Image

മലപ്പുറത്ത്‌ സുഹൃത്തിനെ തലയ്‌ക്കടിച്ചു കൊന്ന ഒഡീഷ സ്വദേശി പിടിയില്‍

Published on 22 January, 2017
മലപ്പുറത്ത്‌ സുഹൃത്തിനെ തലയ്‌ക്കടിച്ചു കൊന്ന ഒഡീഷ സ്വദേശി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടി പുളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ബീഹാര്‍ സ്വദേശിയെ തലയ്‌ക്കടിച്ചു കൊന്ന കേസില്‍ ഒഡീഷ സ്വദേശിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒഡീഷ നവരംഗ്‌പൂര്‍ സ്വദേശി സൈനാസിയുടെ മകന്‍ ഹൊഗാര്‍ദോവാണ്‌ പോലീസ്‌ പിടിയാലയത്‌. 2016 ഡിസംബര്‍ 18നാണ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മജി എന്ന യുവാവിനെ ഹൊഗാര്‍ദോവ്‌ തലയ്‌ക്കടിച്ച്‌ കൊന്നത്‌.

മജിയില്‍ നിന്ന്‌ ഹൊഗാര്‍ദോവ്‌ 2000 രൂപ കടം വാങ്ങിയിരുന്നു. ഇത്‌ തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. വാക്ക്‌ തര്‍ക്കത്തിനൊടുവില്‍ മുറിയിലുണ്ടായിരുന്ന പണി ആയുധമായ കൈക്കോട്ട്‌ ഉപയോഗിച്ചാണ്‌ ഹൊഗാര്‍ദോവ്‌ മജിയുടെ തലയ്‌ക്കടിച്ചത്‌. സംഭവത്തിന്‌ ശേഷം സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ തൊളിലാളികള്‍ക്കൊപ്പം ചീട്ടുകളിക്കാന്‍ പോയ ഹൊഗാര്‍ദോവ്‌ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

ഏറെ വൈകിയാണ്‌ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മജിയെ മറ്റു സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്‌. പരിക്കേറ്റ മജിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്‌ ശേഷം ഹൊഗാര്‍ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ്‌ ഇയാളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം ആരംഭിച്ചത്‌.

ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രതിക്ക്‌ ഒഡിയ ഒഴികെ മറ്റൊരു ഭാഷയും അറിയാത്തതിനാല്‍ തെളിവെടുപ്പിനും മൊഴിയെടുക്കാനും പോലീസിന്‌ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക