്ചവടക്കാരും വക്കീലൂം ചേര്‍ന്ന് ആളിനെ ഊരികൊണ്ടുപോയി.

പാവം പെണ്ണ് ട്രെയിനില്‍ പണം കൊടുത്തു യാത്രചെയ്തതും പണിയെടുത്തു മാന്യമായി ജീവിക്കാന്‍ ശ്രമിച്ചതും നീതി, കാര്യകാരണങ്ങള്‍ നിരത്തിയും സന്ദേഹിച്ചും ക്രിമിനല്‍ കുറ്റമായി കണ്ടു. പക്ഷേ അത് ഉറച്ചുപറഞ്ഞില്ലെന്നേ ഉള്ളൂ. തന്നെ കൊന്നത് ചാമിയാണെന്നു സൗമ്യയ്ക്കു കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ആയില്ല. തെറ്റുകാരി. സൗമ്യക്കു പറ്റിയ പിഴവ്. മരിച്ചാലും വന്നു സത്യം കോടതിയില്‍ പറഞ്ഞുകൂടായിരുന്നോ? കോണ്‍ക്രീറ്റായ തെളിവില്ലാതെ എങ്ങനെ ശിക്ഷിക്കും? അതുമാത്രമോ സൗമ്യ ആരോടു ചോദിച്ചിട്ടാണ് പെണ്ണായിപിറന്നത്? പിറന്നുപോയി. തെറ്റ്. ക്ഷമിക്കാം. പക്ഷേ ആരോടു ചോദിച്ചിട്ടാണ് യുവതിയായത്? സൗന്ദര്യം നേടിയത്? അതല്ലേ ചാമിയെ തെറ്റുകാരനാക്കിയത്. പണ്ടേ ഹൗവ്വയാണ് തെറ്റുകാരി. കണ്ട പഴം തിന്നു പ്രലോഭിച്ച് പാവം ആദാമിനെ തെറ്റുകാരനാക്കി. സ്വര്‍ഗ്ഗം നഷ്ടമാക്കി. അതുപോലൊരു ചാമിയ്ക്കുകൂടി ദുരനുഭവമുണ്ടാകാന്‍ പാടില്ല.
സ്വര്‍ഗ്ഗം നഷ്ടമാക്കാന്‍ പാടില്ല. ചാമി പോട്ടെ കേട്ടോ? വിഷമിപ്പിച്ചതിനു മാപ്പ്. നമ്മുടെ റെയില്‍വേ എന്നും ഇവിടെ കാണും. അമ്മമാര്‍ സൗമ്യമാരെ പ്രസവിച്ചുകൊണ്ടിരിക്കും. താങ്കള്‍
ചിരംജീവിയായി ഇവിടെ ഉണ്ടാവണം. കണ്ണുമുറുകെ കെട്ടി നീതിയെ പ്രതിമയാക്കി ഞങ്ങള്‍ ഇവിടെ ഉണ്ടാകും. തങ്കളുടെ അവകാശങ്ങള്‍ക്കായി വീറോടെ വാദിക്കുകയും ചെയ്യും.

ദാ ചാമി സുഖമായി രാജ്യത്തിന്റെ ചെലവില്‍ സുഖിച്ചു ജീവിക്കുന്നു. കണ്ടോ ആ മുഖത്തെ രക്തപ്രസാദം... വെറുതെ കഡ്ജ്ജു നാറീ. ആനയെ മേയ്ക്കുന്ന പാപ്പാനുള്ളതാണ് അതില്‍നിന്നും കിട്ടുന്ന വരുമാനം. കഡ്ജ്ജു ഇപ്പോള്‍ പാപ്പാനല്ലല്ലോ! ഭാവനയും ചെയ്തതും ഇതേ തെറ്റുതന്നെ. പാവം പള്‍സറിനെ അവര്‍ പണിയെടുത്തു പണവും പേരുമെടുത്ത് പ്രലോഭിപ്പിച്ചു.
നടിയായി പണിയെടുത്തു ജീവിക്കാന്‍ അവര്‍ക്ക് ആരാണ് അവകാശം നല്കിയത്? സുനിയെ ഒരു തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കുകയില്ലേ? എന്തേ ഈ നാട് വെള്ളരിക്കപ്പട്ടണമാണോ? അയാള്‍ ചെയ്യുന്ന പണിക്ക് ഇത്തിരി റിസ്‌ക്കൊക്കെ ഉണ്ട്. അവിടെ മുന്‍കൂര്‍ ജാമ്യവും കീഴടങ്ങലും വേഷംകെട്ടലുമൊക്കെ വേണ്ടിവരും. പ്ലീസ് അതൊന്നും തടയരുത്. അതയാളുടെ അവകശമാണ്.

എന്നാലും എന്തൊരു നീതികേടാ കാണിച്ചത് കോടതിയില്‍ മനസ്സമാധാനത്തോടെ ഒന്നു കീഴടങ്ങാമെന്നു വച്ചാല്‍ സമ്മതിക്കേല. കോടതിയില്‍ ഓടിക്കേറി പ്രതിക്കൂട്ടിക്കയറി നിയമത്തിന്റെ ദയയ്ക്കുവേണ്ടി കാത്തുനിന്ന രണ്ടു സാമൂഹികപപ്രവര്‍ത്തകരോടാണ് ഈ ചെയ്ത്ത്! ഇങ്ങനെയായിരുന്നു ബ്രിട്ടീഷുകാര്‍ ഗാന്ധിജിയോടു കാണിച്ചിരുന്നെങ്കില്‍ നീയൊക്കെ എന്തുചെയ്യുമായിരുന്നു? തന്റെ നിരപരാധിയും സല്‍സ്വഭാവിയുമായ ഗുണ്ടക്കുഞ്ഞുകളെ മാറോടു ചേര്‍ത്തുപിടിച്ച് നീതിയുടെ വരാന്തവരെ കൊണ്ടുവരാന്‍ വന്ന പാട് കുറച്ചൊന്നുമല്ല. അതോര്‍ക്കുമ്പോള്‍ ദെണ്ണം ഉണ്ട്. നാടാകെ കുറ്റവാളിയായി പ്രഖ്യാപിച്ച് പോലീസ് തിരക്കി നടക്കുന്ന ഒരു ക്രിമനലിനെ വക്കീല്‍ക്കോട്ട് ഇടുവിച്ച് വക്കീലാക്കി കോടതിയിലേക്കുകൊണ്ടുവരാന്‍ പ്രയത്‌നിച്ച ആ ധീരനും സമര്‍ത്ഥനുമായ നീതിയുടെ മാലാഖയുടെ പ്രൊഫഷണല്‍ സിന്‍സിരിയറ്റിയെ അഭിനന്ദിക്കണം. അപ്പോള്‍ ഒരു സംശയം ഈകോട്ട് ഏതു സുനിക്കും ചേരും അല്ലേ? നാളെ രാജ്യത്തിന്റെ നീതിന്യായക്ഷേത്രമായ കോടിതകള്‍ക്കും പാര്‍ലമെന്റിനും നാടിനും നാട്ടാര്‍ക്കും ബോംബുവയ്ക്കുന്ന രാജ്യദ്രോഹികളായ തീവ്രവാദികള്‍ക്കും ഈ കോട്ട് അണിയാന്‍ കൊടുക്കും. അവര്‍ക്കും ചേരും.

കോടതിയില്‍ ഓടിക്കേറി ഒന്നു വിശ്രമിക്കാന്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന പ്രതി പിടിക്കാന്‍ പോലീസിനു എന്ത് അവകാശം? ജഡ്ജിയോടു ചോദിച്ചിട്ട് പ്രതികളോടു മഹാത്മരേ ഞങ്ങള്‍ക്കൊപ്പം നടകൊള്ളാന്‍ വിമുഖതയുണ്ടാവരുതേ എന്ന് പോലീസ് പ്രാര്‍ത്ഥിക്കാതിരുന്നത് കഷ്ടമായി. ഇതേ കൂട്ടിലേക്കു നാളെ ഒരു ഭീകരന്‍ തോക്കുമായി ഓടിക്കയറിയാല്‍, പ്രതിക്കൂട്ടില്‍ കയറിനിന്നാല്‍ പോലീസ് എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്? ഇന്നലെ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ ഒരു മുതിര്‍ന്ന
മാധ്യമപ്രവര്‍ത്തകനും വക്കീലും സുനിയോടു കാണിച്ച നീതിയില്ലായ്മയെപ്പറ്റി വിലപിക്കുന്നതു കണ്ടു. ഇവന്റെയൊക്കെ പെണ്ണുമ്പിള്ളയ്ക്കും മകള്‍ക്കും സഹോദദരിക്കും അമ്മയ്ക്കും വരണം. അപ്പോഴറിയാം മനുഷ്യാവകാശവും നീതിബോധവും. എന്തിനു ഒരു നോട്ടുവിഷയം വന്നപ്പോള്‍ കണ്ടതാണ് ഇവന്റെയൊക്കെ നീതിബോധവും പൗരാവകാശവും മറ്റും. എന്തായാലും പോലീസിന്റെ സമയോചിതമായ പ്രതികരണവും പ്രവര്‍ത്തിയും ജനസമൂഹത്തെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പകരം ഈ പാവം ഗുണ്ടകളെ നിയമത്തിന്റെ മുന്നില്‍ വക്കീല്‍ക്കോട്ടില്‍ പൊതിഞ്ഞു സമര്‍പ്പിക്കാന്‍ വിരുതന്‍മാര്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ തോറ്റുപോകുന്നത് പോലീസ്സല്ലായിരുന്നു, ഒരു രാജ്യത്തെ ജനതയായിരുന്നു.

ഒരു പെണ്ണിന്റെകൂടെ കണ്ണീര്‍ നമ്മുടെ ഭരണഘടനയുടെ മീതെ പതിഞ്ഞേനേം. മറ്റൊന്നു പറയാതിരിക്കാന്‍ തരമില്ല. സുനിയുടെ തോല്‌വി മറ്റാരുടൊയൊക്കെ തോല്‌വിയാണെന്നു തോന്നിപ്പോകുന്നു. പള്‍സറിനെ വര്‍ക്ക്‌ഷോപ്പിലേക്ക് എടുക്കുമ്പോള്‍ മറ്റാരുടെയൊക്കെയോ പള്‍സ്‌റേറ്റ് കൂടുന്നു എന്നും തോന്നുന്നു.
പള്‍സര്‍ പിടിക്കപ്പെടുമ്പോള്‍ പള്‍സ്സേറുന്നത് ആര്‍ക്ക്? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക