Image

കരുണാകരനെന്ന ന്യൂസ്‌മേക്കര്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 10 February, 2017
കരുണാകരനെന്ന ന്യൂസ്‌മേക്കര്‍ (ഫ്രാന്‍സിസ് തടത്തില്‍)
രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറി. സമയം രാവിലെ ഏഴു മണി . മുറിക്കു പുറത്ത് ചില ഖദര്‍ ധാരികള്‍ അവിടെയുമിവിടെയും കൂട്ടം കൂടി നില്‍പുണ്ട് . അകത്ത് കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ ചാണക്യന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു കളം മാറ്റിച്ചവിട്ടുന്നതിനുള്ള കോപ്പു കൂട്ടുകയായി . ചിലര്‍ക്ക് അദ്ദേഹത്തെ നേരില്‍ കാണണം .മറ്റു ചിലര്‍ക്ക് അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടു വന്ദിക്കണം . ഇതിനിടയില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റും ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ പ്രൊഫ.കെ.വി. തോമസ് അകത്തേക്ക് . അകത്തുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് . 

 അഞ്ചു മിനിറ്റു നേരം കതകടച്ചിട്ട് മുറിയില്‍ രഹസ്യ ചര്‍ച്ച . അതിനു ശേഷം അടച്ചിട്ട മുറിയില്‍ നിന്ന് പ്രസന്ന വദനനായി തോമസ് മാഷ് പുറത്തേക്ക് . ഇതിനിടെ ചാലക്കുടി ലോക്‌സഭാ സ്ഥാനാര്‍ഥി സാവിത്രി ലക്ഷ്മണന്‍ സാഷ്ടാംഗം വീണ് പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ലീഡറുടെ കാല്‍ തൊട്ടു വന്ദിച്ചു.

  ആ കാല്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം നേടിയവരാരും രാഷ്ട്രീയത്തില്‍ ശോഭിക്കാതെ പോയിട്ടില്ല . അദ്ദേഹത്തിന്‍റെ മക്കള്‍ മാത്രമാണ് അതിനൊരു അപവാദം .
എന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു പര്യടന റിപ്പോര്‍ട്ടിംഗിന്‍റെ തുടക്കമാണ് മേലെഴുതിയത് . കേരളത്തിലെ എക്കാലത്തെയും ന്യൂസ്‌മേക്കറായ ലീഡറുടെ തെരഞ്ഞെടുപ്പു പര്യടനമായതിനാല്‍ ഒന്നാം പേജില്‍ ഇടം പിടിക്കുമെന്നതിനാല്‍ ഏറെ ശ്രദ്ധ വേണം . കൃത്യം ഇരുപതു വര്‍ഷം മുമ്പെഴുതിയ, മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍ എന്ന ഭീഷ്മാചാര്യന്‍റെ തെരഞ്ഞെടുപ്പു പര്യടനത്തില്‍ നിന്നാണ് ഒരു നല്ല തുടക്കം തന്നെ എനിക്കു ലഭിച്ചതെന്നു അഭിമാനപൂര്‍വം മാത്രമേ ഓര്‍ക്കാനാകൂ. 

ഒരു റഫറന്‍സു പോലുമില്ലാതെ ഈ വാചകങ്ങള്‍ ഇന്നും എന്‍റെ മനസില്‍ മായാത്ത ഓര്‍മകളായി നിലനില്‍ക്കുന്നു . കാരണം , ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വി.വി.ഐ.പികളിലൊരാളായിരുന്നല്ലോ ലീഡര്‍ . ഞാനെഴുതിയ ഈ റൗണ്ട് എത്ര തവണ വായിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തന്നെ നല്ല തിട്ടമില്ല .
എന്നെപ്പോലെ തന്നെ ഒന്ന് എന്ന അക്കം ലീഡറുടെ ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയിരുന്നു . എല്ലാ മലയാള മാസവും ഒന്നാം തിയതി അദ്ദേഹം രാമനിലയത്തിലുണ്ടാകും . സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്‍റെ പേരാണ് രാമനിലയം . ഇവിടെ കരുണാകരനു മാത്രമായി ഒരു മുറി മാറ്റിയിട്ടിരുന്നു . ആരോഗ്യം അനുവദിക്കുമ്പോഴെല്ലാം എല്ലാ മലയാള മാസ ഒന്നാം തിയതിയും അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ഗുരുവായൂര്‍ , മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ പോയി തൊഴുത് മടങ്ങും . നന്നേ പുലര്‍ച്ചെ കുളിച്ചീറനായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകാനാണ് മലയാള മാസം ഒന്നാം തിയതി രാമനിലയത്തിലെത്തുന്നത് . ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയാല്‍ പിന്നെ കരുണാകരന് ഒരു പ്രത്യേക പുനര്‍ജനി നേടിയ ഉല്‍സാഹമാണ് .

എല്ലാ ഒന്നാം തിയതികളിലും എന്തെങ്കിലുമൊക്കെ പൊട്ടിച്ചാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഞങ്ങള്‍ പത്രക്കാര്‍ക്കാണെങ്കില്‍ എന്നും ലീഡ് സ്‌റ്റോറിയും . കരുണാകരന്‍റെ പത്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്നത് അതീവ രസകരവും എന്നാല്‍ ഏറെ ശ്രദ്ധ വേണ്ടതുമായിരുന്നു . അദ്ദേഹത്തിന്‍റെ വാക്കുകളില്‍ മാത്രമല്ല, നോക്കിലും പ്രവര്‍ത്തികളിലും ചേഷ്ടകളില്‍ പോലും ചില വാര്‍ത്തകള്‍ ഒളിഞ്ഞിരിപ്പുണ്ടാകും . ഏതെങ്കിലും ചോദ്യത്തിനു മറുപടി പറയാന്‍ വിമുഖത കാട്ടിയാല്‍ കണ്ണിറുക്കി കാട്ടിക്കൊണ്ട് ഒരു ചിരിയുണ്ട് . പല ചോദ്യങ്ങള്‍ക്കും ബോധപൂര്‍വം ചില വാക്കുകള്‍ വിഴുങ്ങി സംസാരിക്കും . ശരിക്കും സായാഹ്ന പത്രങ്ങളെയും ചാനലുകളെയും വെട്ടിലാക്കുന്ന പരിപാടിയാണെങ്കിലും രാവിലെ അദ്ദേഹം എന്തുദ്ദേശിച്ചോ അതു നടന്നിരിക്കും .
രാവിലെ തൃശൂരില്‍ വച്ചു പത്രക്കാരോടു പറഞ്ഞതത്രയും സൂര്യനസ്തമിക്കും മുമ്പ് തിരുവനന്തപുരത്തെത്തുമ്പോള്‍ നിഷേധിച്ചു പറയും ..ഞാനങ്ങനെ പറഞ്ഞോ ? ഏയ് , ഞാനങ്ങനെ പറഞ്ഞിട്ടില്ല , തൃശൂരിലെ പത്രക്കാര്‍ക്ക് തോന്നിയതായിരിക്കും . ഒറ്റയടിക്ക് കുറ്റം മുഴുവന്‍ തൃശൂരിലെ പത്രക്കാര്‍ക്ക് മേല്‍ ചാരി അങ്ങനെ ഒരു പുതിയ വിവാദം കൂടി സൃഷ്ടിക്കും .

ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്‍റെ വാര്‍ത്താ സമ്മേളനം ഒരു അനുഭവം തന്നെയാണ് . ചാനലുകളുടെയും ദേശീയ മാധ്യമങ്ങളുടെയും തള്ളിക്കയറ്റം മൂലം കാലു കുത്താന്‍ പോലും സ്ഥലം ലഭിക്കാറില്ല . തന്നെയല്ല , അദ്ദേഹം വളരെ പതിയെ മാത്രമേ സംസാരിക്കൂ . ശ്രദ്ധിച്ചു വേണം പങ്കെടുക്കേണ്ടത് . ഉള്ള സൗകര്യത്തിലൊക്കെ ഇരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു . അങ്ങനെ അദ്ദേഹത്തിന്‍റെ കൈപ്പടിയില്‍ ഇരിക്കാനുള്ള ഭാഗ്യം ഈയുള്ളവനുമുണ്ടായിട്ടുണ്ട് . 

കരുണാകരനെ പോലെ ഇത്രയധികം പത്രപ്രവര്‍ത്തകരോട് സൗഹൃദം പുലര്‍ത്തിയ മറ്റൊരു നേതാവിനെ ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല . ജന്മം കൊണ്ടു കണ്ണൂര്‍ക്കാനായ അദ്ദേഹം ആശ്രിത വാത്സല്യത്തില്‍ എന്നും മുന്നിലായിരുന്നു . സ്‌നേഹിച്ചാല്‍ ഹൃദയം കൂടി പറിച്ചു കൊടുക്കുകയും ചെയ്യും .. അക്കാലത്തെ ഏറ്റവും വലിയ ന്യൂസ്‌മേക്കറായ കരുണാകരന്‍ നടത്തിയ പല പ്രസ്താവനകളും രാഷ്ട്ര ദീപിക സായാഹ്ന പത്രത്തിലൂടെ ആദ്യം പുറത്തെത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് .

ലീഡറുടെ കോളിളക്കം സൃഷ്ടിച്ചതും ഏറെ വിവാദം സൃഷ്ടിച്ചതുമായ നിരവധി വാര്‍ത്താ സൃഷ്ടികള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് . ഇവയില്‍ ചിലതു കുറിക്കട്ടെ . അതിനു മുമ്പ് മറ്റൊരു അനുബന്ധം: ഇന്നു സോഷ്യല്‍ മീഡിയകളിലും മറ്റും തങ്ങള്‍ ഇന്‍റര്‍വ്യൂ ചെയ്യുന്ന മഹാന്മാര്‍ക്കൊപ്പം ഫോട്ടോയെടുത്തു പോസ്റ്റ് ചെയ്യുന്ന ചില യുവ പത്രപ്രവര്‍ത്തകരെ കാണുമ്പോള്‍ സെല്‍ഫ് മാര്‍ക്കറ്റിങിനു വേണ്ടിയെങ്കിലും ഞാനും അങ്ങനെ ചെയ്യേണ്ടതായിരുന്നു എന്നു തോന്നിപ്പോയിട്ടുണ്ട് .

യുവാക്കള്‍ മാത്രമല്ല , തലസ്ഥാന നഗരിയിലും മറ്റുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും മുഖ്യമന്ത്രിയുടെ ക്യാബിനറ്റ് ബ്രീഫിങ് നടക്കുമ്പോള്‍ ചാനലുകളില്‍ തങ്ങളുടെ മുഖമൊന്നു പ്രത്യക്ഷപ്പെടാന്‍ കാട്ടുന്ന പെടാപ്പാടു കാണുമ്പോള്‍ ജാള്യത തോന്നിപ്പോയിട്ടുണ്ട് . തന്നെയല്ല , തങ്ങള്‍ ഇന്‍റര്‍വ്യൂ ചെയ്ത മഹാന്മാരോടൊപ്പം നില്‍ക്കുന്ന സെല്‍ഫിയും മറ്റും എടുത്തു ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നതും പ്രതിദിനമെന്നോണം അപ്‌ഡേറ്റ് ചെയ്യുന്നതും കാണുമ്പോള്‍ ഇവര്‍ക്കൊന്നും ജോലി ചെയ്യാന്‍ സമയമില്ലേ എന്നു പോലും തോന്നിപ്പോകും . 

ഇനി കാര്യത്തിലേക്കു കടക്കാം ... 1996 ലെ പൊതു തെരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ മാത്രമെടുക്കാം .. അക്കാലത്തെ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം മക്കള്‍ രാഷ്ട്രീയമാണ് . കരുണാകരന് തന്‍റെ മാനസപുത്രരില്‍ പലരെയും രാഷ്ട്രീയത്തില്‍ ഉന്നത നിലയിലേക്കു കൊണ്ടു വരാനായെങ്കിലും സ്വന്തം മക്കളുടെ കാര്യത്തില്‍ പരാജയപ്പെട്ടതില്‍ അദ്ദേഹം മരിക്കും വരെ ഖിന്നനായിരുന്നു.
 അങ്ങനെയിരിക്കെ 96 ലെ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്‍റെ നിയോഗപ്രകാരം തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നു മത്സരിക്കാന്‍ അദ്ദേഹത്തിനു നിയോഗമുണ്ടായി . അത്തവണ മുകുന്ദപുരത്തോ ചാലക്കുടി നിയമസഭാ മണ്ഡലത്തിലോ മകള്‍ പദ്മജയെ നിര്‍ത്താന്‍ അദ്ദേഹത്തിനു മോഹമുദിച്ചു . ഒപ്പം മാസങ്ങള്‍ മാത്രം വൈദ്യുതി മന്ത്രിയായിരുന്ന മകന്‍ മുരളീധരനെ വടക്കാഞ്ചേരിയില്‍ നിര്‍ത്താനും അദ്ദേഹം പ്ലാനിട്ടു . വെറും വീട്ടമ്മ മാത്രമായിരുന്ന മകള്‍ പദ്മജയാണെങ്കില്‍ ഏതാനും മാസങ്ങള്‍ മാത്രമേയായിട്ടുള്ളൂ രാഷ്ട്രീയത്തിലേക്കു ചുവടു വച്ചിട്ട് .

ലീഡറാവശ്യപ്പെട്ടാല്‍ ഏതു കുറ്റിച്ചൂലിനെയും ജയിപ്പിക്കുമായിരുന്നു മുകുന്ദപുരം മണ്ഡലം . അങ്ങനെയിരിക്കെ ഒരു മലയാള മാസം ഒന്നാം തിയതി കരുണാകരന്‍ രാമനിലയത്തിലെത്തി
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു.....ചോദ്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചായി . ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു ..എന്താണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിസ്ഥാനാര്‍ഥികളുടെ യോഗ്യതയുടെ പാരാമീറ്റര്‍..അപ്പോള് അദ്ദേഹം പറഞ്ഞു ...നല്ല കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരെ തന്നെ വേണം സ്ഥാനാര്‍ഥികളാക്കാന്‍ എന്നാണ് തന്റെ പക്ഷമെന്ന് ...

എന്താണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് ഉദ്ദേശിച്ചതെന്ന് ലീഡര്‍ക്കു മാത്രമറിയാം ..അപ്പോള്‍ എന്റെ മനസില്‍ ഒരു കുനുഷ്ടു ചോദ്യമുയര്‍ന്നു ...കെ. മുരളീധരനും പദ്മജ വേണുഗോപാലുമൊക്കെ നല്ല കോണ്‍ഗ്രസ് പാരമ്പര്യമുള്ള അച്ഛന്റെ മക്കളാണല്ലോ ...അവര്‍ക്കും സീറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടോ ...മന്ത്രിയായും കെപിസിസി പ്രസിഡന്‍ായും സേവനമനുഷ്ഠിച്ച മുരളീധരന് സീറ്റ് ലഭിക്കാന്‍ എന്തു കൊണ്ടും അര്‍ഹതയുണ്ടെന്നു പറഞ്ഞ ലീഡര്‍ പദ്മജയെ കുറിച്ച് മനപ്പൂര്‍വം പ്രതികരിച്ചില്ല .
അപ്പോള്‍ ഞാന് തന്നെ അടുത്ത ചോദ്യമായി പദ്മജയോ എന്നു ചോദിച്ചപ്പോള്‍ തല അല്‍പം ചരിച്ചു വച്ച് എല്ലാവരെയും നോക്കി കണ്ണിറുക്കി കാണിച്ചു . കേവലം കെടിഡിസി ചെയര്‍പേഴ്‌സണായിരുന്ന പദ്മജ വേണുഗോപാലും അങ്ങനെ ചുളുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റിന് അര്‍ഹതയുള്ളവളായി . പിറ്റേന്നത്തെ പത്രത്തില്‍ മുരളീധരനും പദ്മജയും സീറ്റിനര്‍ഹര്‍ കെ .കരുണാകരന്‍ എന്ന തലക്കെട്ടോടെ എല്ലാ പത്രങ്ങളിലും ലീഡ് സ്‌റ്റോറി ....പിറ്റേന്ന് ഈ വാര്‍ത്ത വിവാദമായപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തൃശൂരിലെ പത്രക്കാര്‍ വളച്ചൊടിച്ചതാണെന്നും പറഞ്ഞ് നഖശിഖാന്തം എതിര്‍ത്തു . ഫലമോ ...അതു വരെ ലിസ്‌ററിലില്ലാതിരുന്ന പദ്മജ കൂടി തെരഞ്ഞെടുപ്പു ഗോദായിലെത്തി .

തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥികളെ നിശ്ചയിക്കും മുമ്പു തന്നെ ചാലക്കുടിയില്‍ പ്രൊഫ.സാവിത്രി ലക്ഷ്മണനു പകരം പദ്മജയുടെ പേരില്‍ ചുവരെഴുത്തു തുടങ്ങി .പിന്നീട് രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്മജയെ പിന്‍വലിച്ച് സാവിത്രി ലക്ഷ്മണനു തന്നെ നറുക്കു വീഴുകയായിരുന്നു ചാലക്കുടിയില്‍ ..

എന്നും ആശ്രിതരാല്‍ പൊതിയപ്പെട്ട് തിരക്കില്‍ സ്പീഡില്‍ പോകാനാഗ്രഹിക്കുന്ന വ്യക്തിയായിരുന്നു ലീഡര്‍. പ്രായാധിക്യത്താല്‍ ക്ഷീണിതനാണെങ്ില്‍ പോലും ഇക്കാര്യത്തില്‍ അണുവിട വ്യത്യാസമില്ല . എല്ലാ കാര്യത്തിലും നടപ്പിലും കാര്‍ യാത്രയിലും എല്ലാം സ്പീഡ് ഒരു പ്രത്യേകതയാണ് . താനെത്തുന്നതിനു മുമ്പ് രാമനിലയം ഖദര്‍ ധാരികളെ കൊണ്ടു നിറഞ്ഞിരിക്കണമെന്നും കുറഞ്ഞത് ഒന്നു രണ്ടു ജയ് വിളികളെങ്കിലും പോക്കു വരവില്‍ മുഴങ്ങി കേട്ടിരിക്കണമെന്നും ഉള്ളാലെ ആശിച്ച നേതാവ് ...ഒന്നാം നമ്പര്‍ മുറിക്കു മുമ്പില്‍ എപ്പോഴും തിരക്കുണ്ടായിരിക്കണം . ഇക്കാര്യത്തില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ല .

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മുറിക്കുള്ളില്‍ അനുമതിയോടെ പ്രവേശിക്കാം .ഡിസിസി പ്രസിഡന്‍് സി.എന്ര്‍ ബാലകൃഷ്ണനോടോ കുന്ദമംഗലം എംഎല്‍എ ടി.വി. ചന്ദ്രമോഹനനോടോ ചോദിച്ചു വേണം അകത്തു കയറാന്‍ ..സന്തത സഹചാരിയായ കഞ്ഞിബാലന്‍ നല്‍കുന്ന ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു . ബദാം മില്‍ക്ക് ദൈനം ദിന ഭക്ഷണത്തിലെ ഒഴിച്ചു കൂടാനാകാത്ത പാനീയം . ഒരു ഇഡലി , മാമ്പഴം പ്രാതലിനു നിര്‍ബന്ധം .. ഉച്ചയ്ക്ക് ഒരു തവി ചോറും സാമ്പാറും വിവിധ തരം ഉപ്പേരികളും . വൈകുന്നേരം നീന്തല്‍ ..രാത്രി അത്താഴത്തിനു വീണ്ടും പഴച്ചാറ് , ഒരു ചപ്പാത്തി , കുറുമ , ബദാം മില്‍ക്ക് ..മിതമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ...അതാണ് ആരോഗ്യ രഹസ്യം .  

ഒന്നാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നാല്‍ കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസുകാര്‍ മുതല്‍ മുതിര്‍ന്ന കോണ്ര്‍ഗ്രസ് നേതാക്കള്‍ വരെ തലകാട്ടാന്‍ മത്സരിക്കും . ചിലപ്പോള്‍ ആരെയും മൈന്‍ഡു ചെയ്യാതെ ഒറ്റപ്പോക്ക് ...ചിലപ്പോള്‍ പുറത്തിറങ്ങി എല്ലാവരോടും കുശലാന്വേഷണം ...ഇവയെല്ലാം പത്രസമ്മേളനത്തോടൊപ്പം കൂട്ടി വായിച്ചാല്‍ വാര്‍ത്തയുടെ ഭാഗമാകുന്നവയാണ് . മുഖം പ്രസന്നമാണെങ്കില്‍ വാര്‍ത്ത , പ്രസന്നമല്ലെങ്കില്‍ വാര്‍ത്ത.. അങ്ങനെയൊരു വ്യത്യസ്തനായ നേതാവ് കേരള രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വം...

ലീഡറും മാളയും തമ്മിലുള്ള ആത്മബന്ധം 1965 മുതല്‍ തുടങ്ങിയതാണ് . 65 ല്‍ മാളയുടെ സ്ഥാനാര്‍ഥിയായി വന്ന കാലം മുതല്‍ തുടര്‍ച്ചയായി മാളയില്‍ നിന്നു ജയിച്ചു വന്ന ലീഡര്‍ക്ക് ആ നിയോജക മണ്ഢലത്തിലെ ഓരോ കുടുംബവുമായി വ്യക്തിബന്ധമുണ്ട് . 1996 ല്‍ പാര്‍ലമെന്‍ിലേക്കു മത്സരിക്കാനായി സ്വന്തം തട്ടകമായ മാള മേഴ്‌സി രവിക്കു നല്‍കിയ കരുണാകരനു പിന്നീടു മാളയിലേക്കു മടങ്ങാനുള്ള അവസരമുണ്ടായില്ല . മേഴ്‌സി രവി എട്ടു നിലയില്‍ പൊട്ടിയ മാളയില്‍ വി.കെ. രാജന്ര്‍ എന്ന സി.പി.ഐയുടെ പരുക്കനായ ജില്ലാ സെക്രട്ടറി കുതിച്ചു കയറിയപ്പോള്‍ ഇവിടെ പാര്‍ലമെന്‍ില്‍ ലീഡര്‍ കെ. കരുണാകരന്ര്‍ സി.പി.ഐയുടെ തന്നെ ഏറ്റവും ജനകീയനായ നേതാവ് . വി. വി. രാഘവനോട് 1900ല്‍ പരം വോട്ടുകള്ക്ക് പരാജയം ഇരന്നു വാങ്ങി . കാരണവും അദ്ദേഹം തന്നെ പറയുന്നു ...എന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി...അദ്ദേഹത്തിന്‍െ ആ വാക്കുകള്‍ ശരി വയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പു പ്രചരണത്തിലെ ഓരോ നീക്കവും . 

സ്ഥാനാര്‍ഥി കരുണാകരനായതിനാല്‍ ഒരു ഈസി വാക്കോവര്‍ എന്ന് അനുയായികള്‍ കരുതിയതിനാല്‍ ആരും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചില്ല . അദ്ദേഹത്തിന്‍െ തെരഞ്ഞടുപ്പു കമ്മിറ്റി ഓഫീസ് പോലും പലപ്പോഴും ശുഷ്കമായിരുന്നു . തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷം രാമനിലയത്തില്‍ എത്തിയ ലീഡര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രാങ്കോ സാറിനൊപ്പം ഞാനും പോയിരുന്നു .വളരെ ദൌര്‍ഭാഗ്യകരമായ പരാജയപ്പെടല്‍ അദ്ദേഹത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത് .അപ്രതീക്ഷിതവും  അവിശ്വസനീയവുമായ ആ തോല്‍വിയെ തുടര്‍ന്ന് അദ്ദേഹത്തെ
അഭിമുഖീകരിക്കാന്‍ കഴിയാതെ പല വത്സല ആശ്രിതരും മുങ്ങി .പലപ്പോഴും കൂടെയുണ്ടായിരുന്നത് അരുമ ശിഷ്യന്ര്‍ പി.പി. ജോര്‍ജ് മാത്രം .

തെരഞ്ഞെടുപ്പു പരാജയത്തെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോഴാണ് എന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി എന്ന വളരെ വിഖ്യാതമായ പ്രസ്താവന നടത്തിയത് . കൂടെ നിന്നു പ്രവര്‍ത്തിക്കുന്നവര്‍ പലരും നിര്‍ജീവമായിരുന്നു  എന്ന്  
തുറന്നടിച്ച അദ്ദേഹം പലരും തന്‍െ തോല്‍വിക്കു വേണ്ടി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നു പറഞ്ഞതോടെ രാമനിലയത്തില്‍ അദ്ദേഹത്തെ മുഖധാവു ദര്‍ശിക്കാനെത്താറുള്ള പലരുടെയും ഉള്ളു കാളി . പലരും കുറച്ചു കാലത്തേക്ക് രാമനിലയത്തിലേക്കു തന്നെ വരാതെയായി . ഒരു കാലത്ത് വെള്ള ഖദറുകാരെ തട്ടിയിട്ടു നടക്കാന്ര്‍ പറ്റാത്ത വിധം തിരക്കായിരുന്ന രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറി അപ്പോള്‍ ഒരു ഈച്ച പോലുംഇല്ലാത്ത അവസ്ഥയായി .എന്നെ സംബന്ധിച്ച് ആളുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കരുണാകരന്ര്‍ രാമനിലയത്തിലുണ്ടെങ്കില്‍ വാര്‍ത്തയോടു വാര്‍ത്ത . 

ഇതിനിടയില്‍ മാളയില്‍ അട്ടിമറി വിജയം നേടിയ വി.കെ. രാജന്‍ കൃഷി മന്ത്രിയുമായി . കൃഷി മന്ത്രിയായ രാജന് ഒരേയൊരു വാശി .. മന്ത്രിയായ ശേഷം വന്ന മലയാള മാസം ഒന്നാം തിയതി ഒന്നാം നമ്പര്‍ മുറിയില്‍ തന്നെ കിടക്കണം ... അങ്ങനെ തലേന്നു തന്നെ രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറി കയ്യടക്കിയ രാജന്‍ തെല്ലു പ്രതികാരത്തോടു കൂടി തന്നെയായിരുന്നു ആ നീക്കം നടത്തിയത് . രാത്രി വൈകി രാമനിലയത്തിലെത്തിയ കരുണാകരന്‍ കഥയറിയാതെ റൂം തുറന്നപ്പോള്‍ മറ്റൊരു വി.ഐപി മുറിയില്‍
...

കോപാകുലനായ അദ്ദേഹം റിസപ്ഷനിലെത്തിയപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം മന്ത്രിയ്ക്ക് മുറി നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നറിയിച്ചു . ലീഡര്‍ക്ക് പുതിയ ബ്ലോക്കില്‍ നല്ലൊരു മുറി നല്‍കാമെന്നു പറഞ്ഞിട്ടും കലി പൂണ്ട അദ്ദേഹം രാത്രി തന്നെ ഗുരുവായൂര്‍ക്കു തിരിച്ചു . അവിടെ ശ്രീവത്സം ഗസ്റ്റ് ഹൌസിലാണ് പിന്നീട് അദ്ദേഹം തങ്ങിയത്. തൃശൂരില്‍ മുരളി മന്ദിരം എന്ന സ്വന്തമായ വീടുണ്ടെങ്ങ്കിലും താമസിക്കാന്‍ ശരണം ഗസ്റ്റ് ഹൌസുകള്‍ മാത്രമായിരുന്നു ലീഡര്‍ക്ക് എക്കാലവും . ഏതായാലും എന്നെ സംബന്ധിച്ച് ഇതെല്ലാം വാര്‍ത്തകള്‍ തന്നെ . 

ലീഡര്‍ കെ. കരുണാകരന്റെ പതനം കാണാന്‍ ഏറെ കൊതിച്ച മറ്റൊരു വ്യക്തി കൂടിയുണ്ട് വാര്‍ത്തകളില്‍ ... നവാബ് രാജേന്ദ്രനെന്ന വ്യവഹാരങ്ങളുടെ തോഴന്‍...96 തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങ്ങ്ങിയപ്പോള്‍ മുതല്‍ ഫലപ്രഖ്യാപനം വരെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് നവാബ് എന്റെ കൂടെ ബ്യൂറോയില്‍ തന്നെയായിരുന്നു . ഫലപ്രഖ്യാപനം നടന്നപ്പോള്‍ എന്നെ ആലിംഗനം ചെയ്ത നവാബിന്റെ കണ്ണുകളിലെ തിളക്കം ഞാനിപ്പോഴും ഓര്‍ക്കുന്നു . അതും എന്നെ സംബന്ധിച്ച് ചൂടു വാര്‍ത്തയായിരുന്നു ...കരുണാകരനോട് എന്താണിത്ര പകയെന്ന ചോദ്യത്തിന് നവാബിന് ഒരൊറ്റ ഉത്തരം മാത്രം ...അയാള്‍ ചെയ്ത തെറ്റുകള്‍ക്ക് ആയിരം വര്‍ഷം തടവും 10,000 കോടി രൂപ പിഴവും ഒടുക്കിയാലും തീരില്ല ... ആ കുടിപ്പകയുടെ അന്തര്‍ധാരയിലേക്കുള്ള യാത്ര അടുത്ത പംക്തിയില്‍
കരുണാകരനെന്ന ന്യൂസ്‌മേക്കര്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക