Image

ജയലളിതയും ശശികലയും നിഗൂഢതകളും (ജോസഫ് പടന്നമാക്കല്‍)

Published on 14 February, 2017
ജയലളിതയും ശശികലയും നിഗൂഢതകളും (ജോസഫ് പടന്നമാക്കല്‍)
ജയലളിതയുടെ പിന്‍ഗാമിയായി തമിഴ്‌നാട് മുഖ്യമന്ത്രിപദം വരെ അലങ്കരിക്കാന്‍ തയ്യാറായി വന്ന ശശികലയുടെ മോഹം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ ഇല്ലാതായത് അവരുടെ രാഷ്ട്രീയ ഭാവിക്ക് ഒരു തിരിച്ചടിയായിരുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് നാലുവര്‍ഷത്തെ തടവും പത്തുകോടി രൂപ പിഴയുമാണ് ഇന്ത്യന്‍ സുപ്രീം കോടതി അവര്‍ക്കെതിരെ വിധിച്ചിരിക്കുന്നത്. ഈ വിധി തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ തകിടം മറിക്കുന്നതായിരുന്നു. ശശികല വളരെ കഴിവും ബുദ്ധിയുമുള്ള സ്ത്രീയാണ്. അതിനേക്കാളും ഉപരി പഠിച്ച ഒരു കള്ളിയുമാണ്. തമിഴ്‌നാടിന്റെ ചരിത്രം തന്നെ മാറ്റിയെടുക്കാന്‍ ഈ സ്ത്രീക്ക് ഇതിനോടകം കഴിഞ്ഞു. അധികാരം കയ്യടക്കാന്‍ അവര്‍ എല്ലാ വിധ തന്ത്രങ്ങളും ഇതിനിടയില്‍ നെയ്തിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ അവര്‍ക്കെതിരെ തിരിയാതിരിക്കാനും എതിര്‍ കക്ഷികള്‍ നിയമസാമാജികരെ ചാക്കിട്ടു പിടിക്കാതിരിക്കാനും എം.എല്‍.എ. മാരെ തടവിലെന്ന പോലെ അവര്‍ പ്രത്യേക സ്ഥലങ്ങളില്‍ പാര്‍പ്പിച്ചിരുന്നു. ജയലളിതയുടെ പിന്‍ഗാമിയായി പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നാളുകളില്‍ ഇനി ശശികലയും ഒപ്പമുള്ള മറ്റു അഴിമതിക്കാരും കല്‍ത്തുറുങ്കിനുള്ളിലായിരിക്കും. അമ്മയുടെ പിന്‍ഗാമി ചിന്നമ്മയെന്ന അദ്ധ്യായം അവിടെ അണയുകയാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മഹോന്നത പീഠം അതിനു സാക്ഷിയും.

മുപ്പതു വര്‍ഷങ്ങളോളം തമിഴ്‌നാടിന്റെ ഭരണ നേതൃത്വത്തില്‍ ഇരുന്ന ജയലളിത ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്നുവെന്നതും ചരിത്രമാണ്. എം.ജി. രാമചന്ദ്രനുശേഷം തമിഴ്‌നാടിന്റെ ഹൃദയം കവര്‍ന്ന ഒരു നേതാവായിരുന്നു അവര്‍. ഈ ചരിത്രകഥയില്‍ സ്‌നേഹമുണ്ട്, വാത്സല്യമുണ്ട്, വൈകാരിതയുമുണ്ട്. ഒപ്പം ചതിയുടെ മുഖവും നിഴലിക്കുന്നത് കാണാം. ബോളിവുഡിനെപ്പോലും വെല്ലുന്ന ഈ കഥയിലെ രണ്ട് നായികമാരാണ് ജയലളിതയും ശശികല നടരാജനും.

ജയലളിതയുടെ യാദൃശ്ചികമായ മരണം തമിഴ്‌നാടിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്തിന് കാരണമായി തീര്‍ന്നു. അവരുടെ മരണം സ്വാഭാവികതയല്ലെന്നും ദുരൂഹതകളുണ്ടെന്നും ശക്തമായ അഭിപ്രായങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. മരണത്തില്‍ ശശികലയുടെ കൈകളുണ്ടെന്നുള്ള ജനസംസാരം നാടുമുഴുവനുമുണ്ട്. ഒരു ചെറിയ പനി കാരണം ജയലളിതയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വയറിളക്കവും ശരീരത്തിലെ ജലാംശം ഇല്ലാതായതുമായിരുന്നു കാരണം. ചെന്നൈയിലുള്ള അപ്പോളോ ഹോസ്പിറ്റല്‍ അവരെ ചികത്സയ്ക്കായി പ്രവേശിപ്പിച്ചു. അധികാരികള്‍ അവരെ സിംഗപ്പൂരുള്ള സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ ജയലളിതയുടെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരുന്ന ശശികല അതിനു തടസംനിന്നു. സിംഗപ്പുര്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടായെന്നു അവര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടു ശശികല അവരുടെ തനതായ തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നീട് പരസ്പര വിരുദ്ധങ്ങളായ വാര്‍ത്തകളാണ് ഹോസ്പിറ്റലില്‍ നിന്നും വന്നുകൊണ്ടിരുന്നത്. അതിലെല്ലാം ശശികലയുടെ പ്രവര്‍ത്തനങ്ങളില്ലേയെന്നും സംശയിക്കുന്നു.

അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ഒന്നുരണ്ടു ദിവസത്തിനകം ജയലളിത സാധാരണ നിലയിലെന്നു വിഞ്ജാപനം പുറപ്പെടുവിച്ചു. ഇതുകേട്ട് അവരുടെ ആരാധകരെല്ലാം സന്തോഷിക്കുകയും ജയലളിത ഉടന്‍ ഹോസ്പിറ്റലില്‍ നിന്ന് വിടുതലാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. എ.ഐ.ഡി.എം കെ യുടെ ഏതാനും നേതാക്കന്മാരും ജയലളിതയുടെ ആരോഗ്യം മെച്ചമെന്നും പ്രസ്താവിച്ചു. അവര്‍ ഹോസ്പിറ്റലില്‍ നിന്നും ഓഫിസ് ജോലികളും സംസ്ഥാനത്തിന്റെ സുപ്രധാന തീരുമാനങ്ങളും എടുക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ അപ്പോളോ ഹോസ്പിറ്റല്‍ ഒരു തരം നാടകം കളിയാരംഭിച്ചു. ഒക്ടോബര്‍ രണ്ടാം തിയതി മുതല്‍ ജയലളിതയ്ക്ക് ആന്റി ബൈയോട്ടിക്ക് കൊടുക്കാന്‍ ആരംഭിച്ചുവെന്നു ഹോസ്പിറ്റല്‍ പ്രവര്‍ത്തകര്‍ പ്രസ്താവിച്ചു. ബുദ്ധിമതിയായ ശശികല ഇതേ സമയം ഇംഗ്ലണ്ടിലുള്ള ഇന്റന്‍സീവ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ റിച്ചാര്‍ഡുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴാം തിയതി ജയലളിതയ്ക്ക് റെസ്പിറേറ്ററി സപ്പോര്‍ട്ടും ആന്റി ബയോട്ടിക്കും മറ്റു സപ്പോര്‍ട്ടീവ് തെറാപ്പിയും നല്‍കിയെന്ന് പറഞ്ഞു. ചെറിയ പനിയുണ്ടെന്നും അറിയിച്ചു.

ഇതിനിടയില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ കരുണാനിധിയുടെ ഭാര്യ ഹോസ്പിറ്റലില്‍ എത്തി. എന്നാല്‍ അവരെ ജയലളിതയെ കാണാന്‍ അനുവദിച്ചില്ല. അവരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി പറയാന്‍ ശശികലയാണ് അവിടെയെത്തിയത്. അതുപോലെ സമുദായ രാഷ്ട്രീയ നിലവാരങ്ങളില്‍ പ്രസിദ്ധരായവരും, രാഷ്ട്രീയക്കാരും സിനിമാ ലോകത്തുള്ളവരും ജയലളിതയെ കാണാന്‍ ശ്രമിച്ചെങ്കിലും ആരെയും ഹോസ്പിറ്റലിലേക്ക് കടത്തിവിട്ടില്ല. അക്കൂടെ രജനികാന്തും രാജ്യസഭയിലെയും പാര്‍ലമെന്റിലെയും അംഗങ്ങളും ഉള്‍പ്പെടുന്നു. അവരുടെയെല്ലാം മദ്ധ്യവര്‍ത്തിയായി സംസാരിച്ചിരുന്നത് ശശികലയായിരുന്നു. ശശികലയ്ക്കല്ലാതെ മറ്റാര്‍ക്കും ഹോസ്പിറ്റലില്‍ പ്രവേശനമില്ലായിരുന്നു,

നവംബര്‍ ആറാം തിയതി അപ്പോളോ ഹോസ്പിറ്റല്‍ കാര്യനിര്‍വ്വാഹകര്‍ ജയലളിത സുഖമായതായി പൊതുജനത്തെ അറിയിച്ചു. അവര്‍ സാധാരണ നിലയില്‍ ചുറ്റുപാടുമുള്ള കാര്യങ്ങളെ ഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. പിന്നീടുള്ള രണ്ടാഴ്ച കഴിഞ്ഞും അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുമുള്ള അറിയിപ്പില്‍ അവരുടെ രോഗം ശാന്തമായിയെന്നായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ക്ക് സ്വന്തം ജോലികള്‍ ചെയ്യാന്‍ സാധിക്കുമെന്നും അറിയിച്ചു. ശശികല ജയലളിതയുടെ അടുത്ത സഹകാരിയും ഉറ്റ തോഴിയുമായിരുന്നതുകൊണ്ടു എല്ലാവരും അവരുടെ വാക്കുകളെ വിശ്വസിച്ചിരുന്നു. നവംബര്‍ പതിനെട്ടാം തിയതിയും അപ്പൊളോ ഹോസ്പിറ്റലിലെ 'റെഡി'യെന്നു പേരുള്ള ഒരു ഡോക്ടറും ജയലളിത സാധാരണ നിലയിലായെന്നും അവരുടെ ആരോഗ്യനില മെച്ചമാണെന്നുമാണ് പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഡിസ്ചാര്‍ജായി വീട്ടില്‍ പോകാമെന്നും അറിയിച്ചു. തമിഴ് ജനത ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കാനും തുടങ്ങി. എന്നാല്‍ പിന്നീട് നവംബര്‍ പത്തൊമ്പതുമുതല്‍ ഡിസംബര്‍ നാലുവരെ ജയലളിതയെ സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഈ പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും സംഭവിച്ചുവെന്നാണ് എല്ലാവരും കരുതുന്നത്. ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് എ.ഡി.എം.കെ യുടെ വക്താവ് ജയ ലളിത മരിച്ചവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാസ്തവത്തില്‍ അപ്പോളോ ഹോസ്പിറ്റലില്‍ നടന്ന സംഭവങ്ങളെന്താല്ലാമെന്നു പുറം ലോകത്തിനറിവില്ല. ഇതൊരു ദുര്‍ഗ്രാഹ്യമായ ചരിത്രസത്യമായി മാറിക്കഴിഞ്ഞു. ജയലളിതയുടെ അവസാന കാലത്ത് അവരുടെ ബന്ധുക്കാരെ ആരെയും ഹോസ്പിറ്റലില്‍ പരിചരണത്തിലിരിക്കുന്ന അവരെ കാണാന്‍ അനുവദിക്കാത്തതിലും നിഗൂഢതയുണ്ടെന്ന് അനുമാനിക്കുന്നു.

ജയലളിത മരിച്ചത് വിഷം മൂലമോ, ഹ്രദയാഘാതമോ, സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഗൂഢാലോചനകള്‍ അതിലുണ്ടോ, ജയലളിതയുടെ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തത് ആരെല്ലാം, എന്നിങ്ങനെ ഉത്തരമില്ലാത്ത അനേക ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അടുത്ത കാലംവരെ ചോദ്യം ചെയ്യാതിരുന്ന വസ്തുതകള്‍ ഇന്ന് പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി മാറി. ഒരു സീനിയര്‍ ജേര്‍ണലിസ്റ്റ് ഹുസാനിയുടെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്. 'കഴിഞ്ഞ സെപ്റ്റംബറില്‍ ജയലളിതയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പായി അവര്‍ക്ക് തെറ്റായ ഡയബീറ്റിക്കസ് മെഡിസിന്‍ കൊടുത്തുവെന്നാണ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2012ല്‍ തെഹല്‍ഖ (Tehelka magazine) യെന്ന ഒരു മാഗസിനും പ്രസിദ്ധീകരിച്ചിരിക്കുന്നത് 'അവര്‍ക്ക് മെല്ലേ കൊല്ലുന്ന ഏതോ മാരകമായ മെഡിസിന്‍ കൊടുത്തിരിക്കുമെ'ന്നാണ്. ബോധം കെടാനും, പയ്യെ മരിക്കാനും എന്തോ കെമിക്കലായിട്ടുള്ള പദാര്‍ത്ഥം അവരുടെ ഉള്ളില്‍ ചെന്നുവെന്നാണ് അനുമാനം. ശശികലയുടെ നിര്‍ദേശത്തില്‍ ഒരു നേഴ്‌സിന്റെ സഹായത്തോടെ വിഷം ജയലളിതയ്ക്ക് കൊടുത്തുവെന്ന ആരോപണം തമിഴ്‌നാട് മുഴുവന്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്.

ഈ.സി.എം.ഓ (ECMO(Etxra corporeal membrane oxygenation) കൊടുത്താണ് അവര്‍ ഹോസ്പിറ്റലില്‍ കിടന്നതെന്നു പറയുന്നു. എങ്കില്‍ അവര്‍ ജീവിച്ചിരുന്നതും കൃത്രിമമായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്താലായിരിക്കണം. അവരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ പുറത്തെടുക്കാന്‍ ആരാണ് അനുവാദം കൊടുത്തതെന്നും വ്യക്തമല്ല. മരണകാരണം അതായിരിക്കുമോയെന്നും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

'സൗത്ത് സ്റ്റാര്‍' ജേര്‍ണല്‍ ലേഖികയായ ഗൗതമി റ്റഡിമല്ലായുടെ (Gautami Tadimalla) ലേഖനത്തില്‍ ചില ചോദ്യങ്ങള്‍ അവര്‍ ചോദിച്ചിട്ടുണ്ട്."തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ഒരു പൊതു പ്രവര്‍ത്തകയുമായ ജയലളിതയുടെ രോഗ വിവരങ്ങള്‍ എന്തുകൊണ്ട് രഹസ്യമായി സൂക്ഷിച്ചു?മരിച്ചു പോയ മുഖ്യമന്ത്രിയുടെ പേരില്‍ ആര്‍ക്കായിരുന്നു അധികാരം ഉണ്ടായിരുന്നത്?ആരൊക്കെയായിരുന്നു ജയലളിതയുടെ മേല്‍ തീരുമാനങ്ങള്‍ എടുത്തിതിരുന്നത്?ഒരു സംസ്ഥാനത്തിന്റെ മുഴുവനായുള്ള പ്രശ്‌നങ്ങളില്‍ അവര്‍ നിര്‍ജീവമായി കിടന്നിരുന്ന സമയത്ത് ആരായിരുന്നു അവരുടെ ഔദ്യോഗികമായ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്?ജനങ്ങളോട് ഇത്തരം വിഷയങ്ങളില്‍ ഉത്തരം പറയാന്‍ ആര്‍ക്കാണ് ഉത്തരവാദിത്വം ഉള്ളത്?" ഇങ്ങനെ ഗൗതമി റ്റഡിമല്ലായുടെ നിരവധി ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു.

യുകെയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബീല്‍ (Dr.Richard Beale) ജയലളിതയുടെ മരണത്തെസംബന്ധിച്ച, വാര്‍ത്താ ലേഖകരോട് നല്‍കുന്ന കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കുന്നു. ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ല്‍, ലണ്ടന്‍ ബ്രിഡ്ജ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റാണ്. ജയലളിതയെ നോക്കാനായി മാസത്തില്‍ രണ്ടുതവണകള്‍ ലണ്ടനില്‍ നിന്നും ചെന്നൈയില്‍ സഞ്ചരിക്കുമായിരുന്നു.ശശികലയാണ് ഈ ഡോക്ടറെ ലണ്ടനില്‍ നിന്നും ജയലളിതയ്ക്ക് വേണ്ടി ക്ഷണിച്ചു വരുത്തിയത്. ' ജയലളിതയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സമയം അവരുടെ ആരോഗ്യ സ്ഥിതി വളരെയധികം പുരോഗമിച്ചിരുന്നുവെന്നും പെട്ടെന്നായിരുന്നു അവരുടെ നില ഗുരുതരാവസ്ഥയില്‍ ആയതെന്നും ' അവരെ ചീകത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നും മരണത്തിനുമുമ്പ് അവരുടെ നില മെച്ചമായിരുന്നുവെന്നുള്ള ഹോസ്പിറ്റല്‍ പ്രസ്താവന വന്നതെന്തുകൊണ്ടെന്നും ഹോസ്പിറ്റലിന് പിഴവ് സംഭവിച്ചുവോയെന്നുമുള്ള വിവരങ്ങള്‍ ജനത്തിനറിയണം. എന്തോ അക്ഷരപ്പിശക് ജയലളിതയുടെ മരണത്തില്‍ സംഭവിച്ചിട്ടുണ്ടെന്നുള്ള ഊഹോപാഹങ്ങള്‍ക്കിടയില്‍ ലണ്ടനില്‍നിന്നുള്ള ഒരു ഡോക്ടര്‍ കൂടുതല്‍ ആധികാരികമായ അഭിപ്രായങ്ങളോടെ രംഗത്ത് വന്നിരിക്കുന്നതും സംശയങ്ങള്‍ക്കേ കാരണമാവുകയുള്ളൂ. അപ്പോളോ ഹോസ്പിറ്റലിനെയും ഡോക്ടര്‍മാരെയും അവിഹിതമായി സ്വാധീനം ചെലുത്തി പണംകൊണ്ട് മൂടിയെന്ന വാര്‍ത്തകളാണ് എവിടെയും പ്രചരിക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ശശികലയുടെ ആദികാല ജീവിതത്തെപ്പറ്റിയും ചികയേണ്ടിയിരിക്കുന്നു. ജയലളിതയെ പരിചയപ്പെടുന്നതിനു മുമ്പ് അവര്‍ ഇരുപത്തിയൊമ്പതു വയസുള്ള ഗ്രാമീണയായ കുടുംബിനിയായിരുന്നു. സിനിമാ കാണാന്‍ വലിയ താല്പര്യവും ഒരു നടിയാകണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് നടരാജന്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജോലിയുള്ള പബ്ലിക്ക് റിലേഷന്‍ ഓഫിസറുമായിരുന്നു. കൂടലൂര്‍ ഡിസ്ട്രിക്റ്റിലെ കലക്ടറായ ചന്ദ്രലേഖ (ക.അ.ട)യുടെ കീഴിലായിരുന്നു അവരുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് എം. ജി. രാമചന്ദ്രനുമായി കലക്റ്റര്‍ നല്ല സൗഹാര്‍ദത്തിലുമായിരുന്നു.

എംജി ആറിന്റെ സഹനടിയായിരുന്നു ജയലളിത. ജയലളിതയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാനും എം.ജി.ആര്‍. ആഗ്രഹിച്ചിരുന്നു. ജയലളിത സമ്മേളിക്കുന്ന സ്ഥലങ്ങളിലെല്ലാം കൂട്ടമായി ജനക്കൂട്ടം തിങ്ങി കൂടുന്ന കാരണം എം.ജി.ആര്‍ അവരെ പാര്‍ട്ടിയുടെ എ.ഐ.എ.ഡി.എം കെ യുടെ പ്രധാന വക്താവായി നിയമിച്ചിരുന്നു. ശശികലയ്ക്ക് സിനിമ കാണാന്‍ വലിയ ഭ്രമമായിരുന്നു. അവര്‍ ഒരു വീഡിയോ ക്യാമറ വാങ്ങി സ്ഥലത്തെ വിവാഹങ്ങളുടെ പടങ്ങള്‍ പിടിച്ചുകൊണ്ട് തൊഴില്‍ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവരുടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി കുറച്ചു പോക്കറ്റുമണിയും നേടിക്കൊണ്ടിരുന്നു. ഒരിക്കല്‍ തനിക്ക് ജയലളിതയുടെ വീഡിയോ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനായി ചന്ദ്രലേഖ ഐ.എ.എസിനോട് (I.A.S) ശുപാര്‍ശ ചെയ്യാനും ശശികല ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ചന്ദ്രലേഖയുടെ മകന്‍ അഭിജീത്തിനെ ബേബി സിറ്റിംഗ് ചെയ്യുന്നത് ശശികലയായതുകൊണ്ടു അവര്‍ അത് സമ്മതിച്ചു. ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അങ്ങനെ ഈ രണ്ടു സ്ത്രീകളും ആദ്യമായി കണ്ടുമുട്ടി. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയലളിതയ്ക്ക് ശശികല വിശ്വസിക്കാവുന്ന ഒരാളായി മാറി. ഒടുവില്‍ അവരുടെ മനസ് സൂക്ഷിപ്പുകാരിയുമായി. നല്ല കാലങ്ങളിലും ദൗര്‍ഭാഗ്യം നിറഞ്ഞ കാലങ്ങളിലും ഒരുപോലെ ശശികല ജയലളിതയോടൊപ്പമുണ്ടായിരുന്നു. നാനാവിധ രാഷ്ട്രീയ കലക്കങ്ങള്‍ക്കുശേഷം 1991ല്‍ ജയലളിത വമ്പിച്ച ഭൂരിപക്ഷത്തോടെ തമിഴ്‌നാട് മുഖ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കൂടെ ശശികലയും രാഷ്ട്രീയത്തില്‍ ശക്തിയുള്ള സ്ത്രീയായി വളര്‍ന്നു കഴിഞ്ഞിരുന്നു. വാസ്തവത്തില്‍ അവര്‍ക്കു ജയലളിതയേക്കാള്‍ അധികാരം ഉണ്ടായിരുന്നു. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമയങ്ങളില്‍ മന്ത്രിമാര്‍ സാധാരണ ശശികലയോടായിരുന്നു ആലോചിച്ചിരുന്നത്.

സുരക്ഷിത കാര്യങ്ങള്‍ക്കായി ജയലളിതയുടെ ചുറ്റും ശശികലയുടെ ബന്ധുക്കളെ നിയമിച്ചിരുന്നു. ശശികലയുടെ ബന്ധുജനങ്ങളെ മന്നാര്‍ഗുഡി മാഫിയാ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മന്നാര്‍ഗുഡിയിലാണ് ശശികല ജനിച്ചത്. ശശികല ആദ്യം ജയലളിതയുടെ വീട്ടില്‍ മാറിത്താമസിച്ച കാലങ്ങളില്‍ അവര്‍ ജയലളിതയുടെ താമസസ്ഥലമായ ആഡംബര ബംഗ്‌ളാവില്‍ (Posh Garden) മണ്ണാര്‍ ഗുഡിയില്‍ നിന്നും നാല്‍പ്പതു സേവകരുമായിട്ടായിരുന്നു വന്നെത്തിയത്. അവരില്‍ പാചകക്കാര്‍, സെക്യൂരിറ്റികള്‍, െ്രെഡവര്‍മാര്‍, സന്ദേശം കൊടുക്കുന്നവര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടിരുന്നു. ശശികലയുടെ സഹായത്താല്‍ അവരുടെ ബന്ധുജനങ്ങളെല്ലാം ധനികരായി തീര്‍ന്നിരുന്നു. അഴിമതിയും കൈക്കൂലിയും മൂലം പണം സമ്പാദിക്കുന്നുവെന്നു തമിഴ്‌നാടുമുഴുവന്‍ പൊതുവെ സംസാരമുണ്ടായിരുന്നു. 1996ല്‍ ജയലളിതയുടെ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണവുമതായിരുന്നു.

1998ല്‍ ഒരിക്കല്‍ക്കൂടി ജയലളിതയുടെ സമയം തെളിഞ്ഞു. എ.ഐ.ഡി.എം.കെ (AIADMK) യുടെ സഹായത്തോടെ കേന്ദ്രത്തില്‍ ബാജ്പയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അധികം താമസിയാതെ ബാജ്പയി മന്ത്രിസഭയെ തകിടം മറിക്കാനും സാധിച്ചു. അതിന് ശശികലയുടെ ഒരു പ്രധാന പങ്കുമുണ്ടായിരുന്നു. 1999ല്‍ ഹോട്ടല്‍ അശോകയില്‍ ശശികല സോണിയായ്ക്കും ജയലളിതയ്ക്കും ഒരു പാര്‍ട്ടി കൊടുത്തു. സുബ്രമണ്യ സ്വാമി അന്നത്തെ നേതാക്കന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നേതൃത്വം കൊടുത്തിരുന്നു. സുബ്രമണ്യം സ്വാമിക്ക് ക്യാബിനറ്റ് റാങ്കില്‍ മന്ത്രിസ്ഥാനം കൊടുക്കാത്തതില്‍ ബാജ്പയിയോട് വിദ്വെഷവുമുണ്ടായിരുന്നു. പിന്നീട്, ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ അനധികൃത സ്വത്തു സമ്പാദന കേസിനു തിരികൊളുത്തിയതും അവസര രാഷ്ട്രീയത്തിന്റെ പിതാവായ സുബ്രഹ്മണ്യ സ്വാമിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.ശശികലയുടെ അശോകാ ഹോട്ടലില്‍ നടത്തിയ ഈ ടീപാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഒരു ഭൂമികുലുക്കത്തിനു കാരണമായി. എ.ഐ.ഡി.എം.കെ (അകഅഉങഗ) അന്ന് ബാജ്പയി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതുകൊണ്ട് സര്‍ക്കാര്‍ ഒരു വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. കേന്ദ്ര മന്ത്രിസഭ താഴെ വീഴുകയും ചെയ്തു. ജയലളിത ഹൈക്കോടതിയുടെ ഒരു ഓര്‍ഡര്‍പ്രകാരം 2003ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുകയും 2006ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. അങ്ങനെ ജയലളിതയുടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ശശികല എക്കാലവും ഒപ്പമുണ്ടായിരുന്നു.

2011ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ വന്നു. അപ്പോഴാണ് മന്നാര്‍ഗുഡി ഗുണ്ടകള്‍ ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ പദ്ധതിയിട്ടത്. ജയലളിത അനധികൃത സ്വത്തു സമ്പാദിച്ചതില്‍ ജയിലില്‍ പോകുമെന്നാണ് വിചാരിച്ചത്. ശശികലയ്ക്ക് അതിപ്രധാനമായ ജയലളിതയുടെ മുഖ്യമന്ത്രി പോസ്റ്റ് ലഭിക്കുമെന്നും വിചാരിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ജയലളിതയുടെ സുഹൃത്തുമായിരുന്നു. മന്നാര്‍ഗുഡി ഗുണ്ടാ വിളയാട്ടം കാരണം തമിഴ് നാട്ടില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആരും പണം നിക്ഷേപിക്കുന്നില്ലെന്നും കമ്പനികള്‍ തമിഴ്‌നാട്ടില്‍ നിന്നും പോവാന്‍ തുടങ്ങുന്നുവെന്നും നരേന്ദ്ര മോദി ജയലളിതയ്ക്ക് മുന്നറിയിപ്പ് കൊടുത്തു. ശശികലയുടെ കുടുംബം തമിഴ് നാട്ടിലെ ബിസിനസ്സ് തുടങ്ങുന്നവരില്‍നിന്ന് കോഴയായി അമിത പണം ഈടാക്കുന്നുവെന്നായിരുന്നു ആരോപണം.

ഒരിക്കല്‍ ജയലളിത ശശികലയെ അറിയിക്കാതെ മെഡിക്കല്‍ ടെസ്റ്റിന് പോയി. അവരുടെ ഉള്ളില്‍ എന്തോ വിഷം ചെന്നിരുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ശശികല ഒരു നേഴ്‌സിനെ നിയമിച്ചിട്ടുണ്ടായിരുന്നു. പഴവര്‍ഗങ്ങളും മെഡിസിനും അവരായിരുന്നു ജയലളിതയ്ക്ക് കൊടുത്തുകൊണ്ടിരുന്നത്. ആ സമയം ജയലളിതയുടെ ക്ഷമ മുഴുവന്‍ നശിച്ചിരുന്നു. ബാഗ്ലൂര്‍ മീറ്റിംഗില്‍ ജയലളിത ജയിലില്‍ പോവുകയാണെകില്‍ അവരുടെ പിന്‍ഗാമിയുടെ കാര്യം ശശികലയുടെ ബന്ധുക്കള്‍ സംസാരിച്ചതായും വിവരം കിട്ടി. 2011 ഡിസംബര്‍ പതിനേഴാം തിയതി ശശികലയുടെ ബന്ധുജനങ്ങളെയും ശശികലയെയും വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ജയലളിത തന്റെ തോഴിയായ ശശികല നടരാജനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് ഒരു ഞെട്ടലോടു കൂടിയായിരുന്നു കേട്ടത്. നിയമപരമല്ലാതെ പണമുണ്ടാക്കിയതിനു ശശികലയുടെ കുടുംബത്തിലുള്ള ഏതാനും പേരെ ജയിലിലുമാക്കി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു സൗഹാര്‍ദ ബന്ധത്തിന് അവിടെ ഉലച്ചില്‍ വന്നു. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അത് ദുഖകരമായ ഒരു സംഭവവുമായിരുന്നു. എന്നാല്‍ ആ പിണക്കം അധികകാലം നീണ്ടുനിന്നില്ല. 2012 മാര്‍ച്ചില്‍ ജയലളിത അവരെ തിരികെ വിളിച്ചു. ശശികലയുടെ കുടുംബത്തിലുള്ളവര്‍ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തിയ വിവരം അവര്‍ക്ക് അറിയില്ലായിരുന്നുവെന്നു പറഞ്ഞു ക്ഷമ ചോദിച്ചു പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും ചെയ്തു.

എന്താണ് ഇതിലെ സത്യമെന്നുള്ളതില്‍ അഭ്യൂഹങ്ങളുണ്ട്. രണ്ടു പതിറ്റാണ്ടുകളോളം അവര്‍ കാത്തു സൂക്ഷിച്ചിരുന്ന ബന്ധത്തിന് വിള്ളല്‍ വരാന്‍ കാരണമെന്ത്? ജയലളിതയുടെ ആത്മസുഹൃത്തായ ശശികലയുടെ പേരില്‍ ഇങ്ങനെ ഒരു ശിക്ഷണ നടപടി എന്തിനെടുത്തു? വീണ്ടും ശശികലയുടെ സഹായം ജയലളിത എന്തുകൊണ്ട് മേടിച്ചുവെന്നതും ജയലളിതയെ അതിനു പ്രേരിപ്പിച്ചതെന്തെന്നും ആര്‍ക്കുമറിയില്ല. ശശികലയുടെ ഗുണ്ടകളുടെ സമ്മര്‍ദം മൂലം ജയലളിതയുടെ ജീവനു ഭീക്ഷണിയായിട്ടും അവര്‍ എന്തുകൊണ്ട് ശശികലയോട് ക്ഷമിച്ചു. അതിനെല്ലാം ഉത്തരം കിട്ടണമെങ്കില്‍ ഗഹനമായ അന്വേഷണം ആവശ്യമാണ്. മഞ്ഞപത്രങ്ങള്‍ അവരുടെ വ്യക്തിപരമായ ജീവിതത്തെ സ്പര്‍ശിച്ചുകൊണ്ട് കഥകള്‍ ഇറക്കുന്നുണ്ട്. ശശികലയെയും ജയലളിതയെപ്പറ്റിയും അവരുടെ സദാചാര നിരതമായ ധാര്‍മ്മിക നീതിയെപ്പറ്റിയും ദുരൂഹതകളുമുണ്ട്. ജയലളിത മരിച്ചെന്നും കൊല്ലപ്പെട്ടെന്നും പറയുന്നു. അത് എത്രമാത്രം സത്യമുണ്ടെന്നും വ്യക്തമല്ല. ജയലളിതയുടെ സമീപകാലങ്ങളിലെ ദുരന്തപൂര്‍ണ്ണങ്ങളായ ഈ കഥയില്‍ സംശയത്തിന്റെ നിഴലുകളും ബാക്കി നില്‍ക്കുന്നതായി കാണാം.
ജയലളിതയും ശശികലയും നിഗൂഢതകളും (ജോസഫ് പടന്നമാക്കല്‍)ജയലളിതയും ശശികലയും നിഗൂഢതകളും (ജോസഫ് പടന്നമാക്കല്‍)ജയലളിതയും ശശികലയും നിഗൂഢതകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക