Image

ജോണ്‍ മാത്യുവിന്റെ ഭൂമിക്കു മേലൊരു മുദ്ര: കുടിയേറ്റവും ഗ്രുഹാതുരത്വവും ദാര്‍ശനിക വീക്ഷണത്തില്‍

ഡാ. മാത്യു വൈരമണ് Published on 04 February, 2017
ജോണ്‍ മാത്യുവിന്റെ  ഭൂമിക്കു മേലൊരു മുദ്ര: കുടിയേറ്റവും ഗ്രുഹാതുരത്വവും ദാര്‍ശനിക വീക്ഷണത്തില്‍
കേരള റൈറ്റേഴ്‌സ് ഫോറം ഹ്യുസ്റ്റണ്‍, 2017 ജനുവരി 29 നു സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്റാറന്റില്‍ സമ്മേളിക്കുകയുണ്ടായി.

ശ്രീ മാത്യു മത്തായി മോഡറേറ്റര്‍ ആയി നടന്ന സാഹിത്യ സമ്മേളനത്തില്‍ ശ്രീ ജോണ്‍ മാത്യു (മല്ലപ്പള്ളി) എഴുതിയ 'ഭൂമിക്കുമേലൊരു മുദ്ര' എന്ന നോവലിനെപ്പറ്റി സുദീര്ഘവും, ഗഹനവുമായ ചര്‍ച്ച നടന്നു.

ശ്രീ പീറ്റര്‍ ജി. പൗലോസ് നോവലിനെക്കുറിച്ചു ഒരു നീണ്ട നിരൂപണ പ്രബന്ധം അവതരിപ്പിച്ചു. നോവലിലെ കഥാപാത്രങ്ങളുടെയും ഇതിവൃത്തത്തിന്റെയും സങ്കീര്‍ണത അപഗ്രഥിച്ചുകൊണ്ട്, നോവലില്‍ അമേരിക്കന്‍ മലയാളി ജീവിതവും കുടിയേറ്റവുമാണ് പ്രധാനമായ വിഷയമെങ്കിലും, മലയാളിയുടെ ഗൃഹാതുരത്വം വിവരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. മറഞ്ഞുപോകുന്ന കേരള ഗ്രാമീണ ഭംഗിയും, പഴയ കാല ഗ്രാമീണ ജീവിതവും നോവലില്‍ വര്ണിക്കുന്നത് പുതിയ തലമുറയ്ക്ക് പുതിയ അറിവും ഉത്തേജനവും നല്‍കട്ടെ എന്ന് ശ്രീ പൗലോസ് അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിന് ഈ നോവല്‍ ഒരു മുതല്‍ക്കൂട്ടാണ് എന്ന് ശ്രി പൗലോസ് അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ശ്രീ ജോസഫ് പൊന്നോലി നോവലിലെ ദാര്ശനീയതയെക്കുറിച്ചുള്ള തന്റെ ലേഖനം അവതരിപ്പിച്ചു. യാത്രയാണ് ഈ നോവലിന്റെ കേന്ദ്ര ബിന്ദു. ടോമിയുടെ ജീവിതയാത്ര. അമേരിക്കയിലെ നോര്‍ത്ത് കരോലിന, ഡിട്രോയിറ്റ്, ഹ്യുസ്റ്റണ്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ ജീവിതം. അതിനോട് കെട്ടിപ്പിണഞ്ഞു കിടക്കുന്ന പല പല യാത്രകള്‍. യാത്ര എന്ന ചരടു കൊണ്ട് ഏകദേശം 50 കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും ഈ നോവലില്‍ ബന്ധിപ്പിക്കുന്നു. മനുഷ്യ യാത്രക്ക് അന്ത്യമില്ല, അത് പുതിയ പുതിയ ലോകങ്ങളിലേക്കും, പ്രതീക്ഷകളിലേക്കും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ നോവലില്‍ താന്‍ കാണുന്ന ദാര്ശനീയ വീക്ഷണത്തിന്റെ അന്തസത്ത എന്ന് പൊന്നോലി അഭിപ്രായപ്പെട്ടു.

ശ്രി ദേവരാജ കുറുപ്പ് തന്റെ നിരൂപണ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഈ നോവല്‍ അമേരിക്കന്‍ കുടിയേറ്റത്തെക്കുറിച്ചും, അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും തന്റെ കഥാപാത്രങ്ങളില്‍ക്കൂടി വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി നോവലിസ്റ്റിനെ അഭിനന്ദിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ശ്രി ഈശോ ജേക്കബ്, ഡാ. മാത്യു വൈരമണ്, മാത്യു വി. മത്തായി, ജോണ്‍ ബി. കുന്തറ, ജോര്‍ജ് പാംസ്, ജോസഫ് ജേക്കബ്, ബോബി മാത്യു, ജോസഫ് ജെ. തച്ചാറ, റോഷന്‍ ജേക്കബ്, സാലസ് എബ്രഹാം, കോറസ് പീറ്റര്‍, സലിം അറക്കല്‍, വില്‍സണ്‍ മാത്യു, റോയ് ടിറ്റി എന്നിവര്‍ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
പിന്നീട് ശ്രീ ജോസഫ് തച്ചാറ 'ദൈവങ്ങളുടെ സ്വന്തം' എന്ന തന്റെ കവിതാ പാരായണം നടത്തി. മത ഭ്രാന്തിനെക്കുറിച്ചു ആകുലപ്പെടുന്ന ഒരു കവിയുടെ തേങ്ങുന്ന ഹൃദയമാണ് ഈ കവിതയിലൂടെ തച്ചാറ അവതരിപ്പിച്ചത്.

കലാഭവനില്‍ ദീര്‍ഘ കാലം ഗായകനും, സംഗീത സംവിധായകനുമായി പ്രവര്‍ത്തിച്ച ശ്രി കോറസ് പീറ്റര്‍ മനോഹരമായ ഒരു പഴയ ഗാനം പാടി സദസ്സിനെ പുളകം കൊള്ളിക്കുകയുണ്ടായി. 
ജോണ്‍ മാത്യുവിന്റെ  ഭൂമിക്കു മേലൊരു മുദ്ര: കുടിയേറ്റവും ഗ്രുഹാതുരത്വവും ദാര്‍ശനിക വീക്ഷണത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക