Image

ആദ്യ സ്കൂപ് വരമൊഴിയായി; ഓസിൽ സദ്യയും-3 (ഫ്രാന്‍സിസ് തടത്തില്‍)

Published on 03 February, 2017
ആദ്യ സ്കൂപ് വരമൊഴിയായി; ഓസിൽ സദ്യയും-3 (ഫ്രാന്‍സിസ് തടത്തില്‍)
എന്‍റെ ആദ്യത്തെ സ്കൂപ് സ്റ്റോറി കോട്ടയത്തു വച്ചിട്ടാണ് . സ്കൂപ്പെന്നു പറയാനേ  പറ്റൂ ..
കാരണം ആ വാർത്ത എഴുതിയത് ഞാനല്ല ,കോട്ടയം ദീപികയിലെ  മറ്റാരോ ആണ് .. 
 
ഞാൻ നൽകിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മാത്രം ...കോട്ടയത്തു നിന്നും ജേർണലിസം കോഴ്സ് പൂർത്തിയാക്കി വീട്ടിലേയ്ക്കു പോകാനായി കോട്ടയം റെയ്‌ൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയ്ൻ കാത്തിരിക്കുകയായിരുന്നു ഞാൻ . 
 
അപ്പോൾ എവിടെ നിന്നോ വന്ന ട്രെയ്നിന്‍റെ ഒരു കമ്പാർട്ടുമെന്‍റിലേക്ക് പോലീസും ആളുകളും ഇടിച്ചു കയറുന്നു . ഞാനും കൂടി അവരുടെ കൂടെ ...നോക്കുമ്പോൾ അർധനഗ്നനായ ഒരാളെ ബന്ധിച്ചിട്ടിരിക്കുന്നു . ഡൽഹിയിലോ മറ്റോ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴക്കാരി നഴ്സ് വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു വരികയായിരുന്നു . എറണാകുളം കഴിഞ്ഞപ്പോൾ ഡ്രസ് മാറാനായി ബാത്ത്റൂമിലേക്കു പോയതാണ് . പിന്നാലെ വന്ന ആറടി പൊക്കമുള്ള അതികായനായ ആ മനുഷ്യൻ ടോയ്‌ലറ്റിൽ അവളുടെ പുറകേ കയറി. കേവലം പത്തു പവന്‍റെ ആഭരണങ്ങൾക്കു വേണ്ടി കഴുത്തു ഞെരിച്ച് ആ പാവം യുവതിയെ കൊന്നു . അതായിരുന്നു പ്രമാദമായ മെൽവിൻ പാദുവ കേസ് . സെലീനാമ്മയെന്നായിരുന്നു ആ യുവതിയുടെ പേര് . അയാൾ അടുത്ത കാലത്താണ് മോചിതനായത് . 
 
സംഭവം കേട്ടപാടെ ഞാൻ ഒരു ടെലിഫോൺ ബൂത്തിൽ കയറി രാഷ്ട്രദീപിക ഓഫീസിൽ വിവരം അറിയിച്ചു . ഞാൻ ദീപികയിലെ ജേർണലിസം വിദ്യാർഥിയാണെന്നും എനിക്കൊരു സ്കൂപ്പ് സ്റ്റോറി കിട്ടിയിട്ടുണ്ടെന്നും സ്റ്റോറിയുടെ വിശദാംശങ്ങളും ഞാൻ അറിയിച്ചു . വിശദ വിവരങ്ങളുമായി ഓഫീസിലേക്കു ചെല്ലാൻ എനിക്കു നിർദേശം കിട്ടി 
 
 എന്നാൽ ഏറെക്കാലമായി വീട്ടിൽ പോകാനാഗ്രഹിച്ചിരുന്നതിനാൽ അപ്പോൾ വീട്ടിൽ പോകുന്നതാണ് പ്രാധാന്യമെന്ന് എനിക്കു തോന്നി . ഒഴിവുകഴിവു  പറഞ്ഞ് ഞാൻ മുങ്ങി . പിറ്റേന്നത്തെ പത്രത്തിൽ ലീഡ് സ്റ്റോറി കണ്ട് ഞാൻ ഞെട്ടി. എനിക്കു സ്വന്തമായി ലഭിക്കാമായിരുന്ന ഒരു ബ്രേക്ക്ത്രൂ ഞാനായിട്ട് ഇല്ലാണ്ടാക്കി . ഉണ്ടായിരുന്നുവെങ്കിൽ റിപ്പോർട്ടിങ് പൂർത്തിയാക്കിയ ശേഷമേ വീട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യുമായിരുന്നുള്ളു . ഇതു പോലെ പല അവസരങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും കൂടുതലും കളയാതെ നോക്കാനാണ് ശ്രമിച്ചിട്ടുള്ളത് . 
 
ഇതൊക്കെയാണെങ്കിലും എന്‍റെ ആദ്യത്തെ റിപ്പോർട്ടിങ് തുടങ്ങുന്നത് തൃശൂർ ബ്യൂറോയിലെത്തിയതിന്‍റെ രണ്ടാം നാളാണ് . സ്ഥലം വലിയ പരിചയമില്ലാത്തതു കൊണ്ടും പണമില്ലാത്തതു കൊണ്ടും പത്രക്കെട്ടുകളെ മെത്തയാക്കി  ബ്യൂറോയിൽ തന്നെയായിരുന്നു പൊറുതി. അതിന്‍റെ പിറ്റേന്ന് ബ്യൂറോയിലേക്ക് ഒരു ഫോൺ കോൾ വന്നു : മ്മട മണികണ്ഠനാലിന്‍റ മേലേ രാളു ഞാന്നു കെടക്ക്ണ് .....എനിക്കൊരക്ഷരം മനസിലായില്ല . ആരാ വിളിക്കുന്നേ ? ഞാൻ ചോദിച്ചു . ഞാൻ ജോസപ്പ് ..മറുപടി കിട്ടി .ഏതു ജോസപ്പ് ..
 
എസ്പിയിലെ... ആ ...എന്തോ ...എനിക്കൊന്നും മനസിലായില്ല ..എന്തായാലും പല്ലു പോലും തേക്കാതെ വസ്ത്രം മാറി പൂരപ്പറമ്പു ലക്ഷ്യമാക്കി വെച്ചടിച്ചു . നോക്കുമ്പോൾ വടക്കേ നടക്കു സമീപമുള്ളൊരു ആലിനു ചുറ്റും ഒരാൾക്കൂട്ടം . ഒരാൾ നടുക്കു ഗമയ്ക്കു കാലു കുത്തി നിൽക്കുമ്പോൾ ചുറ്റും കാഴ്ചക്കാരായി കുറേ പേർ .അൽപം കൂടി തല ഉയർത്തി നോക്കിയപ്പോഴാണ് കാൽ കുത്തി നിന്ന മാന്യന്‍റെ കഴുത്തിൽ ഒരു കുരുക്കു കൂടിയുണ്ടെന്നു മനസിലായത് ...! 
 
മണികണ്ഠനാൽ എന്ന ആ ആലിന്‍റെ ശാഖയിൽ ഒരു ദു:ശകുനമായി അയാൾ മാറി . പിന്നീടു വിശ്വാസപ്രകാരം ആ ആൽ മുറിച്ചു മാറ്റി പകരമൊരാൽ നട്ടു. കുറച്ചു കാലത്തേക്കെങ്കിലും നാട്ടുകാർക്കു വട്ടം കൂടാനും സൊറ പറയാനുമുള്ള ഒരാൽത്തറ കൂടി അങ്ങനെ നഷ്ടമായി . 
 
അന്നു പത്തുമണിക്ക് ഓഫീസിൽ ഒരാൾ തിരക്കി വന്നു . സ്വയം പരിചയപ്പെടുത്തി . ഞാൻ ജോസഫ് ,  സ്പെഷ്യൽ ബ്രാഞ്ച് പോലീസ് എ.എസ്.ഐ . തനിക്ക് ആദ്യത്തെ വാർത്ത തന്നയാൾ . (സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പത്രക്കാരുമായി ഒരു കൊടുക്കൽ വാങ്ങൽ ബന്ധം എപ്പോഴും ഉള്ളതാണ് . അത് വിശ്വസ്തരെ മാത്രം . രണ്ടുപേർക്കും ഗുണം ചെയ്യുന്ന പരസ്പര വിവര-കൈമാറ്റ ധാരണ )
 
എന്നെ ഏറ്റവുമധികം അലട്ടിയിരുന്ന വിഷയം തൃശൂർ സ്ളാങ് തന്നെയായിരുന്നു . പ്രത്യേകിച്ച് പോലീസ്-ഫയർഫോഴ്സ് -ആശുപത്രി ബീറ്റ്സുകൾ എടുക്കുമ്പോൾ അവർ പറയുന്നതൊന്നും നമുക്കു മനസിലാകില്ല . ഏതാണ്ട് രണ്ടു മൂന്നു മാസത്തിനുള്ളിൽ ഞാനും തൃശൂർ സ്ലാങിൽ സംസാരിച്ചു തുടങ്ങി. അങ്ങനെ ഞാനും ആത്മാവു കൊണ്ട് തൃശൂർക്കാരനായി . 
 
തൃശൂർ ബ്യൂറോയിൽ എനിക്കൊപ്പമുണ്ടായിരുന്നത് പോൾ മാത്യുവും പി.ഇ. സുതനുമായിരുന്നു . സുതൻ പിന്നീട് മനോരമയിൽ ചേക്കേറി. എന്നെ ഏറ്റവുമധികം സഹായിച്ച സുതനെന്ന ചെറുപ്പക്കാരൻ ഒരുപാടു സ്വപ്നങ്ങൾ പൂർത്തീകരിക്കാനാകാതെ ഒരു രാത്രി ഉറക്കത്തിൽ ഈ ലോകത്തോടു തന്നെ വിട ചൊല്ലി . നന്നേ 
ചെറുപ്പത്തിൽ തന്നെ സുതന്‍റെ ഹൃദയതാളം നിലച്ചു. ഒരുപാടു സ്വപ്നങ്ങൾ ബാക്കി വച്ചുകൊണ്ട്.
 
 പോൾ മാത്യു ഇപ്പോഴും തൃശൂർ ബ്യൂറോയിൽ സജീവം . അക്കാലത്ത് 1250 രൂപയായിരുന്നു സ്റ്റൈപൻഡ് . പൈസ ഒന്നിനും തികയുന്നില്ല . അപ്പനെ തെറ്റിദ്ധരിപ്പിച്ച് 500 രൂപ വീട്ടിൽ നിന്നു ലഭിച്ചിരുന്നു . പോളിനും സുതനുമൊക്കെ മിച്ചം പിടിച്ച് ഒരു തുക വീട്ടിൽ കൊടുക്കണം. എനിക്കാണെങ്കിൽ വീട്ടിൽ നിന്നും പൈസ കിട്ടിയിട്ടു മാസം തികയ്ക്കാൻ പറ്റുന്നില്ല . തിരുവാമ്പാടി കല്യാണ മണ്ഡപം , പാറമേക്കാവ് , കൗസ്തുഭം ഓഡിറ്റോറിയം തുടങ്ങിയ കല്യാണ മണ്ഡപങ്ങളിൽ മുടങ്ങാതെ കല്യാണ സദ്യകൾ ഉള്ളതിനാൽ ഉച്ചയൂണ് തട്ടുമുട്ടില്ലാതെ പോകും . വരന്‍റെയോ വധുവിന്‍റെയോ പക്ഷത്തു നിന്ന് ഓസിൽ സദ്യയുണ്ണുമ്പോൾ അൽപം പോലും ജാള്യത ജീവിതത്തിൽ തോന്നിയിട്ടില്ല. അല്ലെങ്കിൽ തന്നെ വിശക്കുന്ന വയറിനെന്തിനു ജാള്യത തോന്നണം ?
 
തൃശൂരിലെ ഭാരത് ഹോട്ടലായിരുന്നു ഞങ്ങളുടെ മറ്റൊരു സങ്കേതം . അവിടെ ഒരു ബക്കറ്റ് ചോറിന് 16 രൂപയാണ് വില (വർഷങ്ങൾക്കു മുമ്പ് !)  അതായത് ഒരു ഊണ് ബക്കറ്റിൽ ! ആവശ്യത്തിനു ചോറ് , സാമ്പാർ , ഉപ്പേരി , തോരൻ എന്നു വേണ്ട 12 രൂപയ്ക്കു കൊടുക്കുന്ന സാദാ ഊണിന്‍റെ എല്ലാ വിഭവങ്ങളും ഞങ്ങൾ കടയുടമകളിലൊരാളായ രാജൻ ചേട്ടന് ഫോണിൽ ഓർഡർ കൊടുക്കും . " ചേട്ടാ , കറികളിത്തിരി കൂടിയാലും വേണ്ടില്ല , ചോറിന്‍റെ അളവ് കുറയ്ക്കരുതേ " 
 
സ്നേഹനിധിയായ രാജൻ ചേട്ടൻ മനസു നിറഞ്ഞ് ബക്കറ്റ് കുത്തി നിറച്ച് ചോറും വിഭവങ്ങളും തന്നു വിടും . ഞങ്ങൾ മൂന്നു പേരും വയറു നിറച്ചു കഴിച്ചാലും എനിക്കു രാത്രിയിൽ കഴിക്കാനുള്ളതു മിച്ചമുണ്ടാകുമായിരുന്നു . വെറും 16 രൂപയ്ക്കു മൂന്നു പേർക്ക് സമൃദ്ധമായ ഊണ് ! 36 രൂപ കൊടുക്കേണ്ട സ്ഥാനത്താണെന്നോർക്കണം . ആ ചോറിന്‍റെയും കല്യാണമണ്ഡപങ്ങളിലെ മൂന്നു തരം പായസം കൂട്ടിയുള്ള ഓസിലെ ഊണിന്‍റെയും ഓർമ ഇന്നും മനസിൽ മായാതെ നിൽക്കുന്നു ....നിത്യഹരിതമായി .....
 
ഒരിക്കൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സദ്യ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ തൊട്ടുമുമ്പിൽ ഇരിക്കുന്നു ഞങ്ങളുടെ അന്നത്തെ ബ്യൂറോ ചീഫ് അലക്സാണ്ടർ സാം സാർ . ഞങ്ങളെ കണ്ട പാടെ അദ്ദേഹം  മുഴുവനായി ഒന്നു പുഞ്ചിരിച്ചു. സാധാരണ സദ്യ നന്നായിആസ്വദിച്ചു കഴിക്കാറുള്ള ഞങ്ങൾ വെട്ടി വിഴുങ്ങി പായസവും മറ്റും വരുന്നതു നോക്കാതെ പെട്ടെന്നു ഔട്ടായി. അലക്സാണ്ടർ സാർ നോക്കുമ്പോൾ ഞങ്ങളെ കാണുന്നില്ല . 
അദ്ദേഹം ഉടൻ തന്നെ ബ്യൂറോയിലെത്തി . അപ്പോൾ ഞങ്ങൾ മൂവരും മൂന്നു ഫോണിലായി വാർത്താശേഖരണത്തിന്‍റെ തിരക്കിലായിരുന്നു. ഞങ്ങൾ ഫോൺ താഴെ വയ്ക്കുന്നതു വരെ കാത്തിരുന്ന അദ്ദേഹം ചോദിച്ചു : ഇന്നെന്താ , വലിയ തിരക്കാണല്ലേ ? ഞങ്ങൾ തലയാട്ടി . ഇന്നെന്താ ആരും ഊണിനു പോകാത്തത് ? തിരക്കാ ? അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു :  സാറെന്താ വീട്ടിൽ പോയില്ലേ ? സ്വതേ സരസനായ അദ്ദേഹം പറഞ്ഞു: ഇല്ല , പോകുന്ന വഴിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഒരു കല്യാണ സദ്യ നടക്കുന്ന കണ്ടു . എന്നാൽ ഇന്നവിടെ ഓസാമെന്നു കരുതി ഇരിക്കുമ്പോൾ തൊട്ടടുത്ത പന്തിയിൽ നിങ്ങളെ പോലെ മൂന്നു പേർ . ഞങ്ങളൊന്നു ചമ്മി . 
 
"ഏയ്, നിങ്ങളല്ല , നിങ്ങളുടെ അതേ ഛായ ഉള്ള മൂന്നു പേരെന്നേ ഞാനുദ്ദേശിച്ചുള്ളു . " ഇത്രയും പറഞ്ഞ് എന്നാൽ ഞാൻ വീട്ടിൽ പോയിട്ടു വരാമെന്നു പറഞ്ഞിറങ്ങി. വരുന്ന വഴിക്ക് എന്‍റെ ചെവിയിൽ ഒരു മന്ത്രണം " നാട്ടുകാർ എടുത്തിട്ടു അടിക്കാതെ സൂക്ഷിച്ചോളണം ." ഹെന്‍റമ്മോ...ഞാൻ ചമ്മി നാശമായി . 
 
എന്നു വച്ച് ഓസിലുള്ള ആ ഏർപ്പാട് തൃശൂർ ജില്ല വിടുവോളം അനുവർത്തിച്ചിരുന്നു . 
ഒരു ട്രെയ്നി എന്ന നിലയിൽ ഞാൻ ആദ്യം പ്രവർത്തിച്ചതും തൃശൂർ ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടന്‍റുമായിരുന്ന അലക്സാണ്ടർ സാം സാറിന്‍റെ കീഴിലായിരുന്നു . ഇത്രയ്ക്കും സർക്കാസ്റ്റിക് ആയ , നർമബോധമുള്ള ഒരു പത്രപ്രവർത്തകൻ ഒരു പക്ഷേ , തൃശൂർ ജില്ലയിൽ തന്നെയുണ്ടാകില്ല . അറിവിന്‍റെ ഒരു കൂമ്പാരമാണ് അദ്ദേഹം . 
 
തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ നിന്ന് അധ്യാപക ജീവിതം വലിച്ചെറിഞ്ഞ് പത്രപ്രവർത്തകനാകാൻ ഇറങ്ങിത്തിരിച്ച അലക്സ് സാർ അറിവിന്‍റെയും പത്രപ്രവർത്തന റിപ്പോർട്ടിംഗിന്‍റെ അനുഭവ സമ്പത്തിന്‍റെ നിറകുടമാണ് . ഞാൻ ആദ്യ കാലത്തൊക്കെ എഴുതിയിരുന്ന വാർത്തകൾ എഡിറ്റു ചെയ്യാൻ അദ്ദേഹത്തിനു നൽകിയിരുന്നു . ഒരൊറ്റ കുഴപ്പം മാത്രം ...11ാം മണിക്കൂറിലേ തിരിച്ചു തരൂ . അതു പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തും . രാഷ്ട്രദീപികയുടെ ഒന്നാം പേജ് 12.30 നു പോകുമെങ്കിൽ അലക്സ് സാർ സ്റ്റോറി ഫയർ ചെയ്യുന്നത് 12. 20നായിരിക്കും . പ്രധാന വാർത്തയ്ക്കായി നിശ്ചിത സെന്‍റിമീറ്റർ ഒഴിച്ചിട്ടു കൊള്ളാൻ ഡെസ്കിൽ നിർദേശം നൽകും . 
 
കൃത്യം 12.10 ന് എഴുത്തു തുടങ്ങും . നല്ല വടിവൊത്ത കയ്യക്ഷരത്തിൽ ഒരു പേജ് എഴുതാൻ ഒരു മിനിറ്റ് . ഓരോ പേജ് എഴുതുമ്പോഴും ഞാൻ പേജ് വലിച്ചു കൊണ്ടു പോയി ഫാക്സ് ചെയ്യും . അങ്ങനെ 10 മിനിറ്റു കൊണ്ട് സ്റ്റോറി റെഡി . അതു കഴിഞ്ഞ് വരാന്തയിൽ പോയി ഒരു സിഗരറ്റ് വലി . തിരിച്ചു വന്നാൽ " എന്നാൽ ഞാൻ പോയിട്ടു വരാം " എന്നു പറഞ്ഞ് വീട്ടിലേക്ക് ഒരൊറ്റ പോക്ക് . നാലു മണിയാകുമ്പോൾ വിളി വരും . എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? പിന്നെ ഫോണിലൂടെ നിർദേശങ്ങൾ . അദ്ദേഹം പറയുന്ന ജോലികൾ ഒന്നു പോലും ഒഴിവാക്കാതെ പൂർത്തിയാക്കും . 
 
തുടർച്ചയായി നാലു മാസക്കാലം ഒരു ഓഫു പോലുമില്ലാതെ ജോലി തന്നെ ജോലി . ട്രെയ്നികൾക്ക് ഓഫില്ലെന്നാണ് എന്നെ പറഞ്ഞു ധരിപ്പിച്ചത് . ഏതാനും മാസങ്ങൾക്കകം അദ്ദേഹത്തിനു റസിഡന്‍റ് എഡിറ്ററായി പ്രമോഷൻ . അങ്ങനെ തൃശൂർ ബ്യൂറോയുടെ ചുമതല താൽക്കാലികമായി എനിക്ക് . " ഫ്രാൻസിസ് , തൽക്കാലം ബ്യൂറോയുടെ ചുമതല വഹിക്കാനുള്ള കെൽപ് താങ്കൾക്കായിട്ടുണ്ട് . പകരക്കാരനെ പ്രതീക്ഷിക്കേണ്ടെന്നും ജോലി തുടങ്ങിക്കോളാനും പറഞ്ഞു . എനിക്ക് എതിർവായില്ലായിരുന്നു . കെ. കരുണാകരൻ ഉൾപ്പടെ വലിയ വിഐപികളുടെ പത്രസമ്മേളനങ്ങൾ വരെ കവർ ചെയ്യാൻ എന്നെയും കൂട്ടും . 
 
എന്നിട്ട് എന്നെക്കൊണ്ട് എഴുതിക്കും . പക്ഷേ , പ്രസിദ്ധീകരിക്കുന്നത് സാർ എഴുതുന്നതായിരിക്കും . പതിയെ പതിയെ അദ്ദേഹത്തിന് എന്‍റെ എഴുത്തിൽ വിശ്വാസം വന്നു തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ തന്നെ ഇത്തരം പത്രസമ്മേളനങ്ങൾക്ക് അയച്ചു തുടങ്ങി .  അതായിരുന്നു എനിക്കു ലഭിച്ച ഏറ്റവും വലിയ ആത്മവിശ്വാസം . 
വാർത്ത സൃഷ്ടിക്കൂന്നതിലും രൂപീകരിക്കുന്നതിലും ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണു തൃശൂർ . കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമെന്നു പറയാവുന്ന സ്ഥലം തന്നെയാണിത് . കേരളത്തിന്‍റെ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക - വിദ്യാഭ്യാസ മേഖലകളിലെ പ്രധാന സിരാകേന്ദ്രമാണ് തൃശൂർ . 
ഇവിടെ നിന്നും പത്രപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചവർ ആരും തന്നെ രക്ഷപെടാതെ പോയിട്ടില്ല . 
 
Read earlier chapters
 
ആദ്യ സ്കൂപ് വരമൊഴിയായി; ഓസിൽ സദ്യയും-3 (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക