വിയന്ന: ജര്‍മന്‍ സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയന്‍ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ‘ഹിറ്റ്ലര്‍ മീശ’ വച്ചിട്ടുള്ള ഇയാള്‍ 'ഹെറാള്‍ഡ് ഹിറ്റ്ലര്‍’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിക്കുന്നത് ഓസ്ട്രിയയില്‍ കുറ്റകരമാണ്.
ബ്രോണാവു ആം ഇന്‍ എന്ന സ്ഥലത്തുള്ള ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളും ഇയാളുടെ പക്കല്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത് ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാള്‍ താമസം മാറ്റിയിരുന്നു. ഇതൊരു താമാശയായി കാണാന്‍ സാധിക്കില്ലെന്ന് പോലീസ് വക്താവ് ഡേവിഡ് ഫര്‍നെര്‍ പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം യുവാവിന് അറിയാമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു.
1889 ഏപ്രില്‍ 20ന് അപ്പര്‍ ഓസ്ട്രിയയിലെ ബ്രോണാവുവില് മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്ലര്‍ ജനിച്ചത്.