Image

റിയാദ് നവോദയ ഭവന പദ്ധതി ആദ്യ വീടിന് തറക്കല്ലിട്ടു

Published on 23 February, 2017
റിയാദ് നവോദയ ഭവന പദ്ധതി ആദ്യ വീടിന് തറക്കല്ലിട്ടു


      റിയാദ്: രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് നവോദയ നിര്‍ധന പ്രവാസികള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്നു. തലചായ്ക്കാനൊരു വീട് എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കണ്ണൂര്‍ ജില്ലയിലെ എടചൊവ്വ സ്വദേശിയും ഷിഫ സനയ്യയില്‍ വര്‍ക്ഷോപ്പ് ജീവനക്കാരനുമായിരുന്ന വിപിന്‍ ചന്ദ്രന്റെ ഭവന നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മം നടത്തിക്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നിര്‍വഹിച്ചു. നവോദയ സ്ഥാപക നേതാവ് ഉദയഭാനു, മുന്‍ പ്രസിഡന്റ് രതീശന്‍, നവോദയ പ്രവര്‍ത്തകരായ ബഷീര്‍, രാജീവന്‍ തുടങ്ങിയവരും സിപിഎം പ്രാദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 

പ്രവാസി പൊതുസമൂഹത്തിന്റെ സഹകരണത്തോടെയാകും ഭവന നിര്‍മാണത്തിനുള്ള ഫണ്ട് സ്വരൂപിക്കുക. വര്‍ഷങ്ങളോളം റിയാദ് ഷിഫാ സനയ്യയിലെ ഒരു വര്‍ക്ഷോപ്പില്‍ ലേബര്‍ ജോലി നോക്കിയിരുന്ന വിപിന്റെ തുഛമായ വരുമാനം കുടുംബത്തിന്റെ ചെലവുകള്‍ക്കോ ഗള്‍ഫിലേക്ക് വന്ന കടം തീര്‍ക്കാന്‍ പോലുമോ തികയുമായിരുന്നില്ല. ഇതിനിടയില്‍ വര്‍ക്ഷോപ്പ് അടച്ചതോടെ ജോലിയും നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 

വൃദ്ധയായ അമ്മയും സഹോദരിയും അനുജനും അടങ്ങുന്ന കുടുംബം കഴിയുന്നത് ഓലമേഞ്ഞ് പഴകിപൊളിഞ്ഞ ഒരു വീട്ടിലാണ്. ആ വീട് പൊളിച്ച് കുടുംബത്തെ ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റിയാണ് അതേ സ്ഥലത്ത് മറ്റൊരു വീട് നിര്‍മിച്ചു നല്‍കാന്‍ നവോദയ തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ കുമ്മിള്‍ സുധീര്‍ 0508898691, സുരേഷ് സോമന്‍ 0571189535 എന്നീ നന്പരുകളില്‍ ബന്ധപ്പെടണമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക