Image

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന്‌ തുടക്കം

Published on 20 January, 2017
 ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന്‌ തുടക്കം


കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന്‌ കടവന്ത്ര രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. മൂന്ന്‌ ദിവസം നീളുന്ന ടൂറിസം മേളയില്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റിയമ്പതിലധികം പവിലിയനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സ്‌പിയര്‍ ട്രാവല്‍ മീഡിയ ആന്റ്‌ എക്‌സിബിഷന്‍സ്‌ ആണ്‌ മേളയുടെ സംഘാടകര്‍.

കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ്‌ യാത്രാ സാധ്യതകളും, ബജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ്‌ പവിലിയനുകള്‍ നല്‍കുന്നതെന്ന്‌ സ്‌പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രോഹിത്‌ ഹംഗല്‍ പറഞ്ഞു. 

ഇറ്റലി, ശ്രീലങ്ക, നേപ്പാള്‍, മൊറീഷ്യസ്‌, യുഎഇ എന്നീ രാജ്യങ്ങള്‍ക്കായുള്ള പവലിയനുകളും, ഈജിപ്‌ത്‌, ജോര്‍ദാന്‍, ഇസ്രയേല്‍, പാലസ്‌തീന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ഹോളീലാന്റ്‌ തീര്‍ത്ഥാടന പാക്കേജുകളുമാണ്‌ മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

യാത്രകള്‍ക്കായി ഹൈവേ വികസനം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയൊരുക്കി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ പ്രോത്സാഹനമാണ്‌ നല്‍കുന്നതെന്നും രോഹിത്‌ ഹംഗല്‍ പറഞ്ഞു.

രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ നിന്നുള്ള റിസോര്‍ട്ടുകളും ആകര്‍ഷകമായ പാക്കേജുകളുമായി മേളയിലുണ്ട്‌. യാത്രികര്‍ക്ക്‌ യാത്രയെ സംബന്ധിച്ച വിശദവിവരങ്ങളും, ചെലവുകളും, യാത്രാ സീസണുകളെക്കുറിച്ചുള്ള വിവരങ്ങളും മേളയിലൂടെ ലഭിക്കും.

ടൂറിസം മേഖലയെ ലക്ഷ്യമിട്ട്‌ വിവിധ പാക്കേജുകളുമായി എയര്‍ലൈനുകള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടുകള്‍, ഷിപ്പിങ്ങ്‌, ക്രൂയിസ്‌ ലൈനുകള്‍, ഹോളിഡേ പാക്കേജ്‌ ഫിനാന്‍സിങ്ങ്‌ കമ്പനികളും, ആയുര്‍വേദിക്‌ റിസോര്‍ട്ടുകള്‍, അഡ്വഞ്ചേര്‍സ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബുകള്‍, വൈല്‍ഡ്‌ ലൈഫ്‌ റിസോര്‍ട്ടുകള്‍ എന്നിവയും മേളയിലുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക