Image

ചിറകറ്റ ചിന്നമ്മ, നാടകാന്തം കാരാഗൃഹം...(എ.എസ് ശ്രീകുമാര്‍)

Published on 14 February, 2017
ചിറകറ്റ ചിന്നമ്മ, നാടകാന്തം കാരാഗൃഹം...(എ.എസ് ശ്രീകുമാര്‍)
തമിഴകത്തിനിത് ഒരു ചരിത്ര വിധിവിജയത്തിന്റെ വാലന്റൈന്‍സ് ഡേ. ഇന്നീ പ്രണയ ദിനത്തില്‍ മണ്‍മറഞ്ഞ ജയലളിതയുടെ പ്രിയ തോഴി ശശികല കാരാഗൃഹവാസത്തിന്റെ ഇണ്ടാസു നേടി സങ്കടക്കടലിന്റെ നടുച്ചുഴിയിലായിരിക്കുന്നു. ജയലളിത ഒന്നാം പ്രതിയായ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് സുപ്രീം കോടതി ശരിവച്ചതോടെ തമിഴ്‌നാട്ടില്‍ ശശികല അധ്യായം അടഞ്ഞു. ഭാഗ്യം തുണയ്ക്കാത്ത നേതാക്കളുടെ ഇരുണ്ട പട്ടികയിലേയ്ക്ക് മന്നാര്‍കുടി മാഫിയയുടെ അടയാളമായ ചിന്നമ്മയുടെ പേരും ചേര്‍ക്കപ്പെട്ടതോടെ ഈ വാലന്റൈന്‍സ് ഡേ, അഴിമതിക്കെതിരായ പോരാട്ടവിജയത്തിന്റെ ശുഭദിനമായി തമിഴ് ജനത അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി. പരമോന്നത കോടതിയുടെ സുപ്രധാന വിധി വന്നതോടെ അശനിപാതം പോലെ തമിഴ് മണ്ണില്‍ സംഭവിക്കാനിരുന്ന ഒരു വന്‍ വിപത്ത് വഴിമാറിയിരിക്കുന്നു...മാഫിയാ രാഷ്ട്രീയത്തില്‍ നിന്നും തമിഴ് മക്കള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ജുഡീഷ്യറിയുടെ നൈതിക ബോധവും കൂടുതല്‍ ദീപ്തമാവുന്ന മഹനീയ വേളയാണിത്.

വിധി കേട്ട് പൊട്ടിക്കരഞ്ഞ ചിന്നമ്മ പറഞ്ഞത്, അമ്മയെപ്പോലെ താനും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവെന്നാണ്. വിധി പ്രസ്താവം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ ശശികല, എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന മഹാബലിപുരത്തെ കൂവത്തൂരിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് പോലീസ് വലയത്തിലായി. മുപ്പതോളം ബസുകളിലായി അഞ്ഞൂറിലധികം പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും റിസോര്‍ട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അവിടെയുണ്ടായിരുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ നിന്നും മനസിലാക്കേണ്ടത് എം.എല്‍.എമാര്‍ സുഖവാസത്തിലായിരുന്നില്ല, മറിച്ച് പിന്തുണ ഉറപ്പാക്കാന്‍ ചിന്നമ്മ തടവില്‍ വയ്ക്കുകയായിരുന്നുവെന്നാണ്. ഇതിനിടെ ഒരു എം.എല്‍.എയുടെ അമ്മ മരിച്ചിട്ടുപോലും വിട്ടില്ലത്രേ. മറ്റൊരു എം.എല്‍.എ, പിടിക്കപ്പെടാതിരിക്കാന്‍ ബര്‍മുഡ ധരിച്ച് രക്ഷപെട്ടുവെന്നും കേള്‍ക്കുന്നു. ഇത്തരം കുടിലതകള്‍ക്ക് വളമിടുന്ന ശശികലയുടെ കൈയിലേയ്ക്ക് തമഴ്‌നാടിന്റെ തിരീടവും ചെങ്കോലും ഏത്തിയാലുണ്ടാകാവുന്ന സ്ഥിതിയെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.

ജന മനസില്‍ ധാര്‍മികമായി ശശികലയെന്നും കുറ്റക്കാരി തന്നെ. അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞടുത്തതു മുതല്‍ മുഖ്യമന്ത്രിക്കസേരയിലിരിപ്പുറപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു ചിന്നമ്മ. തമിഴ്‌നാടിന്റെ തലൈവിയാകാനുള്ള ആ വെപ്രാളമാണവര്‍ക്ക് തിരിച്ചടിയായത്. തന്നെ മന്ത്രിസഭയുണ്ടാക്കുന്നതിന് ക്ഷണിക്കണമെന്ന് ശശികല പലവട്ടം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്തന പിന്നീട് ആവശ്യത്തിലേയ്ക്കും കുറ്റപ്പെടുത്തലിലേയ്ക്കും വളര്‍ന്നു. എന്നാല്‍ ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവു എല്ലാം സംയമനത്തോടെ നിരീക്ഷിക്കുകയായിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ വിധിയുണ്ടാവുമെന്ന് പരമോന്നത കോടതി സൂചന നല്‍കിയുരുന്നു. എന്നാല്‍ കോടതി വിധിയും തന്റെ മുഖ്യമന്ത്രി പദവും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു ശശികലയുടെ നിലപാട്. ഒടുവില്‍ വിധിവന്നു. ഇനി ഗവര്‍ണര്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കാം.

വിധിവരും മുമ്പ് ഭരണഘടനാ സാങ്കേതികത്വത്തിന്റെ പേരില്‍ ശശികലയെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്രൂരവും കറുത്തതും നാണംകെട്ടതുമായ ഒരധ്യായമാകുമായിരുന്നു. ശശികലയെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പരിണമിച്ചേനെ. അത് തനിക്ക് കൂടുതല്‍ വിശ്വാസ്യത കിട്ടുമെന്നവര്‍ കരുതി. കാരണം അറസ്റ്റ് ചെയ്യപ്പെട്ട ഒരു മുഖ്യമന്ത്രിയെന്ന തരത്തില്‍ ശശികലയ്ക്ക് തമിഴ് വികാരം ഇളക്കിവിടാന്‍ അവസരം കിട്ടുമായിരുന്നു. മറീന ബീച്ചിലെ ജല്ലിക്കട്ട് സമരത്തില്‍ നാം കണ്ടത് ഇതിന്റെ മറ്റൊരു പതിപ്പാണ്. ചിന്നമ്മ അവസാനം വരെ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ശാശ്വതമായ നിയമം അതിനെ നിഷ്പ്രയാസം മറികടന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. ശശികലയുമായി കുതിരക്കച്ചവടത്തിലൂടെ വിലപേശി പണവും പദവിയും പറ്റിയവര്‍ അവരുടെ മന്ത്രിസഭയില്‍ കൊടിയ അഴിമതിയുടെ ബ്രഹ്മാണ്ഡ രൂപികളാവുന്നതിനും തമിഴ്‌നാട് സാക്ഷ്യം വഹിക്കേണ്ടി വന്നേനേ.

ഇനി നിയമ സഭയ്ക്കുള്ളിലാണ് കളികള്‍. സ്പീക്കര്‍ ധനപാല്‍ ജയയുടെയും ശശികലയുടെയും വിശ്വസ്തനാണ് എന്നത് ശ്രദ്ധേയമാണ്. എന്തായാലും ഗവര്‍ണര്‍ ഫ്‌ളോര്‍ ടെസ്റ്റിന് വിളിക്കുന്നതോടെ പുറത്തുനിന്നും സഭയുടെ നടുത്തളത്തിലേയ്ക്ക് ശ്രദ്ധ മാറും. ശശികലയ്ക്കും ജയയുടെ വളര്‍ത്തുപുത്രന്‍ വി.എന്‍ സുധാകരനും ജെ ഇളവരശിക്കും നാല് വര്‍ഷം വീതം തടവും പത്ത് കോടി രൂപ പിഴയുമെന്ന വിചാരണ കോടതിയുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, അമിതാവ റോയി എന്നിവരടങ്ങുന്ന ബെഞ്ച് ശരിവച്ചിരിക്കുന്നത്. 2015ല്‍ വിചാരണ കോടതി വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതോടെ ഇവര്‍ കുറ്റവിമുക്തരായിരുന്നു. ശശികലയുടെ മുന്നില്‍ ഇനി രണ്ടു വഴികളേയുള്ളൂ. ഒന്ന്, ഇതേ ബെഞ്ചിന്റെ പുനപരിശോധനാ ഹര്‍ജി. രണ്ട്, ഈ വിധിയില്‍ പിഴവുണ്ടെന്നു കാണിച്ച് തിരുത്തല്‍ ഹര്‍ജി. ഈ ഹര്‍ജികള്‍ അനുവദിക്കുന്നതിന് വിദൂര സാധ്യത പോലുമില്ലെന്നിരിക്കെ ശശികല രാഷ്ട്രീയം തമിഴ്‌നാട്ടില്‍ അസ്തമിക്കുകയാണ്.

 നാലുവര്‍ഷം തടവുകഴിഞ്ഞാല്‍ അടുത്ത ആറുവര്‍ഷം അയോഗ്യതയുണ്ട്. പത്തുവര്‍ഷം ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അതുകഴിയുമ്പോള്‍ തമിഴകത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ പാടേ മാറിമറിഞ്ഞിരിക്കും. ഗവര്‍ണര്‍ ഫ്‌ളോര്‍ ടെസ്റ്റ് നടത്തി തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധിരാരമേല്‍ക്കുമ്പോള്‍, ഒരു സംസ്ഥാനത്തെ മാഫിയാ രാഷ്ട്രീയത്തിന്റെയും അഴിമതി രാജിന്റെയും ലേബലില്‍ മുള്‍മുനയില്‍ നിര്‍ത്തിയ ചിന്നമ്മയും കൂട്ടരും കാരാഗൃഹവാസത്തില്‍ പ്രവേശിച്ചിരിക്കും...

ചിറകറ്റ ചിന്നമ്മ, നാടകാന്തം കാരാഗൃഹം...(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക