Image

ദക്ഷിണ- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 18 January, 2017
ദക്ഷിണ- മീട്ടു റഹ്മത്ത് കലാം
ശീലങ്ങളുടെ ഭാഗമായി മാറിയ മരുന്നുകളുടെ മടുപ്പിക്കുന്ന മണമില്ലാത്ത ഇതുപോലൊരു യാത്ര ഇനിമേല്‍ ഉണ്ടാകുമെന്ന് ഹേമ കരുതിയതല്ല. ഉള്ളിലെവിടെയോ അതൊരു മോഹമായി ഒളിപ്പിച്ചതല്ലാതെ കിഷോറിനോട് അവളത് പറഞ്ഞിട്ടില്ല. വാക്കുകൊണ്ടു പോലും അവന്‍ വേദനിക്കുന്നത് സഹിക്കാന്‍ കഴിയാത്ത കരുതല്‍ ഹേമയ്ക്ക് തന്റെ ഭര്‍ത്താവിനോടുണ്ട്. കോളജ് കാലയളവില്‍ മൊട്ടിട്ട പ്രണയത്തിന്റെ 'ഫ്രെഷ്‌നസ്' ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണവും അതായിരിക്കാം.

മാര്‍ ഇവാനിയോസ് ക്യാമ്പസ് അവരുടെ വിവാഹവാര്‍ത്തയെ കണ്ടത് കലയുടെയും സ്‌പോര്‍ട്‌സിന്റെയും സമാഗമമായിട്ടാണ്. ആ ബാച്ചിലെ സ്വപ്‌നസുന്ദരിയും സുന്ദരനും ഒന്നിച്ചപ്പോള്‍ 'Made For Each Other' എന്ന് വിശേഷിപ്പിക്കാനല്ലാതെ അസൂയ തോന്നിയവര്‍ ഉണ്ടാകില്ല. അവരെ ഒരുമിച്ച് കാണുന്ന ആര്‍ക്കും ഇവര് തമ്മിലാണ് ചേരേണ്ടിയിരുന്നത് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തിന് എന്തോ X-factor ആ ബന്ധത്തില്‍ നിലകൊണ്ടിരുന്നു.

വീട്ടുകാരുടെ പൂര്‍ണ്ണസമ്മതത്തോടെ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് പ്രിന്‍സിപ്പല്‍ അച്ചന്‍ തുടങ്ങി എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞ് ഒന്നരവര്‍ഷമായപ്പോള്‍ ലക്‌നോവില്‍ വച്ച് നടന്ന ഇന്ത്യന്‍ ബാഡ്മിന്റണിന്റെ സീനിയര്‍ മെന്‍സ് ഡബിള്‍സിലേയ്ക്കുള്ള സെലക്ഷന്‍ കിഷോറിന് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഹേമ അന്നെന്നെ വിളിച്ചത്. ഫിറ്റ്‌നസ് ടെസ്റ്റ് കൂടി ഉണ്ടെന്നും അതില്‍ തനിക്ക് ആശങ്കയില്ലെന്നുമുള്ള അവളുടെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം ജ്വലിച്ചിരുന്നു.

ഒറ്റയ്ക്ക് ഫഌറ്റില്‍ ഇരിക്കേണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ഹേമയും കിഷോറിനൊപ്പം പുറപ്പെട്ടത്. നോര്‍ത്ത് ഇന്ത്യനായ ഡോക്ടറുടെ പ്രസന്നമായ മുഖം ടെസ്റ്റ് റിപ്പോര്‍്ടടുകള്‍ മറിച്ചുനോക്കുന്നതിനിടയില്‍ അസ്വസ്ഥമായി. ആല്‍ബുമിന്‍ ലെവലില്‍ വ്യത്യാസം കാണുന്നു. ഒരു ഹെപ്പറ്റോളജിസ്റ്റിനെ വെറുതെ ഒന്ന് കാണൂ.' അവര്‍ ഉപദേശിച്ചു. അതിന് ശേഷമേ റിപ്പോര്‍ട്ട് ഫോര്‍വേഡ് ചെയ്യാന്‍ നിയമം അനുവദിക്കൂ എന്ന്. കേട്ടപ്പോള്‍ വല്ലായ്മ തോന്നി. മലയാളികള്‍ ലിസ്റ്റില്‍ കയറുന്നതിന് വിലങ്ങുതടി സൃഷ്ടിക്കുന്ന ഓരോ മുട്ടാപ്പോക്കുകളാണെന്ന് കിഷോര്‍ പറഞ്ഞപ്പോള്‍ ഹേമയ്ക്ക് ധൈര്യമായി. യേശുദാസ് ഹിന്ദിയില്‍ പാടാന്‍ പോയപ്പോള്‍ നേരിട്ട അനുഭവമൊക്കെ പറഞ്ഞ് നേരം വെളുപ്പിക്കുമ്പോഴും മനസ്സിലെവിടെയോ ഒരു ഭയം വിഷസര്‍പ്പത്തെപ്പോലെ തലപൊക്കി നോക്കിയിരുന്നു.

കുടുംബ സുഹൃത്തുക്കളായ ഡോക്ടര്‍മാരും സ്‌പെഷ്യലിസ്റ്റിനെ കണ്ടാല്‍ ആശങ്ക ഒഴിവാക്കാമല്ലോ എന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ ഡോ.ശേഖര്‍ സിന്‍ഹയെ ചെന്നു കണ്ടു. എന്‍സെഫലോപ്പതി പോലുള്ള പല വാക്കുകളും അന്നാദ്യമായാണ് കേള്‍ക്കുന്നത്. ചില തരം കൂണുകളില്‍ നിന്നോ വൈറസ് ബാധ മൂലമോ കരളില്‍ ആല്‍ബുമിന്‍ ലെവല്‍ കുറയാമെന്ന് സിന്‍ഹ പറഞ്ഞു. അപ്പോഴും ഗുരുതരമായ കരള്‍രോഗമാണ് കിഷോറിനെന്ന് ഇരുവര്‍ക്കും ഒരു സൂചന പോലും ലഭിച്ചില്ല. ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് ഫിറ്റ്‌നസിന്റെ പേരില്‍ റിജെക്റ്റഡ് ആയി എന്ന് മാത്രമേ നാട്ടില്‍ അറിയിച്ചുള്ളൂ.

രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷവും ആറുമാസക്കാലം എല്ലാത്തില്‍ നിന്നും അകന്ന് കളിയില്‍ മാത്രം ശ്രദ്ധിച്ച് കഴിയുകയാണെന്ന് വിശ്വസിപ്പിച്ച് രഹസ്യമായി ഹൈദരാബാദില്‍ ചികിത്സ നടത്തുകയാണ് അവര്‍ ചെയ്തത്. ഫാം ഹൗസ് വിറ്റപ്പോള്‍ കിട്ടിയ പണം അക്കൗണ്ടില്‍ കിടന്നതുകൊണ്ട് പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് വന്നില്ല. ഹേമ കുറച്ച് കുട്ടികള്‍ക്ക് 'അക്കൗണ്ടന്‍സി' ട്യൂഷന്‍ എടുത്തിരുന്നത് വരുമാനത്തോടൊപ്പം മനസ്സിനൊരു ചെയ്ഞ്ചും നല്‍കി. ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ച ഒരാള്‍ക്ക് ഇങ്ങനൊരു വിഷയം കൈകാര്യം ചെയ്യേണ്ടി വന്നതിലെ വൈരുദ്ധ്യം ക്രൂരമായ തമാശയായി അവള്‍ക്ക് തോന്നി. എങ്കിലും വിദ്യാര്‍ത്ഥികളുമായി ചെലവഴിച്ച സമയം ഹേമയ്ക്ക് ഏകാന്തതയുടെ തടവറയില്‍ നിന്നുള്ള മോചനമായിരുന്നു. ഇങ്ങനെ ഒളിച്ചോടി ജീവിക്കേണ്ടതില്ലെന്നും സ്വന്തമായവര്‍ ചുറ്റുമുള്ളത്  രോഗത്തെ നേരിടാനുള്ള കരുത്ത് നല്‍കുമെന്നും ആ കുട്ടികളാണ് ഹേമയെ പറഞ്ഞു മനസ്സിലാക്കിയത്. ഭക്ഷണപ്രിയനായ കിഷോറിന് മടിക്കൂടാതെ എന്തും ഉണ്ടാക്കി കൊടുത്തിരുന്നു ഹേമ. രോഗത്തെ തുടര്‍ന്ന് ഒരുപാട് പഥ്യം കാക്കേണ്ടതായി വന്നപ്പോള്‍ അവന്‍ ചോദിച്ചു: 'എന്റെയൊപ്പം താനും എന്തിനാ രുചിയില്ലാത്ത ഓരോന്ന് കഴിക്കുന്നെ? ഈ കീഴാര്‍നെല്ലി വെള്ളം കുടിച്ചതുകൊണ്ടൊക്കെ ഞാന്‍ രക്ഷപ്പെടുമെന്ന് ഉറപ്പുണ്ടോ?'
ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ചു ഡോക്ടര്‍ പറഞ്ഞ സമയമാണ്. രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ തരത്തിലും ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനൊരു ചോദ്യം കേട്ടാല്‍ ആരെയും പോലെ ഹേമയും തളര്‍ന്നു: ധൈര്യം വീണ്ടെടുത്ത് അവള്‍ പറഞ്ഞു: 'കൊച്ചുകുട്ടിയെപ്പോലെ അനുസരണയോടെ കിച്ചു ഇതൊക്കെ ചെയ്യുന്നത് എന്നെ ഓര്‍ത്തല്ലേ.... അത് മതി എനിക്ക്. പ്രതിഫലം തരേണ്ട ആള്‍ നമ്മളെ കൈവിടില്ലെന്ന് എനിക്കറിയാം.' ആ വാക്കുകള്‍ കിഷോറിലേയ്ക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു.

മറ്റ് അവയവങ്ങള്‍ പോലെ കരള്‍ ഒരു രോഗിയ്ക്ക് പൂര്‍ണ്ണമായി വച്ചുപിടിപ്പിക്കേണ്ടതില്ല, ഏതാനും മാസങ്ങള്‍ക്കുശേഷം ദാതാവിന്റെ കരള്‍ പഴയ രൂപത്തില്‍ വളരുകയും ചെയ്യും. ഹേമ കിഷോറിന് കരളിന്റെ ഒരു ഭാഗം മുറിച്ചു നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ക്രോസ് മാച്ചിങ്ങ് നടത്തിയപ്പോള്‍ ഫലം തുണച്ചില്ല.

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയ ഒരു സന്ധ്യയ്ക്കാണ് ഒ-നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ കരള്‍ കിഷോറിന് നല്‍കാന്‍ ഡോക്ടര്‍മാരായ മാതാപിതാക്കള്‍ സമ്മതിച്ച വിവരം ആശുപത്രി അധികൃതര്‍ ഹേമയെ വിളിച്ചറിയിക്കുന്നത്. ഒരു കുടുംബത്തിന്റെ കണ്ണീരാണ് തന്റെ കണ്ണീര്‍ തുടയ്ക്കാന്‍ പോകുന്നതെന്ന് അവള്‍ ഓര്‍ത്തു. ഒരിക്കല്‍പോലും കിഷോറിന്റെ കരളിനോട് യോജിക്കുന്ന കരളുള്ളയാള്‍ക്ക് 'ബ്രെയിന്‍ ഡെത്ത്' സംഭവിക്കാന്‍ അവള്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. ജീവിച്ചിരിക്കെ ദാനം ചെയ്യാന്‍ തയ്യാറായ ഒരാളെ ദൈവം എത്തിക്കണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ.

കിച്ചുവിന്റെ മുഖത്ത് തന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി വരുത്തിയിരുന്ന ചിരി മാറി, കണ്ണുകള്‍കൊണ്ടുള്ള ആ പഴയ ചിരി തിരികെ വന്നപ്പോള്‍ ഹേമ ഭാവിയ്ക്ക് നേരെ പ്രതീക്ഷയോടെ നോക്കി. താന്‍ പഠിപ്പിച്ചിരുന്ന കുട്ടികളെ ആശുപത്രിയില്‍ വച്ച് കണ്ടപ്പോള്‍ മാത്രമാണ് ഹേമ ആ സത്യം തിരിച്ചറിഞ്ഞത്. അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതും കിഷോറിന്റെ കാര്യത്തില്‍ എപ്പോഴും ആശ്വസിപ്പിക്കുകയും അവയവ ദാന ക്യാംപെയ്‌നുകളെക്കുറിച്ച് അടുത്തറിയാന്‍ സാഹിയിക്കുകയും ചെയ്ത തന്റെ വിദ്യാര്‍ത്ഥി ആനന്ദിന് കഴിഞ്ഞ ദിവസം ബൈക്ക് അപകടം ഉണ്ടായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും ഹേമ അറിയുന്നത്. അവന്റെ കരളാണത്രെ കിഷോറിന്റേതുമായ മാച്ച് ആയത്!

നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ അസന്തുലിതമായ അവസ്ഥയില്‍ വികാരങ്ങള്‍ അവളുടെ ഹൃദയത്തിലൂടെ ചീറിപ്പാഞ്ഞു. ചുറ്റും നടക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുമ്പോഴും ഏതൊക്കെയോ കടലാസ്സുകളില്‍ ഒപ്പിട്ടു നല്‍കിയതിന്റെ മങ്ങിയ ഓര്‍മ്മകള്‍ ബാക്കിയുണ്ട്. വിജയകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ആനന്ദിന്റെ കരള്‍ കിഷോറിനുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങി.

ആനന്ദിന്റെ ഗ്രാമത്തില്‍ അവന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് പൂര്‍ത്തീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം സ്വീകരിച്ചാണ് അവരുടെ യാത്ര ദൈവനിയോഗം കൊണ്ട് ഗുരുദക്ഷിണയായി ഹേമയ്ക്ക് അവളുടെ ജീവിതം തന്നെ നല്‍കിയ ആനന്ദിന്റെ പേരില്‍ ഇനിയും ഒരുപാട് നന്മകള്‍ ഉണ്ടാകട്ടെ.

ദക്ഷിണ- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക