Image

ഭരത് മുരളി നാടകോത്സവം: ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകം, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്

Published on 19 January, 2017
ഭരത് മുരളി നാടകോത്സവം: ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകം, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്

  
 
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ എട്ടാമത്് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരിപ്പിച്ച ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകമായും മികച്ച സംവിധായകനായി ശ്രീജിത്ത് പൊയില്‍ക്കാവും തെരഞ്ഞെടുക്കപ്പെട്ടു. 

അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടകമായും യുവകലാ സാഹിതി അബുദാബി അവതരിപ്പിച്ച മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ മൂന്നാം സ്ഥാനവും നേടി.

വര്‍ത്തമാനകാല സാമൂഹികാവസ്ഥകളോട് സാര്‍ഥകമായി പ്രതികരിക്കുകയും ഒരു സമ്പൂര്‍ണനാടകമായി പ്രേക്ഷക പങ്കാളിത്തത്തോട് കൂടി അരങ്ങിലെത്തിക്കുകയും ചെയ്തതിനാണ് അരാജകവാദിയുടെ അപകടമരണം മികച്ച നാടകമായി തെരഞ്ഞെടുത്തതെന്ന് വിധികര്‍ത്തക്കളായ ഡോ. ഷിബു കൊട്ടാരത്തിലും ജയസൂര്യയും അഭിപ്രായപ്പെട്ടു. 

ഇറ്റാലിയന്‍ നാടകകൃത്തും അഭിനേതാവുമായ ദാരിയോ ഫോയെ നോബല്‍ സമ്മാനത്തിനര്‍ഹമാക്കിയ ‘അരാജകവാദിയുടെ അപകടമരണം’ നിരപരാധികള്‍ക്കുമേല്‍ കുറ്റമാരോപിച്ച് ജയിലറകളില്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന പതിനായിരങ്ങളുടെ അവസ്ഥ അക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അരങ്ങിലെത്തിക്കുകയായിരുന്നു.

വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിനെ അരങ്ങിന്റെ സാങ്കേതികത്തികവോടെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ രംഗാവതരണത്തിനായിരുന്നു ജൊനോ ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ചിരി’യെ മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുത്തത്.

‘അരാജകവാദിയുടെ അപകടമരണം’ സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവായിരുന്നു മികച്ച സംവിധായകന്‍. ഇതേ നാടകത്തില്‍ കിറുക്കനെ അവിസ്മരണീയമാക്കിയ അഷറഫ് കിരാലൂരിനെ മികച്ച നടനായും ‘അമ്മയില്‍’ അമ്മയെ ജീവസ്സുറ്റതാക്കിയ ദേവി അനിലിനെ മികച്ച നടിയായും ‘പെരുങ്കൊല്ലനില്‍’ മാണിക്യത്തെ അവതരിപ്പിച്ച ദില്‍ഷ നിനേഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടനായി ‘ചിരി’യിലൂടെ ചാര്‍ളി ചാപ്ലിന് ജീവന്‍ പകര്‍ന്ന പ്രകാശ് തച്ചങ്ങാടും മാസ് അബുദാബി അവതരിപ്പിച്ച ‘അദ്രികന്യ’യില്‍ അദ്രിയായി വേഷമിട്ട അനന്തലക്ഷ്മി ഷെരീഫും ‘അദ്രികന്യ’യില്‍ അദ്രിയുടെ ബാല്യകാലം അവതരിപ്പിച്ച ശ്രേയ ഗോപാലും രണ്ടാമത്തെ ബാലതാരമായും തെരഞ്ഞെടുത്തു. പ്രകാശവിതാനം മഞ്ജുളന്‍ (അദ്രി കന്യ), രംഗ സജ്ജീകരണം വിനു കാഞ്ഞങ്ങാട് (അദ്രികന്യ), ചമയം ക്ലിന്റ് പവിത്രന്‍ (അദ്രികന്യ), പശ്ചാത്തലസംഗീതം അനു രമേശ് (അദ്രികന്യ) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. ഭഗ്‌നഭവനം, ലൈറ്റ്‌സ് ഔട്ട് എന്നീ നാടകങ്ങളിലെ പ്രകാശവിതാനത്തിന് രവി പട്ടേനയ്ക്ക് ജൂറിയുടെ സ്‌പെഷല്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

യുഎഇ യില്‍ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ദി ട്രയല്‍’ എന്ന നാടകത്തിന്റെ സംവിധായകനായ സാജിദ് കൊടിഞ്ഞിയെയാണ്. ഭരത് മുരളി നാടകോത്സവത്തില്‍ ഇത് നാലാം തവണയാണ് മികച്ച സംവിധായകനായി സാജിദ് കൊടിഞ്ഞിയെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുമായി മത്സരരംഗത്തുണ്ടായിരുന്ന പന്ത്രണ്ട് നാടകങ്ങളില്‍ യുഎഇയില്‍ നിന്ന് അഞ്ച് സംവിധായകരുടെ നാടകങ്ങളാണുണ്ടായിരുന്നത്. 

നാടകോത്സവത്തിന്റെ ഭാഗമായി യുഎഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാംഗ നാടക രചനാ മത്സരത്തില്‍ സമീര്‍ ബാബു രചിച്ച ‘കുട’ സമ്മാനര്‍ഹമായി. സേതുമാധവന്റെ ‘സ്വാഭാവികമായ ചില മരണങ്ങള്‍’ എന്ന ലഘുനാടകം ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹമായി. 

സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ച അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ വിധികര്‍ത്താക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ എന്നിവരും യുഎഇ എക്‌സ്‌ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൂരജ്, എവര്‍ സേഫ് ആന്‍ഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടര്‍ എം.കെ. സജീവ്, ജനറല്‍ സെക്രട്ടറി ടി.കെ. മനോജ്, കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക