Image

നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രിയെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

Published on 05 February, 2017
നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രിയെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

ഓസ്ലോ: നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രി ക്യെല്‍ മാഗ്‌നേ ബോന്‍ഡ്വിക്കിനെ വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അദ്ദേഹം തന്നെയാണ് തിരികെ നാട്ടിലെത്തിയ ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.

2014ല്‍ ഇറാന്‍ സന്ദര്‍ശിച്ചതായി ബോന്‍ഡ്വിക്കിന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് യുഎസ് ഉദ്യോഗസ്ഥരെ സംശയാലുക്കളാക്കിയത്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നു ബോധ്യമായിട്ടുപോലും ഒരു മണിക്കൂറോളം തടഞ്ഞു വച്ചു. സംശയ നിവൃത്തി വരുത്തിയ ശേഷം മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധന പദ്ധതിയുടെ ഭാഗമല്ല പരിശോധനയെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നോടു പറഞ്ഞതെന്നും ബോന്‍ഡ്വിക്. മുന്‍ പ്രധാനമന്ത്രിയാണെന്ന് പാസ്‌പോര്‍ട്ടില്‍ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇതേ രേഖകള്‍ ഉപയോഗിച്ച് താന്‍ മുന്‍പും യുഎസ് യാത്ര നടത്തിയിട്ടുള്ളതാണെന്നും അന്നൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ട്രംപിന്റെ ഉത്തരവിനുശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് പരോക്ഷ സൂചന.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക