Image

കേരളത്തില്‍ അവയവ കച്ചവടം കൊഴുക്കുന്നു (അനില്‍ പെണ്ണുക്കര )

Published on 16 February, 2017
കേരളത്തില്‍ അവയവ കച്ചവടം കൊഴുക്കുന്നു (അനില്‍ പെണ്ണുക്കര )
അവയവദാനം മഹാദാനം എന്നൊക്കെ ഈ അടുത്ത കാലത്തു കേള്‍ക്കുന്ന വാക്കുകളാണ്. കേള്‍ക്കുമ്പോള്‍ തന്നെ കരുണയുടെ സ്പര്‍ശം തോന്നുന്ന വാക്കുകള്‍ . 

എന്നാല്‍ കേരളത്തില്‍ ഇന്ന് അവയവ കച്ചവടം ഒരു മാഫിയ പോലെ വളരുന്നതായി ആരോഗ്യ മേഖലയില്‍ തന്നെ ഉള്ളവര്‍ വിലയിരുത്തുന്നു . വൈദ്യശാസ്ത്ര മൂല്യങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി നടന്നുകൊണ്ടിരിക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അടുത്തിടെ കേരളത്തില്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു റിട്ട് ഹര്‍ജിയാണ് അവയവ വ്യാപാരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നത്.

കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി ആണ് തന്റെ മേഖലയിലുള്ളവര്‍ തന്നെ നടത്തുന്ന അധാര്‍മ്മിക ഇടപാടില്‍ കോടതി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് കെ.ടി. ശങ്കരന്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗവണ്‍മെന്റിന് നോട്ടീസ്  അയച്ചിരിക്കുകയാണ്. 

മസ്തിഷ്‌ക മരണത്തിന്റെ മറവിലാണ് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അവയവകച്ചവടം നടക്കുന്നത് എന്ന് ഡോ. ഗണപതി കോടതിയെ അറിയിച്ചു. ഭൂരിഭാഗം കേസ്സുകളിലും ഇത് കൊലപാതകം ആയി മാറുന്നു എന്ന് അദ്ദേഹം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കിഡ്‌നി ഒന്നിന് 10 മുതല്‍ 15 ലക്ഷം രൂപ വരെയും പാന്‍ക്രിയാസിന് 15 20 രൂപ വരെയുമാണ് അവയവ ദാനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്വകാര്യ ആശുപത്രികള്‍
ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ഡോ. ഗണപതി വെളിപ്പെടുത്തുന്നു. തലച്ചോര്‍ മാറ്റി വയ്ക്കലാണങ്കില്‍ 15 20 ലക്ഷം, കരള്‍ മാറ്റിവയ്ക്കലിന് 20 30 ലക്ഷം. ഹൃദയമാണെങ്കില്‍ 3050 ലക്ഷം വരെയാണ് ഈ കച്ചവടത്തില്‍ ഈടാക്കുന്ന അവയവങ്ങളുടെ വിലയത്രെ. അങ്ങനെ ഒന്നര മുതല്‍ രണ്ടി കോടിയോളം രൂപ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ക്കൊണ്ട് സ്വകാര്യ ആശുപത്രികള്‍
ഉണ്ടാക്കുന്നതായാണ് ഡോ. ഗണപതി കോടതിയെ അറിയിച്ചത്.

കേരളത്തില്‍ അവയവ കച്ചവടം കൊഴുക്കുന്നു എന്നതിന് ഇതില്‍ പരം തെളിവുകള്‍ വേണ്ടാ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കോടികളുടെ അവയവക്കച്ചവടമാണെന്ന് വെളിപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണ രംഗത്തുള്ളവര്‍ തന്നെയാണ് എന്നോര്‍ക്കണം . മാധ്യമങ്ങളെ ഉപയോഗിച്ച് കെട്ടിച്ചമയ്ക്കുന്ന ത്യാഗത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റേയും മറവിലാണ് ഈ നീച വ്യാപരമെന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തെ ഏതാനും സ്വകാര്യ ആശുപത്രികളും ഭിഷഗ്വര പ്രമുഖരുമാണ് ഇതിന് പിന്നില്‍ എന്ന് ഡോക്ടര്‍ ഗണപതി പറയുന്നു .

2013 ജനുവരി 1 മുതല്‍, 2016 ജൂലൈ 11 വരെ മരണം സംഭവിച്ച 222 രോഗികളില്‍ നിന്ന് 606 അവയവങ്ങള്‍ എടുത്തതായാണ് ആരോഗ്യ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 456 അവയവങ്ങളും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ ഇരുന്ന രോഗികള്‍ക്കാണ് മാറ്റിവെച്ചത്. ഹൃദയം എടുത്ത 38 കേസ്സുകളില്‍ മൂന്നെണ്ണമൊഴികെ എല്ലാം സ്വാകാര്യ ആശുപത്രികളില്‍ ചികിത്സയിലിരുന്ന രോഗികള്‍ക്കാണ് കൊടുത്തത്. മൂന്നെണ്ണം സംസ്ഥാനത്തിന് പുറത്തു വിറ്റു. ഏതാണ്ട് 140 കോടിയോളം രൂപ അവയവ  കച്ചവടത്തിലൂടെ  സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികള്‍ കെക്കലാക്കിയെന്ന് ഡോ. ഗണപതി ഹാക്കോടതിയില്‍ ബോധിപ്പിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച രോഗി ചികിത്സയിലായിരുന്ന ആശുപത്രി 12 കോടിയോളം രൂപ വേറെയും ഉണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട മരുന്നുകളുടെ വില്‍പനയിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉണ്ടാക്കിയത് ഏതാണ്ട് 30 കോടിയോളം രൂപ വരുമെന്നാണ് ഹര്‍ജിയില്‍ ഡോ. ഗണപതി വെളിപ്പെടുത്തുന്നത്.

സ്വകാര്യ ആശുപത്രികളും മസ്തിഷ്‌ക മരണം തീരുമാനിക്കുന്ന ഡോക്ടര്‍മാരും തമ്മിലുള്ള  ഒത്തുകളിയിലൂടെയാണ് കോടികളുടെ കൊയ്ത്ത് നടക്കുന്നത്. അവയവ മാറ്റ നിമയപ്രകാരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ഒരു പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് ആണ് ഒരു രോഗിയുടെ മസ്തിഷ്‌ക മരണം തീരുമാനിക്കുന്നത്.

124 വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്നാണ് ഓരോ കേസിയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. ഈ 124ല്‍ 75 ശതമാനവും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരാണ്.

ഇവരില്‍ നിന്ന് രൂപവത്ക്കരിക്കുന്ന നാല് വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് മസ്തിഷ്‌ക മരണത്തിനിടയാകുന്ന ആറെ ആറ് മണിക്കൂറിന്റെ ഇടവേളയില്‍ വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട തിയിലുള്ള വൈദ്യപരിശോധനകള്‍ നടത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിലാണ് അവയവങ്ങള്‍ എടുക്കുന്ന കാര്യം തീരുമാനിക്കുക. ഈ ഡോക്ടര്‍മാരില്‍ മസ്തിഷ്‌ക മരണ പരിശോധനയ്ക്ക് വിധേയനാകുന്ന രോഗി  കിടക്കുന്ന ആശുപത്രിയുടെ ചുമതലക്കാരനായ ഡോക്ടറും രോഗിയെ ചികിത്സിക്കുന്ന ഡോക്ടറും ആണ് രണ്ടുപേര്‍. മറ്റ് രണ്ടുപേര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുമാകും.

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ രൂപവത്ക്കരിക്കുന്ന പാനലില്‍ 75 ശതമാനവും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരായതുകൊണ്ടുതന്നെ മെഡിക്കല്‍ ബോര്‍ഡ് പരസ്പര സഹായ സംഘമായി പ്രവര്‍ത്തിക്കുകയാണ് പതിവെന്ന് ഡോ. ഗണപതി ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരായിരിക്കും ഇവരത്രയും. ഇത് നിരീക്ഷിക്കുകയും  നിയന്ത്രിക്കുകയും ചെയ്യുന്ന അധികാരിയായ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ ഇതേവരെ ഉദാസീന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കോടികളുടെ അവയവ കച്ചവടം അനായാസം നടക്കുന്നതത്രേ. അവയവം നല്‍കുന്നയാളുടെയും സ്വീകരിക്കുന്ന ആളുടെയും പരിശോധനകള്‍ നടത്തുന്നതില്‍ ക്രിത്രിമം കാണിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതത്രെ.

അവയവങ്ങളുടെയും രക്തത്തിന്റെയും മറ്റും പൊരുത്തം യഥാവിധി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാതെയാണ് അവയവ മാറ്റങ്ങള്‍ നടക്കുന്നത്.

അതുകൊണ്ടുതന്നെ അവയവ മാറ്റം നടത്തി രോഗികള്‍ അതിജീവിച്ച കേസുകള്‍ കേരളത്തില്‍ വളരെ കുറവാണ്. അതിജീവന നിരക്കിനേക്കാള്‍ നടത്തിയ ശസ്ത്രക്രിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ആശുപത്രികള്‍ക്ക് താല്പര്യം.

ഒരു വൈദ്യശാസ്ത്ര രീതി എത്രമാത്രം സ്വീകരിക്കാവുന്നതാണെന്ന് വിലയിരുത്തുന്നത് ആ രീതിയുടെ അതിജീവന നിരക്ക്, അവയവം സ്വീകരിച്ച ആളുടെ ജീവിതമേന്മ, അയാള്‍ രോഗരഹിതനായി ജീവിക്കുന്ന കാലം എന്നിവ വിശകലനം ചെയ്താണ്. കേരളത്തില്‍ ഇതേവരെ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളില്‍ ഇത് മൂന്നും വളരെ കുറവാണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം മാറ്റിവെച്ചവരില്‍ ഒരു വര്‍ഷത്തിലേറെ ജീവിച്ചവര്‍ 84.5 ശതമാനമാണ്. അഞ്ച് വര്‍ഷത്തിലേറെ ജീവിച്ചവര്‍ 72.5 ശതമാനവും 20 വര്‍ഷത്തിലേറെ ജീവിച്ചവര്‍ 21 ശതമാനവും ആണ്. എന്നാവ്, കേരളത്തില്‍ 2016 ഒക്‌ടോബര്‍ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ ഒരു വര്‍ഷത്തിലേറെ കാലം ജീവിച്ചവര്‍ വെറും രണ്ടുപേര്‍ മാത്രമാണ് എന്ന് ഡോ. ഗണപതി കോടതിയില്‍ ചൂണ്ടിക്കാട്ടി. ലോക നിലവാരമായ 84.5 ശതമാനവുമായി 
താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കേവലം അഞ്ച് ശതമാനം മാത്രം.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ 67 ശതമാനം ആണ് ലോക നിലവാരത്തിലുള്ള അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അതിജീവന നിരക്ക്. 10 വര്‍ഷത്തിന് മേലെ 57 ശതമാനവും. 2016 ഒക്‌ടോബര്‍ വരെ നടന്ന 187 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ ഒരു വര്‍ഷത്തിനു മേലെ ജീവിച്ചവര്‍ 30 ശതമാനം മത്രം. 96 ശതമാനം വൃക്ക മാറ്റിവയ്ക്കല്‍ കേസുകളും ഒരു വര്‍ഷത്തിലേറെ കാലം ജീവിക്കാറുണ്ട്. അഞ്ച് വര്‍ഷത്തിലേറെയാണ് 79 ശതമാനം കേസുകളും. കേരളത്തില്‍ ഇത:പര്യന്തം നടന്ന വൃക്ക മാറ്റി വയ്ക്കല്‍ കേസുകളില്‍ 50 ശതമാനം മാത്രമാണ് ഒരു വര്‍ഷത്തിലേറെ ജീവിച്ചതെന്ന് ഡോ. ഗണപതി കോടതിയില്‍ ബോധിപ്പിച്ചു.

അവയവം മാറ്റിവെച്ചവരുടെ അതിജീവന നിരക്ക് ഇവ്വിധം ദയനീയമാകാന്‍ കാരണം രക്തഗ്രൂപ്പ് പൊരുത്ത പരിശോധന ഹ്യൂമണ്‍ ല്യൂക്കോ സൈറ്റ് ആന്റിബോഡി പൊരുത്ത പരിശോധന (എച്ച്. എല്‍. എ). സിറം വൈറ്റ് സെല്‍ ക്രോസ് മാച്ചിംഗ് എന്നിവ നടത്തുന്നതിലെ ക്രമക്കേടാണത്രെ. ല്യൂക്കോസൈറ്റ് ആന്റബഡി പരിശോധന സ്വകാര്യ ആശുപത്രികളില്‍ കടലാസില്‍ മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരു ഗൂഡസംഘം തന്നെ കോടികളുടെ ഈ വ്യാപാരത്തിന് പിന്നിലുണ്ടെന്നാണ് 45 വര്‍ഷമായി വൈദ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗണപതി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.

ആശുപത്രികളേയും ഡോക്ടര്‍മാരേയും ഒഴിവാക്കി സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഒരു അവയവ ശേഖരണ സംവിധാനം  രൂപവത്ക്കരിക്കണമെന്നാണ് അദ്ദേഹം ഇതിന് നിര്‍ദ്ദേശിക്കുന്ന പരിഹാരം.

പരിശോധനകള്‍ നടത്തി അവയവദാനം നടത്തുന്നതിന് ഈ അതോറിറ്റി നേതൃത്വം നല്‍കുകയും സ്വകാര്യ ആശുപത്രികളേയും ഡോക്ടര്‍മാരേയും ഇടനിലക്കാരാക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കോടതിയും ഗവണ്‍മെന്റും ഇക്കാര്യത്തില്‍  അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.

ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് തഴച്ച് വളര്‍ന്ന ഈ കച്ചവടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടുപിടിച്ച് ശിക്ഷിക്കാനല്ല അദ്ദേഹം കോടതിയുടെ സഹായം
തേടിയിരിക്കുന്നത്. വേട്ടയാടല്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കില്ല എന്ന് പറയുന്ന ഡോ. ഗണപതി ആവശ്യപ്പെടുന്നത് കോടതി ഇടപെട്ട് മസ്തിഷ്‌ക മരണ നിര്‍ണ്ണയത്തിനും അവയവ കൈമാറ്റത്തിനും ഒരു ആധികാരിക സംവിധാനം ഉണ്ടാക്കണമെന്നാണ്. കാരണം, മസ്തിഷ്‌ക മരണവും പൂര്‍ണ്ണമായ മരണമല്ല,. 
കേരളത്തില്‍ അവയവ കച്ചവടം കൊഴുക്കുന്നു (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക