Image

ഓര്‍ഡിനന്‍സിറക്കും, ജെല്ലിക്കെട്ട്‌ രണ്ടു ദിവസത്തിനകം നടത്തും: മുഖ്യമന്ത്രി പനീര്‍ശെല്‍വം

Published on 20 January, 2017
ഓര്‍ഡിനന്‍സിറക്കും, ജെല്ലിക്കെട്ട്‌ രണ്ടു ദിവസത്തിനകം നടത്തും: മുഖ്യമന്ത്രി പനീര്‍ശെല്‍വം

 ചെന്നൈ: പ്രതിഷേധക്കൊടുങ്കാറ്റിനെത്തുടര്‍ന്ന്‌ സംസ്ഥാനം സ്‌തംഭനത്തിലേക്ക്‌ നീങ്ങവെ രണ്ടു ദിവസത്തിനുള്ളില്‍ ജെലിക്കെട്ട്‌ നടത്തുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം സമരക്കാരോട്‌ അഭ്യര്‍ഥിച്ചു. 

ജെല്ലിക്കെട്ട്‌ നിരോധനം മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ്‌ കൊണ്ടുവരും. കായിക വിനോദമെന്ന തരത്തില്‍ ജെല്ലിക്കെട്ട്‌ നടത്തുന്നതിനായി നിമയഭേദഗതിയുടെ കരട്‌ തയ്യാറാക്കി കേന്ദ്രത്തിന്‌ അയച്ചിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ പ്രസിഡന്റില്‍ നിന്ന്‌ ജെല്ലിക്കെട്ടിന്‌ അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌-അദ്ദേഹം വ്യക്തമാക്കി.

 മുതിര്‍ന്ന നിയമവിദഗ്‌ധരുമായി ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ജെല്ലിക്കെട്ടിന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. നിയമഭേദഗതിക്ക്‌ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാല്‍ അത്‌ തമിഴ്‌നാട്‌ ഗവര്‍ണര്‍ക്കു അയച്ചുകൊടുക്കും. അദ്ദേഹം കുറച്ചുദിസത്തിനകം ഓര്‍ഡിനന്‍സിനെക്കുറിച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. 

രാഷ്ട്രീയ, സംഘടനാഭേദമില്ലാതെ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടില്‍ സമരം ശക്തമാവുകയാണ്‌. യുവജനങ്ങളാണ്‌ സമരത്തിന്‌ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ എന്നതാണ്‌ ശ്രദ്ധേയം. രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരെല്ലാം സമരക്കാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, ജെല്ലിക്കെട്ട്‌ നിരോധനത്തിനെതിരേ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച ബന്ദ്‌ പൂര്‍ണമാണ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക