Image

ഇന്ത്യന്‍ മാധ്യമ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുന്നു: എം.വി. നികേഷ്‌കുമാര്‍

Published on 19 January, 2017
ഇന്ത്യന്‍ മാധ്യമ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുന്നു: എം.വി. നികേഷ്‌കുമാര്‍
   റിയാദ്: ഇന്ത്യന്‍ മാധ്യമ രംഗം കോര്‍പറേറ്റുകള്‍ കൈയടക്കുകയാണെന്നു റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ എം.വി. നികേഷ് കുമാര്‍. പ്രാദേശിക ഭാഷാ ചാനലുകള്‍ പോലും കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ രംഗം കുത്തകവത്ക്കരിക്കുന്നത് ഇന്ത്യയെപോലുളള ജനാധിപത്യരാജ്യം നേരിടുന്ന വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങള്‍ക്കും അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. നരേന്ദ്രമോദിക്കു പറയാനുളള കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്. മറ്റൊരു വീക്ഷണം അവതരിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. പ്രവാസി പത്രപ്രവര്‍ത്തകര്‍ മികച്ച സാമൂഹിക സേവനമാണ് ചെയ്യുന്നത്. അത് വിലമതിക്കാനാകാത്തതാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്‌പോള്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

യോഗം ബഷീര്‍ പാങ്ങോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയാ ഫോറം നടത്തുന്ന ജേര്‍ണലിസം ട്രെയിനിംഗ് പ്രോഗ്രാമിലെ പഠിതാക്കളുമായി മുഖാമുഖം പരിപാടിയും നടന്നു. നികേഷ് കുമാറിനുളള ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. ഉബൈദ് എടവണ്ണ, നജീം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, കെ.സി.എം അബ്ദുള്ള, ഗഫൂര്‍ മാവൂര്‍, ഷാജിലാല്‍, ശഫീഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപള്ളി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക