Image

യുക്മ ദേശീയ കലാമേള നവംബര്‍ നാലിന്

Published on 16 February, 2017
യുക്മ ദേശീയ കലാമേള നവംബര്‍ നാലിന്

      ലണ്ടന്‍: യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ ആദ്യ യോഗം പുതിയ പ്രവര്‍ത്തന വര്‍ഷത്തെ വിപുലമായ കര്‍മ പരിപാടികള്‍ക്കുള്ള രൂപരേഖ തയാറാക്കി. നിര്‍വാഹക സമിതി യോഗത്തിനുശേഷം പുറത്തിറക്കിയ ആദ്യ സ്വപ്നപദ്ധതി ന്ധയുക്മ സാന്ത്വനം’ യുകെ മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. 

കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയെന്നോണം, പ്രവര്‍ത്തന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ദേശീയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചുകൊണ്ട്, പുതിയ ദേശീയ നേതൃത്വം, പരിപാടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിലെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്. അതനുസരിച്ചു 2017 ലെ ദേശീയ കലാമേള നവംബര്‍ നാലിന് നടക്കും. 

ദേശീയ കലാമേളക്ക് മുന്നോടിയായി എല്ലാ റീജണുകളിലും കലാമേളകള്‍ നടക്കും. റീജണല്‍ കലാമേളകള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആറ് റീജണുകളിലാണ് കലാമേളകള്‍ നടന്നത്. ഈ വര്‍ഷം കാര്യക്ഷമമല്ലാത്ത മറ്റു മൂന്നു റീജണുകള്‍ കൂടി സജീവമാക്കുവാനും പ്രസ്തുത റീജണുകളില്‍ കൂടി കലാമേളകള്‍ സംഘടിപ്പിക്കുവാനുമുള്ള തയാറെടുപ്പിലാണ് ദേശീയ നേതൃത്വം.

കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കലോത്സവം എന്നനിലയില്‍, യുക്മ ദേശീയ കലാമേളകള്‍ വളരെയേറെ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു വരുന്നു. അയ്യായിരത്തോളം യുകെ മലയാളികള്‍ പങ്കെടുക്കുന്ന ഈ കലാ മാമാങ്കം യുകെ പ്രവാസി മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രാവീണ്യത്തിന്റെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക