Image

അലോക് വര്‍മയെ സിബിഐ ഡയറക്ടറായി നിയമിച്ചു

Published on 19 January, 2017
അലോക് വര്‍മയെ സിബിഐ ഡയറക്ടറായി നിയമിച്ചു
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) 27മത് ഡയറക്ടറായി ഡല്‍ഹി പോലീസ് മേധാവി അലോക് വര്‍മയെ നിയമിച്ചു. ഡിസംബറില്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലേക്കാണ് അലോക് വര്‍മ നിയമിതനായിരിക്കുന്നത്. ഗുജറാത്ത് കേഡര്‍ ഇദ്യോഗസ്ഥനായ രാകേഷ് അസ്താനയെ സിന്‍ഹയുടെ ഒഴിവിലേക്കു താത്കാലികമായി നിയമിച്ചിരുന്നെങ്കിലും ഇത് വിവാദമായതിനെ തുടര്‍ന്നാണ് അലോക് വര്‍മയുടെ അടിയന്തര നിയമനം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് നിയമനം അംഗീകരിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍, കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

1979 ബാച്ച് ഐപിഎസ് ഓഫീസറാണ് അലോക് വര്‍മ. ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ.ദത്ത, മഹാരാഷ്ട്ര ഡിജിപി എസ്.സി.മാത്തൂര്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് അലോക് വര്‍മയെ കൂടാതെ പരിഗണനയിലുണ്ടായിരുന്നത്. അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം എന്നിവിടങ്ങളിലും തിഹാര്‍ ജയില്‍ ജനറല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുള്ള അലോക് കുമാര്‍ 11 മാസം മുന്പാണ് ഡല്‍ഹി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക