Image

ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 19 January, 2017
ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  തൃശൂര്‍: പാന്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഷ്ണുവിന്റെ മുഖത്തും ചുണ്ടുകളിലും മുറിവുകളുണ്ടെന്നും മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിജി വിദ്യാര്‍ഥിയാണ് ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാണ്. 

നേരത്തെ, ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ആരോഗ്യവകുപ്പു മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. 

മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന ഡോക്ടറോട് കുട്ടിയുടെ മരണത്തില്‍ ദുരൂഹതയും പരാതിയും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതിന്റെ ആവശ്യകതയും ഡോക്ടറോടു പറയുകയുണ്ടായി. ഇതു പ്രാഥമികാരോഗ്യ കേന്ദ്രമല്ലെന്നു പറഞ്ഞ് പരിഹസിച്ചും വിദഗ്ധര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു പറഞ്ഞും മൃതശരീരത്തിന്റെ ഒപ്പമുണ്ടായിരുന്നവരെ മോര്‍ച്ചറിയുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ഈ ഡോക്ടര്‍ ആവശ്യപ്പെടുകയുണ്ടായി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ നിഷേധിക്കുകയായിരുന്നു.

സംഭവസമയത്ത് മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇവരെയൊന്നും അറിയിക്കാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജിഷ്ണുവിന്റെ മൃതശരീരത്തില്‍ മൂക്കിന്റെ വലതു ഭാഗത്തെ മുറിവും കൈകളിലും വാരിയെല്ലിന്റെ ഭാഗത്തും മറ്റും മര്‍ദനമേറ്റ് രക്തം കട്ടപിടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ള കാര്യം പോലീസ് അറിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക