Image

ബ്രെസ്റ്റ് ഇംപ്ലാന്റ് തകരാറ്: ജര്‍മനി 60 മില്യണ്‍ യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published on 22 January, 2017
ബ്രെസ്റ്റ് ഇംപ്ലാന്റ് തകരാറ്: ജര്‍മനി 60 മില്യണ്‍ യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി


      ബെര്‍ലിന്‍: സൗന്ദര്യ വര്‍ധനയ്ക്കുവേണ്ടി സിലിക്കോണ്‍ സ്തനം കൃത്രിമമായി വച്ചുപിടിപ്പിച്ച ഫ്രാന്‍സിലെ ഇരുപതിനായിരം സ്ത്രീകള്‍ക്ക് ജര്‍മനി അറുപത് ദശലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഫ്രഞ്ച് കോടതി വിധിച്ചു. 

ജര്‍മന്‍ സേഫ്റ്റി സര്‍ട്ടിഫയര്‍ ടിയുവിയാണ്(ടുവ് റൈന്‍ലാന്‍ഡ്) നഷ്ടപരിഹാരതുക നല്‍കേണ്ടത്. ഇവരില്‍ സ്ഥാപിച്ച ബ്രസ്റ്റ് ഇംപ്ലാന്റുകള്‍ക്ക് പിന്നീട് തകരാറ് വന്നത് കണക്കിലെടുത്താണ് വിധി.

ഫ്രഞ്ച് കന്പനി പോളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മിച്ച ഉത്പന്നം നിലവാരമുള്ളതാണെന്ന് തെറ്റായി ടിയുവി സാക്ഷ്യപ്പെടുത്തിയതാണ് ഇതിനു കാരണമായി വ്യക്തമാക്കിയത്. ഓരോരുത്തര്‍ക്കും മൂവായിരം യൂറോ വീതമാണ് ടിയുവി നല്‍കേണ്ടത്.

മെഡിക്കല്‍ ആവശ്യത്തിനുള്ള സിലിക്കോണാണ് ഇംപ്ലാന്റുകളില്‍ ഉപയോഗിക്കേണ്ടത്. അതിനുപകരം വില കുറഞ്ഞ ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് സിലിക്കണാണ് പിഐപി എന്ന കന്പനി ഉപയോഗിച്ചു വന്നത്. കന്പനി പാപ്പരായതിനെ തുടര്‍ന്ന് നഷ്ടപരിഹാരം കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നിരിക്കുകയാണ്.

2010 ലാണ് സംഭവം ഉണ്ടായതെങ്കിലും 2011 മുതല്‍ 65 രാജ്യങ്ങളിലെ യുവതികള്‍ ഇത്തരം സൗന്ദര്യശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ അന്നുമുതല്‍ ആരംഭിച്ച കേസിന് ഇപ്പോഴാണ് കോടതിയുടെ സുപ്രധാനമായ വിധിയുണ്ടാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക