Image

കാളപ്പോരിനെ തോല്‍പ്പിക്കുന്ന തമിഴ്‌നാട്ടിലെ തോഴി ജനാധിപത്യം

Published on 09 February, 2017
കാളപ്പോരിനെ തോല്‍പ്പിക്കുന്ന തമിഴ്‌നാട്ടിലെ തോഴി ജനാധിപത്യം
തമിഴ്‌നാട്ടില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒരു കോമഡി സിനിമയുടെ തിരക്കഥയൊരുക്കുന്നു. ജെല്ലിക്കെട്ട് വിവാദത്തിനു ശേഷം തമിഴ് ജനത തങ്ങളുടെ നാടിനെ ആര് നയിക്കും എന്ന വിഷമത്തിന്റെ വക്കിലാണ്. മുക്രയിടുന്ന കാളക്കൂറ്റന്മാരെക്കാള്‍ വികാരത്തോടെ പോയസ് ഗാര്‍ഡനു ചുറ്റും മാധ്യമക്കണ്ണുകളും നാട്ടുകാരും തടിച്ചുകൂടിയിരിക്കുന്നു. ജയലളിതയുടെ തോഴിയായി പോയസ്ഗാര്‍ഡനില്‍ എത്തിയ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ജനാധിപത്യ ചിന്താഗതിക്കാരെ വല്ലാതെ ഉലയ്ക്കുന്നതാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇതിലും അപ്പുറവും പ്രതീക്ഷിക്കാം. ഇന്നത്തെ ചില വാര്‍ത്താ വിശേഷങ്ങള്‍ ഇങ്ങനെ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിക്കുന്ന സഖ്യസമവാക്യങ്ങള്‍ ഉണ്ടാകും മുമ്പ് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വിതുമ്പലുകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യാം ഈ വാര്‍ത്തകള്‍

പനീര്‍ശെല്‍വവും ശശികലയും ഗവര്‍ണറെ കണ്ടു. രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പനീര്‍ശെല്‍വം,. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ശശികല. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ അണ്ണാ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്നാട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ കുടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. നേരത്തേ പനീര്‍ശെല്‍വം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പനീര്‍ശെല്‍വം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ശശികലക്കൊപ്പം പത്ത് മന്ത്രിമാരും രാജ്ഭവനില്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ശശികല ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.

നീതി നടപ്പിലാകുമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചുള്ള അപേക്ഷ പനീര്‍ശെല്‍വം ഗവര്‍ണര്‍ക്ക് കൈമാറി. തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പനീര്‍ ശെല്‍വത്തിന് പരസ്യ പിന്തുണ നല്‍കി. കോയമ്പത്തൂര്‍ മേയര്‍ പി രാജ്കുമാറിന്റെ പിന്തുണയും പനീര്‍ശെല്‍വത്തിനാണ്. 
***
ശികലയും പനീര്‍ശെല്‍വവും അധികാരത്തിനായുള്ള വടംവലി തുടരുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം സാമൂഹിക മാധ്യമങ്ങളിലൂടെയും ചൂടുപിടിക്കുന്നു. ശശികല പുറത്താക്കിയ ഐ.ടി വിഭാഗം തലവന്‍ ഹരി പ്രഭാകരനാണ് ഇപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശശികല അജ്ഞാത കേന്ദ്രത്തിലാക്കിയ 131 എം.എല്‍.എ മാരുടെയും പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി എന്നിവ അദ്ദേഹം എഫ്.ബിയില്‍ പ്രസിദ്ധപ്പെടുത്തി. ശരിയായ നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന് ജനങ്ങള്‍ എം.എല്‍.എമാരോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥനയോടെയാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഇതിനെ തുടര്‍ന്ന് പനീര്‍ശെല്‍വത്തോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത കേന്ദ്രത്തിലുള്ള എം.എല്‍.എമാര്‍ക്ക് ഫോണ്‍വിളികള്‍ പ്രവഹിക്കുകയാണ്.

പനീര്‍ശെല്‍വത്തിന് പിന്‍തുണ അറിയിക്കാന്‍ മിസ്ഡ്കാള്‍ ചെയ്യുക എന്ന പദ്ധതിയും കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. മൂന്നു മണിക്കൂറിനകം തന്നെ ഒന്നര ലക്ഷത്തോളം മിസ്ഡ് കാളുകളാണ് വന്നത്. അതേ സമയം ശശികല വിഭാഗവും സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജത്തിന്റെ പിന്‍തുണ തേടുന്നുണ്ട്. ജയലളിതയും ശശികലയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ഫോട്ടോകള്‍ എഫ്.ബിയില്‍ ഷെയര്‍ ചെയ്തും, വികാരപരമായ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചും ശശികലയാണ് ജയലളിതയുടെ ശരിയായ പിന്‍ഗാമി എന്ന് പ്രചരിപ്പിക്കുകയാണ് ഈ വിഭാഗം. ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ നടന്ന ജല്ലിക്കെട്ട് അനുകൂല സമരം വ്യാപിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. ഇതു മന,ിലാക്കി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും സാമൂഹിക മാധ്യമങ്ങളെ തന്നെയാണ് ഇരു വിഭാഗവും കൂട്ടുപിടിച്ചിട്ടുള്ളത്.
****
ഇതിനിടെ പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ചലച്ചിത്രതാരം കമല്‍ഹാസര്‍ രംഗത്ത് വന്നു. എന്തുകൊണ്ട് കുറച്ചുകാലം കൂടി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിച്ചുകൂടാ എന്ന് കമല്‍ ചോദിച്ചു. അദ്ദേഹം ആ സ്ഥാനത്തിരുന്ന് കൃത്യമായി തന്റെ കടമ നിര്‍വഹിക്കുന്നയാളാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി അദ്ദേഹത്തെ പുറത്താക്കാനുള്ള അധികാരവും ജനങ്ങള്‍ക്കുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്നാട്ടിലെ ഇന്നത്തെ അവസ്ഥ മോശം ക്ലൈമാക്സാണ്. ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയാകുന്നില്ല. നമ്മള്‍ ആടുകളല്ല, നമുക്ക് ആവശ്യം ആട്ടിടയന്മാരെയുമല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഭരിക്കാന്‍ അറിയാത്തവര്‍ അതിന് നില്‍ക്കരുതെന്നും തമിഴ് ജനത ഒരുപാട് ക്ഷമ കാണിക്കുകയാണെന്നും കൂടുതല്‍ കാലം തമിഴ്ജനത ഇതൊന്നും സഹിക്കില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
***
വെളളിത്തിരയിലെ മാരസ്മിക അഭിനയവിസ്മയങ്ങളിലൂടെ തമിഴ് ജനതയുടെ മനസ്സില്‍ അമാനുഷിക പരിവേഷത്തോടെ ഇടം നേടിയ എം.ജി.ആര്‍ ആയിരുന്നു ഒരു കാലഘട്ടത്തില്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിരുന്നത്. എം. ജി.ആറിനു ശേഷം ആ സ്ഥാനം ജയലളിത കയ്യടക്കി. അതിന് അവര്‍ക്ക് തമിഴ് ജനത കണ്ട യോഗ്യത എം.ജി.ആറും ജയലളിതയും തമ്മില്‍ സിനിമയിലും ജീവിതത്തിലുമുണ്ടായിരുന്ന ബന്ധവും അടുപ്പവും.  വെളളിത്തിരയിലെ ദൈവത്തോടൊപ്പം ആടിപാടുന്ന ജയയെ തങ്ങളുടെ പുരട്ചി തലൈവിയായി വാഴിക്കാന്‍ തമിഴ് ജനതക്ക് മറ്റൊരു കാരണം വേണ്ടിയിരുന്നില്ല. വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനവും ആഢംബര ജീവിതവുമൊക്കെയായി അഴിമതിയുടെ കാര്‍മേഘങ്ങള്‍ അവരെ പൊതിഞ്ഞുവെങ്കിലും മികച്ച ബദലിന്റെ അഭാവവും സാധാരണക്കാരന്റെ മനസറിഞ്ഞുകൊണ്ടുളള  ജനക്ഷേമപദ്ധതികളും സൗജന്യങ്ങളും അവരെ ജനപ്രിയയാക്കി. ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി താഴേത്തട്ടില്‍ നിന്ന് ജനാധിപത്യമാര്‍ഗത്തില്‍ മുകള്‍ ഘടകങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വന്ന ആളല്ലാത്തതിനാല്‍ തന്നെ അടിമുടി ജനാധിപത്യവിരുദ്ധമായിരുന്നു അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

തന്റെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കോ എം.പിമാര്‍ക്കോ മറ്റു ഉത്തരവാദപ്പെട്ടവര്‍ക്കോ തന്റെ പാദസേവകര്‍ എന്നതിനപ്പുറം ജനപ്രതിനിധികള്‍ എന്ന യാതൊരു പരിഗണനയും അവര്‍ നല്‍കിയില്ല.  അവര്‍ പലപ്പോഴും പൊതുവേദികളില്‍ പോലും ജയയുടെ കാലുകള്‍ തൊട്ട് വണങ്ങി. ജയയുടെ മുന്നില്‍ ഇരിക്കാന്‍ പോലും പലപ്പോഴും അവര്‍ മടിച്ചു. ജയാസര്‍ക്കാരിന്റെ  മന്ത്രിസഭാ യോഗങ്ങള്‍ പോലും അപൂര്‍വമായി മാത്രമേ നടക്കാറുണ്ടായിരുന്നുളളൂ. നടക്കുന്നവയിലാവട്ടെ 'അമ്മ' ക്കോ അവര്‍ക്കു വേണ്ടിയുളളവര്‍ക്കോ മാത്രമായിരുന്നു സംസാരിക്കാനവകാശം. തന്റെ പാര്‍ട്ടിയില്‍ ഒരു രണ്ടാമനെയോ മൂന്നാമനെപ്പോലുമോ ജയ നിശ്ചയിച്ചതുമില്ല. ഏതായിരുന്നാലും വിധിയുടെ അലംഘനീയമായ തീരുമാനത്തിന് അവര്‍ വിധേയയാതോടെ ജയ യുഗം അവസാനിക്കുകയായിരുന്നു. അയല്‍പ്പക്ക സംസ്ഥാനത്തെ വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നു. നാളെ അവിടെ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് പനീര്‍ശെല്‍വം രാജി വച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തും എന്നു തന്നെയാവും. മറീനാബീച്ചിലെ ജയലളിതയുടെ കുഴിമാടത്തില്‍ നിന്നും വെളുത്ത പുക ഉയരുന്നതും കാത്ത് നമുക്കിരിക്കാം. 

കാളപ്പോരിനെ തോല്‍പ്പിക്കുന്ന തമിഴ്‌നാട്ടിലെ തോഴി ജനാധിപത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക