Image

തമിഴ്‌നാട്ടിലേക്ക് അയച്ച സ്വിസ് ജേഴ്‌സി പശുക്കളെ ഓര്‍ത്തു സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആശങ്ക

Published on 22 January, 2017
തമിഴ്‌നാട്ടിലേക്ക് അയച്ച സ്വിസ് ജേഴ്‌സി പശുക്കളെ ഓര്‍ത്തു സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആശങ്ക

 
സൂറിച്ച്: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്‌നങ്ങള്‍ക്കിടയിലേക്ക് എത്തിയ 60 സ്വിസ് പശുക്കളെക്കുറിച്ച് ഓര്‍ത്തു സ്വിറ്റ്‌സര്‍ലന്റുകാര്‍ ആശങ്കയിലാണ്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് 10 തടി കൂടുകളിലായി 60 ജേഴ്‌സി പശുക്കള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ചെന്നൈയില്‍ പറന്നിറങ്ങിയത്. ജെല്ലിക്കെട്ട് പ്രശ്‌നം പുകഞ്ഞു നില്‍ക്കുന്ന തമിഴ്‌നാട്ടില്‍, വിദേശ ബ്രീഡിലുള്ള പശുക്കളെ ഇപ്പോള്‍ കൈയില്‍ കിട്ടിയാല്‍ വച്ചേക്കില്ലെന്നാണ് മാന്യമായ ഗോ സംസ്‌കാരം കൊണ്ടുനടക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരുടെ ഭയം.

കേന്ദ്ര ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ടുമെന്റിന്റെ കാറ്റില്‍ ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ജേഴ്‌സി, സ്വിസ് ബ്രൗണ്‍, ഹോളെന്‍സ്‌റ്റെയ്ന്‍ വിഭാഗത്തില്‍പ്പെടുന്ന 1040 കന്നുകാലികളെയാണ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 500 എണ്ണം ബംഗാളിനും 540 എണ്ണം തമിഴ്‌നാടിനുമാണ്. ഇതില്‍ ആദ്യ 60 ജേഴ്‌സി പശുക്കളാണ് ചെന്നൈയില്‍ എത്തിയത്.

ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കങ്കായം ബ്രീഡിലുള്ള കാളകള്‍ വംശനാശ ഭീഷണിയിലാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്പ് നൂറോളം കാളകള്‍ ഉണ്ടായിരുന്നിടത്തു തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് 40 ഓളം കങ്കായം കാളകളാണ്. തനത് കാലിവംശങ്ങളെ മനഃപൂര്‍വം നശിപ്പിച്ചു ജെല്ലിക്കെട്ട് ഇല്ലാതാക്കാനാണ് വിദേശത്തുനിന്നും പശുക്കളെ സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നതെന്ന പ്രമുഖ തമിഴ് നടി ഖുശ്ബുവിന്റെ വാക്കുകളാണ് സ്വിസ് മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്.

പശുക്കളെ ആദരിക്കാന്‍ ഗ്രാമങ്ങള്‍ തോറും സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു ഫാമില്‍ നിന്നും അടുത്ത ഫാമിലേക്കു കാലിക്കൂട്ടങ്ങള്‍ റോഡ് മുറിച്ചു കടക്കുന്‌പോള്‍ വാഹനങ്ങള്‍ ഒതുക്കി ക്ഷമയോടെ കാത്തു നില്‍ക്കുന്ന ഗോക്കളെ ഒരു വികാരമായി കാണുന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍, ഇവിടെ നിന്നും തമിഴ്‌നാടിനു പോയ 60 ജേഴ്‌സി പശുക്കളുടെ ഭാവില്‍ എന്തായാലും ഇപ്പോള്‍ നല്ല ആകാംക്ഷയിലാണ്.

റിപ്പോര്‍ട്ട്: ടിജി മറ്റം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക