Image

നോട്ടുനിരോധനശേഷം ഡിസംബര്‍ 30വരെ ഒരു കള്ളനോട്ടുപോലും പിടിച്ചെടുത്തിട്ടില്ല: ധനമന്ത്രാലയം

Published on 21 January, 2017
നോട്ടുനിരോധനശേഷം ഡിസംബര്‍ 30വരെ ഒരു കള്ളനോട്ടുപോലും പിടിച്ചെടുത്തിട്ടില്ല: ധനമന്ത്രാലയം

ന്യൂദല്‍ഹി: നവംബര്‍ എട്ടിനു നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം ഡിസംബര്‍ 30വരെ ഒരു കള്ളനോട്ടും പിടിച്ചെടുത്തിട്ടില്ലെന്ന്‌ ധനകാര്യ മന്ത്രാലയം. പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിക്കുമുമ്പാകെയാണ്‌ ധനകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്‌.

നോട്ടുനിരോധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞത്‌ കള്ളനോട്ടുകള്‍ തടയാന്‍ വേണ്ടിയെന്നാണ്‌. തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാമെന്നുമായിരുന്നു മോദി സര്‍ക്കാറിന്റെ വാദം.



നോട്ടുനിരോധനത്തിനുശേഷം 500, 1000രൂപ നോട്ടുകളുടെ എത്ര കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന പി.എ.സിയുടെ ചോദ്യത്തിന്‌ `സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസിനു കീഴിലുള്ള ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ഒരു കള്ളനോട്ടുപോലും പിടിച്ചെടുത്തിട്ടില്ല.' എന്നാണ്‌ ഇതിനു മറുപടിയായി ധനകാര്യ മന്ത്രാലയം നല്‍കിയത്‌.

നോട്ടുനിരോധനത്തിനുശേഷം പഴയതും പുതിയതും നോട്ടുകളായി ആദായ നികുതി വകുപ്പ്‌ പിടിച്ചെടുത്തത്‌ 474.37 കോടി രൂപയാണെന്നും ഇതില്‍ 112.29കോടി പുതിയ 2000രൂപ നോട്ടുകളാണെന്നും ധനകാര്യമന്ത്രാലയം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 

എന്നാല്‍ നോട്ടുകളില്‍ പിടിച്ചവരുടെ കൂട്ടത്തില്‍ തീവ്രവാദി ഗ്രൂപ്പുകളോ കള്ളക്കടത്തു സംഘങ്ങളോ ഉണ്ടോയെന്നതു സംബന്ധിച്ച്‌ യാതൊരു വിവരവുമില്ലെന്നാണ്‌ ധനകാര്യ മന്ത്രാലയം പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക