Image

നടിക്കെതിരായ ആക്രമണം എത്തുന്നത് സിനിമയിലെ ക്വട്ടേഷന്‍ റാക്കറ്റിലേയ്ക്ക്‌

Published on 21 February, 2017
നടിക്കെതിരായ ആക്രമണം എത്തുന്നത് സിനിമയിലെ ക്വട്ടേഷന്‍ റാക്കറ്റിലേയ്ക്ക്‌
എറണാകുളത്ത് യുവ നടിക്കെതിരായ ആസൂത്രിതമായ ആക്രമണം വിരല്‍ ചൂണ്ടുന്നത് മലയാള സിനിമയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയിലേക്കും ക്വട്ടേഷന്‍ സംഘങ്ങളിലേയ്ക്കും. ഈ ഗുണ്ടാ സ്വാധീനത്തിനെതിരെ മന്ത്രി എ.കെ ബാലന്‍, കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.സി ജോര്‍ജ് എം.എല്‍.എ തുടങ്ങിയവര്‍ രംഗത്ത് വന്നിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന ആക്ഷേപം നടി മഞ്ജു വാര്യര്‍ ആവര്‍ത്തിച്ചിരിക്കുന്നു. സിനിമ മേഖലയില്‍ ചില തരത്തിലുള്ള മോശം പ്രവണതകളുണ്ടെന്നും കുറ്റം ചെയ്തത് ദൈവമാണെങ്കിലും പ്രതിയെ പിടികൂടുമെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കുമ്പോള്‍, സിനിമയില്‍ ഗുണ്ടായിസവും അധോലോകവും കഥകളില്‍ മാത്രമായിരുന്നെങ്കില്‍ ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മലയാള സിനിമ അധോലോകത്തിന്റെ പിടിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്നും അയാളെ തനിക്കറിയാമെന്നുമാണ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ പ്രമുഖ നടന് ബന്ധമുണ്ടെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ശരിവയ്ക്കുന്നു. ''ഈ നിമിഷം മനസ്സില്‍ എന്റെ പ്രിയ കൂട്ടുകാരി മാത്രമല്ല ഉള്ളത്. ആ ദിവസത്തിന്റെ പിറ്റേന്ന് കണ്ടപ്പോള്‍ അവളുടെ മുഖം കണ്ണാടി പോലെയാണ് എനിക്ക് തോന്നിയത്. ഉടഞ്ഞു പോകാത്ത ഒരു കണ്ണാടി. അതില്‍ ഞാന്‍ എന്നെയും ഒരുപാട് അമ്മമാരേയും പെണ്‍മക്കളേയും സഹോദരിമാരേയും കണ്ടു. അവരുടെ മുഖം ഓര്‍ത്തുകൊണ്ട് ഒന്നു കണ്ണടച്ചാല്‍ നിങ്ങള്‍ക്കും അത് കാണാനാകും. സമൂഹത്തിലെ ക്രിമിനലുകള്‍ സിനിമയിലേക്കും നുഴഞ്ഞുകയറി എന്നതിന്റെ ഞെട്ടല്‍ കൂടിയുണ്ട് ഇപ്പോള്‍...'' വാര്‍ത്താ മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ മഞ്ജു വാര്യര്‍ വൈകാരികമായി ചൂണ്ടിക്കാട്ടുന്നു. 

ഫെബ്രുവരി 17ന് രാത്രിയാണ് ദേശീയ പാതയില്‍ അങ്കമാലിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ ഗുണ്ടയ്ക്ക് മലയാള സിനിമാ മേഖലയില്‍ ഡ്രൈവറായി ഒരു തരത്തിലുള്ള തടസ്സവുമില്ലാതെ വിലസാന്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. പ്രമുഖ നടനും പള്‍സര്‍ സുനിയും കഴിഞ്ഞ ആഴ്ച ബംഗളൂരു യാത്ര നടത്തിയത്രേ. ഈ യാത്ര കന്നട നിര്‍മ്മാതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. ഇരുവരും നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവില്‍ ഒരു ദിവസം തങ്ങിയ ഇരുവരും നിര്‍മ്മാതാവുമായി കൂടിക്കാഴ്ച നടത്തി. ചിത്രീകരണം പുരോഗമിക്കുന്ന ഈ നടന്റെ ചിത്രത്തിന് വേണ്ടി ഇതേ നിര്‍മ്മാതാവാണ് സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്നത്. നിരവധി ചന്ദന തൈലനിര്‍മ്മാണ ഫാക്ടറികളുള്ള നിര്‍മ്മാതാവുമായി സൂപ്പര്‍താരത്തിന് ഉറ്റബന്ധമാണെന്ന് പറയപ്പെടുന്നു. ആക്രമണത്തിന് ഇരയായ നടി, കന്നട നിര്‍മ്മാതാവില്‍ നിന്ന്, ചിത്രത്തിന് ഡേറ്റ് തരാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഡേറ്റ് തരാതെ കബളിപ്പിച്ചു. നടിയില്‍ നിന്ന് പണം വാങ്ങിത്തരാം എന്ന് പള്‍സര്‍ സുനി നിര്‍മ്മാതാവിന് ഉറപ്പുനല്‍കിയെന്നാണ് വിവരം.

അതേസമയം, ആക്രമണത്തിന് വിധേയയായ നടിയും, പ്രമുഖ നടനും ഇയാളുടെ ആദ്യ ഭാര്യയും തുല്ല്യ പങ്കാളിത്തത്തോടെ അഞ്ചിടങ്ങളില്‍ വസ്തു വാങ്ങിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കോട്ടായിയടക്കമുള്ള സ്ഥലങ്ങളിലായിരുന്നു മൂവരും ചേര്‍ന്ന് വാങ്ങിയ വസ്തു. ഈ സ്ഥലം തനിക്ക് വില്‍ക്കണമെന്ന് സൂപ്പര്‍താരം രണ്ട് മാസം മുമ്പ്, ആക്രമിക്കപ്പെട്ട നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാമത്തെ പാട്ണര്‍ക്ക് വെറുതെ സ്ഥലം എഴുതി നല്‍കിയാലും നിങ്ങള്‍ക്ക് നല്‍കില്ലെന്ന നടിയുടെ വാക്കുകള്‍ താരത്തെ പ്രകോപിതനാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂവരും നല്ല സുഹൃത്തുക്കളായിരുന്ന കാലത്ത് നിരവധി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തിരുന്നതായാണ് സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. താരത്തിന്റെ ആദ്യഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ പോയി നിന്ന് ഒരാഴ്ചയോളം പരിചരിച്ചതാണ് ആക്രമിക്കപ്പെട്ട നായികയുമായുള്ള സൂപ്പര്‍ താരത്തിന്റെ സൗഹൃദ ബന്ധം വഷളാക്കിയതെന്നാണ് കേള്‍ക്കുന്നത്.

ഇതിനിടെ, പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പ് തന്റെ കാമുകിയോട് ഫോണില്‍ സംസാരിച്ചു. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കൂട്ടുകാരി തന്റെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ പങ്കുവയ്ക്കുകയും ചെയ്തു. സുനി കൃത്യം നിര്‍വഹിച്ചശേഷം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് കാമുകി തന്റെ സ്ത്രീ സുഹൃത്തിനെ ഫോണില്‍വിളിച്ച് കാര്യങ്ങള്‍ അറിയിച്ചത്. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ചാനലുകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഞാന്‍ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്തിനാ എതിനാണെന്നൊന്നും ഇപ്പോള്‍ ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പള്‍സര്‍ സുനി തന്നെ അറിയിച്ചതായി കാമുകി തന്റെ സുഹൃത്തിനെ അറിയിച്ചു. ഇതില്‍ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് സുഹൃത്ത് ഉപദേശം നല്കിയത്. വിഷയത്തില്‍ ഇടപെടുന്നത് ഗുണകരമല്ലെന്നാണ് സുഹൃത്ത് പള്‍സര്‍ സുനിയുടെ കാമുകിക്കു നല്കുന്ന ഉപദേശം. ഇത് നാറ്റക്കേസാണ്. ഇടപെട്ടാല്‍ പുലിവാലാകും. സുനി ചെയ്തത് വേഗത്തില്‍ ഊരാന്‍ കഴിയാത്ത കാര്യമാണ്. സുനിയെ ഫോണില്‍ വിളിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്നും സുഹൃത്ത് ഉപദേശിക്കുന്നു. ''ഇനി എങ്ങനെയാണ് ഒന്നു വിളിക്കാന്‍ പറ്റുക...'' എന്നു സുനിയുടെ സുഹൃത്ത് ചോദിക്കുമ്പോള്‍ അതു വേണ്ട. ഇനി ഒരിക്കലും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു.

പള്‍സര്‍ സുനിയുടെ കാമുകിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്തതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 40 വയസുകാരിയായ യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്‍സറിന്റെ കമുകിമാരില്‍ പ്രധാനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ചുറ്റിപ്പറ്റിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പള്‍സര്‍ സുനിക്ക് നിരവധി കാമുകിമാര്‍ ഉണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 40 മുതല്‍ 18 വയസുവരെ പ്രായമുള്ള നിരവധി സ്ത്രീകളാണ് പള്‍സറിന്റെ വലയില്‍ വീണതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കാമുകിക്ക് നേരത്തെ അറിയാമായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതോടെ പള്‍സറിന്റെ ബന്ധങ്ങളും ഇടപാടുകളും സംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊലീസ് വലയിലായതോടെ പള്‍സറിന്റെ മറ്റ് കാമുകിമാരും പരിഭ്രാന്തിയിലാണ്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുനിയുടെ അടുത്ത പങ്കാളിയായ മണികണ്ഠനെ പൊലീസ് 20-ാം തീയതി വൈകിട്ട് പാലക്കാട്ട് നിന്നും പിടികൂടിയിരുന്നു. 

പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിഞ്ഞതോടെ മാറ്റുകയായിരുന്നുവെന്ന് കൊല്ലം എംഎല്‍എ. കൂടിയായ മുകേഷ് പറയുന്നു. പള്‍സര്‍ സുനി ഇതിന് മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പലരും സമ്മതിക്കുന്നു. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവര്‍ പരാതിനല്‍കാന്‍ മടിക്കുകയായിരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാമായിരുന്നു എന്ന് തന്നെയാണ് മുകേഷിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും കാലങ്ങളായി പ്രമുഖ താരങ്ങളുടെ ഡ്രൈവറായി ജോലിചെയ്ത് സിനിമയുമായി അടുത്തബന്ധമുള്ളയാളായി. ഇതിനുമുമ്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി ആദ്യം പിടിയാലായ ഡ്രൈവര്‍ മാര്‍ട്ടിന്‍ പോലീലിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളില്‍നിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷംമുന്‍പ് തന്റെ ഭാര്യ മേനകയെയും തട്ടിക്കൊണ്ടുപോകാന്‍ സുനി ശ്രമിച്ചിരുന്നെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു. മറ്റൊരു യുവനടി കൂടെയുണ്ടായിരുന്നുവെന്ന ധാരണയിലാണ് അയാള്‍ പിന്തുടര്‍ന്നത്. എന്നാല്‍, ആ നടി ഒപ്പമുണ്ടാകാതിരുന്നത് സുനിയുടെ പദ്ധതി പൊളിച്ചു. അന്നുതന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പക്ഷേ, നടപടിയുണ്ടായില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കുറച്ചുനാളായി സുനി ലാല്‍ ക്രിയേഷന്‍സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിലാണ് ജോലിചെയ്യുന്നത്. ഈ യൂണിറ്റില്‍നിന്ന് വിട്ട വാഹനത്തിലാണ് നടി സഞ്ചരിച്ചത്. മുകേഷും ദിലീപുമെല്ലാം ഉപേക്ഷിച്ച ഡ്രൈവര്‍ എങ്ങനെ ലാലിന്റെ സ്ഥാപനത്തില്‍ എത്തിയെന്നതിന് ഇനിയും ഉത്തരമില്ല. മാര്‍ട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനില്‍ അംഗത്വവുമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. സുനിക്ക് ഒരു നടന്റെ ഫാന്‍സ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണവും ശക്തമാണ്. ഒരുവര്‍ഷത്തിലധികം സുനി തന്റെ ഡ്രൈവറായി ജോലിചെയ്തിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ജോണി സാഗരികയും പറയുന്നു. സിനി ഡ്രൈവേഴ്സ് അസോസിയേഷനില്‍ അംഗമല്ലാത്തവരെ അടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സുനിക്ക് ഈ വ്യവസ്ഥയും പ്രശ്‌നമായില്ല. കേരള സിനി ഡ്രൈവേഴ്സ് അസോസിയേഷനില്‍ സുനി അംഗമല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍ പറയുന്നു. അറസ്റ്റിലായ ഡ്രൈവര്‍ മാര്‍ട്ടിനും അസോസിയേഷനുമായി ബന്ധമില്ല. ഏതായാലും വരും ദിവസങ്ങളില്‍ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും വെളിപ്പെടുമെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നടിക്കെതിരായ ആക്രമണം എത്തുന്നത് സിനിമയിലെ ക്വട്ടേഷന്‍ റാക്കറ്റിലേയ്ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക