Image

ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 21 January, 2017
ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)
ലോകത്തെ ഏറ്റവും ശക്തവും സമ്പന്നവുമായ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എട്ട് വര്‍ഷത്തെ സംഭവബഹുലമായ ഭരണത്തിന് ശേഷം ബരാക്ക് ഒബാമ ജനുവരി 20 ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. കാപ്പിറ്റോള്‍ ഹില്ലില്‍ അന്നേ ദിവസം നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിയഞ്ചാമത് പ്രസിഡന്റായി എഴുപതുകാരനായ ഡൊണാള്‍ഡ് ട്രമ്പ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. ഒരു യുഗത്തിന്റെ വിജയകരമായ പര്യവസാനവും മറ്റൊരു യുത്തിന്റെ കൗതുകകരമായ തുടക്കവും നേരിട്ടും ദൃശ്യമാധ്യമങ്ങളിലൂടെയുമായി കോടികണക്കിന് ജനങ്ങളാണ് ലോകമാസകലം വീക്ഷിച്ചത്. രണ്ട് നൂറ്റാണ്ടിലധികമായി ലോകത്തിന്റെ ഗതിവഗതികള്‍ നിയന്ത്രിക്കുന്ന വൈറ്റ് ഹൗസിന് ഇനിയങ്ങോട്ട് പുതിയൊരു ആതിഥേയന്‍; വിവാധങ്ങള്‍ക്കും വേറിട്ട വാര്‍ത്തകള്‍ക്കും വേണ്ടി ദാഹിക്കുന്ന മാധ്യമങ്ങള്‍ക്കിനി ചാകരക്കാലം.

'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍...' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ബരാക്ക് ഒബാമ അമേരിക്കയുടെ അമരക്കാരനാകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അദ്ധേഹം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അന്നേ വരെ രാജ്യത്തിന്റെ കാമാന്‍ഡര്‍ ഇന്‍ ചീഫ് ആയി ഒരു കറുത്ത വംശജന്‍ അധികാരമേല്‍ക്കുന്നത് അമേരിക്കകാര്‍ക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറമായിരുന്നു. ജോര്‍ജ് ഡബ്ലൂ ബുഷിന്റെ കാലത്ത് കറുത്ത വര്‍ഗക്കാരായ ജനറല്‍ കോളിന്‍ പവ്വലും തുടര്‍ന്ന് കേണ്‍ടലീസാ റൈസും വിദേശകാര്യ സെക്രട്ടറിമാരായപ്പോള്‍ നെറ്റി ചുളിച്ചവരായിരുന്നു അമേരിക്കന്‍ ജനത, അവര്‍ എത്രയോ പ്രഗല്‍ഭരായിരുന്നിട്ടും. ആ ജനതയുടെ അധിപനായിട്ടാണ് നാല്‍പ്പത്തിയേഴാം വയസ്സില്‍ ബരാക്ക് ഒബാമയെന്ന യു എസ് സെനറ്റര്‍ 2008 ലെ തിരഞ്ഞെടുപ്പില്‍ സര്‍വ്വാഭരണീയനായ അരിസോണ സെനറ്റര്‍ ജോണ്‍ മക്കെയിനെ പരാജയപ്പെടുത്തി വൈറ്റ് ഹൗസിന്റെ പടികള്‍ നടന്ന് കയറിയത്. ജോര്‍ജ്ജ് ബുഷിന്റെ ഭരണപരാജയത്തിന്റെ പ്രത്യക്ഷ നേട്ടവുമായി ഒബാമയുടെ വിജയത്തെ വിലകുറച്ച് കാണുന്നവര്‍ ഓര്‍ക്കുക: ' ഒബാമയെ ഞങ്ങള്‍ അമേരിക്കയുടെ വണ്‍ ടൈം പ്രസിഡന്റ് ആക്കി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയുമെന്ന് വീമ്പിളക്കി വമ്പന്‍ പ്രചാരണവുമായിമുന്നേറിയ മുന്‍ മസാചുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി പോള്‍ റയന്‍ ടീമിനെ തറപറ്റിച്ചുതൊണ്ട് 2012 ലെ തിരഞ്ഞെടുപ്പിലും അദ്ധേഹം വിജയിച്ചു കയറി. അന്ന് അഭിമാനത്തോടെ ശിരസ്സുയര്‍ത്തി അമേരിക്കന്‍ ജനതയുടെ ആരവങ്ങള്‍ സ്വീകരിച്ച് ബരാക്കിന്റെ ചരിത്രത്തേക്കാള്‍ ജനം എന്നുമോര്‍ക്കുന്നത് സന്തോഷത്താല്‍ വീര്‍പ്പുമുട്ടി പൊട്ടിക്കരഞ്ഞ മിഷേല്‍ ഒബാമയുടെ മുഖമായിരിക്കും; അവര്‍ അന്ന് പറഞ്ഞ വാക്കുകളായിരിക്കും: 'ഒരു അമേരിക്കക്കാരിയെന്നതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു... ഈ ജനതയില്‍ ഞാന്‍ വിശ്വസിക്കുന്നു...'

ഏത് വലിയ വിപ്ലവത്തിന്റേയും തുടക്കം ചെറിയൊരു ചിന്തയില്‍ നിന്നായിരുക്കുമെന്ന് പറഞ്ഞതുപോലെയാണ് ഒബാമയുടേയും തുടക്കവും വളര്‍ച്ചയും. ഉന്നത പഠത്തിന് അമേരിക്കയില്‍ വ്ന്ന കെനിയന്‍ സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബരാക്ക് ഹുസ്സൈന്‍ ഒബാമ സീനിയറിന് കന്‍സാസില്‍ ജനിച്ച്, ഹവായി സംസ്ഥാനത്ത് വളര്‍ന്ന വെളുത്ത വര്‍ഗക്കാരിയായ ഡോ. ആന്‍ ദുന്‍ഹമില്‍ ജനിച്ച ഏകസന്താനമാണ് ഇന്ന്് നാം കാണുന്ന പ്രസിഡന്റ് ബരാക്ക് ഒബാമ. അപ്പനും അമ്മയും പിന്നീട് പിണങ്ങിപ്പിരിയുകയും തുടര്‍ന്ന് അമ്മയുടേയും രണ്ടാനച്ഛന്റെയും കൂടെ അമേരിക്കയിലും ഇന്‍ഡോനേഷ്യയിലുമായി കഴിഞ്ഞ അദ്ധേഹത്തിന്റെ ജീവിതം കരുപ്പിടിപ്പിച്ചത് പക്ഷെ, അമ്മൂമ്മ മെഡെലിന്‍ ദുന്‍ഹമായിരുന്നു. പത്ത് വയസ്സുമുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അവരുടെ കൂടെ കഴിഞ്ഞ കാലഘട്ടമായിരുന്നു ഏത് പ്രതിസന്ധികളിലും പതറാതെ അതിജീവിക്കാനുള്ള കരുത്ത് അദ്ധേഹത്തിന് നല്‍കിയത്. അക്കാലത്താണ് ഒബാമ തന്റെ അച്ഛനെ അവസാനമായി(ഓര്‍മ്മ വച്ച കാലത്തെ ആദ്യ കൂടിക്കാഴ്ച) കാണുന്നതും. ഹൃസ്വ സന്ദര്‍ശനത്തിന് താന്‍ പഠിച്ച ഹവായി സര്‍വ്വകലാശാലയിലെത്തിയ തന്റെ പിതാവിനെ അവസാനമായി കണ്ട സംഭവത്തെപറ്റി 'ഡ്രീംസ് ഫ്രം മൈ ഫാദര്‍' എന്ന പുസ്തകത്തില്‍ അദ്ധേഹം വിവരിക്കുന്നുണ്ട്. കെനിയയിലേക്ക് മടങ്ങിയ ഓ#ബാമ സീനിയര്‍ താമസിയാതെ ഓ#രു കാറപകടത്തില്‍ മരിക്കുകയും ചെയ്തു. വിദ്യാസ്മ്പന്നനും കരുത്തുറ്റ വ്യക്തിത്വവുമായിരുന്ന മെഡെലിന്‍ ദുന്‍ഹം ബരാക്കിനെ എല്ലാ മൂല്ലയങ്ങളും നല്‍കി പഠിപ്പിച്ചു, വലിയവനാകാന്‍മോഹിപ്പിച്ചു. 2008 നവംബറില്‍ തന്റെ പേരക്കുട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെുന്നതിന് രണ്ട് ദിവസം മുമ്പാണ് അവര്‍ ലോകത്തോട് വിട പറഞ്ഞത്. ഇന്ന് എവിടെയെങ്കിലുമിരുന്ന് തന്റെ കൊച്ചുമകന്റെ സാര്‍ത്ഥകമായ ജീവിതത്തെയോര്‍ത്ത് അവരുടെ ആത്മാവ് അഭിമാനിക്കുന്നുണ്ടാവണം.

പ്രതിസന്ധികളേയും  വെല്ലുവിളികളേയും തളരാതെ നേരിട്ട ചരിത്രമാണ് ബരാക്ക് ഒബാമയുടേത്. കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലും ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലും പഠിച്ച അദ്ധേഹം തുടര്‍ന്ന് ചിക്കാഗോയില്‍ സാമൂഹ്യ പ്രവര്‍ത്തകനായും യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ അസിസ്റ്റന്റ്  പ്രൊഫസറായും സേവനം ചെയ്തു. ഒരു പക്ഷെ ചിക്കഗൊയിലെ പൊതു പ്രവര്‍ത്തനമാണ് അദ്ധേഹത്തെ വലിയ ലക്ഷ്യത്തിലേക്ക് നയിച്ചതെന്ന് പറയാം. 1997 ല്‍ ഇല്ലിനോയിസ്‌റ്റേറ്റ് സെനറ്ററായ അദ്ധേഹം രണ്ട് തവണ കൂടി ആ സ്ാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പക്ഷെ, കോണ്‍ഗ്രസ് മാന്‍ ബോബി റഷിനോട് അദ്ധേഹം പരാജയം സമ്മതിച്ചു. പക്ഷെ അതിലും വലിയ പദവികള്‍ അദ്ധേഹത്തെ കാത്തിരിക്കയായിരുന്നു. 2004 നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത എഴുപത് ശതമാനത്തിലേറെ നേടി യു എസ് സെനറ്ററായി ബരാക്ക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടു.

2004 സെനറ്റര്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളകളിലൊന്നില്‍ ഭാവി പ്രസിഡന്റിനെ നേരിട്ട് കാണുവാന്‍ സാധിച്ചതോര്‍ക്കുന്നു. ചിക്കാഗോയിലെ ഡിവോണ്‍ അവന്യൂവില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ച് ഇല്ലിനോയി മലയാളി അസ്സോസ്സിയേഷനൊരുക്കിയ ഫ്‌ളോട്ടില്‍ അദ്ധേഹം പങ്കു ചേര്‍ന്നു. സീക്രട്ട് സര്‍വ്വീസ് ഏജന്റുമാരുടെ വലയമോ അംഗരക്ഷകരുടെ അകമ്പടിയോ ഇല്ലാതെ സാധാരണ പ്രവര്‍ത്തരോടൊപ്പം, കയ്യിലൊരു പുകയുന്ന സിഗരറ്റും പിടിച്ച് (വൈറ്റ് ഹൗസിലെത്തിയതോടെ പുകവലി അദ്ധേഹം നിര്‍ത്തി) പുഞ്ചിരിയോടെ നടന്നു നീങ്ങിയ അദ്ധേഹം ഒരു തിളക്കമാര്‍ന്ന ഓര്‍മ്മ ഓര്‍മ്മയായി ഇന്നും നിലനില്‍ക്കുന്നു. ആ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോണ്‍ കെറിയ്ക്കുവേണ്ടി ബോസ്റ്റണില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷനിലെ കീനോട്ട് സ്പീക്കര്‍ ബരാക്ക് ഒബാമയായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സെനറ്റര്‍ ജോണ്‍ കെറിയേക്കാള്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുകയും കയ്യടി നേടുകയും ചെയ്തത് നിന്നുള്ള ആ കറുത്ത വംശജനായിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പില്‍ കെറി പരാജയപ്പെടുകയും ബരാക്ക് ഒബാമ യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തതോടെ ഒരു പുതിയ താരം ജനിയ്ക്കുകയായിരുന്നു എന്ന് പറയാം. 2006 ഒക്ടോബറിലെ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയായി 'എന്തുകൊണ്ട് ബരാക്ക് ഒബാമ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകാം?' എന്നലേഖനം പ്രസിദ്ധീകരിച്ചതോടുകൂടി  ആ ചോദ്യം ഒരു ജനതയുടെ മുഴുവന്‍ സിരകളില്‍ നിറഞ്ഞു നിന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം.

ഒബാമയുടെ വിജയവഴികള്‍ തേടിയിറങ്ങുന്നവര്‍ക്ക് അദ്ധേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മുന്‍കാല ചരിത്രം കാണാതിരിക്കാനാവില്ല. അടിമത്വത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്നും ദശകങ്ങള്‍ക്കു മുമ്പേ മോചിയ്ക്കപ്പെട്ടുവെങ്കിലും അസമത്വത്തിന്റെയും പ്രകടമായ വിവേചനത്തിന്റെയും നഗ്നമായ നേര്‍ക്കാഴ്ചകളിലൂടെയാണ് ഇന്നും കറുത്തവര്‍ കടന്നുപോവുന്നത്. നിയമത്തിന്റെ പരിരക്ഷ എത്ര ശക്തമായിട്ടുണ്ടെങ്കിലും ഇപ്പോഴും അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് തന്നെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. നഗരങ്ങളില്‍ അവര്‍ കൂട്ടമായി വസിക്കുന്നിടത്തേക്ക് സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ വാരിയെറിയപ്പെടുന്നുണ്ടെങ്കിലും അവിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ക്രമസമാധാനപാലകര്‍ ഒരു പരിധിവരെ കണ്ണടക്കുന്നതായിട്ടാണ് പൊതുവെയുള്ള അനുഭവം.

അര നൂറ്റാണ്ടിനപ്പുറം വെളുത്ത വര്‍ഗ്ഗക്കാരിയായ ഒരു യുവതിയോട് അനിഷ്ടകരമായി സംസാരിച്ചുവെന്നതിന്റെ പേരില്‍ മിസ്സിസ്സിപ്പിയില്‍ വച്ച് ചിക്കാഗോക്കാരനായ എമ്മെറ്റ് ടില്‍ എന്ന കൗമാരക്കാരനെ അടിച്ചു കൊന്ന വംശീയതയുടെ വിഷവേരുകള്‍ ഇന്നും അമേരിക്കന്‍ സമൂഹത്തിലുണ്ടെന്ന കാര്യം ആര്‍ക്ക് നിഷേധിക്കാനാകും?  'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' (വൈറ്റ് എഗൈന്‍ എന്ന് വിമര്‍ശകര്‍) എന്ന മുദ്രാവാക്യവുമായി വന്ന ഡൊണാള്‍ഡ് ട്രമ്പിന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണയില്‍ ഈ വംശീയതയ്ക്ക് വ്യക്തമായ സ്വാധീനമുണ്ട്. എമ്മെറ്റ് ടില്ലിന്റെ ചോരയുടെ കൂടി വിലയായിട്ട് വേണം ഒബാമയുടെ ജൈത്രയാത്രയെ കാണേണ്ടത്.

പ്രസിഡന്റ് ഒബാമയുടെ എട്ട് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലല്ല ഇവിടെ ഉദ്ധേശിക്കുന്നത്; തികച്ചും അതിശയകരവും പക്ഷേ അനുകരണനീയവുമായ ഒരു മുന്നേറ്റത്തിന്റെ പശ്ചാത്തല പഠനം മാത്രം. ഒബാമ ലെഗസിയെപറ്റി നാളെ ചരിത്രകാരന്മാര്‍ വ്യത്യസ്ത വിലയിരുത്തലുകള്‍ നടത്തിയേക്കാം. പക്ഷെ വിദേഷ രംഗത്തും ആഭ്യന്തര രംഗത്തും സുരക്ഷാ രംഗത്തും ആരോഗ്യ സുരക്ഷാ മേഖലയിലുമെല്ലാം അദ്ധേഹം നല്‍കിയ സംഭാവനകളെ ആര്‍ക്കും വിലകുറച്ച് കാണാനാവില്ല. പ്രസിഡന്റായി ഒരു വര്‍ഷം തികയുന്നതിനു മുമ്പേ തന്നെ 2009 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ധേഹത്തെ തേടിയെത്തിയപ്പോള്‍ ആദ്യം ഞെട്ടിയത് അദ്ധേഹം തന്നെയായിരുന്നു. നോബല്‍ കമ്മിറ്റിയുടെ അമിതാവേശമായി ആ നടപടിയെ വിമര്‍ശിച്ചവര്‍ പോലും ലോകസമാധാനത്തിന് പിന്നീട് അദ്ധേഹം നല്‍കിയ സംഭാവനകളെ അംഗീകരിച്ചു. ക്യൂബയുമായുണ്ടാക്കിയ നയതന്ത്ര ബന്ധവും ഇറാന്‍ ന്യൂക്ലിയര്‍ ഡീലുമല്ലാം മികച്ച നീക്കങ്ങളായിരുന്നു. ബിന്‍ ലാദനെ അദ്ധേഹത്തിന്റെ താവളത്തില്‍ ചെന്ന് വെടിവച്ചു കൊല്ലാന്‍ സാധിച്ചതും ചെറിയ കാര്യമല്ല. അഫ്ഗാന്‍- ഇറാക്ക് യുദ്ധങ്ങള്‍ക്ക് ഇന്ന് പൂര്‍ണ്ണ പര്യവസാനമായില്ലെങ്കിലും കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു.ഐ എസിസിനെ തകര്‍ക്കാന്‍ സാധിക്കാത്തതില്‍ അദ്ധേഹത്തിന്റെ കാര്യ പ്രാപ്തിയില്ലായ്മ ആരും ആരോപിക്കുന്നില്ല. എന്നും ഇസ്രേയലിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന അമേരിക്ക കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയില്‍ അവര്‍ക്കനുകൂലമായി നിലകൊള്ളാതിരുന്നത് കുറച്ചൊന്നുമല്ല അവരെ പ്രകോപിപ്പിച്ചത്. പാലസ്തീനികളുടെ പുനരധിവാസകാര്യത്തിലുള്ള പ്രസിഡന്‍ര് ഒബാമയുടെ നീതി ബോധമാണ് അന്ന് ലോകം ദര്‍ഷിച്ചത്.

2009 ജനുവരി 20 ന് ഒബാമ അധികാരമേല്‍ക്കുമ്പോഴുള്ള തകര്‍ച്ചയുടെ വക്കിലായ സമ്പദ് വ്യവസ്ഥയല്ല ഇന്ന് അമേരിക്കയ്ക്കുള്ളത്. തൊഴിലില്ലായ്മ നേര്‍പകുതിയായി; സ്റ്റോക്ക് മാര്‍ക്കറ്റ് സൂചിക ഇരുപതിനായിരത്തിനടുത്തെത്തി, റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് സ്ഥിരമായിവളര്‍ന്നു തുടങ്ങി; കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ഒറ്റ അഴിമതിക്കഥകളോ അനാശാസ്യ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനൊക്കെ പ്രസിഡന്റിനോടല്ലാതെ ആരോടാണ് നാം കടപ്പെട്ടിരിക്കുന്നത്? ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍ശ് പല കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ട മൂന്ന് ദശലക്ഷത്തോളം ആളുകളാണ് ഒബാമ കകെയര്‍ ന്ന പേരിലറിയപ്പെടുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ (ACA) ഗുണഭോക്താക്കളായി മാറിയത്. ഒബാമാ കെയര്‍ നിര്‍ത്തലാക്കുമെന്ന് പറഞ്#ു നടന്ന റിപ്പബ്ലിക്കന്‍ നേതാക്കളും ഡൊണാള്‍ഡ് ട്രമ്പും ഇപ്പോള്‍ ജനരോഷം ഭയന്ന് തങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ടുവരുമെന്ന് മാറ്റിപ്പറയുകയാണ്‌.

ഒരു കാര്യം ഉറപ്പാണ് ഒബാമ ലെഗസി തുടരുക തന്നെ ചെയ്യും, ചില്ലറ മാറ്റങ്ങള്‍ ട്രമ്പ് നടപ്പിലാക്കുമെങ്കില്‍ കൂടിയും... വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രം ഡൊണാള്‍ഡ് ട്രമ്പിന് അധികാരത്തിലിരിക്കുവാന്‍ സാധ്യമോയെന്നത് മറ്റൊരു കാര്യം.  ഇപ്പോള്‍ തന്നെ ഒരുപാട് പൊരുത്തക്കേടുകള്‍ പ്രസിഡണ്ട് പദവിയോടനുബന്ധിച്ച് (conflicts of interest) നേരിടുന്ന അദ്ദേഹം ഒരു പക്ഷേ സമാപഭാവിയില്‍ തന്നെ അധികാരഭൃഷ്ടനായേക്കാം. റിച്ചാര്‍ഡ് നിക്‌സണുശേഷം ഇംപീച്ച് ചെയ്യപ്പെടാന്‍ സാധ്യത കല്പിക്കപ്പെടുന്ന നേതാവായിട്ടാണ് പല രാഷ്ട്രീയ നിരീക്ഷകരും അദ്ദേഹത്തെ കാണുന്നത്.

സ്വപ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നവനാണ് ബരാക്ക് ഒബാമ; ഒരുപാട് പേര്‍ക്ക് സ്വപ്‌നങ്ങള്‍ നല്‍കിയവനും. 'എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന് പ്രസംഗിച്ച മഹാനായ മാര്‍ട്ടിന്‍ ലൂതര്‍ കിംങ്ങിന്റെ യഥാര്‍ത്ഥ നേരവകാശി! ആ സ്വപനങ്ങള്‍ക്ക് പമ്പേ വെറുതെ പോവുകയല്ല ഒബാമ ചെയ്തത്; കഠിനമായി അദ്ധ്വാനിക്കുകയും നിരന്തരം വെല്ലുവിളികളെ തരണം ചെയ്യപ്പെടുകയും ചെയ്തു. 'The Audacity of Hope' എന്ന തന്റെ പുസ്തകത്തില്‍ പ്രതീക്ഷകള്‍ക്ക് പിന്നാലെ പായുന്ന കഠിനാദ്ധ്വാനിയായ ഒരു വലിയ സ്വപ്‌നസഞ്ചാരിയെ നമുക്ക് കാണുവാന്‍ സാധിക്കും. ഒരിക്കല്‍ ഫുഡ് സ്റ്റാമ്പ് വാങ്ങി പട്ടിണിയകറ്റിയ ആ യുവാവാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി വളര്‍ന്നത്. അതിന്റെ പിന്നിലെ അദ്ധ്വാനം ഇന്ന് ലോകം തിരച്ചറിയുന്നു. ചിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലും അദ്ദേഹം ഊന്നിപ്പറഞ്ഞത് ഒരുമയോടെ അദ്വാനിച്ചാല്‍ ഏത് സ്വപ്‌നത്തെയും നമുക്ക് എത്തിപ്പിടിക്കാമെന്നായിരുന്നു. 'യെസ്, വീ ക്യാന്‍.... യേസ് വീ ഡിഡ്'. വൈറ്റ് ഹൗസില്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ അവസാന സന്ദേശവും അതായിരുന്നു: 'സ്വപ്‌നം കാണുകയും അതിനായി അദ്ധ്വാനിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തുമാവാന്‍ സാധിക്കും, അമേരിക്കന്‍ പ്രസിഡണ്ട് പദവി പോലും ലഭിക്കും'!!
ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)ബരാക്ക് ഒബാമ: ഒരു ജനതയുടെ ആത്മാവിഷ്‌കാരം (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
Anthappan 2017-01-21 21:42:21
Thank you for writing a good article about President Obama, a man of character and hope. I have listened his Audacity of Hope audio CD twice. It's essence is captured in his last speech he gave
വിദ്യാധരൻ 2017-01-24 22:10:43
പണംകൊണ്ട് ലോകം കീഴടക്കാം എന്ന് വിശ്വസിക്കുന്ന ഒരു അഹങ്കാരിയാണ് അമേരിക്കയുടെ പ്രസിഡണ്ട്. അയാൾ ജീവിതം കെട്ടിപ്പെടുത്തിരിക്കുന്നത് പാറമേലല്ല നേരേമറിച്ചു തട്ടിപ്പ് വെട്ടിപ്പ് ചതി വഞ്ചന ബാങ്ക് റപ്സി തുടങ്ങിയ ഏടാകൂടങ്ങളിലാണ്.  . ടാക്സ് കൊടുത്തത് വെളിപ്പെടുത്തുന്ന ദിവസം അയാളുടെ പല കളികളും പുറത്താകും.  റഷ്യയുടെ കൈവശം അതിനു വേണ്ട തെളിവുകളുണ്ട്. അതുകൊണ്ടാണ് അയാൾ പൂട്ടിനെ ആരാധിക്കുന്നത് . അയാളെ അടിമുടി പരിശോധിച്ചാൽ ഒരു ഭീരുവാണ്, ധീരന്റെ  വേഷം കെട്ടി ആടുകയാണ്.  ക്രിസ്തുവിന്റെ രണ്ടാം അവതാരമാണ് ഇയാൾ എന്ന് വിശ്വസിക്കുന്ന  മൂഢ ക്രൈസ്തവരും  അവരെ അതിലേക്ക് നയിക്കുന്ന പുരോഹിത വർഗ്ഗവുമാണ് എങ്ങും . എന്നാൽ ഇയാൾ അന്തിക്രിസ്തവാണെന്ന് അവരുണ്ടോ അറിയുന്നു. അത്രക്ക് ആവരുടെ കണ്ണുകൾ അന്ധമാണ്  പള്ളികൾക്കും ദേവാലയങ്ങൾക്കും ടാക്സ് ഇളവ് ചെയ്യുതുകൊടുക്കാം എന്ന് പറഞ്ഞപ്പോൾ ക്രൈസ്തവർ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞിട്ട് ട്രമ്പിന് വോട്ട് ചെയ്യതു. കള്ളത്തരങ്ങൾ  വിളിച്ചു പറയുന്നതിന് യാതൊരു മടിയും ഇല്ല.  മൂന്നര മില്ലിയൺ  പേര് അനധികൃതമായി വോട്ടു ചെയ്തതുകൊണ്ടാണ് അയാൾക്ക് ജനഭൂരിപക്ഷം കിട്ടാതെ പോയെന്നാണ് ഇപ്പോഴത്ത് പരാതി. തെളിവ് ചോദിച്ചപ്പോൾ അതില്ല.  അമേരിക്കയുടെ സുരക്ഷിതത്വത്തിന്റെ കാവൽക്കാരായ CIA യെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് അയാൾ പറയുന്നത്.  എങ്ങനെയെങ്കിലും അമേരിക്കൻ ജാനാധിപത്യ വ്യവസ്ഥിതിയെ തുരങ്കം വച്ച പൂട്ടിനെ രക്ഷിച്ചാൽ മാത്രമല്ലേ അയാളുടെ തിരഞ്ഞെടുപ്പിന്റെ പിന്നിലുള്ള രഹസ്യങ്ങൾ പുറത്തു വാരാതിരിക്കുകയുള്ളു .

മനുഷ്യവർഗ്ഗത്തോട് ജാതിമത ഭേദമെന്ന്യേ കരുണയുള്ളവനായിരുന്നു ഒബാമ. അമേരിക്കൻ പ്രസിഡണ്ടിന്റ മാന്യതക്ക് കളങ്കം ഏൽക്കാതെ ഒബാമ എട്ടു വർഷം ഭരിച്ചു .  ഭൂമിയിൽ സമാധാനം സൃഷ്ടിക്കാൻ അദ്ദേഹം സൃഷ്ടിച്ചു " 
ഭൂമിയിൽ സമാധാനം സൃഷിടിക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ മക്കൾ എന്ന് വിളിക്കപ്പെടും എന്ന ഭാഗം തിരുത്തി " ഭൂമിയിൽ പണം ഉള്ളവർ ഭാഗ്യവാന്മാർ അവർ ട്രംപിനെപ്പോലെ ആകും  " എന്ന് തിരുത്തി എഴുതി ക്രൈസ്തവർ  ട്രംപിനെ രാജാവാക്കി . ഇനി അവനെ ക്രൂശിക്ക എന്ന് വിളിച്ചു പറയുന്ന ദിവസം വിദൂരമല്ല. 

ഒബാമ ഇരുന്നിരുന്ന വൈറ്റ് ഹൗസ് ശുദ്ധികലശം ചെയ്യത് വെളുത്ത ചായം പൂശി . 

ഒബാമ കെയർ പൊളിച്ചടുക്കുക അനേകായിരങ്ങളെ അനാരോഗ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുക തുടങ്ങിയ പരിപാടിയിലാണ് ട്രംപ് ഇപ്പോൾ .  ഒരു മില്യൺ സ്ത്രീകൾ ട്രമ്പിനെതിരെ സമരം ചെയ്യുത് .  വരാൻ പോകുന്ന സംഭവങ്ങളുടെ മുന്നോടിയാണ് അത്.  നമ്പറാസ്‌ക്കയിലും യൂട്ടയിലും എന്ത് വിലകൊടുത്തും പൈപ്പ് ലൈനിനെ എതിർക്കുമെന്നാണ് അമേരിക്കൻ ഇന്ത്യൻസ് പറയുന്നത് (ഇന്ത്യൻ അമേരിക്കൻ ആ സമയത്തു ട്രംപിന്റെ പാദം നക്കിതുടച്ചുകൊണ്ടിരിക്കും ) ഇറാക്കിന്റെ ഓയിൽ എടുത്ത് യുദ്ധത്തിന് ചിലവായ പണം തിരികെ പിടിക്കും എന്നാണ് ഇപ്പോൾ പറയുന്നത് . ഇല്ലാത്ത ആയുധങ്ങളുടെ കഥ പറഞ്ഞു ഇറാക്കിൽ പോയി ഒരു മില്യൺ ജനങ്ങളെ കൊന്നൊടുക്കിയതിന്റെ കടം ആര് തീർക്കുമോ എന്തോ "

ലോകത്ത് ഇനി അസമാധാനത്തിന്റെ ദിനങ്ങൾ  . ലോകത്ത് നന്മ ജയിക്കുമോ തിന്മ ജയിക്കുമോ ? ഉത്തരം ഒബാമയും ട്രമ്പുമാണ് 

ചിന്തിച്ചു ആരെ വേണമെന്ന് നിങ്ങൾ തീരുമാനിക്കുക .  ഒന്നുറപ്പാണ് ആരു  നന്മയെ നശിപ്പിക്കാൻ ശ്രമിക്കുന്നോ  നശിപ്പിക്കാൻ ശ്രമിക്കുന്നവന് അത്  തിന്മയായി മാറും .  

കദർത്ഥി തസ്യാപി ഹി ധൈര്യവൃത്തേർ 
ന ശക്യതേ ധൈര്യഗുണഃപ്രമാർഷ്‌ടും 
അധോമുഖസ്യാപി കൃതസ്യവഹോർ 
നാധഃശിഖായാതി കദാപി ദേവ  (ഭർത്തൃഹരി ) 

ആക്ഷേപിക്കപ്പെട്ടാലും ധൈര്യമുളളവന്റെ (ഇവിടെ ഒബാമ) ധൈര്യഗുണം നീക്കാനൊക്കുകയില്ല .തല കീഴായി പിടിച്ചാലും തീജ്വാല ഒരിക്കലും താഴേക്ക് പോകുന്നില്ലല്ലോ ?

ഒരു കാര്യം ഈശോ എന്ന ആൾക്ക് .  ഞങ്ങൾക്ക് ചിന്തിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ട്രംപിനെ പ്രസിഡണ്ടാക്കില്ലായിരുന്നല്ലോ .  ചിന്തിക്കാതെ പോയി വോട്ട് ചെയ്തതിന്റെ ഫലം ഇനി അനുഭവിച്ചല്ലേ പറ്റൂ .  കഴിയുമെങ്കിൽ ഈശോ ഈ പാനപാത്രത്തെ (ട്രംപിനെ ) ഒന്ന് മാറ്റി തരൂ ? നിങ്ങൾ ഈശോ ആയതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ . നമ്മൾ സമാശിക്ഷാ വിധിയിലുമാണ് .  
Easo Jacob 2017-01-24 20:42:23
 പ്രസിഡന്റ് ഒബാമയുടെ ജീവിതത്തെയും അനുഭവങ്ങളെയും ചുരുക്കി കോർത്തിണക്കി ഷാജൻ ആനിത്തോട്ടം എഴുതിയ ലേഖനം നന്നേ ഇഷ്ടപ്പെട്ടു.  ചേർത്ത് വായിക്കാൻ 2008 ഈശോ Jacob എഴുതിയ ഒരു ലേഖനം ഇവിടെ ചേർക്കുന്നു. 
------------------------------------------------------------------ 
 ഒബാമയുടെ വ്യക്തിത്വത്തിലെ അനുകരണീയ വശങ്ങൾ വിലയിരുത്തുന്നു ലേഖകൻ.
---------------------------------------------------------------
 
ചിന്തിച്ചു തുടങ്ങുക, ചിന്തിച്ചു തുടരുക, ചിന്തിച്ചു വളരുക, ചിന്തിച്ചു ആസൂത്രണം ചെയ്യുക, ചിന്തിച്ചു നവീകരിക്കുക,     ചിന്തിച്ചു വിജയം വരിക്കുക!
 
മാറ്റവും പുരോഗതിയും ഐശ്വര്യവും സമത്വസുന്ദര സാമൂഹ്യ സംവിധാനവും ആഗ്രഹിക്കുന്നവർ ശ്രദ്ധിച്ചു വിലയിരുത്തേണ്ട തത്വങ്ങളാണ് മുകളിൽ പറഞ്ഞത്. ഗ്രീക്കുകാരനും നാസയിൽ കോൺട്രാക്ടറുമായ ഒരു സുഹൃത്തിനോടുള്ള സംഭാഷണത്തിനിടെ യാദിർശ്ചികമായി ഈ ലേഖകൻ പറഞ്ഞു, "ഇമ്പ്രൂവ് യുവർ മൈൻഡ് ടു ഇമ്പ്രൂവ് യുവർ ലൈഫ്."  
 
അത് അദ്ദേഹത്തിൽ വലിയ സ്വാധീനമുളവാക്കിയത് മനസിലായപ്പോൾ ആ തത്വത്തിന്റെ ആഴം അഗാധമാണെന്നു ബോധ്യപ്പെട്ടു. 
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞക്കു തയാറെടുക്കുന്ന ഒബാമയുടെ തുടക്കവും വളർച്ചയും ശ്രെദ്ധേയമായ ഉദാഹരണം തന്നെ.

അമേരിക്കയിലെ സ്റ്റേറ്റ്സ്മാൻ മാസിക 2007 ആരംഭത്തിൽ, ലോകത്തെ സ്വാധീനിക്കാൻ പോകുന്ന പത്തു സുപ്രധാന വ്യക്തികളെ ചിത്രീകരിച്ചപ്പോൾ അതിലൊന്ന് ഒബാമയായിരുന്നു. അതുവരെ ഒബാമ ദേശീയ തലത്തിൽ ശ്രധിക്കപ്പെട്ടിരുന്ന ഒരാൾ പോലുമായിരുന്നില്ല. 
എന്നാൽ അമേരിക്കൻ പ്രസിഡന്റ് എന്ന പദവിയിൽ ലോകത്തു പുരോഗമനോന്മുഖമായ പരിവർത്തനങ്ങൾ വരുത്തുവാൻ തന്റെ മനസ്സ്‌ ഒരുക്കികൊണ്ടിരുന്ന ഒരു മഹാ വ്യക്തിത്വമായിരുന്നു ഒബാമയുടേത്.
 
കറുത്തവനെങ്കിലും വിദ്യാസമ്പന്നനായിരുന്ന പിതാവിന്റെയും, നിറഭേദങ്ങളിൽ വകഭേദം കാണാതിരുന്ന വെളുത്ത അമ്മയുടെയും മകനായി ജനിച്ചു ജീവിതാനുഭാവങ്ങളിലെ ഇരുളും വെളിച്ചവും അറിഞ്ഞനുഭവിച്ചു വളരുകയും ചെയ്ത ബരാക് ഒബാമ എന്ന യുവാവിൽ ക്രിസ്തീയ സാമൂഹ്യ-ധാർമിക സിദ്ധാന്തങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു. എല്ലാവരെയും തുല്യരായി കാണുവാനും, മുഖത്തുനോക്കി മുഖം നോക്കാതെ സംസാരിക്കുവാനും സേവനസന്നദ്ധനായ ഈ യുവാവ് നന്നേ ചെറുപ്പത്തിലേ അഭ്യസിച്ചിരുന്നു.
 
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറെയ്റ്റും കരസ്ഥമാക്കിയ ഈ നിയമജ്ഞറൻ ഉയർന്ന ചിന്തയുടെ ഉടമ കൂടിയായിരുന്നു.

2008 ജനുവരിയിൽ നടന്ന അയോവ കോക്കസിൽ ഒബാമ ചെയ്ത പ്രസംഗത്തിൽ, ഹൃദയം ഉരുക്കി വാക്കുകളായി വിതറിയപ്പോൾ യുവതലമുറയുടെ കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞു അദ്ദേഹം. തുടർന്ന് ഒരുവിധം പറഞ്ഞാൽ ജനുവരിയിൽതന്നെ പത്രമാധ്യമങ്ങൾ വൈറ്റ് ഹൗസിന്റെ താക്കോൽ ഒബാമയ്ക്ക് നല്കികഴിഞ്ഞിരുന്നു. 
ഇത്രവേഗം അംഗീകാരം നേടാൻ ഒബാമയ്ക്ക് എങ്ങനെ സാധിച്ചുവെന്ന് സൂക്ഷിച്ചുനോക്കുക. 
 
തുറന്ന മനസ്സോടെ ശ്രദ്ധിച്ചു കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ പ്രതിഭാസങ്ങൾ, പൊതുനന്മയ്ക്കു പരമാവധി പ്രയോജനപ്പെടുന്ന ആശയങ്ങളാക്കി, അളന്നുകുറിച്ച വാക്കുകളിൽ അവതരിപ്പിക്കുവാനുള്ള അനതിസാധാരണമായ കഴിവാണ് ഒബാമയുടെ നേട്ടത്തിന്റെ പ്രധാന കാരണം.
 
മനുഷ്യസേവനത്തിൽ മനസ്സിന്റെ ശക്തിക്കുള്ള പ്രാധാന്യം നന്നായി മനസ്സിലാക്കിയ ആളാണ് ഒബാമ. 
അറിവിന്റെ ശക്തി, 
ചിന്തയുടെ ശക്തി, ലക്ഷ്യബോധത്തിന്റെ ശക്തി, ആസൂത്രണത്തിന്റെ ശക്തി, പ്രയത്നത്തിന്റെ ശക്തി, പ്രസംഗത്തിന്റെ ശക്തി, വാക്കുകളുടെ ശക്തി, എഴുത്തുകളുടെ ശക്തി, ജനസമ്മതിയുടെ ശക്തി, 
ഉദ്ദേശ ശുദ്ധിയുടെ ശക്തി, 
ഉറച്ച തീരുമാനങ്ങളുടെ ശക്തി, കൂട്ടായ പ്രയത്നത്തിന്റെ ശക്തി, വിനയത്തിന്റെ ശക്തി, നീതിബോധത്തിന്റെ ശക്തി, വിജയത്തിലുള്ള ഉറച്ച വിശ്വാസത്തിന്റെ ശക്തി, . . . എന്നിങ്ങനെ എത്രയെത്ര കാര്യങ്ങൾ ആ വ്യക്തിത്വത്തിൽ നമുക്കു മാതൃകയാക്കാനുണ്ട്!
 
ഇന്നു നേരിടുന്ന പ്രശ്നങ്ങളെ കണ്ട് ഞെരുങ്ങി നാളത്തെ സാധ്യതകളെ കാണാതിരുന്ന പ്രകൃതക്കാരനല്ലായിരുന്നു ഒബാമ. നാളെ ശോഭനമായ ഒരു ഭാവി സൃഷ്ടിക്കാൻ കൂട്ടായ യത്നത്തിലൂടെ സാധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അമേരിക്കൻ ജനതയെ മാത്രമല്ല, ലോക ജനതയെത്തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുവാൻ ചുരുക്കം നാളുകൾകൊണ്ട് ഒബാമയ്ക്ക് കഴിഞ്ഞു.
 
യുദ്ധത്തിന്റെ കെടുതികളും സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ നേതൃത്വത്തിലെ അരാചകത്വവും കൊണ്ട് വീർപ്പുമുട്ടിയിരുന്ന മഹാഭൂരിപക്ഷത്തിന്‌ പ്രതീക്ഷയും ആവേശവും പകരുവാൻ, ഉദ്ധേശശുദ്ധിയും ഉത്സാഹവുംകൊണ്ട് ഒബാമയ്ക്ക് സാധിച്ചു. 

പലരും ഒബാമയെ കറുപ്പിക്കുവാനും കരിതേക്കുവാനും ശ്രമിച്ചെങ്കിലും ആദർശധീരത കൈവിടാതെ അദ്ദേഹം പടപൊരുതി ജയിച്ചു. 
"മാറ്റം" സ്വപ്‌നം കാണുകയും മാറ്റത്തിനുവേണ്ടി മനസ്സുറപ്പോടെ പരിശ്രമിക്കുകയും ചെയ്‌താൽ മാറ്റം സുസാധ്യമാണെന്നു ഒബാമ തെളിയിച്ചുതുടങ്ങിയിരിക്കുന്നു.
 
കറുത്തവനെന്നോ വെളുത്തവനെന്നോ സ്വയം പ്രഖ്യാപിക്കാതെ, കറുത്തവരെയും വെളുത്തവരെയും വേണ്ടതുപോലെ വെളുക്കാത്തവരെയും, സ്വദേശികളെയും വിദേശികളെയും, വന്നവരെയും നിന്നവരെയും ഒന്നിപ്പിക്കുവാനുള്ള നേതൃത്വഗുണം നമുക്ക് മാതൃകയാകട്ടെ. 

ഇറങ്ങിത്തിരിക്കും മുൻപേ എത്തേണ്ട സ്ഥലം നിശ്ചയിച്ചുറപ്പിച്ച ദാര്ശനികനെയാണ് ഒബാമയിൽ നാം കാണുന്നത്. മാത്രമല്ല, മുന്നേറുവാനുള്ള ആവേശം എല്ലാവരിലേക്കും പകരുവാൻ കഴിയുന്ന അത്യാകര്ഷക വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് ഒബാമ.
 
വായനക്കാരാ, വളരെ ചിന്തിക്കുക, ചിന്തിച്ചു വളരുക. നിറത്തിന്റെയും മതത്തിന്റെയും കുലത്തിന്റെയും പേരിൽ മനുഷ്യനെ വേറിട്ട് കാണുകയും വിവേചനം കാട്ടുകയും ചെയ്യുന്ന പ്രകൃതം നമ്മിൽ പലരിലും ഇന്നും കുടികൊള്ളുന്നില്ലെ? 
നാം വളരെ വളരേണ്ടിയിരിക്കുന്നു! 
 
പ്രകൃതി ലോകത്തിൽ ഇരുളും വെളിച്ചവും നൽകിയിട്ടുണ്ട്. വെളിച്ചത്തിനും നിഴലിനും ഇവിടെ തുല്യസ്ഥാനമാണ്. വെളിച്ചം നിഴലിന്റെയും, നിഴൽ വെളിച്ചത്തിന്റെയും മാറ്റ് വർധിപ്പിക്കുന്നു. നിറത്തിന്റെ പേരിലല്ല, നിറങ്ങൾക്കപ്പുറത്തുള്ള മനസ്സിന്റെ മികവ് മനസ്സിലാക്കിയാണ് മനുഷ്യരെ വിലയിരുത്തേണ്ടതെന്നു മഹാത്മാക്കൾക്കു മനസ്സിലാകും, നമുക്കോ? 

വിമർശിക്കുന്നവരെ വെറുക്കുകയും അവരോടു വിദ്വേഷമ് വച്ചുപുലർത്തുകയും ചെയ്യുന്ന പ്രകൃതം ഒബാമയിൽ കാണുന്നില്ല. ശത്രുവിനെയും സ്നേഹിക്കണമെന്ന തത്വത്തിന്റെ സ്വാധീനശക്തിയാണിത്. എതിർക്കുന്നവരുടെ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക, "നിങ്ങൾ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്, പ്രത്യേകിച്, നിങ്ങൾ എന്റെ നയങ്ങളെ വിമർശിക്കുമ്പോൾ!"
 
ഒരു സമയത്തു, തന്നെ  നഖശികാന്തം എതിർത്ത ഹിലരി ക്ലിന്റനെ തന്റെ ഭരണത്തിന്റെ കാതലായ 
ഭാഗം നിയന്ത്രിക്കുവാൻ തന്നോടൊപ്പം കൊണ്ടുവന്ന വിശാലഹൃദയം നമ്മിൽ സ്വാധീനം ചെലുത്തട്ടെ.
 
മനുഷ്യനന്മക്കുതകുന്ന ഒരു കാര്യവും അസാധ്യമല്ല. എവിടെയും പുരോഗതിയുടെ പുലരി വിരിയിക്കാൻ ഐക്യത്തിന്റെ ശക്തിക്കു സാധിക്കുമെന്ന പ്രകൃതി നിയമവും ഒബാമയ്ക്ക് മനസ്സിലായിട്ടുണ്ടെന്നു വ്യക്തം.
 
കര്മോല്സുകമായ ദര്ശനവും,     ഏകാഗ്രമായ പഠനവും, വസ്തുനിഷ്ഠമായ ചിന്തയും, സുഗ്രാഹ്യമായ അവതരണ രീതിയും, ഉദ്ധേശശുദ്ധിയിലൂന്നിയയുള്ള ഭരണ രീതിയും, ക്രയവിക്രയങ്ങളിലെ സുതാര്യതയും, പ്രതിപക്ഷ ബഹുമാനവും, കൂട്ടായ സമഗ്രയത്നത്തിനുള്ള സന്നദ്ധതയും ഒബാമ കാലഘട്ടം അമേരിക്കൻ ചരിത്രത്തിലെ ഒരു സുവർണ കാലഘട്ടം നമുക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. 
ചിന്തിച്ചു തുടങ്ങുക, ചിന്തിച്ചു വളരുക, ചിന്തിച്ചു വിജയിക്കുക! കോപ്പിറൈറ്: ഈശോ ജേക്കബ്, ഹൂസ്റ്റൺ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക