Image

ഇരുളെത്തും മുന്‍പെ (കവിത: ആറ്റുമാലി)

Published on 02 February, 2017
ഇരുളെത്തും മുന്‍പെ (കവിത: ആറ്റുമാലി)
ബാക്കിയുള്ള പകലിനെ പങ്കുവെക്കാന്‍
എല്ലാവരും തിരക്ക് കൂട്ടുന്നു.
വിജ്ഞാനശകലങ്ങള്‍ തേടുന്ന പണ്ഡിതനെപ്പോലെ,
നീര്‍ക്കാക്ക കുളത്തിലെ പരല്‍മീനുകള്‍ തിരയുന്നു.

കുളക്കരയില്‍ മേയുന്ന കറുത്ത ആട്ടിന്‍കുട്ടി
പച്ചപ്പുല്ലിനും തളിരുകള്‍ക്കുമൊപ്പം
നാടിന്റെ സമൃദ്ധിയും ആസ്വദിക്കുന്നു.
വെട്ടാന്‍ പാകമായ ഏത്തക്കുലകളില്‍
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാര്‍
സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സാക്ഷികളാകുന്നു.

തെങ്ങോലകളില്‍ നിന്ന് തെങ്ങോലകളിലേക്ക്
പറക്കുന്ന കാക്കകള്‍ നിര്‍ഭയത്വമെന്തെന്നു
വാചാലമായി വിസ്തരിക്കുന്നു.
തെങ്ങിന്‍ തലപ്പുകള്‍ക്കു മീതെ.

മേഘങ്ങളുലാത്തുന്ന നീലാകാശത്തിന്‍ കീഴിലെ
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവില്‍
പരുന്തുകള്‍ വട്ടംചുറ്റുന്നു.
കളിക്കളത്തിലെ ആരവം ഒരു സമൂഹത്തിന്റെ
തന്നെ വിജയഭേരിയായുയരുന്നു.
പണികഴിഞ്ഞെത്തുന്ന പരിസരവാസികള്‍
ആരവങ്ങളുടെ തെളിനീരലകളില്‍
പകലിന്റെ ഭാരങ്ങള്‍ ഒഴുക്കിക്കളയുന്നു.

സ്വദേശത്തെത്തിയ പ്രവാസി ദമ്പതികള്‍
മട്ടുപ്പാവില്‍, കളംവരച്ച് ചുറ്റുമുള്ള
മനുഷ്യരേയും മണ്ണിനേയും പ്രകൃതിയെ
മുഴുവനായും ചായക്കോപ്പയില്‍ ആവാഹിക്കുന്നു.

നല്ല ശിക്ഷണത്തിന്റെ ബാലപാഠം കണക്കെ
സെമിനാരിയിലെ മണിനാദം മുഴങ്ങുമ്പോള്‍
കളിക്കളങ്ങള്‍ പൂര്‍ണ്ണമായും നിശ്ശബ്ദമാകുന്നു.
പകലിന്റെ, അവശേഷിച്ച അവസാനത്തെ തുടിപ്പും
ഇരുളിന്റെ കടന്നാക്രമണത്തില്‍ നിശ്ചലമാകുന്നു.

***********
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക