Image

വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

Published on 09 February, 2017
വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയും, ഹൈദരാബാദ് അസോസ്സിയേഷനും ഇന്ത്യന്‍ എംബസ്സിയും കൈകോര്‍ത്തപ്പോള്‍, മൂന്നു മാസമായി ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തെലുങ്കാന സ്വദേശിനിയ്ക്ക്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ ഉമ്മെ ഹാനി ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ആറുമാസക്കാലം ആ വീട്ടില്‍ രാപകലില്ലാതെ കഠിനമായി ജോലി ചെയ്തിട്ടും, ആകെ ഒരു മാസത്തെ ശമ്പളമേ ഉമ്മെ ഹാനിയ്ക്ക് കിട്ടിയുള്ളൂ. സ്‌പോണ്‍സറോട് പലപ്രാവശ്യം കരഞ്ഞു പറഞ്ഞു നോക്കിയിട്ടും കുടിശ്ശിക ശമ്പളം കിട്ടിയില്ല. ആകെ ദുരിതത്തിലായ ഉമ്മെ ഹാനി, ഒടുവില്‍ ആരുമറിയാതെ പുറത്ത് കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. സൗദി പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഉമ്മെ ഹാനി തന്റെ അവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഈ വിവരം ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഉമ്മെ ഹാനിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നാല്‍ ഉമ്മെ ഹാനിയുടെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിഷേധനിലപാടിലായിരുന്ന സ്‌പോണ്‍സര്‍, ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറായില്ല. ഇത് മൂലം ഉമ്മെ ഹാനിയുടെ വനിതാ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു. കുടിശ്ശികശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതി എന്ന ഉമ്മെ ഹാനിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഉമ്മെ ഹാനിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ഉമ്മെ ഹാനിയ്ക്ക് ഹൈദരാബാദ് അസ്സോസ്സിയേഷന്‍ ഭാരവാഹിയും, എംബസ്സി വോളന്റീര്‍ കോര്‍ഡിനേറ്ററുമായ മിര്‍സ ബൈഗ് വിമാനടിക്കറ്റ് നല്‍കി.

തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഉമ്മെ ഹാനി നാട്ടിലേയ്ക്ക് മടങ്ങി
വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക