Image

രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദ് സര്‍വകലാശാലയില്‍ അറസ്റ്റില്‍

Published on 17 January, 2017
രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദ് സര്‍വകലാശാലയില്‍ അറസ്റ്റില്‍

 ഹൈദരാബാദ്: രോഹിത് വെമുല ദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിതിന്റെ മരണത്തില്‍ പ്രതിഷേധം നയിക്കവെയാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രാധിക വെമുലയെ ഗൗച്ചിബൗളി സ്‌റ്റേഷനിലേക്കു മാറ്റി. ഒരു വര്‍ഷം മുമ്പ് ഇതേദിവസമാണ് രോഹിത് വെമുലയെ ഹൈദരാബാദ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

രോഹിത് വെമുല ദിനത്തില്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദ്യാര്‍ഥി മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. രോഹിത് വെമുലയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും, ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച ദളിത് യുവാക്കളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വെമുലയുടെ മാതാവിനെ ഉള്‍പ്പെടെ വിലക്കി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 

നേരത്തെ, രോഹിത് വെമുല അനുസ്മരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രണ്ട്‌ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫ്രണ്ട്‌ലൈന്‍ ആന്ധ്ര/തെലുങ്കാന റിപ്പോര്‍ട്ടര്‍ ശങ്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നേരം ചോദ്യം ചെയ്തതിന് ശേഷം ശങ്കറിനെ വിട്ടയച്ചു. കാമ്പസില്‍ അതിക്രമിച്ചു കടന്നുവെന്ന സര്‍വകലാശാല അധികൃതരുടെ പരാതിയിലാണ് നടപടി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക