Image

വിയന്നയില്‍ സിഗരറ്റ് കുറ്റിയും വിസര്‍ജ്യവും നിരത്തുകളില്‍ തള്ളുന്നവര്‍ക്ക് വന്‍തുക പിഴ

Published on 17 February, 2017
വിയന്നയില്‍ സിഗരറ്റ് കുറ്റിയും വിസര്‍ജ്യവും നിരത്തുകളില്‍ തള്ളുന്നവര്‍ക്ക് വന്‍തുക പിഴ

      വിയന്ന: നിരത്തുകളില്‍ സിഗരറ്റ് കുറ്റിയും നായ്ക്കളുടെ വിസര്‍ജ്യവും തള്ളുന്നവര്‍ക്ക് വന്‍ പിഴ ഒടുക്കേണ്ടി വരുന്ന നിയമം മാര്‍ച്ച് മൂന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇതുവരെ 36 യൂറോ ഒടുക്കേണ്ടിയിരുന്ന സ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ 50 യൂറോ ഒടുക്കേണ്ടിവരും. അതേസമയം ചില സാഹചര്യങ്ങളില്‍, പിഴ 90 യൂറോ ആയി ഉയരുമെന്നും പരിസ്ഥിതി സംരംക്ഷണ വിഭാഗത്തിന്റെ നഗരസഭാ കൗണ്‍സിലര്‍ ഉലി സിമ അറിയിച്ചു. 

പുതിയ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. എന്നാല്‍ നിരവധി പേര്‍ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ചില നായ്ക്കള്‍ വഴിയില്‍ കിടക്കുന്ന സിഗരറ്റ്കുറ്റി ഭക്ഷിക്കുന്നതുകൊണ്ട് പുതിയ തീരുമാനം നായ സ്‌നേഹികളെ കൂടുതല്‍ സന്തോഷിപ്പിച്ചട്ടുണ്ട്. 

അഴുകാത്ത മാലിന്യമായിട്ടാണ് സിഗരറ്റ്കുറ്റി കാണാക്കപ്പെടുന്നത്. അന്താരാഷ്ട്ര കടല്‍ തീരങ്ങള്‍ ഓരോ വര്‍ഷവും വൃത്തിയാക്കുന്‌പോള്‍ ലഭിക്കുന്ന മാലിന്യങ്ങളില്‍ ഏറ്റവുമധികം കാണുന്നത് സിഗരറ്റ്കുറ്റിയാണ്. വിയന്ന നഗരത്തിലെ ഗാര്‍ബേജ് ബിന്നുകളില്‍ പ്രതിവര്‍ഷം നിറയുന്നത് 36 ദശലക്ഷം നായ വിസര്‍ജ്യമടങ്ങിയ ബാഗുകളും 100 ദശലക്ഷം സിഗരറ്റ് കുറ്റികളുമാണ്. 

റിപ്പോര്‍ട്ട്: ജോബി ആന്റണി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക