Image

'മൃതന്റെ ശബ്ദം' (കവിത- മഞ്ജുള ശിവദാസ് റിയാദ്)

മഞ്ജുള ശിവദാസ് റിയാദ് Published on 07 February, 2017
'മൃതന്റെ ശബ്ദം' (കവിത- മഞ്ജുള ശിവദാസ് റിയാദ്)
വടവൃക്ഷമാകേണ്ട തൈക്കു നീര്‍ നല്‍കാത്ത-
മനസ്സു ശോഷിച്ചവര്‍ കേള്‍ക്കുവാന്‍ പാടുന്നു,
ജനിമൃതിക്കിടയിലീയല്‍പ്പകാലം ഉള്ളില്‍-
നുരയിട്ടിരുന്നതാം പരിഭവങ്ങള്‍.

ഗോഷ്ടിയായ് കാട്ടിടും ചേഷ്ടകള്‍ പലതു-
മിന്നന്ന്യരെ കാട്ടിടാനുള്ളതാണെങ്കിലും. 
ഇന്നെന്റെ മൃത ശരീരത്തിനായ് നല്‍കുന്ന-
സ്‌നേഹത്തിന്‍ പാതി അന്നേകിയെങ്കില്‍,

ഇവിടെ ഘോഷിച്ചിടുന്നെന്റെ മഹത്വങ്ങള്‍-
അന്നായിരുന്നു പറഞ്ഞതെങ്കില്‍,
ഇവിടത്തെ നിന്റെയീ നാട്യങ്ങളത്രയും-
അന്നെന്റെ മുന്നിലൊന്നാടിയെങ്കില്‍,
ഭാവിയെ പ്രോജ്വലിപ്പിച്ചിടാന്‍ തക്കതാം-
പ്രോത്സാഹനങ്ങളന്നേകിയെങ്കില്‍,
ഇത്രമേല്‍ മരണത്തെ പ്രണയിച്ചിടാന്‍-
അതിനെ പുല്‍കിടാന്‍ വെമ്പുകില്ലായിരുന്നു.

ചേതമില്ലാത്ത ചെറു വാക്കു മതി-
ചേതസ്സിലാനന്ദം ചേക്കേറിടാന്‍,
ആസ്വാദഹര്‍ഷം നുകര്‍ന്നലസയാകി-
ല്ലുയിര്‍ത്തെഴുന്നേല്‍ക്കാനൊരൂര്‍ജമാകാന്‍..

ചേറുകുംഭങ്ങളാം വചനങ്ങളാലെന്റെ-
ചേതോവികാരം വ്രണപ്പെടുത്തി.
വിടരാന്‍ കൊതിച്ചൊരാ ഭാവനാമുകുളങ്ങള്‍-
അന്നേ അടര്‍ത്തിയെന്നുള്ളില്‍ നിന്നും..

വളരുവാനാകാതുണങ്ങിക്കരിഞ്ഞെ-
ന്നറിഞ്ഞു നീ വളവുമായെന്തിനെത്തി.
വരണ്ടിരിക്കുന്നതാം നാവിലേക്കിനി നിന്റെ-
വിഷലിപ്ത കൈകളാല്‍ നീരുവേണ്ട..

ചേതനയറ്റു കിടക്കുന്ന നേരത്തു-
വാഴ്ത്തിടാന്‍ എത്തുന്നോരോര്‍ത്തിടേണം,
കാതു കൂര്‍പ്പിച്ചിരുന്നിക്കാലമത്രയും-
കാതിനിമ്പം നല്‍കുമൊരു നല്ല വാക്കിനായ്..
ചിതവരെ കാത്തുവച്ചാ മൊഴിമുത്തുകള്‍-
ഏകിടാനുണ്ടായിരുന്നേറെ നേരവും.

ചേതനയറ്റ ശരീരത്തിലേക്കിനി-
ചേക്കേറിടാനാശയില്ലതന്നെ,
സ്വാര്‍ഥത തിങ്ങുമീ ലോകത്തെ വിട്ടു-
ഞാന്‍ അത്ര മടുപ്പോടെ യാത്രയാവുന്നു...



(മരിച്ചു കിടക്കുന്ന ഒരാള്‍ക്ക് തന്റെ ചുറ്റും നടക്കുന്ന കാഴ്ചകള്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എന്തായിരിക്കും അയാളുടെ മാനസികാവസ്ഥ എന്നത് എന്റെ ഭാവനയിലൂടെ ഒന്ന് കണ്ടുനോക്കിയതാണ് ഈ കവിത. ജീവിച്ചിരിക്കുമ്പോള്‍ നല്‍കാത്ത സ്‌നേഹവും, കരുണയും,അംഗീകാരങ്ങളും മരണശേഷം നല്‍കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കണ്ടുവരുന്നത്.ജീവിച്ചിരിക്കുമ്പോള്‍ നല്കാത്തവ  മരണശേഷം നല്‍കിയത് കൊണ്ട് എന്തു ഫലം.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക