Image

ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാവുന്ന വിദേശരാജ്യങ്ങള്‍

ജോര്‍ജ് ജോണ്‍ Published on 19 January, 2017
ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാവുന്ന വിദേശരാജ്യങ്ങള്‍
ഫ്രാങ്ക്ഫര്‍ട്ട്: വിവിധ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പലപ്പോഴും കുറച്ച് നാള്‍ ഒരു രാജ്യത്ത് തന്നെ തങ്ങേണ്ടി വരാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമ്മുടെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പല വിദേശരാജ്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയാമോ?. ഇത് ഓരോ രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുകയും മാറ്റം വരികയും ചെയ്യുന്നതാണ്.  ഈ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി മനസിലാക്കി, മതിയായ രേഖകളും കൈയ്യിലുണ്ടെങ്കില്‍ നമ്മുടെ ലൈസന്‍സുമായി ധൈര്യമായി പല രാജ്യങ്ങളിലും ഡ്രൈവ് ചെയ്യാം.  ആ രാജ്യങ്ങളുടെ പേരും നിബന്ധനകളും താഴെ കൊടുത്തിരിക്കുന്നു. .

1. യുകെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് ഒരു വര്‍ഷം വാഹനമോടിക്കാന്‍ കഴിയും. അതിനു ശേഷം അവിടുത്തെ ടെസ്റ്റ് പാസായി ലൈസന്‍സ് എടുക്കണം.

2. ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ ലൈസന്‍സിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കണമെന്ന് മാത്രമാണ് നിബന്ധന. 12 മാസത്തേക്ക്  ഡ്രൈവ് ചെയ്യാം, പിന്നീട് ആ രാജ്യത്തെ ലൈസന്‍സ് എടുക്കണം.

3. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇന്ത്യന്‍ ലൈസന്‍സിന്റെ പരിഭാഷയും ഒറിജിനലുമുണ്ടെങ്കില്‍ ലോകത്ത് ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിലൂടെ ഒരു വര്‍ഷം ഡ്രൈവ് ചെയ്ത് നമുക്ക് ചുറ്റിയടിക്കാം.

4. ഫ്രാന്‍സില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷയുണ്ടെങ്കില്‍  ഫ്രാന്‍സിലെ റോഡുകളിലൂടെ നമുക്ക് വാഹനം ഓടിക്കാം.

5. നോര്‍വേയില്‍ മൂന്നു മാസം ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാം.

6. സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കന്‍ ഭാഷയിലുള്ള പരിഭാഷയോടൊപ്പം  എംബസിയുടെ സമ്മതപത്രത്തവും ഉപയോഗിച്ച് ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ്  ഉപയോഗിക്കാം.

7. ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്തതും ,പരിഭാഷപ്പെടുത്തിയതുമായ ലൈസന്‍സുണ്ടെങ്കില്‍ ആറുമാസം  സ്വയം ഡ്രൈവ് ചെയ്ത് പോകാം. അതിനുശേഷവും തങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മാത്രം ജര്‍മ്മന്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതിയാകും.

8. ഓസ്‌ട്രേലിയന്‍ സ്റ്റേറ്റുകളില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ മറ്റ് ചില സ്റ്റേറ്റുകളില്‍ നമ്മുടെ കയ്യിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കാനെത്തുന്നയാള്‍ക്ക് മൂന്നുമാസം വരെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് യാത്ര ചെയ്യാം.

9. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം മാത്രമേ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഫ്‌ളോറിഡ പോലെയുള്ള സ്റ്റേറ്റുകളില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് 6 മാസം ഉപയോഗിക്കാം. മറ്റ് സ്റ്റേറ്റുകളിലെ നിയമങ്ങള്‍ വിദേശത്തുള്ള അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ നിന്നും അറിയാം.


10. ഫിന്‍ലാന്‍ഡില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഇന്‍ഷുറന്‍സിന്റെ കാലാവധിയനുസരിച്ച് ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് വാഹനമോടിക്കാം.




ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാവുന്ന വിദേശരാജ്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക