ബെയ്ജിംഗ്: ചൈനയില്‍ മരിച്ച യുവതിക്ക് രണ്ടു തവണ മംഗല്യം. ഹീബെയ് പ്രവിശ്യയിലാണ് സംഭവം. ചൈനയില്‍ ഇപ്പോഴും പല വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പരമ്പരാഗത ചടങ്ങാണ് പ്രേതവിവാഹം. മരിച്ചവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹം നടത്തുന്നത്. ഇത്തരത്തില്‍ വിട്ടുകൊടുത്ത ഒരു യുവതിയുടെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് രണ്ടാമതും സമാനമായ വിവാഹത്തിന് വിധേയമാക്കിയത്.
ചൈനയിലെ പ്രസിദ്ധമായ സ്പ്രിംഗ് ഫെസ്റ്റിവലിനിടെ വു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒരു കുടുംബം അവരുടെ മകളുടെ മൃതദേഹം ലിയു എന്ന വിളിപ്പേരുള്ള ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. 35,000 യുവാന്‍ നല്‍കിയാണ് ലിയു മൃതദേഹം വാങ്ങിയത്. മരിച്ചുപോയ തന്റെ ഇളയ സഹോദരന്റെ മൃതദേഹവുമായി വിവാഹം കഴിപ്പിക്കുന്നതിനായിരുന്നു ഈ ഇടപാട്. വിവാഹത്തിന് ശേഷം പരമ്പരാഗതമായ രീതിയില്‍ ഇരു മൃതദേഹങ്ങളും ഒരു കുഴിമാടത്തില്‍ അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് ശവക്കുഴി മാന്തി പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ലിയു സംഭവത്തെക്കുറിച്ച് പോലീസിന് പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴിമാടത്തില്‍ നിന്നും യുവതിയുടെ മൃതദേഹം മോഷ്ടിച്ച അഞ്ച് പേരെ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹത്തിന്റെ രണ്ടാം വിവാഹത്തിന്റെ കഥ പുറത്തുവന്നത്. മറ്റൊരു കുടുംബത്തിന് വിവാഹം നടത്താനായി യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വില്‍ക്കുകയായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചു. 30,000 യുവാനായിരുന്നു രണ്ടാം വില്പന. വിവാഹ നിശ്ചയത്തിന് ശേഷം വധുവോ വരനോ ആരെങ്കിലും മരിച്ചുപോയാലോ വിവാഹം കഴിക്കാതെ കുടുംബത്തിലെ മൂത്ത ആളുകള്‍ മരിച്ചുപോയാലോ മറ്റുള്ളവര്‍ക്ക് ദോഷം വരാതിരിക്കാനാണ് ചൈനയില്‍ പ്രേതവിവാഹം നടത്തുന്നത്.