Image

നൈട്രജന്‍ ടാങ്കറില്‍ ലോറിയിടിച്ച്‌ വാതക ചോര്‍ച്ച; വന്‍ ദുരന്തം ഒഴിവായി

Published on 20 January, 2017
നൈട്രജന്‍ ടാങ്കറില്‍ ലോറിയിടിച്ച്‌ വാതക ചോര്‍ച്ച; വന്‍ ദുരന്തം ഒഴിവായി

കളമശേരി: ഇന്ന്‌ രാവിലെ ആറു മണിയോടെ എച്ച്‌എംടി റോഡില്‍ നൈട്രജന്‍ നിറച്ച ടാങ്കറിന്‌ പിന്നില്‍ ടോറസ്‌ ലോറിയിടിച്ച്‌ വാതകം ചോര്‍ന്നു. ഫയര്‍ ഫോഴ്‌സിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ ദുരന്തം ഒഴിവാക്കാനായി.

അമ്പലമുകള്‍ ബിപിസിഎല്ലിലേക്ക്‌ കൊണ്ടു പോകുകയായിരുന്ന ടാങ്കര്‍ അളവ്‌ പരിശോധിക്കാനായി റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുകയായിരുന്നു. 13 ടണ്‍ നൈട്രജന്‍ കൊണ്ടുവന്ന ടാങ്കറാണ്‌ അപകടത്തില്‍പ്പെട്ടത്‌.

അപകടത്തെ തുടര്‍ന്ന്‌ 1.5 ടണ്ണോളം ചോര്‍ന്ന്‌ പോയെങ്കിലും മുക്കാല്‍ മണിക്കൂറിനുള്ളില്‍ വാല്‍വ്‌ അടയ്‌ക്കാന്‍ സാധിച്ചത്‌ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.

എച്ച്‌എംടി റോഡില്‍ പൊറ്റക്കുഴി വേയിംഗ്‌ സ്ഥാപനത്തിന്‌ സമീപമാണ്‌ അപകടം നടന്നത്‌.
ഏലൂര്‍, തൃക്കാക്കര മേഖലകളില്‍ നിന്നായി നാല്‌ യൂണിറ്റ്‌ ഫയര്‍ ആന്റെ്‌ റെസ്‌ക്യൂ ടീമുകളാണ്‌ എത്തിയത്‌.ഏലൂര്‍ ഫയര്‍ ഫോഴ്‌സ്‌ എസ്‌.ടി.ഓ ജുടെതദ്ദേവൂസിന്‍റെ നേതൃത്വത്തില്‍ ടാങ്കര്‍ന്റെ വാല്‍വ്‌ കണ്ടെത്തി അടയ്‌ക്കുകയായിരുന്നു. 

ഉന്നത മര്‍ദ്ദത്തില്‍ ഉള്ള നൈട്രജന്‍ ടാങ്ക്‌ പൊട്ടിത്തെറിയ്‌ക്കുമോയെന്ന ഭയമാണ്‌ എല്ലാവര്‍ക്കുമുണ്ടായിരുന്നത്‌.ഇടിയുടെ ആഘാതത്തില്‍ നൈട്രജന്‍ വാതകം പുറത്തേക്ക്‌ ചീറ്റിയത്‌ സമീപത്തിലൂടെ പോകുകയായിരുന്ന വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി.

എട്ടു മണിയോടെ ടോറസ്‌ വാഹനം ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റി. തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക