Image

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: ഇരകളുടെ വാദം എപ്പോഴും പരിഗണിക്കാനാവില്ലെന്ന്‌ കോടതി

Published on 21 January, 2017
 വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: ഇരകളുടെ വാദം എപ്പോഴും പരിഗണിക്കാനാവില്ലെന്ന്‌ കോടതി
മുംബൈ: വിവാഹം വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിച്ചുവെന്ന ബലാല്‍സംഗ കേസുകളിലെ ഇരകളുടെ വാദം എപ്പോഴും പരിഗണിക്കാനാവില്ലെന്ന്‌ കോടതി. 

ബലാല്‍സംഗക്കേസില്‍ 21കാരനായ കാമുകന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ്‌ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. കാമുകനുമായി ബന്ധം വേര്‍പ്പിരിഞ്ഞ ശേഷം പെണ്‍കുട്ടി നല്‍കിയ ബലാല്‍സംഗ കേസാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌.

 വിവാഹത്തിന്‌ മുമ്പ്‌ കാമുകന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ തയ്യാറാവുന്നുണ്ട്‌. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവര്‍ തയ്യാറാവണം. ബന്ധം വഷളായ ശേഷം കരയുകയല്ല വേണ്ടതെന്നും ജസ്റ്റിസ്‌ മൃദുല ഭക്തര്‍ വ്യക്തമാക്കി.

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്‌. എന്നുവച്ച്‌ എല്ലാ സംഭവങ്ങളും ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ല. വിദ്യാസമ്പന്നരായ നിരവധി പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്‌ സമ്മതിക്കുന്നുണ്ട്‌. ബന്ധം തെറ്റുമ്പോള്‍ ബലാല്‍സംഗ കേസ്‌ നല്‍കുന്നത്‌ എല്ലാ ഘട്ടത്തിലും പീഡനമായി കണക്കാക്കാനാവില്ല-കോടതി വ്യക്തമാക്കി. 


തലമുറകളിലെ മാറ്റം എല്ലാവരും മനസിലാക്കണം. മുമ്പ്‌ വിവാഹ വേളയില്‍ വധു കന്യകയായിരിക്കണമെന്ന സങ്കല്‍പ്പത്തിന്‌ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന്‌ ഈ ചിന്തയില്‍ മാറ്റം വന്നിരിക്കുന്നുവെന്നും കോടതി പറഞ്ഞു. 

പുതുതലമുറക്ക്‌ ലൈംഗികതയെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. സമൂഹം ഏറെ മാറിയിട്ടുണ്ടെങ്കിലും വിവാഹത്തിന്‌ മുമ്പുള്ള സെക്‌സിനെ കുറിച്ച്‌ പരിശോധന വേണം. പ്രണയം അതിര്‌ കടന്ന്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ ആണ്‍കുട്ടിയെ പോലെ പെണ്‍കുട്ടിയും സന്നദ്ധമായിട്ടാണ്‌. അതിന്റെ ഉത്തരവാദിത്തം രണ്ടുപേര്‍ക്കുമുണ്ട്‌- ജസ്റ്റിസ്‌ മൃദുല ഭക്തര്‍ വ്യക്തമാക്കി. 


 സ്‌ത്രീ പ്രായപൂര്‍ത്തിയായവളും വിദ്യാസമ്പന്നയുമാണെങ്കില്‍ വിവാഹ പൂര്‍വ സെക്‌സിനെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടതുമാണെന്ന മുന്‍ ഉത്തരവും ജസ്റ്റിസ്‌ മൃദുല ഭക്തര്‍ എടുത്ത്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക