Image

അംഗെലാ മെര്‍ക്കലിനൊപ്പമുള്ള സെല്‍ഫി ദുരുപയോഗം ചെയ്തു

ജോര്‍ജ് ജോണ്‍ Published on 16 January, 2017
അംഗെലാ മെര്‍ക്കലിനൊപ്പമുള്ള  സെല്‍ഫി ദുരുപയോഗം ചെയ്തു
ബര്‍ലിന്‍: ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് ഫേസ്ബുക്കിനെതിരെ അനസ് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.

2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവ് അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗലാ മെര്‍ക്കലിനൊപ്പം ഈ 19 കാരന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കുമ്പോള്‍ മെര്‍ക്കല്‍  ആരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അനസ് പറഞ്ഞു. ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരിക്കുമെന്ന് കണ്ടാണ് സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നത്. പിന്നീടാണ് ജര്‍മന്‍ ചാന്‍സലര്‍ ആണെന്ന് മനസ്സിലായത്.  ഈ ചിത്രം അടുത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറും പകര്‍ത്തിയിരുന്നു. അഭയാര്‍ഥികളോടുള്ള ജര്‍മനിയുടെ ഉദാരതയുടെ പ്രതീകമായി ഈ ചിത്രം മാസങ്ങളോളം ലോകമെങ്ങും കൊണ്ടാടി. മാസങ്ങള്‍ക്കകം നിരവധി അജ്ഞാത ഫേസ്ബുക് അക്കൗണ്ടുകളിലേക്കും ഈ ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടു. 
2016 മാര്‍ച്ചില്‍ ബ്രസല്‍സിലെ തീവ്രവാദി ആക്രമണമുള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ അനസിനെ പ്രതിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പിന്നീട് വന്ന ഫേസ്ബുക്ക് പോസ്റ്റ്.  ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായപ്പോള്‍  അംഗല മെര്‍ക്കലിന്റെ മരണമാണ് എന്ന സന്ദേശത്തില്‍ വീണ്ടും ഈ ഫോട്ടോ വന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക് വിസമ്മതിക്കുകയായിരുന്നുവെന്ന് മൊദമാനിയുടെ അഭിഭാഷകന്‍ ചാന്‍ ജോ ജുന്‍ പറഞ്ഞു. ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന മനുഷ്യനെ തീവെച്ച സംഘവുമായി അനസിനെ ബന്ധപ്പെടുത്തിയും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 500 തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടു. ഏതാണ്ട് 25,000ത്തിനും 50,000ത്തിനുമിടക്ക് ആളുകള്‍ ഇതു ശ്രദ്ധിച്ചിട്ടുണ്ടാവും.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഫേസ്ബുക്കിനെതിരെ അനസ് ജര്‍മ്മന്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കും. അനസ് ബര്‍ലിനിലെ ഒരു ഫാസ്റ്റ്ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്.


അംഗെലാ മെര്‍ക്കലിനൊപ്പമുള്ള  സെല്‍ഫി ദുരുപയോഗം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക