Image

നവാബിന്റെ കുടിപ്പക (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സീസ് തടത്തില്‍)

Published on 17 February, 2017
 നവാബിന്റെ കുടിപ്പക (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സീസ് തടത്തില്‍)
എന്നും വ്യവഹാരങ്ങളുടെ തോഴനായിരുന്നു നവാബ് രാജേന്ദ്രന്‍ . കോടതികളുടെ കണ്ണിലെ ശല്യക്കാരനായ വ്യവഹാരി .. കെ.കരുണാകരന്റെ ശകുനംമുടക്കി ...തൃശൂര്‍ ജില്ലയിലെ എന്നല്ല , കേരളത്തിലെ തന്നെ ഒട്ടേറെ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും പേടിസ്വപ്നമായിരുന്നു കൊതുമ്പു പോലത്ത ആ മനുഷ്യന്‍ . എന്നാലത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും ബാധകമായിരുന്നില്ല . അഴിമതിക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടൊരു ജന്മം ....തോന്നിയിട്ടുണ്ടങ്ങനെ പലപ്പോഴും ..

നാലു കാവിമുണ്ടുകള്‍..നീളം കൂടിയ കൈകളോടു കൂടിയ കാവി ജുബ്ബ...ഏതാനും പത്രകട്ടിംഗ്‌സുകള്‍ ...കുറച്ചു മാഗസിനുകള്‍ ...ഇവ സൂക്ഷിക്കാന്‍ ഒരു തകരപ്പെട്ടിയും ...തീര്‍ന്നൂ നവാബ് രാജേന്ദ്രനെന്ന വലിയ മനുഷ്യന്റെ സമ്പാദ്യം ...പറയാന്‍ സ്വന്തമായി ഒരു അഡ്രസ് പോലുമില്ലാതിരുന്ന കേരള പുത്രന്‍ ... വീണിടം വിഷ്ണുലോകം ...അതാണ് നവാബിന്റെ തറവാട് .

നന്നായി മദ്യപിക്കും. ഇതാണ് ജീവിതത്തിലെ ഏകദൂഷ്യം . മദ്യപാനം വൈകുന്നേരങ്ങളില്‍ മാത്രമാണെങ്കില്‍ സംസാരിക്കുമ്പോള്‍ പോലും ചുണ്ടില്‍ എരിയുന്ന ഗോള്‍ഡ് ഫില്‍റ്റര്‍ സിഗരറ്റ് കാണാമായിരുന്നു . തൃശൂരില്‍ എനിക്കു പ്രിയപ്പെട്ട വാര്‍ത്താപുരുഷനായിരുന്നു നവാബ് രാജേന്ദ്രന്‍ . തന്റെ യൌവനം തച്ചുടക്കപ്പെട്ടതിനു കാാരണക്കാരനായ മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ പതനം കണ്ടു മരിക്കുകയെന്ന സ്വപ്നം മാത്രം ബാക്കിയാക്കിയ നവാബ് രാജേന്ദ്രന്‍ ..അടിയന്തിരാവസ്ഥക്കാലത്ത് കേവലം 25 വയസ് മാത്രമുള്ളപ്പോള്‍ നവാബ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന രാജേന്ദ്രന് അതിക്രൂരമായ പോലീസ് മര്‍ദ്ദനമുറകള്‍ക്ക് വിധേയനാകേണ്ടി വന്നു . അതിനു കാരണക്കാരനായ കരുണാകരനോട് അന്നു തുടങ്ങിയതാണീ കുടിപ്പക . പോലീസ് ക്യാമ്പിലെ ഭീകര മര്‍ദ്ദന മുറകളേറ്റു പുറത്തിറങ്ങിയ അദ്ദേഹം ഒന്നു തീരുമാനിച്ചു . ഇനിയെന്തായാലും പത്രം വേണ്ട ...ശിഷ്ടകാലത്തെ പോരാട്ടം നിയമയുദ്ധത്തിലൂടെയാവാം ...

55ാം വയസില്‍ ക്യാന്‍സര്‍ ആ ജീവിതം കവര്‍ന്നെടുക്കും വരെ അദ്ദേഹമതു തുടര്‍ന്നു . തനിക്കായല്ല ...മറ്റുള്ളവര്‍ക്കു പ്രയോജനകരമാകേണ്ട നീതിക്കായി ...

തൃശൂരില്‍ കാലുകുത്തിയതു മുതല്‍ എന്റെ മനസില്‍ ഒരു മോഹമുദിച്ചു . നവാബ് രാജേന്ദ്രന്‍ എന്ന ആള്‍ക്കൂട്ടത്തില്‍ തനിയെ നടക്കുന്ന ഒറ്റയാനുമായി നല്ലൊരു അഭിമുഖം നടത്തി ദീപിക സണ്‍ഡേ സപ്ലിമെന്റില്‍ കവര്‍ സ്‌റ്റോറിയാക്കണം . ബ്യൂറോയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന നവാബുമായി വളരെ എളുപ്പത്തിലാണ് സൌഹാര്‍ദ്ദത്തിലായത്. അഭിമുഖത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറി. കാരണം മറ്റൊന്നുമായിരുന്നില്ല , അഭിമുഖം നടത്താന്‍ പറ്റിയ സൌകര്യമുള്ള സ്ഥലമല്ല അദ്ദേഹം താമസിക്കുന്ന പ്രീമിയര്‍ ലോഡ്ജിലെ കുരുട്ടുമുറി. ഒടുവില്‍ എലൈറ്റ് ബാറില്‍ വച്ച് അഭിമുഖം നടത്താമെന്നായി . സമയം വൈകുന്നേരം അഞ്ചിനു ശേഷം .അപ്പോഴേയ്ക്കും കോടതി മുറികളില്‍ നിന്നും നവാബ് മടങ്ങിയെത്തിയിട്ടുണ്ടാകും . എലൈറ്റ് ബാറില്‍ എത്തുമ്പോള്‍ മേശപ്പുറത്ത് ഒരു വലിയ ഗ്ലാസില്‍ അല്‍പം റമ്മും നിറയെ ഐസുമിട്ട് അതുരുകുന്നതും നോക്കി കാത്തിരിക്കുന്ന നവാബ് . എന്നെ കണ്ടപാടെ ഇരിക്കൂ ടാഡാ (എന്റെ ലാസ്റ്റ് നെയിമിന്റെ ആദ്യ അഞ്ചക്ഷരം ..എന്നെ അദ്ദേഹം സാധാരണ വിളിക്കാറുള്ള പേരാണത് . അക്കാലത്ത് ടാഡ എന്ന പേരില്‍ ഒരു ഭീകര വിരുദ്ധ നിയമം ഉണ്ടായിരുന്നു. ) പിന്നീട് വെയ്റ്ററെ വിളിച്ചു എനിക്കും ഒരു പെഗ്ഗ് ബ്രാന്‍ഡി ഓര്‍ഡര്‍ ചെയ്തു

ഞാന്‍ ചുറ്റും നോക്കി .ഇയാളുടെ കയ്യില്‍ ഒരു കുന്തവുമില്ലല്ലോ . കേസുമായി ബന്ധപ്പെട്ട ഒരു ഫയല്‍ പോയിട്ട് ഒരു പത്രകട്ടിംഗ്‌സ് പോലുമില്ലാതെയാണ് പഹയന്‍ ഇന്റര്‍വ്യൂവിനു വന്നിരിക്കുന്നത്. ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു , രണ്ടെണ്ണം അടിച്ചു കഴിയുമ്പോഴേയ്ക്കും ഫയലുകളും വിവരങ്ങളും തന്നെ വന്നുകൊള്ളുമെന്ന് . ഞാന്‍ വിചാരിച്ചു മറ്റാരോ ഫയലുകളുമായി എത്തിച്ചേരുമെന്ന് ...

രണ്ട് പെഗ് അകത്താക്കി കഴിഞ്ഞിട്ടും നവാബ് വാ തുറക്കുന്നില്ല . അപ്പോഴേക്കും മണിക്കൂര്‍ ഒന്നു കഴിഞ്ഞു . ഞാന്‍ ചോദിച്ചു ..അല്ലാ , എന്താ ഒന്നും പറയാത്തെ ? ടാഡാ തുടങ്ങിക്കൊള്ളൂ . ..നവാബ് പറഞ്ഞു .

എനിക്കാണെങ്കില്‍ എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയില്ല . ഒടുവില്‍ കരുണാകരനില്‍ നിന്നു തന്നെ തുടങ്ങാമെന്നു വിചാരിച്ചു .അങ്ങനെ ആദ്യ ചോദ്യം . കരുണാകരനുമായി ഇത്ര ഒടുങ്ങാത്ത പകയ്ക്കു കാരണം ?

അപ്പോള്‍ ആ കണ്ണുകള്‍ കനലു പോലെ ജ്വലിച്ചു . ശരീരം കിടുകിടാ വിറച്ചു തുടങ്ങി . ഒടിഞ്ഞു തൂങ്ങിയ താടിയെല്ലുകള്‍ മുറുക്കെ പിടിച്ചപ്പോള്‍ ഇളകിയ പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം . ഒടുവില്‍ പരുക്കനായ ആ മനുഷ്യന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി . പോക്കറ്റില്‍ നിക്ഷേപിച്ചിരുന്ന മുഷിഞ്ഞ തൂവാല എടുത്തു മുഖം അമര്‍ത്തി തുടച്ചു.

ടാഡയ്ക്കറിയാമോ ..അയാള്‍ എന്റെ ജീവിതം നശിപ്പിച്ചു . എന്റെ യൌവനം തച്ചുടച്ചു . എന്റെ സ്വത്തും ബന്ധുക്കളെയും ഇല്ലാതാക്കി . എല്ലാവരുമുണ്ടായിരുന്ന ,,,എല്ലാമുണ്ടായിരുന്ന എന്നെ ഒരു അനാഥനാക്കി മാറ്റി . എന്നെ ഒരു തെരുവു തെണ്ടിയാക്കി മാറ്റാനുള്ള ശ്രമം മാത്രം പാളി . എന്റെ ഉള്ളില്‍ അണയാതെ ബാക്കി സൂക്ഷിച്ച ആ പക എന്നെ അയാളുടെ പതനം കാണാന്‍ വേണ്ടി മാത്രം ജീവിക്കാന്‍ പ്രേരിപ്പിച്ചു . എന്റെ ഓരോ ശ്വാസവും അയാളുടെ സമ്പൂര്‍ണ പതനം കാണാന്‍ വേണ്ടി മാത്രമാണ് മിടിക്കുന്നത് .

അയാള്‍ തുടങ്ങി: 1974ല്‍ തട്ടില്‍എസ്‌റ്റേറ്റ് കേസ് എന്ന സംഭവമാണ് എല്ലാത്തിന്റെയും തുടക്കം . പോലീസുകാരുടെ തേര്‍വാഴ്ച നടക്കുന്ന അടിയന്തിരാവസ്ഥക്കാലമാണ് . അന്ന് തൃശൂരില്‍ നിന്നിറങ്ങുന്ന നവാബ് എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന രാജേന്ദ്രനെന്ന യുവാവ് ഒരു ബോംബ് പൊട്ടിക്കുന്ന സ്കൂപ്പ് അടിച്ചിറക്കി . മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തട്ടില്‍ എസ്‌റ്റേറ്റ് എന്ന എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ലീഡര്‍ കെ. കരുണാകരനും വിശ്വസ്ത അനുയായിയും എംഎല്‍എയുമായ പി.പി. ജോര്‍ജുമുള്‍പ്പടെയുളള പ്രമുഖര്‍ ചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടാണ് രേഖകള്‍ സഹിതം അന്വേഷണാത്മക റിപ്പോര്‍ട്ട്

പ്രസിദ്ധീകരിച്ചത് .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു . അന്നു മുതല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം തിങ്കളാഴ്ച വരും . നിയമസഭ നടന്നുകൊണ്ടിരുന്നതിനാല്‍ സഭ വിഷയത്തില്‍ ഇളകി മറിയും . കരുണാകരന്റെ ആജ്ഞാനുവര്‍ത്തികളായിരുന്നു അന്നത്തെ പോലീസിലെ ഏറെയും ഉന്നതര്‍ . ജയറാം പടിക്കല്‍ ഡിജിപി, പുലിക്കോടന്‍ എന്നറിയപ്പെടുന്ന കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരനായ എസ്പി, മറ്റൊരു അടി വീരനായ ലക്ഷ്മണ...തുടങ്ങിയവരായിരുന്നു മുഖ്യ ആജ്ഞാനുവര്‍ത്തികള്‍ .

വെള്ളിയാഴ്ച വൈകുന്നേരം പുലിക്കോടനും സംഘവും നവാബിന്റെ പ്രസിലെത്തി ഇരുചെവിയറിയാതെ കേവലം 25 വയസു മാത്രമുള്ള ആ പത്രാധിപരെ കസ്റ്റഡിയിലെടുത്തു . പോലീസ് ക്ലബില്‍ കൊണ്ടു വന്ന് തട്ടില്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട രേഖകളാവശ്യപ്പെട്ടു ഇടി തുടങ്ങി . രേഖ തന്റെ കൈവശമില്ലെന്നും സഖാവ് അഴീക്കോടന്‍ രാഘവനെ താന്‍ ആ രേഖകള്‍ ഏല്‍പിച്ചെന്നും നവാബ് നുണ പറഞ്ഞു . സത്യത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ഈ രേഖകളുമായി നവാബ് അഴീക്കോടന്‍ രാഘവന്റെ വീട്ടില്‍ പോയിരുന്നു . ആ രേഖകള്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ വ്യക്തി അഴീക്കോടനാണെന്ന് നവാബ് വിശ്വസിച്ചിരുന്നു .

നവാബ് ല്‍പിച്ച രേഖകളുമായി നിയമസഭ നടക്കുന്നതിനാല്‍ തിരുവനന്തപുരത്തേക്കു പോയ അഴീക്കോടന്‍ അന്നു വൈകിട്ട് കണ്ണൂര്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങുമ്പോള്‍ ഈ രേഖകള്‍ നവാബിനെ തന്നെ തിരിച്ചേല്‍പിക്കാന്‍ തൃശൂരില്‍ ഇറങ്ങി. രേഖകള്‍ അഴീക്കോടന്റെ പക്കലുണ്ടെന്ന് രഹസ്യ പോലീസ് മനസിലാക്കിയ സ്ഥിതിക്ക് തന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് അഴീക്കോടന്‍ മനസിലാക്കിയിരുന്നു . ഏതാണ്ട് രാത്രി 2 മണിയോടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറത്തിറങ്ങിയ സഖാവ് അഴീക്കോടന്‍ ഓട്ടോ സ്റ്റാന്‍ഡിലേക്കു നീങ്ങുമ്പോള്‍ തന്നെ രണ്ട് അജ്ഞാതര്‍ പിന്തുടരുന്നതായി മനസിലാക്കി . അവരുടെ ഉദ്ദേശ്യം മനസിലാക്കിയ സഖാവ് രേഖകള്‍ വായിലിട്ടു ചവച്ചു വിഴുങ്ങി . ഈ സമയം പിന്നില്‍ നിന്നു വന്ന അക്രമികള്‍ അദ്ദേഹത്തെ ഒരു ഇലക്ട്രിക് പോസ്റ്റിനോടു ചേര്‍ത്തു നിര്‍ത്തി പിന്നില്‍ നിന്നു കുത്തുകയായിരുന്നു . പിന്നീട് അദ്ദേഹത്തെ പോസ്റ്റില്‍ ചാരി നിര്‍ത്തി അക്രമികള്‍ കടന്നു . രാത്രി മുഴുവന്‍ രക്തം വാര്‍ന്നു പോയ സഖാവ് അഴീക്കോടന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു നവാബിന്റെ ഈ വെളിപ്പെടുത്തല്‍ അന്നത്തെ സണ്‍ഡേ സപ്ലിമെന്റില്‍ വിശദമായി നല്‍കിയിട്ടുണ്ട് .

അഴീക്കോടന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നവാബിനെയും കൊണ്ട് ജയറാം പടിക്ക

ലും സംഘവും കോഴിക്കോട് കക്കയത്തുള്ള എആര്‍ പോലീസ് ക്യാമ്പിലേക്ക് പോയി . അവിടെ വച്ചാണ് കൊടിയ മര്‍ദ്ദനം . രേഖകള്‍ അഴീക്കോടന്റെ പക്കലെന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല . ഇടിയുടെ ആഘാതമേറി വന്നു . ഈ സമയം ക്യാമ്പിലെ മറ്റൊരു ഇടിമുറിയില്‍ മറ്റൊരാളെയും ഭേദ്യം ചെയ്യുന്നുണ്ടായിരുന്നു .

എന്നെ ലക്ഷ്മണയും പുലിക്കോടനും ഇടിച്ചുരുട്ടിക്കൊണ്ടിരുന്നപ്പോള്‍ അയാളെ ജയറാം പടിക്കല്‍ ചോദ്യം ചെയ്യുന്നതു കേള്‍ക്കാം . ഇടയ്‌ക്കെപ്പോഴോ ജയറാം പടിക്കല്‍ എന്നെ ചോദ്യം ചെയ്യാനായി വന്നു . രേഖകളെവിടെ എന്ന ചോദ്യത്തിന് എനിക്കറിയില്ലെന്നു മറുപടി പറഞ്ഞപ്പോള്‍ അയാള്‍ (ജയറാം പടിക്കല്‍ ) പരുക്കനായ കരങ്ങള്‍ കൊണ്ട് എന്റെ കവിളത്ത് ആഞ്ഞ് ഒറ്റയടി. ആ ഒറ്റയടിക്ക് ഒടിഞ്ഞു തൂങ്ങിയതാണ് എന്റെ താടിയെല്ല് . നാലു പല്ലുകളും അടിയുടെ ആ ആഘാതത്തില്‍ കൊഴിഞ്ഞു വീണു . നിലയ്ക്കാതെ രക്തം വായില്‍ നിന്നൊഴുകി. പരവേശത്താല്‍ കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഒരു കുപ്പി ട്രിപ്പിള്‍എക്‌സ് റം വായിലേക്ക് കുടുകുടാ ഒഴിച്ചു തന്നു . വെള്ളമാണെന്നു കരുതി അണ്ണാക്കിലേക്ക് ഒഴുകി വന്ന ദ്രാവകം അകത്തു ചെന്നപ്പോഴാണ് നെഞ്ചിനകം കത്തുന്നതറിഞ്ഞത് . ജീവിതത്തിലെ ആദ്യത്തെ മദ്യപാനമായിരുന്നു അത് . അതും അല്‍പം പോലും വെള്ളം ചേര്‍ക്കാതെ...! കുടിച്ച മദ്യമത്രയും ഛര്‍ദ്ദിച്ചു പുറത്തോട്ട് ..ഒപ്പം കട്ട പിടിച്ച രക്തവും . എന്റെ നാവ് അപ്പോള്‍ വീണ്ടും വെള്ളത്തിനായി ദാഹിച്ചു . അപ്പോള്‍ അവര്‍ എന്നെ തലകീഴായി കാലില്‍ കെട്ടിത്തൂക്കി . ....

ഒറ്റശ്വാസത്തില്‍ നവാബ് ഇത്രയും പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു ഹൊറര്‍ മൂവിയിലെ ഞെട്ടിപ്പിക്കുന്ന സീന്‍ കണ്ട് പേടിച്ച പോലെയായി എന്റെ അവസ്ഥ . ആ കണ്ണുകളിലെ ഭീകരത നിറഞ്ഞ നോട്ടം ഇന്നും എന്നെ പിന്തുടരുന്നു ...ഇന്നലെയെന്ന പോലെ ..

ഇത്രയും പറഞ്ഞ് നിര്‍ത്തിയ നവാബ് മേശപ്പുറത്ത് നിറച്ചു വച്ചിരുന്ന രണ്ടു ഗ്ലാസ് ഐസിട്ട റമ്മ് പടപടാന്നു പിടിപ്പിച്ചു. എന്നിട്ടു

കിതച്ചു കൊണ്ടു പറഞ്ഞു ..

ഉള്ളിലെ കനല്‍ അണയുന്നില്ല ടാഡാ ..അണയുന്നില്ല ...

പിന്നീട് അല്‍പനേരം നിശബ്ദനായി. സംസാരത്തിന്റെ ഫ്‌ലോ നഷ്ടപ്പെടേണ്ടെന്നു കരുതി എന്റെ ചോദ്യം ചുരുക്കി .

പിന്നീടെന്തായി ? എന്റെ ചോദ്യം

ഇതിനിടെ നവാബിനെ ചോദ്യം ചെയ്യുന്ന മുറിയ്ക്കു സമീപമുള്ള മുറിയില്‍ നിന്നു ആരൊക്കെയോ അടക്കം പറയുന്നതു കേള്‍ക്കാമായിരുന്നു . നവാബ് ചെവികള്‍ കൂര്‍പ്പിച്ചു പിടിച്ചു .

കാറ്റു പോയെന്നാ തോന്നുന്നത് ..പുലിക്കോടന്റെ ശബ്ദം .

എന്താ ചെയ്യേണ്ടത് ? ജയറാം പടിക്കല്‍

വയറു കീറി കഴുത്തില്‍ തിരികല്ലു കെട്ടി ഡാമില്‍ താഴ്ത്താം . അതാവുമ്പോള്‍ പൊന്തി വരില്ല . ..പുലിക്കോടന്‍

എല്ലാത്തിനും മൂകസാക്ഷിയായി ലക്ഷ്മണയുമുണ്ട് .

നവാബ് കരുതിയത് ഇവരുടെ സംസാരം നവാബിനെ കുറിച്ചായിരിക്കുമെന്നാണ് . ഇനിയെന്താലോചിക്കാന്‍ ? മരിക്കാത്ത തന്റെ വയറ്റത്ത് അവര്‍ കത്തി കയറ്റും . മരണം ഉറപ്പ് . കൂരാക്കൂരിരുട്ടിലും കാലന്റെ കാലൊച്ചയ്ക്കായി കാത്തിരുന്നു നവാബ് . ഈ സമയം പോര്‍ട്ടിക്കോയില്‍ ഒരു ജീപ്പ് സഡന്‍ ബ്രേക്ക് ഇട്ടു നിര്‍ത്തുന്ന ശബ്ദം ..ബൂട്ടിട്ട കാലൊച്ചകള്‍ അടുത്ത മുറിയിലേക്ക് ... പിന്നീടെന്തോ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ശബ്ദം ..എല്ലാം അവ്യക്തം .. അത്രമാത്രം .

പോര്‍ട്ടിക്കോയില്‍ പാര്‍ക്കു ചെയ്തിരുന്ന ജീപ്പ് സ്റ്റാര്‍ട്ടാക്കി എങ്ങോട്ടോ പോയി . രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞു . നേരം പരപരാ വെളുത്തു . ജയറാം പടിക്കലും സംഘവും മങ്ങിയെത്തി .

തട്ടില്‍ എസ്‌റ്റേറ്റ് രേഖകള്‍ നീ തിന്നു നശിപ്പിച്ചു എന്നറിയാം. നിന്നെ കൊല്ലേണ്ടതാണ് . പക്ഷേ , വെറുതേ വിടുന്നു . മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിച്ചു കൊള്ളണം . ...പടിക്കല്‍ പറഞ്ഞു .

ഇനി എന്തു ജീവിതം ? നവാബ് മനസില്‍ കരുതി. നവാബിന്റെ കാലുകളിലെ കെട്ടുകള്‍ അഴിച്ചു മാറ്റി . കരങ്ങള്‍ ബന്ധിപ്പിച്ച് ഒരു ജീപ്പില്‍ കയറ്റി . നേരേ തൃശൂര്‍ പോലീസ് ക്ലബിലേക്ക് . ഉച്ചയ്ക്ക് പോലീസ് ക്ലബില്‍ വച്ച് കഴിക്കാന്‍ ചോറും കറികളും നല്‍കിയപ്പോള്‍ വായിലെ മുറിവുകളുടെ ആധിക്യം കാരണം ഒരു തുള്ളി പോലും ഇറങ്ങുന്നില്ല . ഒരുരുള ചോറു ചവയ്ക്കാന്‍ പോലും ഒടിഞ്ഞു തൂങ്ങിയ താടിയെല്ല് അനുവദിക്കുന്നില്ല . വെള്ളം കുടിച്ച് കുറച്ച് ചോറു വിഴുങ്ങി.

നേരം ഇരുട്ടുന്നതു വരെ പോലീസ് ക്ലബില്‍ കഴിഞ്ഞ ശേഷം രാത്രി10 മണിയോടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ഇറക്കി വിട്ടു . പിന്നീട് മൂന്നു മാസമെടുത്തു മുറിവുകളെല്ലാം ഉണങ്ങാന്‍ ..25 വര്‍ഷം പിന്നിട്ടിട്ടും മനസിലെ മുറിവുകള്‍കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല .

പോലീസ് കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ ഇതിനിടെ നടന്ന സംഭവ വികാസങ്ങളൊന്നും നവാബ് അറിഞ്ഞിരുന്നില്ല . പഴയ പത്രങ്ങളും മറ്റും വായിച്ചപ്പോഴാണ് അഴീക്കോട് രാഘവന്റെ മരണ വാര്‍ത്ത നവാബ് അറിയുന്നത് .പിന്നീടന്നു മുതല്‍ മരണം വരെ സഖാവ് അഴീക്കോടന്‍ മരണ വാര്‍ഷികത്തിന് എല്ലാ വര്‍ഷവും നവാബ് രാജേന്ദ്രന്‍ കണ്ണൂരില്‍ പോകുമായിരുന്നു .

കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ കാണാതാകുന്ന വിവരവും നവാബ് അറിയുന്നത് പിന്നീടാണ് . കേട്ടറിഞ്ഞ സംഭവവികാസങ്ങളും

തന്റെ നേരിട്ടുള്ള അനുഭവങ്ങളും കൂടി കൂട്ടി വായിച്ചപ്പോള്‍ നവാബിനു ബോധ്യമായി തന്റെ തൊട്ടടുത്ത ഇടിമുറിയില്‍ ജയറാം പടിക്കലും സംഘവും ഭേദ്യം ചെയ്തത് മറ്റാരെയുമായിരുന്നില്ല , നല്ലൊരു മനുഷ്യസ്‌നേഹിയും അറിവിന്റെ നിറകുടവുമായിരുന്ന പ്രൊഫ.ഈച്ചരവാര്യരുടെ ഏകപുത്രന്‍ രാജനെയായിരുന്നു അവരന്നവിടെ ഉരുട്ടി കൊലപ്പെടുത്തിയത് എന്ന് . അവര്‍ അന്ന് അടക്കം പറഞ്ഞതു പോലെ അയാളുടെ വയറു കീറി കഴുത്തില്‍ തിരികല്ലു കെട്ടി കക്കയം ഡാമില്‍ താഴ്ത്തി മത്സ്യങ്ങള്‍ക്കു ഭക്ഷണമാക്കികാണണം .

ഇനി പറയൂ ടാഡാ ...ഇതിനൊക്കെ കാരണക്കാരന്‍ ആരാണ് ? കെ.കരുണാകരനെന്ന ആ കപടരാഷ്ട്രീയക്കാരനെ ഞാന്‍ വെറുതെ വിടണമോ ? അയാളോടുള്ള കുടിപ്പകയ്ക്കു തുടക്കം അവിടെയാണു കുറിച്ചത് ...വിടില്ല ഞാന്‍ ..ഈ കൊക്കിനു ജീവന്‍ ബാക്കിയുള്ളിടത്തോളം കാലം വിടില്ല ഞാന്‍ ...

ജയറാം പടിക്കലിന്റെ വാക്കു കേട്ട് അടങ്ങിയൊതുങ്ങി ജീവിക്കാനല്ല നവാബ് യാത്രയായത് . നവാബ് പത്രമോഫീസിലെത്തിയപ്പോള്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു . ഇനി സജീവ പത്രപ്രവര്‍ത്തനം വേണ്ടെന്ന തീരുമാനം അന്നു തന്നെയെടുത്തു . കളം മാറ്റിച്ചവിട്ടി . നിയമയുദ്ധം . കേവലം ബിഎക്കാരന്‍ മാത്രമായ നവാബിന്റെ നിയമബിരുദം ജയറാം പടിക്കലും സംഘവും ഇടിച്ചു തകര്‍ത്ത തലയിലവശേഷിച്ച തലച്ചോറും കരുണാകരനെന്ന രാഷ്ട്രീയ ചാണക്യനോടുള്ള കുടിപ്പകയില്‍ നിന്നുരുത്തിരിഞ്ഞ ആവേശവും മാത്രം . ..സ്വന്തമായി നിയമപുസ്തകങ്ങളില്ല ....നിയമബിരുദമില്ല ...അഭിഭാഷകരില്ല ...കേസുകള്‍ ഡ്രാഫ്റ്റു ചെയ്യാന്‍ ക്ലര്‍ക്കുമാരോ ഗുമസ്തന്മാരോ ഇല്ല . ...ഒന്നറിയാം , നവാബ് രാജേന്ദ്രന്‍ സ്വന്തമായി വാദിച്ചു ജയിച്ച കേസുകളില്‍ പലതും ദേശീയ തലത്തിലുള്ള നിയമ പുസ്തകങ്ങളിലും ജേര്‍ണലുകളിലും കേരള ലോ ടൈംസിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇന്നത്തെ നിയമ വിദ്യാര്‍ത്ഥികളുടെ പാഠ്യപുസ്തകത്തില്‍ നവാബ് രാജേന്ദ്രന്‍ സമ്പാദിച്ച കോടതി വിധികള്‍ പാഠ്യവിഷയമാണ് .

അടിയന്തിരാവസ്ഥക്കാലം മുതല്‍ കരുണാകരന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും പിന്നാലെ ഒരു ഷാഡോ പോലീസിനെ പോലെ അലഞ്ഞു നടന്ന നവാബ് ഇവരില്‍ പലരുടെയും ഉറക്കം കുറച്ചൊന്നുമല്ല കെടുത്തിയിരിക്കുന്നത് . ഇതോടൊപ്പം തന്നെ പൊതുജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ക്കായും നവാബ് നടത്തിയ നിയമ യുദ്ധങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.

എന്റെ ആദ്യദിവസത്തെ അഭിമുഖം ഏറെ ത്രില്ലിംഗ് നിറഞ്ഞതാണെങ്കിലും അഭിമുഖം അവസാനിച്ചത് ഏറെ കലഹത്തോടെയാണ് . മേല്‍പ്പറഞ്ഞ കഥകള്‍ വിശദീകരിച്ചു കഴിഞ്ഞപ്പഴേക്കും നവാബിന്റെ മദ്യപാനത്തിന്റെ ശൈലി മാറി . നാലു പെഗ്ഗില്‍നിന്ന് പത്തു പെഗ്ഗിലേക്കുള്ള ടോപ്ഗിയര്‍ മാറ്റം വളരെ പെട്ടെന്നായിരുന്നു . ആകെ 44 കിലോ തൂക്കമുള്ളയാള്‍10 പെഗ്ഗ് അടിച്ചാലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ . തുടര്‍ച്ചയായി നാലു ദിവസം എലൈറ്റ് ബാറില്‍ നിന്ന് അഭിമുഖമെന്ന പേരില്‍ രാത്രി 11 മണി വരെ മദ്യപാനം ...കാര്യങ്ങളൊട്ടു നടക്കുന്നുമില്ല .എല്ലാ ദിവസവും അയാളെ തോളില്‍ കയറ്റി പ്രീമിയര്‍ ലോഡ്ജിലേക്കു നടത്തം . എനിക്കാകെ നാണക്കേടായി തുടങ്ങി . പരിചയമുള്ള സുഹൃത്തുക്കള്‍ കളിയാക്കി തുടങ്ങി വിക്രമാദിത്യനും വേതാളവും അക്ഷരാര്‍ത്ഥത്തിലതു പോലെ തന്നെയായിരുന്നു ആ നാലു ദിവസത്തെ പോക്ക് !

അഞ്ചാം ദിവസം ഞാന്‍ പറഞ്ഞു ഇനി ഇന്റര്‍വ്യൂ എന്ന ഏര്‍പ്പാടിന് എലൈറ്റ് ബാറിലേക്കു ഞാനില്ല .

എന്റെ പോക്കറ്റ് വരണ്ടു തുടങ്ങിയെന്നു നവാബിനു നന്നായറിയാം . അങ്ങനെ രണ്ടു ദിവസം എന്റെ ഓഫീസിനു പിന്നിലുള്ള ഡോ.മാനാടന്‍ മാഷുടെ പാരലല്‍ കോളേജിന്റെ ക്ലാസ് മുറിയില്‍ വച്ച് അഭിമുഖം പൂര്‍ത്തിയാക്കി . രാമനിലയം ഗസ്റ്റ് ഹൌസില്‍ വച്ച് ഫോട്ടോ ഗ്രാഫര്‍ എ.എസ്. സതീശന്റെ വക ഫോട്ടോ ഷൂട്ട് . ദീപിക സണ്‍ഡേ സപ്ലിമെന്റിന്റെ കവര്‍സ്‌റ്റോറി . ഒരു പക്ഷേ , ഞാന്‍ ചെയ്തിട്ടുള്ളതിലേറ്റവും നല്ല സ്‌റ്റോറിയായിരിക്കുമത് .

ഏറെ കൌതുകകരവും രസകരവുമായത് നവാബിന്‍െ നിയമ യുദ്ധങ്ങളാണ്. വിക്രമാദിത്യനും വേതാളവുമെന്ന വിളി വീണാലെന്താ ..നല്ലൊന്നാന്തരം ട്രീറ്റ് തന്നെയായിരുന്നു നവാബെന്ന ശല്യക്കാരനായ വ്യവഹാരിയെക്കുറിച്ചുള്ളത് . അതേക്കുറിച്ച് അടുത്ത പംക്തിയില്‍

അനുബന്ധം

നവാബുമായി ബന്ധപ്പെട്ട് ഇവിടെ പ്രതിപാദിപ്പിക്കപ്പെട്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല . നവാബ് , കെ.കരുണാകരന്‍, പിപി ജോര്ജ് , പുലിക്കോടന്‍ നാരായണന്‍ , രാജന്‍, ഈച്ചരവാര്യര് , ജയറാം പടിക്കല്‍ , ക.ആര് . ലക്ഷ്മണ , ഡോ.ജോസഫ് മാനാടന്‍ ഇവരെല്ലാവരും ഈ ലോകത്തോടു യാത്ര പറഞ്ഞു കഴിഞ്ഞു . പലരുടെയും അന്ത്യം വളരെ ദാരുണമായിരുന്നു എന്നതും വിധിയുടെ മറ്റൊരു വിളയാട്ടം .
see earlier chapters
 നവാബിന്റെ കുടിപ്പക (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍: ഫ്രാന്‍സീസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക