Image

കേരള പോലീസ് കുടുംബങ്ങള്‍ക്ക് വിപുലമായ കാന്‍സര്‍ നിര്‍ണയ പദ്ധതി

Published on 18 January, 2017
കേരള പോലീസ് കുടുംബങ്ങള്‍ക്ക് വിപുലമായ കാന്‍സര്‍ നിര്‍ണയ പദ്ധതി
കൊച്ചി: കേരള പോലീസും സ്വസ്തി ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി ചേര്‍ന്ന് 'രക്ഷക രക്ഷ' എന്ന പേരില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനായി ക്യാംപുകള്‍ തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സ്വസ്തി ഫൗണ്ടേഷന്‍ ബ്രാന്‍ഡ് അംബാസഡറും ചലചിത്ര നടിയുമായ മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാന്‍സര്‍ വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് സ്‌ക്രീനിംഗും ചെക്കപ്പും സംഘടിപ്പിക്കുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വച്ച് നടത്തിയ രോഗനിര്‍ണയ ക്യാംപ് പരമ്പരയിലെ ആദ്യത്തെ ക്യാംപില്‍ സംസ്ഥാന പോലീസ് സേനയിലുള്ള 200 പേരെ പരിശോധിച്ചു.

ഉയര്‍ന്ന ഉത്തരവാദിത്വവും ദീര്‍ഘനേരം ക്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടി വരാറുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. നിയമം സംരക്ഷിക്കുന്നതിനു വേണ്ടി അധിക സമ്മര്‍ദ്ദം ഏറ്റുവാങ്ങേണ്ടി വരുന്ന പോലീസുകാര്‍ക്ക് ജീവിതശൈലീ രോഗങ്ങളായ അമിത രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ഉയര്‍ന്ന തോതിലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍, ഹൃദ്രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. അത്യധികമായ സമ്മര്‍ദ്ദവും മറ്റ് ഘടകങ്ങളും മൂലം കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള അധിക സാധ്യതയും അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും വിജയകരമായി രോഗ ചികിത്സ നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഇടവേളകളില്‍ ചെക്കപ്പുകള്‍ നടത്തേണ്ടതാണെന്ന് ഡോ. ഹരീഷ് പിള്ള പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ജോലിക്കാണ് പ്രഥമ പരിഗണനയെന്ന് സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് ഐ.പി.എസ് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ പലപ്പോഴും ആരോഗ്യത്തെ അവഗണിച്ചും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടി വരുന്നു. മറ്റ് പൊതുവായ ജോലികള്‍ ചെയ്യുന്നവരെ അപേക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇതുമൂലമാണ്  ആസ്റ്റര്‍ മെഡ്‌സിറ്റിയും കേരള പോലീസും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വസ്തി ഫൗണ്ടേഷന്‍ സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാംപുകള്‍ 2016 നവംബര്‍ മുതല്‍ സംഘടിപ്പിച്ചുവരികയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സജീവമായ ഇടപെടലിനെത്തുടര്‍ന്ന് ക്യാംപുകള്‍ മറ്റ് ജില്ലകളിലേക്കും കൂടി വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ക്യാംപുകള്‍ നടത്തുക. മാര്‍ച്ച് 31 വരെയാണ് ക്യാപുകള്‍.

സ്വസ്തി ഫൗണ്ടേഷന്റെ ട്രസ്റ്റി റിട്ടയേഡ് ഐ.പി.എസ് ഓഫീസര്‍ എസ്. ഗോപിനാഥ്, എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത് ഐ.പി.എസ്, കൊച്ചി പോലീസ് കമ്മീഷണല്‍ എം.പി ദിനേഷ് ഐ.പി.എസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അബി ജോര്‍ജ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റും ട്രസ്റ്റയുമായ ടി.സി. മാത്യു, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, സ്വസ്തി ഫൗണ്ടേഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ താര കല്യാണ്‍, ആര്‍.സി.സി, സ്വസ്തി സൗഖ്യ സൂപ്രണ്ട് ഡോ. രാംദാസ്, സ്വസ്തി സൗഖ്യ ചെയര്‍മാന്‍ ഡോ. ചന്ദ്രമോഹന്‍, സ്വസ്തി സൗഖ്യയിലെ ഡോ. ബാബു മാത്യു, സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ബാബു ചെറിയാന്‍, മഞ്ജു പിള്ള, ഹരികൃഷ്ണന്‍, വി. കാര്‍ത്ത്യായനി, ആഷ സുബ്രഹ്മമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കേരള പോലീസ് കുടുംബങ്ങള്‍ക്ക് വിപുലമായ കാന്‍സര്‍ നിര്‍ണയ പദ്ധതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക