Image

നാട്ടില്‍ ജീവനെടുക്കുന്ന കുടിലതയുടെ സദാചാര ഗുണ്ടാവിളയാട്ടം (എ.എസ് ശ്രീകുമാര്‍)

Published on 23 February, 2017
നാട്ടില്‍ ജീവനെടുക്കുന്ന കുടിലതയുടെ സദാചാര ഗുണ്ടാവിളയാട്ടം (എ.എസ് ശ്രീകുമാര്‍)
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിദാരുണമായ ഒരു വാര്‍ത്ത കേട്ടാണ് കേരളമിന്നുണര്‍ന്നത്. സദാചാര പോലീസിന്റെ ഗുണ്ടായിസം അഴിഞ്ഞാടിയപ്പോള്‍ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞ ആ റിപ്പോര്‍ട്ടിലേയ്ക്ക്...

പാലക്കാട്: കേരളത്തിലെ സദാചാര ഗുണ്ടായിസത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് അട്ടപ്പാടി കാരറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനീഷ് (22). കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി, സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വീണ്ടും അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചത്. 23-ാം തീയതി വൈകിട്ട് ആറരയോടെയാണ്, ജോലി കഴിഞ്ഞെത്തിയ അമ്മ അനീഷിന്റെ മൃതദേഹം കണ്ടത്. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷും പെണ്‍ സുഹൃത്തും. സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വീഡിയോകള്‍ വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിന് ജോലി നഷ്ടമായി. ജോലി സ്ഥലത്തേക്ക് ഇരകളെ കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങി. മനപ്പൂര്‍വമല്ലെങ്കിലും താന്‍ മൂലം ഒരു പെണ്‍കുട്ടിക്ക് നാണക്കേടായല്ലോ എന്ന മനോവിഷവമവും അനീഷിനെ വേട്ടയാടി. വീട്ടില്‍ എത്തിയപ്പോഴും എങ്ങും പരിഹാസ ചിരികളായിരുന്നു യുവാവിന് നേര്‍ക്ക് നീണ്ടത്. വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അനീഷെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ കടുത്ത മനോവിഷമം ഏല്‍ക്കേണ്ടി വന്നതോടയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 

ഫെബ്രുവരി 14നാണ് അഴീക്കല്‍ ബീച്ചില്‍ അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാരഗുണ്ടകളുടെ മര്‍ദ്ദനവും അപമാനവുമേറ്റത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളിയിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പമാണ് ബീച്ചില്‍ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക്കൊപ്പം ബീച്ചു കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവര്‍ സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവര്‍ തങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറഞ്ഞു. 

അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ഫേസ്ബുക്കിലൂടെയുള്ള അപമാനിക്കലെന്ന് പൊലീസ് പറയുന്നു.  പ്രതികളുടെ സുഹൃത്തുക്കള്‍ വീണ്ടും ഫേസ്ബുക്കിലൂടെ അനീഷിനെ അപമാനിച്ചു. ഇതാണ് അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.  ഇത് ചൂണ്ടിക്കാട്ടി അനീഷ് പോലീസിനെ സമീപിച്ചിരുന്നു. അതേ സമയം അനീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് കാരണമായത് സനീഷ്, രമേഷ് എന്നിവരാണെന്ന് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ പാലക്കാട് അഗളി പൊലീസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
***
തീര്‍ച്ചയായും പരിഷ്‌കൃത ചിന്താഗതികള്‍ ഏറെ വച്ചുപുലര്‍ത്തുന്നവരുടെ നാടാണ് കേരളം. ആരോഗ്യകരമായ സാമൂഹിക ചുറ്റുപാടുകള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ നാം വിജയിച്ചിട്ടുമുണ്ട്. അതേ സമയം വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തയുടെയും പേരില്‍ അഭിമാനം കൊള്ളുന്ന മലയാള നാടിനെ മറ്റുള്ളവര്‍ക്കു മുമ്പില്‍ നാണം കെടുത്താന്‍ പര്യാപ്തമാണ് സദാചാര ഗുണ്ടായിസം. സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നിച്ച് സഞ്ചരിക്കാനോ പൊതു സ്ഥലങ്ങളില്‍ ഇരുന്ന് സംസാരിക്കാനോ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെയാണ് സദാചാര പോലീസുകാരുടെ ഗുണ്ടാവിളയാട്ടം. പൊതു സ്ഥലങ്ങളില്‍ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും എതിര്‍ക്കുന്ന സദാചാര ഗുണ്ടകളുടെ മനസ്സില്‍ ഹീനമായ ചിന്താഗതിയാണ് വളര്‍ന്നു വരുന്നത്. ആണ്‍-പെണ്‍ സൗഹൃദത്തെ അനാശാസ്യത്തിന്റെ മേച്ചില്‍ പുറങ്ങളിലെത്തിക്കുന്ന ഇത്തരക്കാര്‍ നാടിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കു മേലാണ് ലൈഗിക വൈകൃതത്തിന്റെ പേരില്‍ വിഷവ്യാപനം നടത്തുന്നത്. 

ആണും പെണ്ണും ഒന്നിച്ചു നടക്കുന്നത് തെറ്റാണെന്ന് അനുമാനിച്ച് അതിന് സ്വന്തമായി ശിക്ഷ വിധിക്കുന്നവരാണ് കേരളത്തിലെ സദാചാര ഗുണ്ടകള്‍. ഇവരുടെ മനോവൈകൃതം സഭ്യതയുടെ സീമകള്‍ ലംഘിച്ചു എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയം കോഴിക്കോട്ട് അരങ്ങേറിയത്. 2016ലെ ശിവരാത്രി ദിവസമായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കലാമണ്ഡലത്തിലെ നൃത്ത അദ്ധ്യാപികയും 18 വയസ്സുള്ള മകനും. ബൈക്കിലെത്തിയ ആറംഗ സംഘം ഇവരെ കൈയേറ്റം ചെയ്തു. പിന്നെ അസഭ്യവര്‍ഷമായി. അമ്മയും മകനുമാണെന്ന് കരഞ്ഞു പറഞ്ഞിട്ടും മകനെ ഗുണ്ടകള്‍ അടിച്ചു വീഴ്ത്തി. ഇതിനിടെ ഒരു കാര്‍ വരുന്നതു കണ്ട് അക്രമികള്‍ സ്ഥലം വിട്ടു. സംഘാംഗങ്ങളിലൊരുവന്റെ ബൈക്ക് നമ്പര്‍ അമ്മ ഓര്‍മിച്ചു വച്ചിരുന്നു. തുടര്‍ന്നുള്ള പരാതിയില്‍ ഇവരെ കുടുക്കുകയായിരുന്നു. 

സദാചാര ഗുണ്ടായിസം ഒരിക്കലും ഒറ്റപ്പെട്ട സംഭവം അല്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഭരണഘടന ഉറപ്പാക്കുന്ന 19, 21 അനുഛേദം അനുസരിച്ചുള്ള മൗലിക അവകാശങ്ങളുടെ കടന്നുകയറ്റമാണിവിടെ സംഭവിച്ചിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ടയാണ് മൗലിക അവകാശങ്ങള്‍. പരിഷ്‌കൃത ചുറ്റുപാടില്‍ ആണും പെണ്ണും സമൂഹ മധ്യത്തില്‍ ഒന്നിച്ചിടപഴകുന്നത് മഹാപാപമായാണ്, അപരാധമായാണ് ഈ ഹീന വര്‍ഗം കരുതുന്നത്. ഇത്തരമൊരു ചിന്താഗതി ഒരു പക്ഷേ മലയാള നാട്ടില്‍ മാത്രമേ വിലപ്പോകൂ എന്ന് മനസ്സിലാക്കാം. നാം സദാചാരപാഠം പഠിക്കുന്നത് ചെറുപ്രായത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെയാണ്. ഇത് സ്വഭാവ രൂപവത്ക്കരണത്തിന്റെ ഭാഗവുമാണ്. സദാചാരം തല്ലിപ്പഠിപ്പിക്കാന്‍ ബാഹ്യശക്തികള്‍ ഇടപെടുന്നത് ഒരിക്കലും അനുവദിച്ചുകൂടാ. ഇത്തരക്കാര്‍ക്ക് നിയമപരമായ യാതൊരു അധികാരങ്ങളോ അവകാശങ്ങളോ ഇല്ല.

സദാചാര ഗുണ്ടായിസത്തിന്റെ പിന്നില്‍ മത-വര്‍ഗീയ ശക്തികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പോലീസ് പറയുന്നത്. ആണ്‍ പെണ്‍ സൗഹൃദങ്ങളില്‍ യാഥാസ്ഥിതിക പിന്തിരിപ്പന്‍ സമീപനം അടിച്ചേല്‍പ്പിക്കാനാണ് ഈ സദാചാര ഗുണ്ടകള്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഒത്താശയിലാണ് പലരും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് എന്നു പറയുമ്പോള്‍ അത് ആ സംഘടനയ്ക്ക് ഉറപ്പായും അപമാനകരമാണ്. ഉന്നത ചിന്തയും ഉയര്‍ന്ന മൂല്യവും ശീലമാക്കിയ മലയാളി സമൂഹം ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കൈയും മെയ്യും മറന്ന് സമൂഹ മധ്യത്തില്‍ ഇറങ്ങേണ്ടതുണ്ട്. പുരോഗമന ആശയങ്ങളും ജീവിത രീതിയും അനുവര്‍ത്തിക്കുന്ന മലയാള നാട്ടില്‍ സ്ത്രീ-പുരുഷ സൗഹൃദങ്ങളില്‍ ആരോഗ്യകരവും സദാചാരത്തിലധിഷ്ഠിതവും ജനാധിപത്യപരവുമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇതില്‍ മാംസാധിഷ്ഠിതമായ  കാമകാലുഷ്യങ്ങള്‍ നിറയ്ക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ഹിഡന്‍ അജണ്ടയിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്. 

നാട്ടില്‍ ജീവനെടുക്കുന്ന കുടിലതയുടെ സദാചാര ഗുണ്ടാവിളയാട്ടം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക