Image

ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം

ഷോളി കുമ്പിളുവേലി Published on 19 February, 2017
ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം
ന്യൂയോര്‍ക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദര്‍ശനം ഒരിക്കല്‍ക്കൂടി ഫോമയുടെ യശസും പ്രവര്‍ത്തനമികവും കേരള മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഫോമയുടെ രൂപീകരണം മുതല്‍ നാളിതുവരെ സംഘടനയെ നയിച്ച മുന്‍കാല നേതാക്കന്മാര്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ഫോമയുടെ ഗരിമയും, പെരിമയും മലയാള നാട്ടില്‍ അരക്കിട്ടുറപ്പിക്കുന്നതിനു ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചു.

ജനുവരി 11-ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു ഫോമാ നേതാക്കന്മാരുടെ പ്രയാണം ആരംഭിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍, നോട്ട് നിരോധനം മൂലം അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ കേരളത്തിലെ ശാഖകളിലും പഴയ നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഫോമ നേതാക്കന്മാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

പുതുതായി രൂപീകരിക്കുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മീഷനില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികൂടി ഉണ്ടാകണമെന്നും ബെന്നി വാച്ചിറയും, ജിബി തോമസും, ജോസി കുരിശിങ്കലും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതു അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്നു മുഖ്യമന്ത്രു ഉറപ്പുനല്‍കി. പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് പുതുതായി ഉണ്ടാകാന്‍ പോകുന്ന എയര്‍പോര്‍ട്ടിനു ഫോമ നേതാക്കള്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോമയുടെ കേരള കണ്‍വന്‍ഷനിലേക്ക് മുഖ്യമന്ത്രിയെ ഫോമ നേതാക്കള്‍ ക്ഷണിക്കുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വളരെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും, കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും അറിയിച്ചു.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനുശേഷം ഫോമ നേതാക്കള്‍ എ.കെ.ജി സെന്ററില്‍ എത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലൃഷ്ണനേയും കണ്ട് ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തേയും കേരള കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു. ചര്‍ച്ചകളില്‍ എം.എല്‍.എമാരായ രാജു ഏബ്രഹാം, വീണ ജോര്‍ജ്, എ.എന്‍. ഷംസീര്‍, എം.വി. ജയരാജന്‍, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവരും സംബന്ധിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും നേതാക്കള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. ഫോമയ്ക്ക് ഉമ്മന്‍ചാണ്ടി നല്കിയിട്ടുള്ള സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തേയും ഫോമ കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു.

ധനകാര്യമന്ത്രി തോമസ് ഐസക്കിനെ സന്ദര്‍ശിച്ച് നോട്ട് നിരോധനത്തെ തുടര്‍ന്ന് അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ കൊണ്ടുവരാമെന്നു ധനമന്ത്രി നേതാക്കളെ അറിയിച്ചു.

നോര്‍ക്ക സെക്രട്ടറി ഷീല തോമസുമായി നടത്തിയ ചര്‍ച്ചയില്‍ അമേരിക്കന്‍ മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞതായി ബെന്നിയും ജിബിയും ജോസിയും പറഞ്ഞു. കൂടാതെ മദ്ധ്യമേഖലാ ഐ.ജി പി. വിജയന്‍ ഐ,പി.എസ്, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി അനുപമ ഐ.എ.എസ്, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എം.എന്‍ വെങ്കിട ചെല്ലയ്യ എന്നിവരുമായും ഫോമ നേതാക്കള്‍ ആശയവിനിമയം നടത്തി.

തിരുവല്ലയില്‍ സംഘടിപ്പിച്ച ജനകീയ പുഷ്പമേളയില്‍ ആന്റോ ആന്റണി എം.പിയുടെ ക്ഷണപ്രകാരം ബെന്നി വാച്ചാച്ചിറയും, ജിബി തോമസും സംബന്ധിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഫോമാ മുന്‍ റീജണല്‍ പ്രസിഡന്റ് ബിജു ഉമ്മനും ചടങ്ങില്‍ സംബന്ധിച്ചു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ നേതാക്കള്‍ സന്ദര്‍ശിക്കുകയും "ഫോമ' അമേരിക്കന്‍ മലയാളികളുടെ സഹകരണത്തേടെ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡില്‍ പണിതു നല്‍കിയ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുകയും ചെയ്തു. ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സഖറിയ, പീഡിയാട്രിക് ഓങ്കോളജി വിഭാഗം മേധാവി ഡോ. കുസുമം കുമാരി എന്നിവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയും, തുടര്‍ന്നും ഫോമയുടെ സഹായ സഹകരണങ്ങള്‍ക്ക് ആര്‍.സി.സിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

"ഏഷ്യാനെറ്റ്' ഓഫീസ് സന്ദര്‍ശിക്കുകയും ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, ഡയറക്ടര്‍ ഫ്രാങ്ക് തോമസ്, വിനു വി. ജോണ്‍, അനില്‍ അടൂര്‍ എന്നിവരുമായി ഫോമ നേതാക്കള്‍ സംഭാഷണം നടത്തുകയും ചെയ്തു. ഫോമയ്ക്ക് ഏഷ്യാനെറ്റ് നല്‍കിയിട്ടുള്ള എല്ലാ സഹകരണങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ ബി.കെ, പി.ജി. സുരേഷ് കുമാര്‍, സിന്ധു സൂര്യകുമാര്‍ എന്നിവരോടുമുള്ള നന്ദി അറിയിച്ചു.

വിവിധ സന്ദര്‍ശനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നല്‍കിയ "ഫോമ കേരള നെറ്റ് വര്‍ക്ക്' നേതാക്കളായ പ്രസ് അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, എം.ബി രാജേഷ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, അഡ്വ. വര്‍ഗീസ് മാമ്മന്‍, അനീഷ് ആന്റണി, ബോബി ജോണ്‍, ജമാല്‍ മണക്കാട്, ആന്റണി ജോസഫ്, സുനു ഏബ്രഹാം, സുനില്‍ ജേക്കബ്, ടോം അക്കരക്കുളം, രാജേഷ് ജോസ്, സുമേഷ് അച്യുതന്‍, ടി.വി. രാജേഷ് എന്നിവരോടുള്ള നന്ദി ബെന്നി വാച്ചാച്ചിറയും ജിബി തോമസും അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയുടെ സംഘടിത ശക്തിയും, ശബ്ദവും കേരളത്തിലെ ഭരണ പ്രതിപക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് തങ്ങളുടെ ഹൃസ്വ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞതായി ബെന്നി വാച്ചിറയും, ജിബി തോമസും ജോസി കുരിശിങ്കലും അഭിപ്രായപ്പെട്ടു. കൂടാതെ വിവിധ സാമൂഹിക- ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുവാനും ഈ യാത്രയിലൂടെ സാധിച്ചതായി നേതാക്കള്‍ അറിയിച്ചു.
ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയംഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയംഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയംഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയംഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം
Join WhatsApp News
Member 2017-02-20 04:47:39
ഇത്രയും ചെയ്ത സ്ഥിതിക്ക് ട്രമ്പിനേം വിസിറ്റ് ചെയ്യുന്നത് ഫോമയുടെ യജസ്സ്‌ കൂടുതൽ വർദ്ദിപ്പിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക